19 February Tuesday

നുണക്കൂനകളോട് പൊരുതുമ്പോള്‍

ശ്രീകാന്ത് പി കെ Updated: Monday Aug 7, 2017

കള്ളങ്ങളുടെ ചീട്ടു കൊട്ടാരത്തിന് ഒന്നിച്ചുനിന്ന് ഊതിയാല്‍ തീരുന്ന ആയുസ്സു മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കണം. ലോകത്തിനു തന്നെ മാതൃകയായി തലയുയര്‍ത്തി നിന്ന ഈ തുരുത്ത് വെറുപ്പിന്‍റെ രാഷ്ട്രീയത്തെ പടിയടച്ചു പിണ്ഡം വെച്ച് കൊണ്ടും അതേ ലോകത്തിനു മാതൃക തീര്‍ക്കേണ്ടതുണ്ട്. ഇന്നിനെ ഇന്നലകളുടെ ചരിത്രത്തോട് ചേര്‍ത്തു വായിക്കുക അവര്‍ക്ക് അന്നുമിന്നുമെന്നും കൈമുതലായുള്ളത് കള്ളങ്ങളാണ്. ഇപ്പോഴില്ലെങ്കില്‍ പിന്നെയില്ലെന്ന്‍ തിരിച്ചറിയുക -ശ്രീകാന്ത് പി കെ എഴുതുന്നു

ചരിത്രം ഒരു കണ്ണാടി പോലെയാണ്. ഇന്നിന്റെ വര്‍ത്തമാനങ്ങളെ ഇന്നലകളുടെ ഭൂതത്തിലേക്ക് അത് പ്രതിഫലിപ്പിക്കും.
2010 ജൂലായ് നാലിന് ടി ജെ  ജോസഫ് എന്ന അധ്യാപകനെ പ്രവാചകനിന്ദ ആരോപിച്ച് ഒരു കൂട്ടം ഇസ്ലാമിക മത മൌലിക വാദികള്‍ ആക്രമിച്ചു കൈപ്പത്തികള്‍ വെട്ടി മാറ്റുന്നു. ആക്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ഒരു മൂന്നുനാള്‍ മുന്നേവരെ കേരളത്തിലെ കക്ഷി രാഷ്ട്രീയഭേദമന്യേ ആര്‍ക്കും സംശയമില്ലാത്ത കാര്യമാണിത്.

2017 ആഗസ്റ്റ് നാലിന് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മീനാക്ഷി ലേഖി എന്ന പാര്‍ട്ടി ദേശീയവക്താവ് കൂടിയായ ബിജെപി എംപി പറഞ്ഞു മതനിന്ദ ആരോപിച്ച് ജോസഫ് മാഷിന്റെ കൈ വെട്ടിയത് സിപിഎം ആണെന്ന്.

പത്തു വര്‍ഷങ്ങള്‍ഒരു ജൂലായ്‌ നാലില്‍ നിന്നും ആഗസ്ത് നാലിലേക്ക് മാറിയപ്പോള്‍ നുണകളുടെ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയുടെ നേര്‍ രഹസ്യമാണ് ഇവിടെ കണ്ടത്. ഫാഷിസ്റ്റുകള്‍ക്ക് എന്നും എല്ലാ കാലത്തും കൂട്ടായുണ്ടായിരുന്ന വലിയ ആയുധം തോക്കോ പീരങ്കിയോ ബോംബോ ഒന്നുമായിരുന്നില്ല. അത് കള്ളങ്ങള്‍ ആയിരുന്നു. വൃത്തിയായും കൃത്യമായും മെനഞ്ഞെടുത്ത് നടപ്പിലാക്കുന്ന കള്ളങ്ങള്‍ നല്‍കുന്ന ഔട്ട്‌ പുട്ടിന് ആയുധങ്ങളേക്കാള്‍ മൂര്‍ച്ച കൂടുമെന്ന് നമ്മള്‍ കണ്ടിട്ടുമുണ്ട്. 1933 ഫെബ്രുവരി 27ന് ജര്‍മ്മനിയുടെ പാര്‍ലമെന്റ് മന്ദിരമായ ബെര്‍ലിനിലെ റീഷ്ടാഗ് സൗധത്തിന് തീയിടുകയും അത് കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന് ആരോപിച്ച് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത ഹിറ്റ്‌ലര്‍ കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് വേട്ടയാടുകയും ജയിലലടയ്ക്കുകയും തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ലമെന്റ് പ്രാതിനിധ്യം മുപ്പത്തി രണ്ടു ശതമാനത്തില്‍ നിന്നും അമ്പത്തിരണ്ടു ശതമാനമായി  ഉയര്‍ത്തുകയും ചെയ്തു. അന്ന് ഹിറ്റ്‌ലറിനു കൂട്ടായി നുണ ഫാക്ടറികളുടെ ചുമതലക്കാരന്‍ ജോസഫ് ഗീബല്‍സായിരുന്നു. ആധുനിക ഹിറ്റ്‌ലറിന് പക്ഷേ കാലം ഒരു പാട് സൌജന്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്.പലതരം മാധ്യമങ്ങളിലും പലതലം വിഭാഗങ്ങളിലുമായി ഗീബല്‍സുമാര്‍ ഇന്ന് നിറഞ്ഞു നില്‍ക്കുകയാണ്.ഒരു കള്ളം സത്യമാണെന്ന് സ്ഥാപിക്കാന്‍ ഇന്ന് വളരെയെളുപ്പമാണ്. ഒരു കലാപമുണ്ടാകാന്‍ ഇന്നൊരു ഫെയ്സ് ബുക്ക് പോസ്റ്റുപോലും ധാരാളമാണ്.

