07 December Saturday

ജനാധിപത്യത്തിന്റെ ഭാവി - പി രാജീവ്‌

പി രാജീവ്‌Updated: Tuesday Jul 30, 2019

യഥാർഥത്തിൽ ജനാധിപത്യം ഏത്‌ രൂപത്തിലാണ് ഇന്ന് ഇന്ത്യയിൽ മോഡി ഭരണത്തിനു കീഴിൽ പ്രവർത്തിക്കുന്നതെന്ന ചോദ്യം ഗൗരവമായ ഒന്നാണ്. എംഎൽഎമാരെ വിലയ്‌ക്കെടുക്കുകയും സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കുകയും ചെയ്യുന്നതിൽമാത്രം ഈ ആശങ്ക പരിമിതപ്പെടുന്നില്ല. കർണാടകത്തിലും ഗോവയിലും നടന്നത് അപമാനകരവും ജനാധിപത്യവിരുദ്ധവുമാണ്. കർണാടകത്തിലെ മതനിരപേക്ഷ നിലപാടുള്ള വോട്ടർമാർ തെരഞ്ഞെടുത്ത കോൺഗ്രസിന്റെയും ജെഡിഎസിന്റെയും എംഎൽഎമാർ ബിജെപിക്കുവേണ്ടി കൂറുമാറുന്നവരായി മാറി. പണം കിട്ടിയാൽ എവിടേക്കും മാറുന്നവരാണ് തങ്ങളുടെ ജനപ്രതിനിധികൾ എന്ന് കോൺഗ്രസിന്റെ പ്രധാന നേതാവുതന്നെ കഴിഞ്ഞ ദിവസം പരസ്യമായി പറയുകയുണ്ടായി. അധികാരസ്ഥാനങ്ങളും സമ്പത്തും നൽകിയാൽ എങ്ങോട്ടും പോകുന്നവരാണ്‌ എല്ലാ പാർടികളുടെയും ജനപ്രതിനിധികളെങ്കിൽ തെരഞ്ഞെടുപ്പിനുതന്നെ എന്താണ് പ്രസക്തി?

എല്ലാ പാർടികളും അങ്ങനെയല്ലാത്തതുകൊണ്ടാണ് 1959 ജൂലൈ 31ന് ഇ എം എസ് സർക്കാരിനെ ജവാഹർലാൽ നെഹ്‌റു സർക്കാരിന്‌ പിരിച്ചുവിടേണ്ടി വന്നത്. ഐക്യകേരളത്തിൽ 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 126 അംഗ നിയമസഭയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിക്കും സ്വതന്ത്രർക്കുംകൂടി 65 സീറ്റാണ് ലഭിച്ചത്. സ്വതന്ത്രരായ എംഎൽഎമാരുടെ പിന്തുണയോടെ അധികാരത്തിൽ വന്ന സർക്കാരിനെ അട്ടിമറിക്കുന്നതിനായി ഇന്നത്തേതുപോലെയുള്ള ശ്രമം അന്നും ശക്തിയായി നടന്നു. സ്വതന്ത്രരെയെങ്കിലും കൂറുമാറ്റിച്ച്  സർക്കാരിനെ താഴെയിറക്കാനായിരുന്നു ശ്രമം. അന്നാണെങ്കിൽ കൂറുമാറ്റനിയമവും ഇല്ല. രാജ്യത്താകെ അതിശക്തമായ കോൺഗ്രസ് ഭരണവും. പക്ഷേ, അത്തരം പ്രലോഭനങ്ങളിലും ഭീഷണികളിലും ഒരാളെപ്പോലും അടർത്തിയെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അങ്ങനെയാണ് എല്ലാ ജാതി മത സാമുദായിക ശക്തികളെയും അണിനിരത്തി വിമോചനസമരം സംഘടിപ്പിച്ച് 356–-ാം വകുപ്പ് ഉപയോഗിച്ച് സർക്കാരിനെ പിരിച്ചുവിടുന്നത്. 
അന്ന് സാമാജികരെ വിലയ്‌ക്കെടുക്കാൻ ശ്രമിച്ചത് കോൺഗ്രസായിരുന്നെങ്കിൽ ഇന്നത് ബിജെപിയായി മാറി. വില കിട്ടിയാൽ എങ്ങോട്ടും പോകാവുന്നവരായി കോൺഗ്രസും മാറി. രാജ്യസഭയിലും ഭൂരിപക്ഷം സംഘടിപ്പിക്കുന്നതിന് കൂറുമാറ്റവും രാജിവയ്‌പിക്കലും നടത്തുകയാണ്. ഒരു പാർടിയുടെ എംപിമാരിൽ മഹാഭൂരിപക്ഷത്തെയും ഭരണകക്ഷിതന്നെ വിലയ്‌ക്കെടുത്ത് കൂറുമാറ്റ നിരോധന നിയമത്തെ കൂറുമാറ്റുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. തെലുഗുദേശം പാർടിയുടെ എംപിമാരുടെ കൂറുമാറ്റം അതാണ് കാണിക്കുന്നത്.

