16 August Sunday

ശ്രീലങ്കയിൽ മറ്റൊരു രജപക്‌സ

ഡോ. ജോസഫ് ആന്റണിUpdated: Tuesday Nov 19, 2019


ശ്രീലങ്ക വീണ്ടും രജപക്‌സ കുടുംബത്തിന്റെ കൈകളിലേക്ക്. അഴിമതിയുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും കൂട്ടക്കൊലകളുടെയുംപേരിൽ അധികാരത്തിൽനിന്ന്‌ 2015ൽ ജനങ്ങൾ തൂത്തെറിഞ്ഞ രജപക്‌സമാർ വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും വിധിനിർണയിക്കാനെത്തുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാംതവണ മത്സരിക്കാൻ ഭരണഘടനാവിലക്കുള്ളതിനാൽമാത്രം പിന്മാറിനിന്ന മുൻ പ്രസിഡന്റ് മഹിന്ദ രജപക്‌സയുടെ ഇളയസഹോദരനായ ഗോതബായ രജപക്‌സയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുന്നത്. മഹിന്ദ രജപക്‌സയുടെ ശ്രീലങ്ക പൊതുജന പെരുമന പാർടി (എസ്എൽപിപി)യുടെ സ്ഥാനാർഥിയായ ഗോതബായ രാജ്പക്‌സ എതിർസ്ഥാനാർഥിയെക്കാൾ പത്തുശതമാനത്തിലേറെ വോട്ട് നേടിയാണ് ഒന്നാംഘട്ടത്തിൽത്തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർടിയുടെ സ്ഥാനാർഥിയായ സജിത് പ്രേമദാസയായിരുന്നു പ്രധാന എതിരാളി. വിക്രമസിംഗെയുടെ മന്ത്രിസഭാംഗവും മുൻ പ്രസിഡന്റ് റാനസിൻഹെ പ്രേമദാസയുടെ മകനുമാണ് സജിത്‌ പ്രേമദാസ.

ശ്രീലങ്കയുടെ ജനാധിപത്യവും സമ്പദ്‌വ്യവസ്ഥയും തമിഴ് ന്യൂനപക്ഷങ്ങളുടെ ജീവിതവും മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനവുമായിവന്ന സിരിസേന ആദ്യമൊക്കെ കുറെ പ്രതീക്ഷനല്കിയെങ്കിലും, വോട്ടുചെയ്തു വിജയിപ്പിച്ച എല്ലാജനവിഭാഗങ്ങളെയും നിരാശപ്പെടുത്തുന്നതാണ്‌ പിന്നീട് കണ്ടത്

ഇത് രജപക്‌സമാരുടെ തിരിച്ചുവരവാണ്. തന്റെ അമിതാധികാരവാഴ്ച തുടരുന്നതിനുവേണ്ടി, കാലാവധിതീരുന്നതിനുമുമ്പായി 2015ൽ നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, മഹിന്ദ രജപക്‌സയെ പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ പാർടിക്കാരനും മന്ത്രിസഭാംഗവുമായ മൈത്രിപാല സിരിസേനയാണ്. ആഭ്യന്തരകലാപത്തിൽ തകർന്നടിഞ്ഞ ശ്രീലങ്കയുടെ ജനാധിപത്യവും സമ്പദ്‌വ്യവസ്ഥയും തമിഴ് ന്യൂനപക്ഷങ്ങളുടെ ജീവിതവും മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനവുമായിവന്ന സിരിസേന ആദ്യമൊക്കെ കുറെ പ്രതീക്ഷനല്കിയെങ്കിലും, വോട്ടുചെയ്തു വിജയിപ്പിച്ച എല്ലാജനവിഭാഗങ്ങളെയും നിരാശപ്പെടുത്തുന്നതാണ്‌ പിന്നീട് കണ്ടത്. ആ പരാജയത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്നു 2019 ഏപ്രിലിലെ ഈസ്റ്റർദിനത്തിൽ 269 പേരുടെ ജീവനപഹരിച്ചുകൊണ്ട് കൊളംബോയിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രൈസ്തവദേവാലയങ്ങളിലും ഹോട്ടലുകളിലും ഐഎസ്ഐ തീവ്രവാദികൾ നടത്തിയ ബോംബ് സ്ഫോടനം.
ഇത് ആഭ്യന്തരസുരക്ഷമാത്രമല്ല അപകടത്തിലാക്കിയത്, വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുകകൂടിചെയ്തു. ആഭ്യന്തരകലാപം അവസാനിച്ച 2009ൽ നാലരലക്ഷം വിനോദസഞ്ചാരികളാണ് ശ്രീലങ്ക സന്ദർശിച്ചതെങ്കിൽ, 2018ൽ അത് ഇരുപത്തിമൂന്നുലക്ഷമായി വർധിച്ചിരുന്നു. ശ്രീലങ്കൻ സമ്പദ്‌‌വ്യവസ്ഥയ്ക്ക് നാനൂറുകോടി ഡോളറാണ് വിനോദസഞ്ചാരം സംഭാവനചെയ്യുന്നത്. ശ്രീലങ്കയുടെ മൊത്തവരുമാനത്തിന്റെ ഏകദേശം അഞ്ചുശതമാനം വരുമിത്. എന്നാൽ, ഈസ്റ്റർ ബോംബാക്രമണം വിനോദസഞ്ചാരവരുമാനത്തിൽ വലിയ ഇടിവുണ്ടാക്കി.

