18 January Monday

പശുറിപ്പബ്ലിക്കിൽ ഗോഡ്‌സെ രാഷ്ട്രപിതാവോ - അനിൽകുമാർ എ വി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


ഹിന്ദുത്വത്തിന്റെ തേരോട്ടത്തിൽ പശു പ്രധാന ബിംബമായി  മാറിയിരിക്കുകയാണല്ലോ. ആ വീട്ടുമൃഗവുമായി  ബന്ധപ്പെട്ട എല്ലാത്തിനെയും ‘ശാസ്ത്ര' സത്യമാക്കി അവതരിപ്പിക്കുന്ന പ്രക്രിയ ത്വരിതഗതിയിലുമാണ്‌. ഫെബ്രുവരി 25ന്‌ രാജ്യമാകെ നടക്കുന്ന ‘ദേശീയ പശു ശാസ്ത്രപരീക്ഷ' ഒരുദാഹരണം. കേന്ദ്ര സർക്കാർ  രൂപീകരിച്ച ‘രാഷ്ട്രീയ കാമധേനു ആയോഗ്‌’ ആഭിമുഖ്യത്തിലാണ് ഓൺലൈൻ പരീക്ഷ. ഇനി എല്ലാ വർഷവും  പരീക്ഷയും  സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടാകുമെന്ന്  ആയോഗ് അധ്യക്ഷൻ വല്ലഭായ് കഠാരിയ  അറിയിച്ചുകഴിഞ്ഞു. ഗോമാതാവും ജേഴ്‌സിപ്പശുവും തമ്മിലുള്ള  വ്യത്യാസങ്ങളും 54 പേജുള്ള സിലബസിലുണ്ട്‌. അവയിൽ  ചിലത്‌ നോക്കാം:

പശുവിനെ കശാപ്പുചെയ്താൽ ഭൂകമ്പങ്ങൾ ഉറപ്പാണ്‌. അതിന്റെ  മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ ഊർജം വലിച്ചെടുക്കും. ഗോമാതാവിന്റെ ചാണകവും മൂത്രവും പഞ്ചഗവ്യമായി കഴിക്കാം. അവ നൂറുകണക്കിന് രോഗങ്ങൾക്കുള്ള ലളിത പരിഹാരമാണ്. അതിനാൽ,  ദിവസവും 25-‐30 മില്ലി ലിറ്റർ സേവിക്കുക; ജേഴ്‌സിയുടേത് പറ്റില്ല. ഗോമാതാവിന്റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ട്. ജേഴ്‌സിയുടേതിൽ  ഇല്ല. ഇന്ത്യൻ പശുക്കൾ വൃത്തിയുള്ളവയാണ്; അഴുക്കുള്ളിടങ്ങളിൽ  കിടക്കാതിരിക്കാൻ ബുദ്ധി കാണിക്കുന്നവ. അതേസമയം, ജേഴ്‌സി ഇനത്തിൽപ്പെട്ടവ അലസരും.

പരിചയമില്ലാത്തവർ അടുത്തെത്തിയാൽ  ഇന്ത്യൻ പശു എഴുന്നേറ്റുനിൽക്കും. ജേഴ്‌സികൾക്ക്‌ ആ  വികാരമില്ല. 1984-ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ ഇരുപതിനായിരം  ആളുകൾ മരിച്ചെങ്കിലും ചാണകം മെഴുകിയ വീടുകളിൽ കഴിഞ്ഞവരെ അത് ബാധിച്ചില്ല. റഷ്യയിലെയും ഇന്ത്യയിലെയും ന്യൂക്ലിയർ പ്ലാന്റുകളിൽ റേഡിയേഷനിൽനിന്ന് രക്ഷനേടാൻ  ചാണകം ഉപയോഗിക്കാറുണ്ട്. ആഫ്രിക്കക്കാർ കത്തിക്കാൻ ചാണകം ഉപയോഗിച്ചിരുന്നുവെന്നും മിഷണറിമാർ അത്‌ വിലക്കിയെന്നും പിന്നെ വിറക് ഉപയോഗിച്ചുതുടങ്ങിയെന്നും അങ്ങനെയാണ് ആഫ്രിക്ക വരണ്ട ഭൂഖണ്ഡമായി മാറിയതെന്നുമുള്ള വാദവുമുണ്ട്‌ പാഠഭാഗത്ത്‌. രണ്ടാം പേജിൽ ‘ജയ് ഗോമാതാ’ എന്ന വാചകം 12  ഭാഷയിലേക്ക് വിവർത്തനം ചെയ്‌തിട്ടുമുണ്ട്. മലയാളത്തിൽ ‘സ്തുതി അമ്മ പശുവിന്‌’ എന്നാണ്. തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങൾ മുൻനിർത്തിയും  വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താൽപ്പര്യമുണ്ടാക്കുന്നതിനാണ് ‘പശു ശാസ്ത്ര’ ത്തിൽ ഇത്തരമൊരു പരീക്ഷയെന്നും കഠാരിയ പറഞ്ഞിരുന്നു. കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്‌സാമിനേഷൻ എന്നാണ് പരീക്ഷയുടെ പേര്.