പോസ്റ്റ്ട്രൂത്ത്‌

ഓക്സ് ഫോര്‍ഡ് ഡിക്ഷണറി 2016ലെ വാക്കായി കണ്ടെത്തിയത് ഈ വാക്കാണ്‌. ഒരു പക്ഷേ കേവലമൊരു വാക്കിനെയല്ല ഒരു ആശയത്തെ തന്നെയാണ് അനുയോജ്യമായ കാലത്ത് ഇന്നിന്‍റെ വാക്കായി അവര്‍ കണ്ടെത്തിയിരിക്കുന്നത്. സത്യാനനന്തര കാലം,കെട്ട കാലമെന്നൊക്കെ അര്‍ത്ഥം കൊടുക്കാവുന്ന ഈ വാക്കിന്‍റെ പ്രായോഗിക തലം അസത്യത്തിന്‍റെ പുതു രൂപം എന്ന നിലയ്ക്ക് മാത്രമാണ്.മുകളില്‍ പറഞ്ഞ പോലെ അസത്യത്തെ പലവുരു ആവര്‍ത്തിച്ചു സത്യമാക്കി ധരിപ്പിക്കുന്ന പ്രാകൃത രീതിയല്ല മറിച്ച് നില നില്‍ക്കുന്ന യാഥാര്‍ഥ്യത്തെ റദ്ദ് ചെയ്തു കൊണ്ട് തന്‍റെ ആശയവാദങ്ങള്‍ ശരിയാണെന്ന്‍ സ്ഥാപിക്കുന്ന ആധുനിക വ്യവഹാരമാണത്‌.

ഐ അം എ ട്രോള്‍ (I am a troll: Inside the secret world of BJP's digital army) സ്വാതി ചതുര്‍വേദി എന്ന മാധ്യമ പ്രവര്‍ത്തകയെഴുതിയ പുസ്തകമാണ്. ബിജെപിയുടെ ഐടി സെല്ലില്‍ ഉയര്‍ന്ന സ്ഥാനത്ത് ഇരുന്നിരുന്ന ലേഖിക,എങ്ങനെയാണ് ആ പാര്‍ട്ടി കള്ളങ്ങളെ സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുകയാണ്. ഹേറ്റ് ക്യാംബെയിനുകളും ബോയ്‌കോട് ക്യാംബെയിനുകളും സ്ലട്ട് ഷെയിമുകളും വ്യാജ വീഡിയോകളും വയലന്‍സുകളുമൊക്കെ എത്ര കൃത്യമായ പ്ലാനിങ്ങുകളോടെയുള്ള വലിയ പ്രൊഫഷണല്‍ ടീം വഴി നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടിട്ടുണ്ട്.

സംഘപരിവാര്‍ രാഷ്ട്രീയം ഇന്ന് ഇന്ത്യയെ ഏതാണ്ടൊക്കെ വിഴുങ്ങി കഴിഞ്ഞു. വെറുപ്പിന്റെ കാവിയണിയാത്ത ഏതാനും ചില തുരുത്തുകളില്‍പ്പെട്ടൊരു സംസ്ഥാനവുമാണ്‌ കേരളം.വിദ്യാഭ്യാസത്തിലുംജീവിത നിലവാരത്തിലും ആരോഗ്യ രംഗത്തും മാനവ വിഭവശേഷി സൂചികയിലുമടക്കം നിരവധി മേഖലകളില്‍ രാജ്യത്തെ തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ സംസ്ഥാനം പശു രാഷ്ട്രീയക്കാര്‍ക്ക് ഒരു കിട്ടാക്കനിയായി അവശേഷിക്കുന്നുമുണ്ട്.അതിനാല്‍ തന്നെ കേരളം പിടിക്കുക എന്നതൊരു അഭിമാനപ്പോരാട്ടമായാണ് അവര്‍ കരുതുന്നതും. അത് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.