ഈസ്റ്റർ ബോംബ് സ്ഫോടനങ്ങൾ ഒരുഭാഗത്ത്, ശ്രീലങ്കൻ ഭരണകൂടത്തിന്റെ സമ്പൂർണപരാജയം വെളിവാക്കിയപ്പോൾ, മറുവശത്ത് തീവ്രദേശീയതയ്ക്കായി നിലകൊള്ളുന്ന ഭൂരിപക്ഷ സിംഹളവിഭാഗത്തിന്റെ പിന്തുണനേടാൻ രജപക്‌സയുടെ പാർടിയെ അത് സഹായിക്കയുംചെയ്തു. ഇതിനിടെ ഭരണകൂടത്തിനുള്ളിലെ അസ്വസ്ഥതകൾ വെളിവാക്കിക്കൊണ്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ പുറത്താക്കി, തന്റെ പഴയ ശത്രുവായ മഹിന്ദ രജപക്‌സയെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു. ശ്രീലങ്കൻ പാർലമെന്റിന്റെയും കോടതിയുടെയും ശക്തമായ നിലപാടുമൂലം ആ നീക്കം പരാജയപ്പെട്ടു. ഇങ്ങനെ ജനങ്ങളുടെമുമ്പിൽ അപഹാസ്യമായ ഒരു ഭരണകൂടത്തിനെതിരായി നടന്ന വിധിയെഴുത്തിനെ തങ്ങൾക്കനുകൂലമാക്കുകയായിരുന്നു രജപക്‌സമാർ.

ഭൂരിപക്ഷവർഗീയത ആളിക്കത്തിച്ച്‌ നേടിയ വിജയം
സിംഹള ഭൂരിപക്ഷജില്ലകളിൽ ഗോതബായ നേടിയ വിജയം സൂചിപ്പിക്കുന്നത് ഭൂരിപക്ഷവർഗീയത ആളിക്കത്തിച്ച് അതിൽനിന്ന്‌ രാഷ്ട്രീയനേട്ടം കൊയ്യുന്നതിൽ രജ്പക്‌സ വിഭാഗം വിജയിച്ചെന്നുതന്നെയാണ്. രജ്പക്‌സമാർ അധികാരത്തിൽ വരുന്നത് ഭയപ്പെട്ടിരുന്ന തമിഴ് ന്യൂനപക്ഷങ്ങൾക്കു ഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ പ്രവിശ്യകളിൽ പ്രേമദാസയ്ക്കായിരുന്നു വിജയം.

ഗോതബായയുടെ വിജയത്തിലൂടെ, അധികാരത്തിന്റെ താക്കോൽ വീണ്ടും പാർടി സ്ഥാപകനും നേതാവുമായ മഹിന്ദ രജപക്‌സയുടെ കൈകളിലേക്കുതന്നെയാണ് പോകുന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോതബായ, മഹിന്ദ രജപക്‌സയെ അടുത്ത പ്രധാനമന്ത്രിയായി നിയോഗിക്കുമെന്നാണ് സൂചനകൾ. ഇത് വലിയ ആപൽസൂചനയാണ് നൽകുന്നത്. കാരണം, മഹിന്ദ രാജപക്‌സ പ്രസിഡന്റായിരുന്നപ്പോൾ പല പ്രധാനവകുപ്പുകളും അദ്ദേഹംതന്നെയാണ് കൈകാര്യംചെയ്തിരുന്നത്. അതിനുപുറമെ, സുപ്രധാന വകുപ്പായ പ്രതിരോധത്തിന്റെ ചുമതല ഇപ്പോൾ പ്രസിഡന്റാകുന്ന ഗോതബായക്കായിരുന്നു. ഗോതബായ പ്രതിരോധ സെക്രട്ടറിയായിരുന്ന 2005–-2015 കാലത്ത് ആയിരക്കണക്കിന് തമിഴ്‌വംശജരാണ് ഒരിക്കലും തിരിച്ചുവരാത്തവിധം അപ്രത്യക്ഷരായത്. ഒരുലക്ഷം ആളുകൾ കൊല്ലപ്പെട്ട ആഭ്യന്തരകലാപത്തിന്റെ അവസാനവർഷമായ 2009ൽ മാത്രം നാല്പതിനായിരം പേരാണ് വധിക്കപ്പെട്ടത്. അതിന് ചുക്കാൻപിടിച്ചത് ഇപ്പോൾ പ്രസിഡന്റാകുന്ന ഗോതബായ ആയിരുന്നു. മറ്റൊരു സഹോദരനായ ബേസിൽ രജ്പക്‌സയായിരുന്നു സാമ്പത്തിക വികസനകാര്യ സെക്രട്ടറി. അന്ന് പാർലമെന്റ് സ്പീക്കറായി സഹോദരനായ ചാമിൽ രജപക്‌സയെ അവരോധിച്ചു. അധികാരത്തുടർച്ച നിലനിർത്താൻ മകൻ നമൽ രജപക്‌സയെ പാർലമെന്റ് അംഗവുമാക്കി. ആ നാളുകളിൽ ശ്രീലങ്കയുടെ ആകെ ബജറ്റിന്റെ അമ്പത്‌ ശതമാനത്തിലേറെ കൈകാര്യംചെയ്തത് രജപക്‌സ കുടുംബമായിരുന്നു. അമിതാധികാരപ്രയോഗത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു രജപക്‌സ കൊണ്ടുവന്ന നഗരവികസന ബില്ലിനെതിരായി വിധിപ്രഖ്യാപിച്ച സുപ്രീംകോടതി ജഡ്ജി ശിരാണി ബന്ദാരനായകെയെ പാർലമെന്റിലെ മൃഗീയഭൂരിപക്ഷമുപയോഗിച്ച് ഇംപീച്ച് ചെയ്തു പുറത്താക്കിയ നടപടി.

