06 December Monday

കർഷകരുടെ ജീവന്മരണ പോരാട്ടം - വി എസ്‌ സുനിൽകുമാർ എഴുതുന്നു

വി എസ്‌ സുനിൽകുമാർUpdated: Wednesday Sep 30, 2020

രാജ്യത്തെ കാർഷികമേഖലയുടെ പരിഷ്കരണത്തിനുവേണ്ടി എന്ന വ്യാജേന കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന മൂന്ന് ഓർഡിനൻസ്‌ കോവിഡ് രോഗവ്യാപനത്തിന്റെ മറവിൽ പാർലമെന്റിൽ ശബ്ദവോട്ടോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമാക്കിയിരിക്കുകയാണ്. 

ഈ കരിനിയമങ്ങൾ ഇന്ത്യൻ കർഷകരുടെ ശവക്കുഴി തോണ്ടും. വിത്തുമുതൽ വിപണിവരെ ഓരോ തട്ടിലും കർഷകരെ യാചകരാക്കുന്നതുകൊണ്ടുതന്നെ അവ ദേശവിരുദ്ധവും ജനവിരുദ്ധവുമാണ്. അതീവ ഗുരുതരമായ പ്രശ്നങ്ങളാണ് സംഭവിക്കാൻ പോകുന്നത്.  കൃഷി ചെയ്യുന്നവരെ മാത്രമല്ല, ജനങ്ങളെ മുഴുവൻ ഇത് നേരിട്ട് ബാധിക്കും. വിത്തും മണ്ണും മാർക്കറ്റും കുത്തകകളെ ഏൽപ്പിച്ച്, ഇന്ത്യയെ കർഷകരുടെ ശവപ്പറമ്പാക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ. ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ പ്രശ്നമാണ്. അദാനിക്കും അംബാനിക്കും റിലയൻസിനും കാർഷികമേഖലയെ തീറെഴുതി, ഭക്ഷ്യസുരക്ഷ അപകടത്തിലാക്കിയിട്ട് രാജ്യസുരക്ഷയെ കുറിച്ച് വീമ്പിളക്കുന്നത് തികഞ്ഞ കാപട്യമാണ്. ഭക്ഷ്യസുരക്ഷ നഷ്ടമായാൽപിന്നെ രാജ്യസുരക്ഷയ്ക്ക് എന്താണ് പ്രസക്തി? രാജ്യത്തെ തന്ത്രപ്രധാന മേഖലകളെല്ലാം കുത്തക ഭീമന്മാർക്ക് മുന്നിൽ അടിയറവച്ചിട്ടാണ് നരേന്ദ്ര മോഡി ദേശസ്നേഹത്തെയും ആത്മനിർഭരതയെയും കുറിച്ച് പ്രസംഗിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ ഈ പ്രചാരണങ്ങളെല്ലാം പച്ചക്കള്ളങ്ങളാണെന്ന് തിരിച്ചറിഞ്ഞ ആത്മാഭിമാനമുള്ള ഇന്ത്യയിലെ കർഷകർ കൂടുതൽ ശക്തമായി സമരരംഗത്തേക്ക്‌ ഇറങ്ങിയിരിക്കുകയാണ്.

ഇന്ത്യയുടെ കാർഷികമേഖലയുടെ വളർച്ച തുടർച്ചയായി കുറഞ്ഞുവരുന്ന സമയത്താണ് കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്ന പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 2016–-17ൽ ഇന്ത്യയിലെ കാർഷികമേഖലയിലെ വളർച്ചനിരക്ക് 6.8 ശതമാനവും 2017–-18ൽ 5.9 ശതമാനവും 2018–-19ൽ കേവലം 2.4 ശതമാനവുമായി കുറഞ്ഞു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 2019ൽമാത്രം 10,281 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് മഹാമാരി വരികയും അതേത്തുടർന്ന് കർഷകരക്ഷയ്ക്ക് എന്ന വ്യാജേന 20 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയിലൂടെ കുത്തകകൾക്ക് സഹായകമായ വിധത്തിൽ, കാർഷിക മേഖലയുടെ പരിഷ്കരണത്തിനുവേണ്ടി മൂന്ന്‌ ഓർഡിനൻസ്‌ ഒളിച്ചുകൊണ്ടുവന്ന് ഇപ്പോൾ ചർച്ച കൂടാതെ പാർലമെന്റിൽ പാസാക്കിയെടുത്തത്.

