11 August Thursday

ലിംഗസമത്വം ലക്ഷ്യമിട്ട്‌ കേരളം - ഡോ. മൃദുൽ ഈപ്പൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

രാജ്യത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ മാനവ വിഭവശേഷി വികസനത്തിന്റെ കാര്യത്തിൽ കേരളത്തിലെ വികസനനയം ലിംഗസമത്വത്തോട് കൂടുതൽ സംവേദനക്ഷമതയുള്ളതാണ്. വിദ്യാഭ്യാസവും ആരോഗ്യവുംപോലുള്ള അടിസ്ഥാനപരമായ കഴിവുകളിൽ വളരെ കുറഞ്ഞ നിലയിലേ ലിംഗപരമായ വിടവ് പ്രതിഫലിക്കുന്നുള്ളൂ. അത് കേരളത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂപരിഷ്‌കരണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ലിംഗപരമായ ഉൾപ്പെടുത്തൽ എന്നിവയുടെ അടിത്തറ മുൻകാല നേട്ടങ്ങളിലൂടെ ശക്തമാണ്‌. അധികാരത്തിന്റെ നിർണായക സൂചകമായ സ്വത്തിന്റെ അനന്തരാവകാശത്തിനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന മുതലാളിത്ത വികസനത്തിന്റെ രൂപങ്ങളും, ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥയിലെ അസന്തുലിതാവസ്ഥയിൽ സംസ്ഥാന സർക്കാരുകൾ രൂക്ഷമായ വിഭവകമ്മി നേരിടുകയാണ്‌. മാത്രമല്ല, ഉദാരവൽക്കരണകാലം സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്‌തു. ഈ ഘട്ടത്തിലും കേരളം ഉയർന്ന സാമൂഹ്യച്ചെലവുകൾ നിലനിർത്തിക്കൊണ്ട്‌ മറ്റൊരു വികസനപാതയിലൂടെ മുന്നേറുകയായിരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തിൽ യുഎൻഡിപിയുടെ മാനവ വികസന സൂചികയുടെയും ലിംഗവികസന സൂചികയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതെത്തി. എന്നിരുന്നാലും ഉയർന്നുവരുന്ന സാമൂഹ്യപ്രശ്നങ്ങൾ കണക്കിലെടുത്താൽ സ്ത്രീകളുടെ കീഴ്ജീവിതം മാറ്റുന്നതിന്‌ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ നേട്ടങ്ങൾമാത്രം മതിയായ ഘടകമായി കാണാനാകില്ല. പുരുഷാധിപത്യ സമൂഹത്തിലെ ലിംഗപരമായ പങ്കുകളെക്കുറിച്ചുള്ള മാനദണ്ഡപരമായ അനുമാനങ്ങളിൽ സംസ്ഥാനത്തിന്റെ വികസന അനുഭവം തളച്ചിടപ്പെട്ടുപോകരുത്‌. കേരളത്തിന്റെ അസമമായ സാമൂഹ്യവികസനത്തോടുള്ള വർധിച്ചുവരുന്ന അസ്വാസ്ഥ്യത്തിന് കാരണം കൂടിവരുന്ന ലിംഗാധിഷ്ഠിത അക്രമങ്ങളുടെ ദൃശ്യപരതയാണ്‌. പ്രത്യേകിച്ചും ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം, തൊഴിലില്ലായ്‌മ, കുറഞ്ഞുവരുന്ന സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക്‌, മാനസികരോഗങ്ങൾ, ആത്മഹത്യാ വർധന, സ്ത്രീകളുടെ സ്വത്തവകാശത്തിലെ ഇടിവ്‌, സ്ത്രീധനത്തിന്റെ അതിവേഗത്തിലുള്ള വ്യാപനം എന്നിവ ഇതിന്റെ ഭാഗമാണ്‌. വിദ്യാഭ്യാസത്തിന്റെ സൂചിക വർധിക്കുമ്പോഴും വികസനം, സ്ത്രീ ശാക്തീകരണം എന്നിവയ്‌ക്കുചുറ്റും ചർച്ചകൾ കേന്ദ്രീകരിക്കുന്നത്‌ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പരമ്പരാഗത വികസന സൂചികകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുകയാണ്‌. ലിംഗപരമായ അടിച്ചമർത്തൽ അല്ലെങ്കിൽ ലിംഗപരമായ വാർപ്പുമാതൃകകളിൽനിന്ന് പൂർണമായ വിടുതൽ തേടുന്നതിന്‌ മറ്റ് പാരമ്പര്യേതര സൂചകങ്ങൾകൂടി നോക്കേണ്ടത്‌ ആവശ്യമായി വരുന്നു.