ജനാധിപത്യത്തെ പരിഹാസ്യമാക്കുന്ന ഇത്തരം നടപടികൾക്കൊപ്പം പാർലമെന്ററി സംവിധാനത്തിന്റെ അന്തഃസത്തയെ തീർത്തും ദുർബലപ്പെടുത്തുന്ന നടപടികളും ശക്തിപ്പെടുത്തുന്നു. അതീവ ഗൗരവമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന നിയമങ്ങൾ അപ്പം ചുട്ടെടുക്കുന്നതിനേക്കാളും വേഗത്തിലാണ് പാർലമെന്റ്‌ പാസാക്കുന്നത്. ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ വികസിത തുടർച്ചയാണ് പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റികൾ. അവ പാർലമെന്റിന്റെതന്നെ മിനിയേച്ചർ രൂപമാണ്. പാർലമെന്റിന്റെ കക്ഷിനിലയുടെ പ്രതിഫലനം കമ്മിറ്റികളിലും പൊതുവെയും  കാണാം. എന്നാൽ, കമ്മിറ്റികൾ കക്ഷി രാഷ്ട്രീയത്തിന്റെയോ വിപ്പിന്റെയോ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കീഴ്‌വഴക്കമില്ലാത്തവയാണ്. അത്യപൂർവ സന്ദർഭങ്ങൾ അപവാദമായി ഉണ്ടാകാം.

പാർലമെന്ററി കമ്മിറ്റികൾ രൂപീകരിക്കുന്നതിനുമുമ്പുതന്നെ സുപ്രധാന നിയമങ്ങൾ പാസാക്കിയെടുക്കുകയാണ് രണ്ടാം മോഡി സർക്കാർ ചെയ്യുന്നത്. കമ്മിറ്റികൾക്ക് റഫർ ചെയ്യുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് സൂക്ഷ്‌മ പരിശോധനയ്‌ക്ക് അവസരം ലഭിക്കുകമാത്രമല്ല ചെയ്യുന്നത്. നിയമനിർമാണ പ്രക്രിയയിൽ ജനങ്ങൾക്കുകൂടി നേരിട്ട്  ഇടപെടുന്നതിന് ലഭിക്കുന്ന സന്ദർഭംകൂടിയാണിത്. ജനാധിപത്യം ഇന്ത്യയിൽ പ്രവർത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെയാണ്. എന്നാൽ, കമ്മിറ്റികൾ ബില്ലുകൾ പരിശോധിക്കുന്ന ഘട്ടത്തിൽ വ്യക്തികൾക്കോ സംഘടനകൾക്കോ രേഖാമൂലവും നേരിട്ടും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിന് അവസരം ലഭിക്കും. പാർലമെന്ററി ജനാധിപത്യത്തിന്റെ ഈ സാധ്യതയെക്കൂടിയാണ് ഇപ്പോൾ ഇല്ലാതാക്കുന്നത്.
ജനാധിപത്യത്തിന്റെ വളർച്ചയിൽ രൂപംകൊണ്ട പുതിയ തൂണായി പലരും വിവരാവകാശനിയമത്തെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ, അതിനെ ദുർബലപ്പെടുത്തുകയും വിവരാവകാശ കമീഷനെ സർക്കാർ സംവിധാനമാക്കി പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഭേദഗതി സൂക്ഷ്‌മമായ പരിശോധനകളില്ലാതെയും പൗരസമൂഹത്തിന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകാതെയും പാസാക്കിയെടുത്തു.

