26 May Tuesday

സാലറി ചലഞ്ചും ധനകമ്മീഷന്റെ ധനസഹായവും: ചില തെറ്റിദ്ധാരണകൾ

സന്തോഷ് ടി വർഗീസ്Updated: Saturday Apr 4, 2020
സന്തോഷ് ടി വർഗീസ്

സന്തോഷ് ടി വർഗീസ്

സാലറി ചലഞ്ച് നടപ്പാക്കിയാൽ കേന്ദ്രധന കമ്മീഷനിൽ നിന്നും ലഭിക്കാനിടയുള്ള "റവന്യൂ കമ്മി നികത്താനുള്ള ധനസഹായം" ( റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്) നഷ്ടപ്പെടുമെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. സാലറി ചലഞ്ച് നടപ്പാക്കിയാൽ റവന്യൂ ചെലവ് കുറയുമെന്നും അതിന്റെ ഫലമായി  റവന്യൂ കമ്മിയും കുറയുമെന്നതിനാൽ കേന്ദ്രധന കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്ന റവന്യൂകമ്മി നികത്താനുള്ള ധനസഹായവും നഷ്ടപ്പെടുമെന്നാണ് വാദം. യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണമാണിത്.

കോവിഡ്  മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കേരളം  നടത്തുന്ന ശ്രമങ്ങൾ ലോകരാജ്യങ്ങളുടെ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.  പ്രതിസന്ധി അതിജീവിക്കാനായി രാജ്യത്തിനു തന്നെ മാതൃകയായിക്കൊണ്ട് ആദ്യമായൊരു ധനസഹായ പാക്കേജ് പ്രഖ്യാപിച്ചതും കേരളമായിരുന്നു.

കേന്ദ്ര സർക്കാർ  പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയും  അതിനു മുമ്പ് പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ പാക്കേജും കൂടുമ്പോൾ 1.85 ലക്ഷം കോടി രൂപയുടെ മൊത്ത ധനസഹായമാണ് കേന്ദ്രസർക്കാർ  പ്രഖ്യാപിച്ചത്. സമ്പദ് വ്യവസ്ഥയുടെ വലിപ്പവുമായി  താരതമ്യം ചെയ്യുമ്പോൾ അതായത് ജിഡിപിയുമായി താരതമ്യം ചെയ്യുമ്പോൾ കേവലം 0.9 ശതമാനം മാത്രമേ ഈ ധനസഹായം വരുന്നുള്ളൂ. എന്നാൽ പ്രതിസന്ധി മറികടക്കാനായി കേരള സർക്കാർ പ്രഖ്യാപിച്ചത്   20,000 കോടി രൂപയുടെ ധനസഹായമാണ്.   കേരളത്തിന്റെ ജിഡിപിയുമായി താരതമ്യപ്പെടുത്തിയാൽ 2.29 ശതമാനം വരുമിത്. 

മറ്റു പല സംസ്ഥാനങ്ങളും ജീവനക്കാരുടെ ശമ്പളം വലിയ രീതിയിൽ വെട്ടിക്കുറയ്ക്കുമ്പോഴും  മാർച്ചിലെ ശമ്പള വിതരണം പൂർത്തിയാക്കിക്കൊണ്ട് മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ.ഏതു രീതിയിൽ നോക്കിയാലും ജനക്ഷേമ-തൊഴിലാളിപക്ഷ നിലപാടുകളുമായി പ്രതിരോധ പ്രവർത്തനങ്ങളിലും അതിജീവന ശ്രമങ്ങളിലും ഏർപ്പെടുകയാണ് കേരള സർക്കാർ. ഇവയെല്ലാമുണ്ടാക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുകയെന്ന ലക്ഷ്യംവച്ചു കൊണ്ടാണ്സംസ്ഥാനസർക്കാർ സാലറി ചലഞ്ച്  മുന്നോട്ടുവച്ചിരിക്കുന്നത്.
 
എന്നാൽ സംസ്ഥാന സർക്കാരിന്റെ അതിജീവന ശ്രമങ്ങളെ ഏതുവിധേനയും തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യംവച്ചുകൊണ്ട് അടിസ്ഥാനമില്ലാത്ത പ്രചരണങ്ങൾ വിവിധ കോണുകളിൽ നിന്ന് കടന്നു വരുന്നുണ്ട്.