സംസ്ഥാന ഭരണങ്ങള്‍ ഏതു വിധേനയും കൈക്കാലാക്കുകകയും രാജ്യം മൊത്തം വരുതിയില്‍ വരുത്തുകയും ചെയ്ത് ഭരണഘടന തിരുത്തി കുറിച്ചുള്ള ഹിന്ദു രാഷ്ട്ര നിര്മ്മിതിക്കുള്ള അജണ്ടയുടെ ഭാഗമാണ് ഏറ്റവും ഒടുവില്‍ നമ്മള്‍ ബീഹാറില്‍ കണ്ടത്. സംഘടനാ രാഷ്ട്രീയ വളര്‍ച്ചയില്ലാത്ത തമിഴ്‌നാട്ടില്‍ ഭരണ കക്ഷിയുടെ രാഷ്ട്രീയാനിശ്ചിതത്വം മുതലെടുത്ത്‌ മുന്നണിയിലേക്ക് ചേര്‍ക്കാനുള്ള കളികള്‍ ഏതാണ്ടൊക്കെ പൂര്‍ത്തിയാക്കിയെന്നാണ് കേള്‍ക്കാന്‍ കഴിയുന്നത്. തമിഴരുടെ സ്വകാര്യ വികാരമായ രജനികാന്തെന്ന തുരുപ്പ് ചീട്ടും അതിനായി കരുതി വച്ചിട്ടുണ്ട്. ഏതാണ്ടീമട്ടില്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പണമോ പശുവോ മൂലം ഭരണത്തിലേക്കവര്‍ കാലെടുത്ത് വച്ചിട്ടുണ്ട്. അതിനു വിഘാതമായി നില്‍ക്കുന്ന തുരുത്തുകളില്‍ പ്രധാനപ്പെട്ടതാണ് കേരളം. ജനാധിപത്യ രീതിയില്‍ ഈ സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ കഴിയില്ലെന്ന നല്ല ബോധ്യം അവര്‍ക്കുണ്ട്. ചുരുങ്ങിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും. അതിനായി കണ്ടെത്തിയ മാര്‍ഗ്ഗമാണ് സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകര്‍ന്ന്‍ തരിപ്പണമാണെന്ന് ചിത്രീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പടാക്കല്‍. അതിനുതകുന്നൊരാളെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തയച്ചിട്ടുമുണ്ട്.

സത്യം ചെരുപ്പിടുമ്പോഴേക്ക് നുണ ലോക സഞ്ചാരം നടത്തി കഴിഞ്ഞിരിക്കും.

നിര നിരയായി കെട്ടി പോക്കുന്ന നുണകളുടെ കൂമ്പാരത്തിലൂടെ ഈ സംസ്ഥാനത്തെ അപകീര്‍ത്തിപെടുത്തുകയും അപമാനിക്കുകയും ചെയുകയാണ് ഇന്ന്‍ ആര്‍എസ്എസ് ചെയ്യുന്നത്. നട്ടാല്‍ കുരുക്കാത്ത നുണകളുടെ വേലിയേറ്റം തീര്‍ത്ത് മത പരമായ ഭിന്നിപ്പുകള്‍ ഉണ്ടാക്കി ശത്രു രാജ്യ സമാനമായാണ് ഇന്നവര്‍ ഈ സംസ്ഥാനത്തെ കാണുന്നതും കൈകാര്യം ചെയ്യുന്നതും. മികച്ച പ്രോത്സാഹനവും സഹായങ്ങളുമായി അന്തരംഗം അഭിമാനപൂരിതരായ കേരളാ സംഘപരിവാറുകാരും കൂടെയുണ്ട് !

മുന്‍നിര ദേശീയ മാധ്യമങ്ങളെല്ലാം തന്നെ ഇന്നവരുടെ കയ്യിലാണ്. ദി ഹിന്ദുവില്‍ ജോലി ചെയ്യുന്ന മലയാളിയായ പ്രവീണ്‍ കുറച്ചു കാലം മുന്നേ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് എഴുതിയിരുന്നു.റിപ്പബ്ലിക് ടിവിയിലേക്ക് പ്രവീണിനെ ക്ഷണിച്ചുകൊണ്ട് ആ മാധ്യമത്തിലെ ഒരു ജീവനക്കാരി അദ്ദേഹവുമായി നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു  അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞത്. കേരളത്തില്‍ അതീവ ശ്രദ്ധ പതിപ്പിക്കാന്‍ തങ്ങളുടെ ചാനലിന് ഉദ്ദേശമുണ്ടെന്നും കേരളത്തിലെ ശബരിമല വിഷയമടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ അവതരിപ്പിക്കാന്‍ പോവുകയാണെന്നും അവര്‍ അദ്ദേ+ഹത്തെ അറിയിച്ചത്രേ. ഈയൊരു കൊച്ചു തുരുത്തിനെ ഞെക്കി കൊല്ലാന്‍ തയ്യാറായി എത്രയൊക്കെ മൂലധന കണ്ണുകള്‍ തയ്യാറായി നില്‍ക്കുന്നുണ്ട് എന്നുള്ളതിന് ഉദാഹരണമാണിത്.

തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ച ആര്‍എസ്എസ് പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിനു ശേഷം ഒരിടവേള കഴിഞ്ഞ് വിലയ്ക്ക് വാങ്ങിയ ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ ആര്‍എസ്എസ് കേരളത്തെ കലാപഭൂമിയാക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ ആര്‍എസ്എസ് കാരെ സിപിഐ എം കാര്‍ കൊന്നൊടുക്കയാണെന്നാണ് സംഘപരിവാറും അവരുടെ കുഴലൂത്തുകാരായ ദേശീയ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. സിപിഐ എം താലിബാനിസം എന്നാണു സംഘിന്‍റെ ട്വിറ്റര്‍ ട്രെന്റിംഗ്. മൂന്നോ നാലോ ആര്‍എസ്എസ് വക്താക്കളുടെയും കോണ്ഗ്രസ് വക്താക്കളുടെയും നടുവിലേക്ക് ഒരു സിപിഐ എം എംപിയെ കൊണ്ട് വന്നു സ്വയം സൃഷ്ടിത കഥകളുടെ സഹായത്തോടെ കൊത്തി വലിച്ചു നിര്‍മിതികള്‍ ആഘോഷമാക്കുകയാണവിടം.ഇവിടെ കാണേണ്ട വിഷയം സിപിഐ എം എന്ന ഒറ്റക്കാരണത്താല്‍ ഇതര കക്ഷികള്‍ക്ക് മുഖം തിരിക്കേണ്ട കാര്യമല്ലിത്‌. അവര്‍ക്ക് വേണ്ടത് കേരളമാണ്. അവിടെ അവരുടെ ലക്ഷ്യത്തിനു വിലങ്ങു തടിയായി നില്‍ക്കുന്ന ഏറ്റവും വലിയ സെക്കുലര്‍  കേഡര്‍ ഫോഴ്‌സിനെ ഇല്ലാതാക്കിയാല്‍ എളുപ്പമാകുന്ന ജോലികളേ അവരുടെ മുന്നിലിന്നുള്ളൂ. ആത്യന്തികമായി അപമാനിതരാക്കുന്നത് ആത്മാഭിമാന ബോധമുള്ള ഓരോ മലയാളിയുമാണ്.