കോവിഡ്‌ തടയാൻ പശുമൂത്രവും ചാണകവും

കോവിഡ്- നിർണയം, രോഗംതടയൽ, ചികിത്സ എന്നിവയ്‌ക്കായി വ്യാജവും അശാസ്ത്രീയവുമായ  ഒട്ടേറെ ആരോഗ്യ ഉൽപ്പന്നങ്ങളും രീതികളും പ്രചരിപ്പിക്കുകയുണ്ടായി. കൊറോണ വൈറസിനെ തടയാമെന്ന അവകാശവാദത്തോടെ വിപണിയിലെത്തുന്ന  വ്യാജ മരുന്നുകളിൽ അവകാശപ്പെടുന്ന ചേരുവകൾ  ഉണ്ടാകണമെന്നില്ല. മാത്രവുമല്ല, ദോഷകരമായവ ഉണ്ടാകുകയും ചെയ്യും. കോവിഡിനെക്കുറിച്ചുള്ള ഭയാശങ്കകൾ എന്തും പരീക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്‌  കബളിപ്പിക്കലിനുള്ള  സാധ്യത കൂട്ടി. പശുമൂത്രം സേവിക്കുകയും ശരീരഭാഗങ്ങളിൽ ചാണകം പുരട്ടുകയും ചെയ്താൽ കോവിഡിനെ തടയാനാകുമെന്നാണ്‌ ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്‌ അവകാശപ്പെട്ടത്‌. പാർലമെന്റംഗം  സുമൻ ഹരിപ്രിയയും അതിനെ  പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റിയിലെ ഡോ. ശൈലേന്ദ്ര സക്‌സേന, പശുമൂത്രത്തിന് വൈറൽവിരുദ്ധ പ്രഭാവം ഇല്ലെന്നാണ്‌ കണ്ടെത്തിയത്‌. 

വൈദ്യശാസ്ത്ര കൃത്യതയില്ലാത്ത മിഥ്യാധാരണകൾ പടർത്തിയതിന്റെ തുടർച്ചയായിരുന്നു പശുമൂത്ര‐ ചാണക ചികിത്സ.  ‘ഓം നമഃ ശിവായ' മന്ത്രം ഉരുവിടുകയും  ദേഹത്ത്‌  ചാണകം പുരട്ടുകയും ചെയ്‌താൽ കോവിഡിൽനിന്ന് രക്ഷപ്പെടാമത്രേ. കൊറോണയ്‌ക്കെതിരെ ഡൽഹി മന്ദിർ മാർഗിലെ അഖില ഭാരത ഹിന്ദു മഹാസഭാ  ഓഫീസിൽ പശുമൂത്രവിരുന്നും നടത്തുകയുണ്ടായി. പങ്കെടുത്തവർക്ക് പശുമൂത്രം, പാൽ, തൈര്, നെയ്യ്, ചാണകം എന്നിവ ഉപയോഗിച്ചുണ്ടാക്കിയ പഞ്ചഗവ്യവും നൽകി. കൊറോണ വൈറസിന്റെ  ചിത്രത്തിന് സമീപത്തുനിന്ന്‌  ഗോമൂത്രം കുടിക്കുന്നതിന്റെയും  ചക്രപാണി മഹാരാജ് അടക്കമുള്ളവർ അതിൽ  പങ്കെടുത്തതിന്റെയും ഫോട്ടോകളും  പുറത്തുവിട്ടു.  അതിനിടെ ചാണകം പ്രധാന ചേരുവയാക്കി കേന്ദ്ര ഖാദി വകുപ്പ്‌ പെയിന്റ് പുറത്തിറക്കിയിട്ടുണ്ട്‌.

