24 October Thursday

നിലച്ച ജീവിതം, ഈ ട്രക്കുപോലെ

സാജൻ എവുജിൻUpdated: Saturday Sep 14, 2019

മനേസർ–-ഗുരുഗ്രാം ദേശീയപാതയുടെ ഇരുവശത്തും ഒഴിഞ്ഞുകിടന്നിരുന്ന പ്രദേശം മുഴുവൻ  നൂറുകണക്കിനു ട്രക്കുകളാൽ നിറഞ്ഞിരിക്കയാണ്‌. മാരുതി കമ്പനിക്കുവേണ്ടി ഓടിയിരുന്ന ട്രക്കുകളാണ്‌ നിരന്നുകിടക്കുന്നത്‌. അന്വേഷിച്ചപ്പോൾ ട്രക്ക്‌ ഡ്രൈവർമാരായ ലാലാറാമും ഗോവർധനുമാണ്‌ മറുപടി പറഞ്ഞത്‌. ‘മുമ്പ്‌ മാസം നാലും അഞ്ചും ട്രിപ്പുകൾ കിട്ടിയിരുന്നു. ഇപ്പോൾ  ഒന്നുപോലും കിട്ടുന്നില്ല. ഓട്ടത്തിന്റെ ദൈർഘ്യവും കുറഞ്ഞു.1000, 2000 കിലോമീറ്റർ വരുന്ന ട്രിപ്പുകൾ ലഭിച്ചിരുന്ന സ്ഥാനത്ത്‌ 200 കിലോമീറ്റർ വരെയായി. ദിവസം കഴിയുന്തോറും സ്ഥിതി മോശമാകുന്നു. ഓട്ടം കിട്ടുമെന്ന്‌ പ്രതീക്ഷിച്ച്‌ ആഴ്‌ചകളായി ഇവിടെ തങ്ങുകയാണ്‌’–-അവർ പറഞ്ഞു.

ട്രക്കുകൾ പാർക്കുചെയ്യാൻ  തറവാടക നൽകണം. പതിനായിരക്കണക്കിനു രൂപയാണ്‌ നൽകേണ്ടത്‌. ട്രക്ക്‌ ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും സ്ഥിതി ദയനീയമാണ്‌. ഡ്രൈവർമാർക്ക്‌ 8500 രൂപയും ക്ലീനർമാർക്ക്‌  6000 രൂപയുമാണ്‌ മാസവേതനം. ഓട്ടം പോകുന്ന ദിവസങ്ങളിൽ രണ്ടു പേർക്കുംകൂടി 200 രൂപ ഭക്ഷണബത്ത കിട്ടും. ഓട്ടമില്ലെങ്കിൽ ഭക്ഷണത്തിനുള്ള വകയും കണ്ടെത്തണം. ഉറക്കം ട്രക്കിനുള്ളിൽ തന്നെ. പകൽ ചീട്ടുകളിച്ചും സൊറ പറഞ്ഞും സമയം നീക്കും; നാളെയെങ്കിലും ഓട്ടം കിട്ടുമെന്ന പ്രതീക്ഷയോടെ.

വിൽപ്പന കുറഞ്ഞതോടെ മാരുതി കമ്പനി ഉൽപ്പാദനം വെട്ടിക്കുറച്ചതാണ്‌ ട്രക്കുകളുടെ ഓട്ടത്തെയും ബാധിച്ചത്‌. മനേസർ പ്ലാന്റിലെ പ്രതിദിന ഉൽപ്പാദനം നേരത്തെ 2500 കാറുകളിൽനിന്ന്‌ 800 ആയി കുറച്ചു. ഗുരുഗ്രാമിലും ഉൽപ്പാദനം വെട്ടിക്കുറച്ചു. താൽക്കാലിക, കരാർ തൊഴിലാളികളെ ഒഴിവാക്കി. ആഗസ്‌ത്‌ മുതൽ പുതിയ നിയമനം നിർത്തി. പുറത്തിറക്കിയ കാറുകൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്‌. പ്ലാന്റുകൾ സെപ്‌തംബർ ഏഴിനും ഒമ്പതിനും അടച്ചിട്ടു.

മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌.  ഇതു  മാരുതിയുടെ മാത്രം സ്ഥിതിയല്ല.  ഇന്ത്യയിലെ ഓട്ടോമൊബൈൽ മേഖലയിൽ വളർച്ചയുടെ കഥ പൊളിയാൻ തുടങ്ങിയതേ ഉള്ളൂവെന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ മാനേജിങ്‌ ഡയറക്ടർ ഗ്വിന്റർ ബുച്ചെക്ക്‌ തുറന്നുപറഞ്ഞു. ഈ ഏപ്രിലിൽ തുടങ്ങിയ വിൽപ്പന ഇടിവ്‌ ആഗസ്‌ത്‌ വരെ നീണ്ടു. മേഖല തകർന്നുവെന്ന്‌ പറയുന്നില്ല, അതിന്റെ ലക്ഷണങ്ങളാണ്‌ കാണുന്നത്‌. ‘ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കുക’ എന്നതാണ്‌ ഈ വർഷത്തെ മുദ്രാവാക്യം’–-ഡൽഹിയിൽ വാഹന നിർമാതാക്കളുടെ സംഘടനയുടെ വാർഷികച്ചടങ്ങിൽ ഗ്വിന്റർ പറഞ്ഞു.

ഗുരുഗ്രാമിനു പുറമെ ചെന്നൈ, പുണെ എന്നിവയാണ്‌ വാഹന നിർമാണത്തിലെ പ്രധാന കേന്ദ്രങ്ങൾ. ഫോർഡ്‌, ഹ്യുണ്ടായ്‌ എന്നിവയ്‌ക്കാണ്‌ ചെന്നൈയിൽ പ്ലാന്റുകളുള്ളത്‌. ടാറ്റയുടെയും ഫിയറ്റിന്റെയും നിർമാണശാലകൾ പുണെയിലും. മൂന്നു കേന്ദ്രത്തിലും ഒരുപോലെ പടർന്നിരിക്കുകയാണ്‌ മരവിപ്പ്‌.  

എണ്ണമറിയില്ല; അത്രയ്‌ക്കുണ്ട്‌ ജോലി പോയവർ
രാജ്യത്ത്‌ മൂന്നരക്കോടിയോളം പേരുടെ ജീവിതമാർഗമായ വാഹന നിർമാണ–-അനുബന്ധ മേഖലകളിൽ അഞ്ചു മാസത്തിനകം മൂന്നരലക്ഷം പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു.
വാഹനമേഖലയിലെ ഇതുവരെ തൊഴിൽനഷ്ടം വ്യക്തമായി അറിയില്ലെന്നാണ്‌ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്‌. ചെന്നൈ ശ്രീപെരുംപുത്തൂരിൽ വാഹന പാർട്‌സുകൾ നിർമിക്കുന്ന വ്യവസായ ഹബ്ബിൽ അരലക്ഷത്തോളം കരാർതൊഴിലാളികളെയാണ്‌ പിരിച്ചുവിട്ടതെന്ന്‌ സിഐടിയു നേതാവ്‌ എ സൗന്ദരരാജൻ പറഞ്ഞു. പ്രമുഖ ടയർ നിർമാണ ഫാക്ടറികളുടെ സംഭരണശാലകൾ നിറഞ്ഞു. ഇനിയും ഉൽപ്പാദിപ്പിച്ചാൽ സംഭരിക്കാൻ ഇടമില്ല. ആഴ്‌ചയിൽ രണ്ടും മൂന്നും ദിവസം ഫാക്ടറികൾ അടച്ചിടുകയാണ്‌‐ അദ്ദേഹം പറഞ്ഞു.

(അവസാനിക്കുന്നില്ല)


പ്രധാന വാർത്തകൾ
 Top