എന്‍ഡിടിവി ചര്‍ച്ച,വിഷയം കേരളത്തിലെ രാഷ്ട്രീയ കൊലപാതകം തന്നെ. ബിജെപി വക്താവ് ശേഷാദ്രി ചാരി ഒരു കൂസലുമില്ലാതെ പ്രഖ്യാപിക്കുന്നു കേരളത്തില്‍ സിപിഐഎംജിഹാദി കൂട്ടുകെട്ട് ഹിന്ദുക്കളെ ലക്‌ഷ്യം വച്ച്  കൊന്നോടുക്കയാണെന്ന്. കേരളത്തില്‍ അമ്പലങ്ങള്‍ തകര്‍ക്കുകയാണെന്ന്. ഒരു കൂസലുമില്ലാതെ അയാള്‍ ഇതൊക്കെ ശൂന്യതയിലേക്ക് തള്ളി വിടുമ്പോഴും അവതാരകന്‍ അതിന്‍റെ സത്യാവസ്ഥയെ കുറിച്ചുള്ള കണക്കുകള്‍ ചോദിക്കാനോ ക്രോസ് ചെക്ക് ചെയ്യുവാനോ നിക്കാതെ അടുത്ത വിഷയത്തിലേക്ക് കടക്കുകയാണ് ചെയ്തത്. രണ്ടേ രണ്ടു നാള്‍ കഴിഞ്ഞു ന്യൂസ് 18 ചാനലില്‍ ഇതേ വിഷയത്തിലെ ചര്‍ച്ച.കോണ്ഗ്രസ് വക്താവ് ശര്‍മ മൊഹമ്മദ്‌ പറയുന്നു, കേരളത്തില്‍ അനേകം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതൊക്കെ പക്ഷേ പൂര്‍ണ്ണമായും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. സംഘപരിവാര്‍ പ്രചരിപ്പിക്കും പോലെ ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നതൊന്നുമല്ല/ഇരുപാര്‍ട്ടികളിലും കൊല്ലപ്പെട്ടവരും കൊന്നവരും ഏറിയ പങ്കും ഹിന്ദുക്കള്‍ തന്നെയാണെന്ന്. അത് തടസപ്പെടുത്തി കൊണ്ട് ബിജെപി വക്താവ് ഇടക്ക് കയറി പറയുന്നു, നിങ്ങള്‍ കള്ളം പറയുകയാണ്‌  കമ്യൂണിസ്റ്റ്കാര്‍ ഹിന്ദുക്കളെ കൊല്ലുന്നുവെന്നു ആരും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞ ഒരു ബിജെപിക്കാരനെയെങ്കിലും കാണിച്ചു തരാമോ എന്ന വെല്ലു വിളിയും. ഇതേ സമയത്ത് തന്നെ നേരത്തെ എന്‍ഡിടിവിയില്‍ പങ്കെടുത്തിരുന്ന ആര്‍എസ്എസ് വക്താവ് രാകേഷ് സിന്‍ഹയും ആ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഒരു കൂസലുമില്ലാതെ അതിനെ പിന്തുണച്ച സിന്‍ഹ പുതിയൊരു വാദമാണ് ശൂന്യതയിലേക്ക് വിട്ടത്; കേരളത്തില്‍ ദളിതരെ കൊന്നോടുക്കുകയാണത്രേ. ബിജെപിയിലെ ദളിതരെ സിപിഐ എം തിരഞ്ഞു പിടിച്ചു അക്രമിക്കുകയാണെന്ന്. നാളെ മറ്റൊരു ചര്‍ച്ചയില്‍ ഈ വിഷയം ആരെങ്കിലും ഉന്നയിച്ചാല്‍ മറ്റൊരു വക്താവ് തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്‍ പറയും. തെളിവ് നല്‍കേണ്ടവര്‍ ചിരിച്ചു കൊണ്ട് അടുത്ത വിഷയത്തിലേക്ക് പോകും. പക്ഷേ ആ വിഷം അവിടെ അവസാനിക്കുന്നില്ല. ഉത്തരേന്ത്യന്‍ സംഘികളുടെ ട്വിറ്റര്‍ ഹാന്റിലുകളിലും ദേശീയ മാധ്യമങ്ങളുടെ ഫെയ്സ് ബുക്ക് പേജുകളിലും അതെ കള്ളം പറന്നു നടക്കും. തെളിവോ കണക്കോ ചോദിക്കുന്ന നിങ്ങള്‍ രാജ്യ ദ്രോഹികളും ജിഹാദികളുമായി മാറും. ഇതേ രാകേഷ് സിന്‍ഹ പറയുന്നു സിപിഐ എം ന്‍റെ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറി ജയരാജന് ആര്‍എസ്എസ് കാരനെ കൊന്നതിലെ വിചാരണ നടക്കുന്നതിനാല്‍ ആ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാതിരിക്കുകയാണെന്ന്. അതിനു മറുപടി പറയാന്‍ കൈ പൊക്കിയ എം ബി രാജേഷിന്റെ ശബ്ദം അട്ടഹാസങ്ങള്‍ക്കുള്ളില്‍ അലിഞ്ഞു പോകല്‍ അല്ലാതെ മറ്റൊന്നുമുണ്ടായില്ല. അയാളീ കള്ളം ചാനല്‍ മുറിയില്‍ ഒഴുക്കി വിടുമ്പോള്‍ പി ജയരാജന്‍ കണ്ണൂരില്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു.

കമ്യൂണിസ്റ്റ്കാര്‍ കേരളത്തിലെ അമ്പലങ്ങള്‍ ആക്രമിച്ചു തകര്‍ക്കുകയാണത്രേ, ഒന്നും രണ്ടുമൊന്നുമല്ല. മൂന്നൂറോളം അമ്പലങ്ങളാണ് ആക്രമിച്ചു തകര്‍ക്കപ്പെട്ടതെന്നാണ് അനേകം ഫോളേവേഴ്സ് ഉള്ള ഒരു സംഘ് ട്വിട്ടര്‍ പ്രൊഫൈല്‍ തട്ടി വിട്ടത്. ആയിരങ്ങള്‍ അത് റീ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.അമ്പല മുറ്റത്ത് പൊത്തിറച്ചി കൊണ്ടിട്ട് കലാപ ശ്രമം നടത്തുകയും റംസാന്‍ നോമ്പ് തുടങ്ങുന്നതിനു തലേ ദിവസം നിലമ്പൂരില്‍ ശ്രീ കോവിലില്‍ ഓടിളക്കി കയറി വിഗ്രഹം തകര്‍ത്ത് കാലപം വിതക്കാന്‍ ശ്രമം നടത്തിയതിനു കയ്യോടെ പിടികൂടപ്പെട്ട സംഘ പരിവാറുകാര്‍ നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് ഈ പ്രചാരണമെന്ന്‍ ഓര്‍ക്കണം.

