11 August Tuesday

അവർ പൊതുവിദ്യാലയം തേടിവരുന്നു

ഡോ. എ കെ അബ്‌ദുൾഹക്കീംUpdated: Tuesday Jul 28, 2020


സ്കൂൾ തുറക്കാതെ തുടങ്ങിയ അധ്യയനവർഷത്തിലും പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ എത്തിച്ചേർന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിക്കുന്ന കുട്ടികളാണ് അതുപേക്ഷിച്ച്‌ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈവരിച്ച നേട്ടത്തിന്റെ ഭാഗമായി മുൻവർഷങ്ങളിലും സമാനമായ അവസ്ഥ ഉണ്ടായിരുന്നു. അഞ്ച് ലക്ഷത്തോളം കുട്ടികളാണ് കഴിഞ്ഞ മൂന്ന് വർഷത്തിലായി പൊതു വിദ്യാലയങ്ങളിലേക്ക് അധികമായി എത്തിയിരുന്നത്. കഴിഞ്ഞ അധ്യയനവർഷം 1,63,558 കുട്ടികളാണ് എത്തിയത്. 2018–-19ൽ ഇത് 1,84,728 ഉം 2017–-18 ൽ 1,56,565 ഉം ആയിരുന്നു. 1990കൾക്കുശേഷം ഓരോ വർഷവും കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന പ്രവണതയാണ് തിരുത്തപ്പെട്ടത്. കഴിഞ്ഞവർഷംമാത്രം 36,359 കുട്ടികൾ അൺഎയ്ഡഡ് സ്കൂളുകൾ ഉപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിൽ ചേർന്നു.

സർക്കാരിന്റെ സമീപനവും ഇടപെടലും പൊതുവിദ്യാഭ്യസമേഖലയെ എത്രമാത്രം ആഴത്തിൽ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞ 10 വർഷത്തെ പ്രവേശന കണക്കുകൾ പരിശോധിച്ചാൽ മതിയാകും. 2006–-2011 ലെ ഇടതുപക്ഷ സർക്കാർ അധികാരമൊഴിഞ്ഞ വർഷം 2010–-11ൽ ഒന്നാം ക്ലാസിൽ 2,96,515 കുട്ടികളാണ് പ്രവേശനം നേടിയത്. 2005–- 06ൽ ജനിച്ച 5,56,326 കുട്ടികളിൽ 53.30ശതമാനം കുട്ടികൾ അഞ്ച് വയസ്സായപ്പോൾ സ്കൂൾ പഠനത്തിന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു. തൊട്ടടുത്ത ആറ് വർഷത്തിൽ ഇത് ജനനനിരക്കിന്റെ 51.40, 48.07, 45.82, 45.80, 45.49, 45.34 എന്നീ ശതമാനങ്ങളിലേക്ക് ഇടിഞ്ഞു.

പാഠപുസ്തകങ്ങൾ നൽകാതെയും പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയും മത–-സമുദായ സംഘടനകൾക്ക് സ്കൂളുകൾ നൽകിയും പൊതുവിദ്യാഭ്യാസ മേഖലയെ അഞ്ചുവർഷ യുഡിഎഫ് ഭരണം തകർത്തുതരിപ്പണമാക്കി.
ഇന്ന്‌ ഹൈടെക് സ്കൂൾ എന്ന സങ്കൽപ്പം യാഥാർഥ്യമാക്കിയതാണ് ഏറ്റവൂം വലിയ പരിഷ്കരണം.  ക്ലാസ് മുറിയെ ഹൈടെക് ആക്കുകയും വിരൽത്തുമ്പുകൊണ്ട് അറിവിനെ സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ഒരു അധ്യയനവർഷം കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ നൽകിയും കുറ്റമറ്റ രീതിയിൽ പരീക്ഷകൾ നടത്തിയുമാണ് വിശ്വാസ്യത പൊതുവിദ്യാലയങ്ങൾ വീണ്ടെടുത്തത്.


 