കർഷകരുടെ ഉൽപ്പാദകസംഘങ്ങൾ ഉണ്ടാക്കി കർഷകരുടെ വിലപേശൽ ശക്തി വർധിപ്പിക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ മറ്റൊരു നുണപ്രചാരണം. 2019–-20ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ അടുത്ത അഞ്ച്‌ വർഷംകൊണ്ട് കാർഷികമേഖലയിൽ 10000 സംഘം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, അതിനുള്ള തുകയൊന്നും ബജറ്റിൽ വകയിരുത്തിയില്ല. സുശക്തമായ സഹകരണമേഖലയെയും ഫലപ്രദമായി വിപണി ഇടപെടലുകൾ നടത്തുന്ന സർക്കാർ അർധസർക്കാർ  സംവിധാനങ്ങളെയും ഇല്ലായ്മ ചെയ്യുന്നതാണ് പുതിയ നിയമങ്ങളും ഭേദഗതികളും.

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ ഉൾപ്പെടുന്നതാണ് കൃഷിയും അനുബന്ധ മേഖലകളും. സംസ്ഥാന പട്ടികയിൽപ്പെടുന്ന പതിനാലാം വിഷയത്തിൽ കൃഷി, കാർഷിക ഗവേഷണം, സസ്യരോഗ കീടനിയന്ത്രണം, രോഗബാധ പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾ പരിഗണിച്ചും ആവശ്യങ്ങൾ അനുസരിച്ചുമാണ് ഓരോ സംസ്ഥാനവും കാർഷികനയങ്ങൾ രൂപീകരിക്കുന്നതും നടപ്പാക്കുന്നതും. സംസ്ഥാനങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരങ്ങളെല്ലാം പുതിയ നിയമഭേദഗതികളിലൂടെ കേന്ദ്രം കവർന്നെടുത്തിരിക്കുകയാണ്.


 

നിലവിൽ എപിഎംസി ആക്ട് നടപ്പാക്കാത്ത സംസ്ഥാനമാണ് കേരളം. കർഷകരുടെ ഉൽപ്പന്നങ്ങളുടെമേൽ കൂടുതൽ നിയന്ത്രണങ്ങളും അധികചുങ്കവും ഏർപ്പെടുത്തി കർഷകർക്ക് ന്യായമായ വിലയോ എല്ലാ ഉൽപ്പന്നങ്ങൾക്കും വിപണി സാധ്യതയോ ലഭിക്കാതെ വരും എന്നുള്ളതുകൊണ്ടാണ് നമ്മൾ അതിനെ അംഗീകരിക്കാത്തത്. എന്നാൽ, സംസ്ഥാനങ്ങളോട് ആലോചിക്കാതെ, നിലവിലെ ആക്ടിലെ ന്യൂനതകൾ പരിഹരിക്കുന്നതിനു പകരം, ഈ ആക്ടിന് ബദലായി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്. കേരളത്തിൽ കാർഷികവിഭവങ്ങളുടെ വിപണി സംവിധാനം ശാക്തീകരിക്കാൻ ഒരു കേന്ദ്ര നിയമത്തിന്റെ ആവശ്യം നിലവിൽ ഇല്ല.