കേരളത്തില്‍ കമ്യൂണിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ദളിത് ആര്‍എസ്എസ്‌ ബിജെപി പ്രവര്‍ത്തകര്‍ എന്ന പേരില്‍ ആര്‍എസ്എസ് പോസ്റ്ററുകള്‍ അടിച്ചു പ്രചരണം നടത്തുന്നുണ്ട് സോഷ്യല്‍ മീഡിയ വഴി. പോസ്റ്ററില്‍ തൃശൂരില്‍ കൊല്ലപ്പെട്ട ഒരു നിര്‍മല്‍ എന്ന യുവാവിന്‍റെ ചിത്രം കൂടിയുണ്ട്.ആ കൊലപാതകത്തിലാകട്ടെ പോലീസ് പിടിയിലായവരാകട്ടെ യുവമോര്‍ച്ച നേതാക്കളും. ഹര്‍ത്താല്‍ അടക്കം നടത്തി നാണം കേട്ടിട്ടും തങ്ങള്‍ തന്നെ നടത്തിയ കൊലപാതകം ഒരു ഉളുപ്പുമില്ലാതെ മറ്റൊരു പാര്‍ട്ടിയുടെ മേല്‍ കെട്ടി വച്ച് ഫോട്ടോയടക്കം അടിച്ചു പ്രചരിപ്പിക്കാന്‍ ഒരുമ്പിട്ടിറങ്ങുന്നവര്‍ ഏതറ്റം വരെ പോകും എന്നത് ഊഹിക്കാന്‍ പറ്റുന്നതേയുള്ളൂ.
 
കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 800 ആര്‍എസ്എസ്‌കാര്‍ കേരളത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് അവര്‍ ആധികാരികമായി ന്യൂസ് റൂമുകളില്‍ ഇരുന്നു പുലമ്പുന്നത്. ഒരു മടിയും കൂടാതെ അതിനു ന്യൂസ് ആങ്കര്‍മാരും ചാനലുകളും സ്വീകാര്യതയുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു.കണക്കുകളോ ഫാക്ടുകളോ ആര്‍ക്കും ചോദിക്കാനോ പറയാനോ ഇല്ല. തിരിച്ചു ആര്‍എസ്എസ്‌കാര്‍ കൊന്നവരുടെ എണ്ണമാണല്ലോ കൂടുതല്‍ എന്ന ഗവണ്‍മെന്റ് ഫിഗേഴ്സ് നിങ്ങള്‍ ഉന്നയിച്ചാല്‍ അത് ലെഫ്റ്റിസ്റ്റ് മാധ്യമ നിര്‍മിതിയും ഫാബ്രിക്കേറ്റഡ് കള്ളക്കണക്കുകളും ആണെന്ന് വാദിക്കും. നുണകളുടെ മല വെള്ളപ്പാചിലുകളില്‍ നിങ്ങളുടെ ഫാക്ട്സ് ആന്‍ഡ്‌ മേഷേഴ്സ് ഒരു തമാശ മാത്രമായി അവശേഷിക്കും .കേന്ദ്ര ഗവണ്‍മെന്‍റ് തന്നെ കൊടുക്കുന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് കൊലപാതക നിരക്കുള്ള സംസ്ഥാനമാണ് കേരളം(1%).ആ കേരളത്തിലാണ് ആര്‍എസ്എസുകാരെ കൊന്നൊടുക്കുന്നു എന്നും പറഞ്ഞു രാഷ്ട്രപതി ഭരണത്തിനായി മുറവിളി കൂട്ടുന്നത്. ഇതേ സമയം തന്നെയാണ് അങ്ങ് യുപിയില്‍ കഴിഞ്ഞ ആറു മാസം കൊണ്ടുണ്ടായ കൊലപാതകങ്ങളും, ബലാല്‍സംഗങ്ങളും, കൊള്ളകളുടെയും വാര്‍ത്തയും നമ്മുടെ മുന്നിലെത്തുന്നത്. യഥാര്‍ത്ഥത്തില്‍ ക്രമ സമാധാന നില തകര്‍ന്ന ആ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പോയിട്ട് അത്തരം വിഷയങ്ങള്‍ ഒന്ന് വാര്‍ത്തയാക്കാന്‍ പോലും ഈ മാധ്യമങ്ങള്‍ തയ്യാറല്ല.