അതിലൊന്നാണ് സാലറി ചലഞ്ച് നടപ്പാക്കിയാൽ കേന്ദ്രധന കമ്മീഷനിൽ നിന്നും ലഭിക്കാനിടയുള്ള "റവന്യൂ കമ്മി നികത്താനുള്ള ധനസഹായം" ( റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്) നഷ്ടപ്പെടുമെന്നുള്ളത്.  സാലറി ചലഞ്ച് നടപ്പാക്കിയാൽ റവന്യൂ ചെലവ് കുറയുമെന്നും അതിന്റെ ഫലമായി  റവന്യൂ കമ്മിയും കുറയുമെന്നതിനാൽ കേന്ദ്രധന കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്ന റവന്യൂകമ്മി നികത്താനുള്ള ധനസഹായവും നഷ്ടപ്പെടുമെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണമാണിത്.
 
റവന്യൂ കമ്മി നികത്താനുള്ള ധനസഹായം
 
വിവിധ ധനകാര്യ കമ്മീഷനുകൾ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുകയും സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ഫിസക്കൽ കപ്പാസിറ്റി), റവന്യൂ ചെലവ്, റവന്യൂ വരുമാനം, റവന്യൂ വരുമാനം ശേഖരിക്കാൻ നടത്തുന്ന ശ്രമങ്ങൾ (ടാക്സ് എഫേർട്ട്) എന്നിവല്ലാം വിലയിരുത്തിയതിനു ശേഷം  വിവിധ സംസ്ഥാനങ്ങൾക്ക് റവന്യൂകമ്മി നികത്തുന്നതിനുവേണ്ടി  ധനസഹായം അനുവദിക്കാറുണ്ട്. 
 
2020 ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തിക വർഷം മുതൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസരിച്ചാണ് ധനസഹായം നൽകുന്നത്.പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2019 നവംമ്പർ മാസത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിവിധ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചതിനു ശേഷം 14 സംസ്ഥാനങ്ങൾക്ക് റവന്യൂകമ്മി നികത്തുന്നതിന് വേണ്ടി 74,340 കോടി രൂപ ധനസഹായം അനുവദിച്ചു. മേൽ സൂചിപ്പിച്ച രീതിയിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളുടെ സാമ്പത്തിക (ഫിസ്ക്കൽ) സ്ഥിതി  പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങൾക്ക് നൽകേണ്ട ധനസഹായം കമ്മീഷൻ തീരുമാനിച്ചത്
 
ഇത്തരം ധനസഹായ (ഗ്രാൻന്റ്) തീരുമാനങ്ങൾ ധനകാര്യ കമ്മീഷൻ   സ്വീകരിക്കുന്നതിനുമുമ്പ്സംസ്ഥാനങ്ങൾക്ക് നൽകുന്ന  ധനവിഹിതം ( കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക്) അവർക്ക് ലഭിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികമാറ്റം വിലയിരുത്തും. ധനവിഹിതം (ഡെവലൂഷൻ) ലഭിക്കുന്നതിനു മുമ്പും ലഭിച്ചതിനുശേഷവും ഓരോ സംസ്ഥാനത്തിന്റെയും റവന്യൂകമ്മിയിൽ ഉണ്ടാകുന്നമാറ്റം ധനകാര്യ കമ്മീഷൻ  വിലയിരുത്തും. അതിനുശേഷമാണ് അന്തിമമായി എത്ര ധനസഹായമാണ് റവന്യൂ കമ്മി നികത്താൻ ഓരോ സംസ്ഥാനത്തിനും  നൽകേണ്ടതെന്ന തീരുമാനം കൈക്കൊള്ളുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ കമ്മി നികത്താനുള്ള ധനസഹായമായി 15,323 കോടി രൂപ 2020-21 സാമ്പത്തിക വർഷത്തിലേക്കായി കേരളത്തിന് അനുവദിച്ചത്. 
 
എന്നാൽ കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ച 2020-21 ലേക്കുള്ള ബജറ്റിൽ ധന കമ്മീഷൻ നിർദ്ദേശിച്ച തുകയുടെ 60 ശതമാനം മാത്രമേ വകയിരുത്തിയുള്ളൂ.  അതായത് മുപ്പതിനായിരം കോടി രൂപ മാത്രമേ സംസ്ഥാനങ്ങളുടെ ധനക്കമ്മി നികത്താനുള്ള ധനസഹായമായി നൽകാൻ തീരുമാനിച്ചുള്ളൂ. 
 