പാർലമെന്ററി സംവിധാനെത്തെക്കുറിച്ചുള്ള ഭരണഘടനാ അസംബ്ലിയുടെ സങ്കൽപ്പങ്ങളെ കഴിഞ്ഞ മോഡി സർക്കാരും ഈ മോഡി സർക്കാരും ദുർബലമാക്കി. പാർലമെന്റിന്റെ മൂന്നു വായനകളിലൂടെ, ഗൗരവമായ ചർച്ചകളിലൂടെയാണ് ഒരോ ബില്ലും പാസാക്കേണ്ടത്. എന്നാൽ, ലോക്‌സഭയുടെമാത്രം അംഗീകാരം ആവശ്യമുള്ള മണിബില്ലുകളിലൂടെ പ്രധാന നിയമ ഭേദഗതികൾ പാസാക്കിയെടുത്ത് രാജ്യസഭയെ നോക്കുകുത്തിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.  മണിബില്ലുകൾ അടിയന്തരമായി പാസാക്കേണ്ടത് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അനിവാര്യമായതുകൊണ്ടാണ് 14 ദിവസത്തിനകം രാജ്യസഭ തിരിച്ചയച്ചില്ലെങ്കിൽ പാസാക്കിയതായി പരിഗണിക്കപ്പെടുമെന്ന് ഭരണഘടനാശിൽപ്പികൾ കണ്ടത്. കൃത്യമായ മാനദണ്ഡങ്ങളോടെയാണെങ്കിലും ഏതാണ് മണിബില്ലെന്ന് നിശ്ചയിക്കുന്നതിനുള്ള വിവേചനാധികാരം ഭരണഘടന സ്‌പീക്കർക്ക്‌ നൽകുന്നുണ്ട്. അത്‌ ഉപയോഗിച്ചാണ് ഇപ്പോൾ പല നിയമഭേദഗതികളും മണിബില്ലിന്റെ മറവിൽ പാസാക്കുന്നത്.

ജനാധിപത്യത്തിന്റെ നാലാംതൂണായി പരിഗണിക്കപ്പെടുന്നവയാണ് മാധ്യമങ്ങൾ. ഇന്ന് മഹാഭൂരിപക്ഷം മാധ്യമങ്ങളും കോർപറേറ്റ് മാധ്യമങ്ങളാണ്. കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് അനുസൃതമായി പൗരന്റെ അറിയാനുള്ള അവകാശത്തെ ഈ മാധ്യമങ്ങൾ അവഗണിക്കുന്നു. അല്ലാത്ത മാധ്യമങ്ങളെ ശ്വാസംമുട്ടിക്കുന്നതിനായി പരസ്യങ്ങൾ നിഷേധിക്കുന്നു. അച്ചടിക്കടലാസിന്റെ ആഭ്യന്തര ഉൽപ്പാദനം നടത്തുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കുകയും മറുവശത്ത് ഇറക്കുമതി തീരുവ വർധിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഉച്ചഭാഷിണികളായ മാധ്യമങ്ങൾമാത്രം മതിയെന്ന നിലയിലാണ് സർക്കാർ.

സർക്കാരിനെതിരായി അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പൗരന്റെ അവകാശങ്ങളെയും കവർന്നെടുക്കുന്നവയാണ് പുതിയ നിയമങ്ങൾ. ഏതു പ്രതിഷേധത്തെയും ഭീകരപ്രവർത്തനമായി വ്യാഖ്യാനിക്കാൻ പഴുതുകൾ നൽകുന്ന നിർവചനങ്ങളാണ് യുഎപിഎ നിയമത്തിലുള്ളത്. കർഷകനോ തൊഴിലാളിയോ പണിമുടക്കുന്നത് സമ്പദ്ഘടനയ്‌ക്ക് പരിക്കേൽപ്പിക്കുമെന്നും അത്‌ രാജ്യതാൽപ്പര്യത്തിന് എതിരാണെന്നും വ്യാഖ്യാനിച്ച് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താം. രാജ്യതാൽപ്പര്യം എന്താണെന്ന് ഭരിക്കുന്നവരാണ് നിശ്ചയിക്കുന്നത്. അതനുസരിച്ച് നാളെ ഏതു വ്യക്തിയെയും ഭീകരനാക്കാനും വിചാരണയില്ലാതെ തടവിലിടാനും സർക്കാരിന്‌ കഴിയും. കൽബുർഗിക്കും പൻസാരെയ്‌ക്കും ഇനി വെടിയുണ്ടകൾ ആവശ്യമില്ല, യുഎപിഎമാത്രം മതിയാകും.

ജനാധിപത്യം ദുർബലപ്പെടുത്തുന്നതും അമിതാധികാരത്തിലേക്ക് രാജ്യം പോകുന്നതും ഓരോ ചലനത്തിലും തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും കഴിയേണ്ടതുണ്ട്. കോൺഗ്രസ് തുറന്നുവിട്ട ഭൂതങ്ങളെയാണ് ബിജെപി ഇന്ന് ശക്തിപ്പെടുത്തി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. അതുകൂടി തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും രാജ്യത്താകെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
 


പ്രധാന വാർത്തകൾ
 Top