ടൈംസ് നൌ,റിപ്പബ്ലിക്,സീ ന്യൂസ് എന്ന് വേണ്ട രാജ്യത്തെ മുന്‍ നിര ഇംഗ്ലീഷ് ഹിന്ദി വാര്‍ത്താ മാധ്യമങ്ങള്‍ സംഘ് നുണ ഫാക്ടറിക്ക് വേണ്ട ഇന്ധനമായികൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷക്കാലം മുന്നേ ദാദ്രിയിലെ ബീഫ് കൊലപാതക സമയത്ത് ബിജെപിയെ നിശിതമായി വിമര്‍ശിച്ച അതേ അര്‍ണബ് ഗോസ്വാമിക്ക് ഇന്ന്‍ രാജ്യം മുഴുവന്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അത് ഹിന്ദു കമ്യൂണിറ്റിയുടെ സെന്റിമെന്റല്‍ വിഷയമായി മാറി അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഹിന്ദു സെന്റിമെന്റലിനെ അപമാനിക്കുന്നവരുമായി. നാല് ദിവസമാണ് ഇതേ അര്‍ണബിന്റെ ചാനല്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗത്തിലെ ഒരു ഭാഗം ചുരണ്ടി ‘ലെഫ്റ്റ് ഇന്സള്‍ട്ട്സ് ആര്‍മി‘ എന്നും പറഞ്ഞു പൊലിപ്പിച്ചത്. അതിനു താഴെ വന്ന കമന്റുകളില്‍ രാജ്യ ദ്രോഹികളുടെ പറൂദിസയായ കേരളത്തില്‍ കാശ്മീര്‍ മോഡല്‍ ആര്‍മിയെ ഇറക്കണം എന്നായിരുന്നു ഭൂരിപക്ഷം സംഘ് കമന്റുകള്‍. കാസര്‍ഗോഡ്‌ റിയാസ് മൌലവിയും മലപ്പുറത്ത് കൊടിഞ്ഞി ഫൈസലും തീര്‍ത്തും വര്‍ഗീയ മാനമുള്ള, കലാപം മാത്രം ലക്ഷ്യമിട്ട് നടത്തിയ,ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കളും പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള സംഭവങ്ങളെ കുറിച്ച് അഞ്ചു മിനിറ്റ് ചര്‍ച്ച സംഘടിപ്പിക്കാന്‍ പോലും ഈ കൂട്ടര്‍ തയ്യാറായില്ല എന്നോര്‍ക്കണം. കേരള സന്ദര്‍ശനത്തിനു തിരുവനന്തപുരത്ത് അമിത് ഷാ കാലു കുത്തിയപ്പോള്‍ മുന്‍നിര ദേശീയ മാധ്യമമായ ടൈംസ്‌ നൌ ടൈറ്റില്‍ കൊടുത്തത് കേരളത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു.

ഇത് ഈയിടെ തുടങ്ങിയതല്ല.കേരളത്തിലെ ന്യൂസ് അവറുകളില്‍ സ്ഥിര സാനിധ്യവും ഹിന്ദുത്വ സാത്വിക മുഖവുമായ രാഹുല്‍ ഈശ്വര്‍ ഇതേ അര്‍നബിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് റംസാന്‍ നോമ്പ് കാലത്ത് കേരളത്തിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം ലഭിക്കില്ലെന്ന് ഉറക്കെ പറയുന്നത് നമ്മള്‍ കേട്ടതാണ്.റംസാന്‍ നോമ്പ് കാലത്ത് കേരളത്തില്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുവധിക്കുകയില്ലെന്നും അഥവാ തുറക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമായി ആക്രമിക്കപ്പെടുമെന്നുള്ള പച്ച കള്ളങ്ങള്‍ കേരളാ സംഘികളുടെ സഹായത്തോടെ ഉത്തരേന്ത്യയില്‍ പാറി നടപ്പുണ്ട്. സ്വന്തം സംസ്ഥാനത്തെ അപമാനിക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ ഈ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തന്നെയാണെന്നതിലാണ് ഏറ്റവും നിര്‍ഭാഗ്യകരം. കശാപ്പ് നിരോധന ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബീഫ് ഫെസ്റ്റ് നടന്നപ്പോള്‍ അതിനെതിരെ കേരളത്തില്‍ തെരുവുകള്‍ തോറും പശുക്കളെ കൊന്നൊടുക്കുകയാണെന്ന വാദവുമായി മറ്റേതോ രാജ്യത്തുള്ള മൃഗ ബലിയുടെ ഫോട്ടോ അകമ്പടിയായി കൊടുത്ത് പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്നയാളാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അതിനെ ചാനല്‍ ചര്‍ച്ചയില്‍ ഒരുളുപ്പും ഇല്ലാതെ ന്യായീകരിക്കാനും അയാള്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷനാകട്ടെ കഴിവ് തെളിയിച്ചത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം എന്ന പേരില്‍ ഏതോ ഉത്സവത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു. ഇവിടെ ഈ കൊച്ചു കേരളത്തില്‍ നമുക്ക് ഇതൊക്കെ നട്ടാല്‍ കുരുക്കാത്ത കള്ളങ്ങളാണെന്ന് ഏതൊരാളും പറയും. പക്ഷേ അവരുടെ ടാര്‍ഗറ്റ് കൌ ബെല്റ്റ് ഹെഡ്സാണ്. അവിടെ ഇപ്പോഴും ഇതൊക്കെ സത്യമാണെന്ന്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കാന്‍ മിഷിനറികള്‍ പണിയെടുക്കുകയും ചെയ്യുന്നുണ്ട്. ബീഫ് നിരോധന സമയത്ത് വിവാദമായ യൂത്ത് കോണ്ഗ്രസ് ബീഫ് അറക്കല്‍ പ്രതിഷേധം കേന്ദ്ര ബിജെപി സഹ മന്ത്രി ട്വീറ്റ് ചെയ്തത് കേരളത്തില്‍ ജിഹാദികള്‍ അമ്പലത്തിനു മുന്നില്‍ വച്ച് ഗോഹത്യ നടത്തിയെന്ന പേരിലാണ്.