മധ്യപ്രദേശിലെ പശു സെസ്‌
പശുക്ഷേമത്തിന് ‘ഗോമാതാ സെസ്’ തീരുമാനമായ  മധ്യപ്രദേശിൽ കാവിപ്പട വ്യാപക അതിക്രമങ്ങളാണ്‌ അഴിച്ചുവിടുന്നത്‌. ദൊറാന ഗ്രാമത്തിൽ അയ്യായിരത്തിലധികം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നടത്തിയ  റാലി അതിരുവിടുന്നതായി. അവരുടെ ആക്രമണസ്വഭാവം നന്നായി അനുഭവിച്ചറിഞ്ഞ  ഗ്രാമവാസികൾ ജീവനുംകൊണ്ട്‌ രക്ഷപ്പെട്ടു. ആൾക്കൂട്ടം  വീടുകൾ  തകർത്ത്‌ ചുമരുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതി. തലേദിവസം ഗ്രാമവാസികൾ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.  ഔറംഗസീബിന്റെ  പിൻഗാമികളെ കൈകാര്യംചെയ്യാൻ ഹിന്ദു സഹോദരങ്ങൾ ഐക്യപ്പെടാൻ ആഹ്വാനംചെയ്തുള്ള സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്‌ അവർ പൊലീസിനെ കാണിച്ചു. നിയമപാലകർ അനങ്ങിയില്ല. അങ്ങനെ ഗ്രാമത്തെ വിറപ്പിച്ചുപോയ റാലിയിൽനിന്ന് ചിലർ ഒരു പള്ളിയുടെ മീനാരത്തിന് മുകളിൽ കയറി കാവിക്കൊടി കെട്ടി. അയോധ്യയിലെ നിർദിഷ്ട  രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകാൻ അഭ്യർഥിച്ചുള്ള ഉദ്ബോധന റാലിയായിരുന്നു അത്‌. ഇത്തരം സംഭവം ഒറ്റപ്പെട്ടതല്ല. പശുവിന്റെ പേരിൽ ഇന്ത്യയിലെമ്പാടും  സമാന ആക്രോശങ്ങൾ ഉയരുന്നുണ്ട്.

പ്രകോപനപരമായ പശുറാലികളെത്തുടർന്ന്‌ ഉജ്ജയിൻ, ഇൻഡോർ, മന്ദ്‌സോർ, ധർ ജില്ലകളിലും വ്യാപക വർഗീയ സംഘർഷങ്ങളാണ്‌ മുളപൊട്ടിയത്‌. ന്യൂനപക്ഷങ്ങളുടെ  വീടുകളും വാഹനങ്ങളും സ്വത്തും തകർത്തു. ഭയവിഹ്വലരായ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവർ  കൂട്ടപലായനം ചെയ്‌തു. ഉജ്ജയിനിലെ ബെഗുംബാഗിൽ യുവമോർച്ചാ പ്രകടനം കലാപത്തിലെത്തി. ന്യൂനപക്ഷങ്ങളെ  ദേശസുരക്ഷാ നിയമപ്രകാരം അറസ്‌റ്റുചെയ്‌തപ്പോൾ യുവമോർച്ചക്കാരെ വെറുതെവിട്ടു.  ഇൻഡോറിലെ ഗൗതംപുരയിൽ ന്യൂനപക്ഷമേഖലയിൽ ‘ജയ്‌ശ്രീറാം’ മുഴക്കി  റാലി നടത്തി, പള്ളിക്ക്‌ മുന്നിൽ മുദ്രാവാക്യം വിളിച്ചു. വീടുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. റോഡ്‌ വികസിപ്പിക്കാനെന്ന പേരിൽ റവന്യൂ‐ പിഡബ്ല്യുഡി അധികൃതർ ന്യൂനപക്ഷങ്ങളുടെ 80 വീട്‌ ഇടിച്ചുനിരപ്പാക്കി. എതിർത്ത 30 പേരെ അറസ്‌റ്റ്‌ ചെയ്‌തു.

ചെരുപ്പു വിറ്റതിനും കേസ്‌
പശുപൂജ  മുസ്ലിം ചെരുപ്പുവ്യാപാരികളെ കുടുക്കാനുള്ള ആയുധവുമാകുകയാണ്‌.  ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ കച്ചവടക്കാരനായ  നാസിറിനെതിരെ ബജ്‌രംഗ് ദൾ പൊലീസിൽ പരാതിപ്പെട്ടത്‌ അയാൾ ‘ഠാക്കൂർ’  എന്ന് പേരിട്ട്‌ ചെരിപ്പ് വിൽക്കുന്നുവെന്നായിരുന്നു.  വൈകാതെ നാസിർ അറസ്‌റ്റിലായി. സാമുദായിക സൗഹാർദം തകർത്തുവെന്നതാണ്‌ കേസ്‌. ഐപിസി 153എ, 323 , 504 വകുപ്പുകളാണ്‌ ചുമത്തിയതും. ആറു പതിറ്റാണ്ടായി വിപണിയിൽ പ്രചാരത്തിലുള്ള പ്രധാന  ബ്രാൻഡാണ് ഠാക്കൂർ ഫുട്‌വെയർ കമ്പനി നിർമിക്കുന്ന ഠാക്കൂർ ചെരുപ്പുകൾ. താൻ ചെരുപ്പ് വിൽക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റം നിർമാതാക്കളുടേതാണെന്നും നാസിർ പറഞ്ഞെങ്കിലും പൊലീസ് കേട്ടതായി നടിച്ചില്ല. പൊലീസ് തന്നോട്‌  ഒന്നും തിരക്കിയില്ലെന്നാണ് കമ്പനി ഉടമ നരേന്ദ്ര ത്രിലോകാനി അറിയിച്ചത്. അയാളുടെ  മുത്തച്ഛൻ ഠാക്കൂർദാസ് ത്രിലോകാനി സ്ഥാപിച്ചതാണ് ആ ചെരുപ്പ് ഫാക്ടറി.