ലിംഗശാക്തീകരണത്തിനായി 1996 മുതൽ സംസ്ഥാനം നിരവധി ഇടപെടലുകൾ നടത്തി. ലിംഗ ബോധവൽക്കരണത്തിനായി വികേന്ദ്രീകൃത തലത്തിൽ സ്ത്രീ ഘടക പദ്ധതി (ഡബ്ല്യുസിപി)നടപ്പാക്കി. 1998ൽ സ്ത്രീകളുടെ സാമൂഹ്യ സംഘടനയായി കുടുംബശ്രീ സ്ഥാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സാമൂഹ്യ സഹായവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2017ൽ വനിതാ ശിശുവികസന വകുപ്പ്‌ തുടങ്ങി. പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ ഏറ്റെടുത്ത ലിംഗ ബജറ്റിങ്ങും സംസ്ഥാനത്തിന്റെ 13–-ാം പഞ്ചവത്സര പദ്ധതിയിൽ കൂടുതൽ വ്യവസ്ഥാപിതമായി വികസിപ്പിച്ചെടുത്തു. ഇത്തരം ഇടപെടലുകൾ പ്രശംസനീയമായ നേട്ടങ്ങൾക്ക് കാരണമായി. ഉദാഹരണത്തിന് 2017-–-18ൽ കേരളത്തിലെ വനിതാ തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് 16 ശതമാനമായിരുന്നു. ഇത്‌ 2019--–-20ൽ 22 ശതമാനമാക്കാൻ സാധിച്ചു. എന്നാൽ സാംസ്കാരിക, പുരുഷാധിപത്യ മനോഭാവത്തിൽ വളരെ ചെറിയ മാറ്റമേ പ്രകടമായുള്ളൂ. വർധിച്ചുവരുന്ന ലിംഗപരമായ അക്രമവും ചില സാമൂഹ്യ ഗ്രൂപ്പുകളെ ഏതെങ്കിലും നേട്ടങ്ങളിൽനിന്ന് ഒഴിവാക്കുന്നതും അംഗീകരിക്കപ്പെടാനാകില്ല. കോവിഡ്‌ മഹാമാരി കൂടുതൽ ബാധിച്ചത്‌ ഏറ്റവും ദുർബലരായ ഗ്രൂപ്പുകളെയാണ്‌. ഇത്തരം ഗ്രൂപ്പുകളിൽ കൂടുതൽ സംഘടിതവും കേന്ദ്രീകൃതവുമായ ഇടപെടൽ ആവശ്യമാണ്‌.

ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ പഠനവും കാണിക്കുന്നതുപോലെ, മഹാമാരിക്കാലത്ത്‌ ഗാർഹിക തൊഴിലാളികളുടെ ലിംഗപരമായ വിഭജനവും ലിംഗ അസമത്വവും വർധിപ്പിച്ചു. സ്ത്രീകളുടെ ശമ്പളമില്ലാത്ത വീട്ടുജോലികളുടെയും പരിചരണ ജോലികളുടെയും ഭാരം വർധിച്ചു. ഇത്‌ ചില സമയങ്ങളിൽ ഗാർഹിക പീഡനത്തിന് കാരണമാകുന്നു. ലിംഗപരമായ മാനം ചർച്ചചെയ്യപ്പെടേണ്ടതാണ്‌. വിദ്യാഭ്യാസത്തിലും തൊഴിൽ ഘടനയിലും വളരെയധികം വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യയിൽ ഊന്നിയ കഴിവുകൾ അതിവേഗം വളരുന്നു. ഈ ഘട്ടത്തിൽ ലിംഗസമത്വം എങ്ങനെ ഉറപ്പാക്കാം എന്നത്‌ പ്രധാനമാണ്‌. ഒരു കാര്യം വളരെ വ്യക്തമാണ്- നമ്മുടെ ജീവിതത്തിലും വിദ്യാഭ്യാസം, വൈദഗ്ധ്യം, തൊഴിൽ എന്നിവയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വലിയ സ്വാധീനം ചെലുത്തും. അധ്യാപനത്തിന്റെയും പഠനത്തിന്റെയും വ്യാപാരത്തിന്റെയും പരമ്പരാഗത രീതികൾ മാറുന്നു. ഏറ്റവും ദരിദ്ര കുടുംബങ്ങളിലേക്ക് ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുന്നതിനായി സർക്കാർ ആസൂത്രണംചെയ്ത പദ്ധതി പ്രതീക്ഷിച്ചതുപോലെ വിജയിക്കുമോ എന്നത്‌ പ്രധാനമാണ്‌. ചെറുതും വലുതുമായ എല്ലാവരിലും ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനാകുമോ? എല്ലാറ്റിനുമുപരിയായി, ലിംഗഭേദത്തിലും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലും തുല്യത നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറച്ചുകാണാൻ കഴിയില്ല.

‘ഭാവിയിലെ കേരളം സാമൂഹ്യച്ചെലവ്, സാമൂഹ്യക്ഷേമം, സാമൂഹ്യനീതി എന്നിവയിൽ അതിന്റെ കരുത്ത് കെട്ടിപ്പടുക്കുന്നത് തുടരുമെന്ന്‌ 2021ലെ കേരള വികസന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉൽപ്പാദന ശക്തികളിലും സമ്പദ്‌വ്യവസ്ഥയിലെ ഉൽപ്പാദനത്തിലും കൂടുതൽ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് ഇതൊരു അടിത്തറയായി ഉപയോഗിക്കുന്നത് തുടരും. ശാസ്ത്രവും സാങ്കേതികവിദ്യയും ആധുനിക വൈദഗ്ധ്യവും "വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയ്ക്ക്' ലഭ്യമാകുന്ന നൈപുണ്യവും പ്രയോഗിക്കാനുള്ള സുസ്ഥിരമായ ശ്രമങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൃഷി, അനുബന്ധ മേഖലകൾ, ആധുനിക വ്യവസായം, അടിസ്ഥാനസൗകര്യവികസനം, കെട്ടിടങ്ങൾ, വരുമാനം ലഭിക്കാവുന്ന സേവനങ്ങൾ എന്നിവ... (pg 9). നവകേരള വികസനത്തിന്റെ പാതയിൽ ഞങ്ങൾ പ്രവേശിക്കുന്നു. ലിംഗപരമായ ആവശ്യങ്ങൾ ശ്രദ്ധാപൂർവം അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്തുകൊണ്ട്‌ കൂടുതൽ ലിംഗസമത്വത്തിന്റെ കാര്യത്തിൽ മികച്ച ഫലങ്ങൾ നൽകുന്ന ഭാവി കേരളത്തിനായി പരിശ്രമിക്കും’ വികസന റിപ്പോർട്ട്‌ പ്രഖ്യാപിക്കുന്നു.

(സംസ്ഥാന ആസൂത്രണ ബോർഡ്‌ മുൻ അംഗമാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top