കോവിഡ് ഭീഷണിയെത്തുടർന്ന് സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലും കുട്ടികൾക്ക് പഠന ദിവസം നഷ്ടപ്പെടുത്താതെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. വിദഗ്ധരായ അധ്യാപകർ പാഠഭാഗത്തെ ആസ്പദമാക്കി ക്ലാസുകളെടുക്കുകയും വിദ്യാഭ്യാസവകുപ്പിന്റെ സ്വന്തം ചാനലായ വിക്ടേഴ്സിലൂടെ അത് സംപ്രേഷണം ചെയ്യുകയുമാണ്. ഇത്തവണത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയും പൊതുവിദ്യാഭ്യാസമേഖലയുടെ “ഗ്ലാമർ” വർധിപ്പിച്ചിട്ടുണ്ട്. പാതിവഴിയിൽ പരീക്ഷകൾ നിന്നുപോയതോടെ വലിയ മാനസിക സമ്മർദമാണ് കുട്ടികളും രക്ഷിതാക്കളും അനുഭവിച്ചത്. മെയ് അവസാനവാരത്തിൽ അതീവകരുതലോടെ ഈ പരീക്ഷകൾ പൂർത്തീകരിക്കാൻ സാധിച്ചു. എന്നാൽ, നിർത്തിവച്ച പരീക്ഷകൾ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് സിബിഎസ്ഇ നേരിട്ടത്. മാത്രവുമല്ല, നടന്ന പരീക്ഷയുടെ ആവറേജ് കണക്കാക്കി നടക്കാത്ത പരീക്ഷയ്ക്ക് മാർക്ക്കൊടുക്കുന്ന ‘ഡക്ക് വർത്ത് ലൂയിസ്’ നടപടി സ്വീകരിക്കേണ്ട ഗതികേടും സിബിഎസ്ഇക്ക് ഉണ്ടായി.

അൺഎയ്ഡഡ്, സിബിഎസ്ഇ  സ്കൂളുകളിലെ പഠനച്ചെലവ് വഹിക്കുക എന്നത് അതിസമ്പന്നർക്കൊഴികെ മറ്റാർക്കും സാധ്യമല്ലാത്ത അവസ്ഥയാണ്. വരുമാനത്തിന്റെ വലിയൊരു പങ്ക് കുട്ടികളുടെ സ്കൂൾ ഫീസായും പുസ്തകം, യൂണിഫോം, വാഹനം മുതലായവയ്ക്കുവേണ്ടിയും ചെലവഴിക്കേണ്ടിവരുന്നത് ജീവിതം വഴിമുട്ടിക്കുമെന്ന തോന്നൽ ശക്തമാണ്. പൊതുവിദ്യാലങ്ങളേക്കാൾ മെച്ചമാണ് സ്വകാര്യ സ്ഥാപനങ്ങൾ എന്ന മൂഢധാരണയും തിരുത്തപ്പെട്ടിട്ടുണ്ട്.


 

ഏതൊരു സ്വകാര്യ സ്കൂളിനെയും പിന്നിലാക്കുന്ന അവസ്ഥയിലേക്ക് സർക്കാർ വിദ്യാലയങ്ങൾ മാറിക്കഴിഞ്ഞു. മനോഹരവും സൗകര്യപ്രദവുമായി നിർമിക്കപ്പെട്ട കെട്ടിടങ്ങൾ, നല്ല കുടിവെള്ള സംവിധാനങ്ങൾ, മെച്ചപ്പെട്ട ലൈബ്രറികളും ലബോറട്ടറികളും വൃത്തിയുള്ള ടോയ്‌ലെറ്റുകൾ, സുഭിക്ഷമായ ഉച്ചഭക്ഷണം തുടങ്ങി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളിലുണ്ടായ വളർച്ച അമ്പരപ്പിക്കുന്നതാണ്. സൗജന്യ പാഠപുസ്തകം, യൂണിഫോം, ഹൈടെക് പരിശീലനം നേടിയ അധ്യാപകരുടെ സേവനം തുടങ്ങി ആകർഷകമായ ഒട്ടനേകം സംഗതികൾ വേറെയുമുള്ളപ്പോൾ, സ്വകാര്യ സ്കൂളുകളിൽ പണം കൊടുത്ത് പഠിപ്പിക്കുന്ന വിഡ്ഢിത്തം ആളുകൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് ഭീഷണി കഴിഞ്ഞ് സ്കൂൾ എന്ന് തുറക്കാനാകുമെന്ന് പറയാനാകില്ല. അഥവാ തുറന്നാൽത്തന്നെ പഴയ സംവിധാനമായിരിക്കില്ലാ എന്നും ഉറപ്പുണ്ട്.  അക്കാദമികവും ഭൗതികവുമായ പോരായ്മകൾ പരിഹരിച്ച്, ഏതൊരാൾക്കും ആകർഷമായ അവസ്ഥയിലേക്ക് പൊതുവിദ്യാലയങ്ങൾ മാറി. സ്വകാര്യ സ്കൂളുകളിൽ മതനിരപേക്ഷ സ്കൂൾ അന്തരീക്ഷം ഉണ്ടാകില്ല എന്നതും ആളുകളെ പിന്തിരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മതനിരപേക്ഷ–-ജനാധിപത്യകേരളത്തിന്റെ നിലനിൽപ്പ് പൊതു വിദ്യാഭ്യാസത്തിന്റെ കരുത്തിലാണെന്ന സത്യം അംഗീകരിക്കപ്പെടുകയാണ്.

(സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ്‌ കമ്മിറ്റി അംഗമാണ് ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top