ഗ്വാളിയോറിലെ ഗോഡ്‌സെ ലൈബ്രറി
രാഷ്ട്രപിതാവായ ഗാന്ധിജിയെ വധിക്കാൻ ഗൂഢാലോചന നടന്ന ഗ്വാളിയോറിലെ  ദൗലത് ഗഞ്ചിൽ അദ്ദേഹത്തിന്റെ ഘാതകരിലൊരാളായ നാഥുറാം വിനായക ഗോഡ്‌സെയുടെ പേരിൽ ഹിന്ദുമഹാസഭ ലൈബ്രറി തുറന്നത്‌ കഴിഞ്ഞ ദിവസമാണ്‌.  വിശ്വഹിന്ദി ദിവസ്  ദിവസമായിരുന്നു ചടങ്ങ്‌. ഗോഡ്സെയുടെ ജീവിതവും പ്രത്യയശാസ്ത്രവും പഠിപ്പിക്കാനാണതെന്നാണ്‌ വിശദീകരണം. ‘ഗോഡ്സെ ഗ്യാൻ ശാല' എന്ന ലൈബ്രറിയിൽ ഗാന്ധിവധം എങ്ങനെ ആസൂത്രണം ചെയ്തുവെന്നതിനെകുറിച്ചുള്ള സാഹിത്യവും പ്രസംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോഡ്സെ എന്ന ‘യഥാർഥ ദേശീയവാദി’യെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ലൈബ്രറി. അവിഭക്ത ഇന്ത്യക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു.

ഇന്നത്തെ യുവാക്കളിൽ അദ്ദേഹം വിഭാവനംചെയ്‌ത ദേശീയത വളർത്തുകയാണ് ലക്ഷ്യം.  രാഷ്ട്രങ്ങൾ ഭരിക്കാനാഗ്രഹിച്ച നെഹ്‌റുവിന്റെയും ജിന്നയുടെയും അഭിലാഷങ്ങൾ നിറവേറ്റാനാണ് ഇന്ത്യ വിഭജിച്ചത്‌. ഗാന്ധിജിയെ വധിക്കാൻ പദ്ധതിയിട്ടതും തോക്ക്‌  വാങ്ങിയതും ഗ്വാളിയോറിലായതിനാലാണ് ലൈബ്രറി അവിടെ സ്ഥാപിച്ചതെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ്‌ ജൈവീർ ഭരദ്വാജ് പറഞ്ഞു. ഗോഡ്‌സെയുടെയും അദ്ദേഹത്തിന് പ്രചോദനമായ  നേതാക്കളുടെയും ഫോട്ടോകളിൽ  മാലയിട്ടാണ് ചടങ്ങ്‌ ആരംഭിച്ചത്‌. ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്‌ഗേവാർ, മദൻ മോഹൻ മാളവ്യ, ശ്യാമപ്രസാദ്‌ മുഖർജി, ഗാന്ധി വധത്തിൽ കൂട്ടുപ്രതിയായ നാരായൺ ആപ്‌തെ തുടങ്ങിയവരുടെ ചിത്രങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട്. വായനശാലയിൽ പുസ്തക അനാവരണം സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടക്കും. ഗോഡ്സെയുടെ പേരിൽ ഗ്വാളിയോറിലെ മഹാസഭാ ഓഫീസിൽ ക്ഷേത്രം സ്ഥാപിച്ചതും  ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചതും  അയാളെ  തൂക്കിലേറ്റിയ ദിവസം  ബലിദാൻ ദിനമായി ആചരിച്ചതും വൻ വിവാദമായിട്ടും കാവിപ്പട പിന്നോട്ടില്ലെന്ന്‌ വ്യക്തമാക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top