26 August Monday

നവകേരളം പൊതുവിദ്യാഭ്യാസത്തിലൂടെ

കെ സി ഹരികൃഷ്ണൻUpdated: Friday Feb 8, 2019

പ്രളയാനന്തര നവകേരള നിർമിതിയെപ്പറ്റി ഇടതുപക്ഷ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ടുതന്നെയാണ് സർക്കാർ നവകേരള നിർമിതിക്ക് അടിത്തറയായ നാല് മിഷനുകൾക്ക് തുടക്കംകുറിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പൊതുവിദ്യാഭ്യാസമേഖല.  സർക്കാർ മൂന്ന് വർഷം പിന്നിടുമ്പോൾ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കേരളത്തിന് സാധിച്ചു.

വിദ്യാഭ്യാസം എന്നും കേരളീയസമൂഹത്തിന്റെ പ്രധാന അജൻഡകളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ നടക്കുന്ന ഏതൊരു വികസനചർച്ചകളിലും വിദ്യാഭ്യാസം, വിശിഷ്യാ സ്കൂൾ വിദ്യാഭ്യാസം കടന്നുവരും. കേരളീയ വിദ്യാഭ്യാസം വളർന്നുവന്നത് ചൂഷണത്തിനും ജന്മിത്തത്തിനും എതിരായി നടന്ന വിമോചനപോരാട്ടങ്ങളുമായി ഇഴചേർന്നാണ്. ഭൂമിയുടെ അവകാശത്തിനുള്ള പോരാട്ടങ്ങൾ, തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരായ നിലപാടുകൾ, വസ്ത്രംധരിക്കാനും വഴിനടക്കാനുമുള്ള പ്രക്ഷോഭങ്ങൾ തുടങ്ങി എല്ലാവിധ സമരങ്ങളും വിദ്യാഭ്യാസമുന്നേറ്റവുമായി കണ്ണിചേർന്നിരിക്കുന്നു. നവോത്ഥാന നായകർ, സംഘടനകൾ, മിഷണറിമാർ എന്നിവരൊക്കെ പല രീതിയിൽ ഈ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. നവോത്ഥാനമുന്നേറ്റം സൃഷ്ടിച്ച ലോകബോധമാണ് ജാതി ‐മത വർഗീയതയെ നമ്മുടെ മണ്ണിൽനിന്ന് ദശകങ്ങളോളം അകറ്റിനിർത്തിയത്.  ഇടതുപക്ഷം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള നിലപാടുകളാണ് എല്ലാകാലത്തും എടുത്തത്. കേരളത്തെ പുരോഗമന പക്ഷത്ത് ഉറപ്പിച്ചുനിർത്തിയതും ഈ നിലപാടുകളാണ്. ഇതിന് യുക്തിഭദ്രമായ അടിത്തറയൊരുക്കിയത് കേരളത്തിൽ വളർന്നുവന്ന പൊതുവിദ്യാഭ്യാസ സങ്കൽപ്പങ്ങളാണ്. ആധുനികവിദ്യാഭ്യാസംവഴി നാം നേടുന്ന അവബോധത്തിലൂടെമാത്രമേ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വേരറുക്കാനാകൂ എന്ന തിരിച്ചറിവിൽനിന്ന് കേരളത്തിൽ വ്യാപകമായി വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു.
ആധുനിക സൗകര്യങ്ങൾ

ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴെല്ലാം  പൊതുവിദ്യാഭ്യാസമേഖല മെച്ചപ്പെടുത്താനും ജനകീയമാക്കാനും നടത്തിയ നടപടികൾ എണ്ണിപ്പറയാവുന്നതാണ്. 1957ലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസനിയമം, വിവിധ തരം സ്കോളർഷിപ്പുകൾ, പഞ്ചായത്തുകൾതോറും  ഹൈസ്കൂളുകൾ, കുട്ടികൾക്ക് ഉച്ചഭക്ഷണം തുടങ്ങി ഈ നിര നീണ്ടുപോകുന്നു. അതിന്റെ തുടർച്ചയാണ് എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകളും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. ഏതാണ്ട് 2500 കോടി രൂപയാണ് ഇതിനുവേണ്ടി മുതൽമുടക്കാൻ സർക്കാർ തീരുമാനിച്ചത്.  എയ്ഡഡ് സ്കൂളുകളുടെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ചാലഞ്ച് ഫണ്ട് ഏർപ്പെടുത്തിക്കൊണ്ട് ആ മേഖലയെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു.  സ്കൂളുകളും ക്ലാസ് മുറികളും പരിസ്ഥിതി‐ സാങ്കേതിക സൗഹൃദമാക്കി. ഇതിന്റെ ഭാഗമായി 8 മുതൽ 12 വരെ ക്ലാസുകൾ ഇതിനകംതന്നെ ഹൈടെക്കായി. 58430 ലാപ്ടോപ്പുകൾ, 42227 മൾട്ടിമീഡിയ പ്രൊജക്ടറുകൾ,  മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ സ്കൂളുകളിലെത്തിച്ചു. 13798 സ്കൂളുകൾക്ക് ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉറപ്പാക്കി.  പ്രൈമറി ക്ലാസുകൾ ഹൈടെക്കാക്കാൻ ഈ വർഷത്തെ ബജറ്റിൽ 292 കോടി രൂപ അനുവദിച്ചു. ഹൈടെക് ക്ലാസുകൾ ഫലപ്രദമായി നടപ്പാക്കാൻ സമഗ്രപോർട്ടൽ സംവിധാനം ഏർപ്പെടുത്തി. പരിസ്ഥിതിപഠനത്തെ പ്രോത്സാഹിപ്പിക്കാൻ സ്കൂളിനെത്തന്നെ പാഠപുസ്തകമാക്കുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങൾ സ്കൂളിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടു.

വൈവിധ്യപൂർണമായ അക്കാദമിക ഇടപെടലുകളാണ് വിദ്യാലയങ്ങളിൽ നടക്കുന്നത്. അക്കാദമിക് മാസ്റ്റർ പ്ലാനുകളും അതിനനുസരിച്ചുള്ള പ്രവർത്തനപരിപാടികളും തയ്യാറാക്കി. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതം വിജയം, ടാലന്റ്  ലാബുകൾ, തിയറ്റർ ക്യാമ്പുകൾ എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കി. ഈ വർഷത്തെ ബജറ്റിൽ അക്കാദമികമികവിനായി 32 കോടിയും ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പഠനത്തിൽ പിന്തുണ ആവശ്യമായവർക്ക് ശ്രദ്ധ എന്ന പൊതു പ്ലാറ്റ്ഫോം തയ്യാറാക്കി. കല ‐കായികവിദ്യാഭ്യാസത്തിന് അനുഗുണമായ സാഹചര്യം ഒരുക്കി.   ഉച്ചഭക്ഷണം കാര്യക്ഷമമാക്കി. മുഴുവൻ സ്കൂളുകൾക്കും എൽപിജി കണക്ഷൻ നൽകി. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും കൈത്തറി യൂണിഫോം നൽകി. ദൃശ്യപരമായ വൈകല്യങ്ങളുള്ള കുട്ടികൾക്ക് ഓഡിയോ പാഠങ്ങൾ തയ്യാറാക്കിനൽകി. ശാരീരിക‐മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഓരോ ക്ലാസിലും റിസോഴ്സ് അധ്യാപകരെ നിയമിച്ചു. ഓട്ടിസം പാർക്കുകൾ നിർമാണത്തിലാണ്. ബജറ്റിൽ ഓട്ടിസം പർക്കിനായി 31 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 3656 തസ്തികയാണ് വിദ്യാഭ്യാസ മേഖലയിൽ പുതുതായി സൃഷ്ടിച്ചത്. ഇത് സർവകാല റെക്കോഡാണ്. അധ്യാപക പരിശീലനത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി.

അറിവിന്റെ ജനാധിപത്യവൽക്കരണം
 ഈ അക്കാദമിക് വർഷം 3.42 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസമേഖലയിലേക്ക് അധികമായി വന്നുചേർന്നത്. ഇതിൽ ഭൂരിപക്ഷവും അൺ എയ്ഡഡ് മേഖലയിൽനിന്ന് ടിസി വാങ്ങി വന്നവരാണ്.  വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു. സർക്കാർ എത്രയുംവേഗം ഇത് പരിശോധിച്ച് നടപ്പാക്കേണ്ടതുണ്ട്. ഇത് കൂടി പൂർത്തിയാകുമ്പോൾ പൊതുവിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടം തന്നെയുണ്ടാകും.