തമിഴർ പിന്തുണച്ചത്‌ പ്രേമദാസയെ
ഗോതബായ രജപക്‌സ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധത്തിനിടെ അറസ്റ്റിലായ തമിഴ് പുലികൾ ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അത് മുഖവിലയ്‌ക്കെടുക്കാൻ തമിഴ്‌വംശജർ തയ്യാറായിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ തമിഴ് നാഷണൽ അലയൻസ് പ്രേമദാസയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. എന്നുമാത്രമല്ല, മനുഷ്യാവകാശസംരക്ഷണത്തിന്റെ രംഗത്തും മൂന്നുദശാബ്ദക്കാലംകൊണ്ട് തമിഴ്‌വംശജർക്കേറ്റ മുറിവുണക്കുന്നതിനുള്ള പ്രഖ്യാപനങ്ങളല്ല ഗോതബായയിൽനിന്നുവരുന്നത്. ആഭ്യന്തരയുദ്ധത്തിലെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന്‌ യുഎൻ മനുഷ്യാവകാശ സമിതി ലങ്കൻ സർക്കാരുമായി കരാറുണ്ടാക്കിയിരുന്നു. താൻ വിജയിച്ചാൽ ഈ കരാർ പരിഗണിക്കില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതബായയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമോദിക്കുകയുണ്ടായി. കഴിഞ്ഞ ജൂണിൽ ശ്രീലങ്ക സന്ദർശനവേളയിൽ അദ്ദേഹം മഹിന്ദ രജപക്‌സയുമായി കൂടിക്കാഴ്ച നടത്തുകയുംചെയ്തു. പക്ഷേ, ഇന്ത്യക്ക്‌ ആത്മവിശ്വാസം പകരുന്നതല്ല രജ്പക്‌സമാർ മുൻകാലങ്ങളിൽ സ്വീകരിച്ച നടപടികൾ.
കടക്കെണിയിലേക്കു പതിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികരംഗം, ആക്രമണോത്സുകമാകുന്ന സിംഹളദേശീയത, പരിഹാരംതേടുന്ന തമിഴ്‌ വംശജരുടെ പ്രശ്നങ്ങൾ, ഐഎസ്ഐ ഭീകരവാദികളുടെ കടന്നുകയറ്റം, അതുമൂലം ആക്രമണങ്ങൾക്കു വിധേയരാകുന്ന ഇസ്ലാം മതവിശ്വാസികൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ അമേരിക്കൻ പൗരത്വംകൂടിയുള്ള ഗോതബായയുടെ മുന്നിലുണ്ട്. ശ്രീലങ്കയെ, ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്തെന്നും കണ്ണീർത്തുള്ളിയെന്നും വിശേഷിപ്പിക്കാറുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂതന്ത്രമേഖലയിൽ സ്ഥിതിചെയ്യുന്ന രണ്ടരക്കോടി ജനങ്ങൾ മാത്രമുള്ള ശ്രീലങ്കയുടെ പ്രശ്നങ്ങൾ, കക്ഷിരാഷ്ട്രീയത്തിന്റെയോ ഭൂരിപക്ഷ-ന്യൂനപക്ഷ വംശീയതയുടെ പേരിലോ നീട്ടിക്കൊണ്ടുപോകാതെ അവ പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമമുണ്ടായാൽ ലങ്ക വീണ്ടും മുത്താകും, അല്ലെങ്കിൽ ഇന്ത്യാ സമുദ്രത്തിന് ഉപ്പുപകരുന്ന കണ്ണീരുറവയായി വീണ്ടും മാറാം. ലോകം ഉറ്റുനോക്കുന്നത് സൈനികൻകൂടിയായ ഗോതബായ ഏതുപാത തെരഞ്ഞെടുക്കുമെന്നതാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top