മിനിമം താങ്ങുവില നിലനിൽക്കുമെന്ന പ്രധാനമന്ത്രിയുടെ വാദവും പച്ചക്കള്ളമാണ്. അവശ്യസാധന നിയമഭേദഗതി വരുന്നതോടുകൂടി കാർഷിക വിഭവങ്ങളുടെ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ കുത്തകാധികാരം ഇല്ലാതാകുകയും അത് പൂർണമായും കോർപറേറ്റുകളുടെ കൈകളിലെത്തുകയും ചെയ്തിരിക്കുകയാണ്. അങ്ങനെ വരുന്നതോടെ ഘട്ടംഘട്ടമായി സംഭരണവും മിനിമം താങ്ങുവിലയും അപ്രസക്തമായി തീരും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിലയിടിയുമ്പോൾ കുറഞ്ഞ താങ്ങുവില നൽകി കർഷകർക്കൊപ്പം നിൽക്കുക എന്നതാണ് ഭരണകൂടത്തിന്റെ കടമ. മേൽ സൂചിപ്പിച്ച കരിനിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മിനിമം താങ്ങുവില സംവിധാനംതന്നെ ഇല്ലാതാകും. കൃഷി പൂർണമായും നഷ്ടക്കച്ചവടമാകും.

നമ്മുടെ സംസ്ഥാനത്ത് 2020 നവംബർ ഒന്നുമുതൽ 16 ഇനം പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാനവില നിശ്ചയിച്ച് കർഷകർക്ക് നഷ്ടം സംഭവിക്കാത്ത തരത്തിൽ വിപണി ഇടപെടൽ നടത്തുന്നതിന് നടപടികൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ആദ്യമായി കർഷകരുടെ ക്ഷേമത്തിനായി ഒരു ക്ഷേമനിധി ബോർഡ് രൂപീകരിച്ചതും പച്ചക്കറിക്ക്‌ മിനിമം താങ്ങുവില ഏർപ്പെടുത്തിയതും കേരളത്തിലാണ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ പ്രതിവർഷം 6000 രൂപവീതം കർഷകർക്ക് നൽകുമ്പോൾ, കേരള സർക്കാർ പ്രതിമാസം 1400 രൂപ വീതം വർഷത്തിൽ 16,800 രൂപയാണ് ഓരോ കർഷകനും നൽകിവരുന്നത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നെല്ലിന് കിലോയ്ക്ക് 18.68 രൂപ കേന്ദ്ര സർക്കാർ നൽകി നെല്ല് സംഭരിക്കുമ്പോൾ, താങ്ങുവിലയ്ക്ക് പുറമേ, 9 രൂപ അഡീഷണൽ പ്രൊഡക്‌ഷൻ ഇൻസെന്റീവായി നൽകി 27.48 രൂപയ്ക്ക് നെല്ല് സംഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.


 

അവശ്യസാധനങ്ങളുടെ പൂഴ്ത്തിവപ്പിന് ഇടയാക്കുന്ന മറ്റൊരു നിയമഭേദഗതിയാണ് ഇപ്പോൾ പാസാക്കിയിരിക്കുന്ന 1955ലെ അവശ്യവസ്തു നിയമത്തിലെ ഭേദഗതി. ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയറുവർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവയുടെ വിൽപ്പനയ്ക്കും സംഭരണത്തിനുമുള്ള നിയന്ത്രണങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ ഭേദഗതിയും ഓർഡിനൻസും കൂട്ടി വായിച്ചാൽ  മനസ്സിലാകുന്നത് ഇത് വൻകിട കച്ചവടക്കാരെ സഹായിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് എന്നാണ്.

കുത്തകകൾക്കുവേണ്ടി കരിനിയമങ്ങൾ ഉണ്ടാക്കുകയും പ്രതിപക്ഷ പ്രതിഷേധങ്ങളെ നിശ്ശബ്ദമാക്കി ഏകപക്ഷീയമായി അവ പാസാക്കിയെടുക്കുകയും സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെ കവർന്നെടുത്ത് ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടം ഉയർന്നുവരണം. കർഷകരും കർഷകസംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യ വിശ്വാസികളും യോജിച്ച്‌ പുതിയ സമരമുഖം തുറക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top