ഇടതുപക്ഷ സർക്കാർ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനാവശ്യമായ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.  വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായ രാജ്യത്ത് 2 ലക്ഷത്തോളം പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 17000 സ്കൂളുകളാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ഒറ്റ രാത്രികൊണ്ട് അടച്ചുപൂട്ടിയത്. ഏകാധ്യാപക വിദ്യാലയങ്ങൾ പാടില്ല എന്ന നിയമം നിലനിൽക്കെ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് വിദ്യാലയങ്ങൾ ഇപ്പോഴും ഏകാധ്യാപക വിദ്യാലയങ്ങളാണ്. ദേശീയതലത്തിൽ 40 ലക്ഷത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. രാജ്യത്ത് ഒന്നാം ക്ലാസിൽ ചേർന്നതിന്റെ 40 ശതമാനം കുട്ടികൾ പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നുണ്ട്. വിദ്യാഭ്യാസകാര്യങ്ങൾക്കുള്ള ബജറ്റ് വിഹിതവും കേന്ദ്ര സർക്കാർ  പ്രതിവർഷം വെട്ടിക്കുറയ്ക്കുന്നു. ജിഡിപിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കണം എന്നാണ് അന്തർദേശീയതലത്തിലുള്ള സമവായ തീരുമാനം. എന്നാൽ, ഇന്ത്യ നീക്കിവയ്ക്കുന്നത് 2.7 ശതമാനം മാത്രം. ഇതേസമയം അദാനിമാർക്കും അംബാനിമാർക്കും രാജ്യത്തിന്റെ പണം കൊള്ളയടിക്കാൻ  കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങൾക്കുള്ള വിദ്യാഭ്യാസ വിഹിതവും വെട്ടിക്കുറയ്ക്കുന്നു. തങ്ങളുടെ വർഗീയാടിത്തറ വിപുലപ്പെടുത്താനുതകുന്ന തരത്തിൽ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. കെട്ടുകഥകൾക്കും അന്ധവിശ്വാസങ്ങൾക്കും ശാസ്ത്രീയ പിൻബലം ഉണ്ടാക്കാനുള്ള പ്രചാരണങ്ങൾ നടത്തുന്നു.  ഇത്തരം ജനവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണ്.
ഉന്നതജീവിത നിലവാരത്തിലും വിദ്യാഭ്യാസ ‐ ആരോഗ്യരംഗങ്ങളിലും രാജ്യത്ത് മികച്ച് നിൽക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ഇവിടത്തെ ഇടതുപക്ഷ സർക്കാരുകളാണ്. അറിവിന്റെ ജനാധിപത്യവൽക്കരണവും സാർവത്രികതയുമാണ് നമ്മുടെ ബദൽ. ഈ ജനകീയ ബദൽ കൂടുതൽ അർഥവത്താക്കുക എന്നത് അധ്യാപകപ്രസ്ഥാനത്തിന്റെ മുഖ്യ ചുമതലയാണ്. കോർപറേറ്റ് ‐മൂലധന ശക്തികൾക്കും വർഗീയശക്തികൾക്കും കീഴടങ്ങാൻ മനസ്സില്ല എന്ന നിലപാടിൽ അടിയുറച്ച് നിന്ന്, ഇന്നലെകളിലെ തീക്ഷ്ണമായ അനുഭവങ്ങൾ ഉൾക്കൊണ്ട് നല്ല നാളേക്കായി, കാലം തങ്ങളിലർപ്പിച്ച പ്രതീക്ഷകൾ സാർഥകമാക്കാനുള്ള കഠിനമായ പ്രവർത്തനങ്ങളിലേർപ്പെടേണ്ട ഘട്ടമാണിത്. അതിനായുള്ള ചർച്ചകളും തീരുമാനങ്ങളും കെഎസ്ടിഎ 28–ാം സംസ്ഥാന സമ്മേളനം കൈക്കൊള്ളും.

(കെഎസ് ടിഎ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


പ്രധാന വാർത്തകൾ
 Top