ഇത് കേരളത്തിന് ലഭിക്കേണ്ട "റവന്യൂക്കമ്മി ധനസഹായത്തെയും" കാര്യമായി ബാധിക്കും. കേരളത്തിന്റെ ധനകമ്മി ധനസഹായം 15,323 കോടി രൂപയിൽ നിന്ന് 9,192 കോടി രൂപയായി (40% കുറവ്) കുറയാനാണ് സാധ്യത. ഈ വെട്ടിക്കുറയ്ക്കൽ കേരളം പോലെയുള്ള സംസ്ഥാനത്തിന് കനത്ത സാമ്പത്തിക പ്രഹരമായി മാറുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക്ക് അന്നുതന്നെ ആശങ്കയറിയിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, റവന്യൂകമ്മി നികത്താൻ ധനസഹായമാവശ്യമുള്ള സംസ്ഥാനമായി ധനകമ്മീഷൻ വിലയിരുത്തിയ കേരളത്തിന്റെമേൽ വീണ്ടും പ്രതിസന്ധിയാണ് കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഈ വെട്ടിക്കുറയ്ക്കൽ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത്.
 
ഈ സാഹചര്യം നിലനിൽക്കെയാണ്  2019 നവംബറിൽ കേന്ദ്രധന കമ്മീഷൻ പ്രഖ്യാപിച്ച റവന്യൂകമ്മി നികത്താനുള്ള ധനസഹായം കോവിഡ് പ്രതിസന്ധിയെ തുടർന്ന്  സാലറി ചലഞ്ച് നടപ്പാക്കിയാൽ  ലഭിക്കാതെ പോകുമെന്ന പ്രചരണം കടന്നു വരുന്നത്. എന്നാൽ ഇത്തരം പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

ധനകമ്മീഷന്റെ നിർദ്ദേശങ്ങൾ 
നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് കേന്ദ്രസർക്കാരിനുള്ളത്.  അത്  സാലറി ചലഞ്ച് നടത്തിയോ ഇല്ലയോയെന്നു നോക്കി മാറ്റിമറിക്കാൻ ആർക്കും കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനസഹായം വേണമെങ്കിൽ കുറച്ചു നാൾ മാറ്റി വയ്ക്കാമെന്ന് മാത്രമേയുള്ളൂ. അപ്പോഴും അതിന് സാലറി ചലഞ്ചുമായി ബന്ധമെന്നുമുണ്ടാവില്ല.
 
മാത്രമല്ല  സാലറിചലഞ്ച് റവന്യൂ ചെലവ് കുറയ്ക്കുന്നതിനോ റവന്യുകമ്മി ഇല്ലാതെയാക്കുന്നതിനോ  ഉള്ളതല്ല. മറിച്ച് കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ കേരള സമ്പദ് വ്യവസ്ഥയുടെ ഇടിവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അധികചെലവും, അതിജീവന സഹായ പാക്കേജും, റവന്യൂ വരുമാനത്തിൽ ഉണ്ടാകുന്ന കുറവുമെല്ലാം നേരിടുന്നതിനു വേണ്ടിയുള്ളതാണ്.
 
കൂടാതെ, സാലറി ചലഞ്ച് നടപ്പായാലും സർക്കാരിന്റെ ശമ്പള  ചെലവുകൾക്ക് കുറവൊന്നും വരില്ല. അതായത് റവന്യൂ ചെലവിൽ കുറവൊന്നും വരില്ലെന്നർത്ഥം.  ശമ്പള ചെലവ് പഴയതുപോലെതന്നെ തുടരും. ശമ്പള ചെലവ് വകയിരുത്തിയതിനു ശേഷമാണ്  അത് സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി പോകുന്നത്. 

അതുകൊണ്ടു തന്നെ ചിലരൊക്കെ തെറ്റായി പ്രചരിപ്പിക്കുന്നതു പോലെ  സാലറി ചലഞ്ച് വന്നാൽ റവന്യൂ ചെലവോ  അതിന്റെ ഫലമായി റവന്യൂകമ്മിയോ കുറയുകയില്ല. 
അതിനാൽ തന്നെ ധനകാര്യ കമ്മീഷനിൽ നിന്ന് ലഭിക്കാനുള്ള "റവന്യൂകമ്മി നികത്താനുള്ള ധനസഹായം"   നഷ്ടപ്പെടുമെന്ന പ്രചാരണത്തിനും അടിസ്ഥാനമൊന്നുമില്ല.
 
(ലേഖകൻ എറണാകുളം മഹാരാജാസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ്)
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top