മലപ്പുറത്തെ ടെററിസ്റ്റ് കാപ്പിറ്റലാക്കി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളൊന്നുമല്ല ആയത്. മുസ്ലീം ഭൂരിപക്ഷം അവരില്‍ വളര്‍ത്തുന്ന അസ്വസ്ഥത എളുപ്പം തീര്‍ക്കുന്നത് ഏറ്റവും എളുപ്പം ചാര്‍ത്തി കൊടുക്കാവുന്ന തീവ്രവാദ ബന്ധത്തിലാണ്. ഐഎസ്ഐഎസ് ന്‍റെ റിക്രൂട്ടിംഗ് ഹബ് ആണത്രേ കേരളം. പ്രചരിപ്പിക്കുന്നത് കേരളത്തെ അറിയാത്ത ഉത്തരേന്ത്യന്‍ ഗോസായിമാരാണെങ്കില്‍ കേള്‍ക്കാന്‍ ഒരു മയമുണ്ട്. ഈ കേരളത്തിന്‍റെ മണ്ണില്‍ കാലമര്‍ത്തി നിന്ന്‍ ഇന്നാട്ടിലെ നാനാ ജാതി മതസ്ഥരേയും നേരിട്ട് കണ്ട് കിടന്നുറങ്ങുന്ന കേരള സംഘപരിവാറുകാരും ഈ കള്ളങ്ങളുടെ ഭാണ്ഡം നിറക്കാന്‍ മുന്നില്‍ തന്നെയുണ്ട്‌.

പോസ്റ്റ് ജെഎന്‍യുവിലെ പ്രശ്നങ്ങള്‍ക്ക് ശേഷമുള്ള കാലത്ത് പറത്തിവിട്ട വാര്‍ത്തകള്‍ ഇപ്പോഴും തേച്ചു മിനുക്കി പുറത്തെടുത്തിട്ടുണ്ട്. കാശ്മീരിലെ പോലെ ഇന്ത്യന്‍ യൂണിയനില്‍ നിന്നുള്ള സ്വാതന്ത്രമാണത്രേ കേരളത്തിന്‍റെ ആവശ്യം. മറ്റാരുമല്ല ചൈനീസ് പക്ഷ പാതികളായ കമ്യൂണിസ്റ്റ് ജിഹാദികളാണ് ഇതിന് ഉത്തരവാദികളെന്നാണ് സംഘഭാഷ്യം. ശങ്കരാചാര്യന്‍ ജനിച്ച മണ്ണായിട്ടും ശങ്കരന്റെ പ്രതിമ സ്ഥാപിക്കാന്‍ കേരളത്തില്‍ മുസ്ലീങ്ങള്‍ അനുവദിക്കുന്നില്ലെന്ന പ്രചാരണവും നമ്മള്‍ കേട്ട് മറന്നു കാണില്ല.പറഞ്ഞു തഴമ്പിച്ചിട്ടും ക്ലച് ലഭിക്കാതെ കോടതിവരെയെടുത്ത് കുപ്പയിലെറിഞ്ഞ ലവ് ജിഹാദ് ഗ്ലാമര്‍ കൂട്ടി വീണ്ടും കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ പഴയ പോലെ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റലല്ല ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുകയാണ്. അങ്ങനെ മതം മാറ്റിയ പെണ്‍കുട്ടികളില്‍ പലരെയും ഐസിസിന് അടിമകളായും കൈമാറാറണ്ടത്രേ. കഴിഞ്ഞ വര്ഷം മാത്രം ഇത്തരത്തില്‍ മുന്നൂറിലധികം ഹിന്ദു പെണ് കുട്ടികളെ ലൈഗീക അടിമകളാക്കി ഐസിസ് ക്യാമ്പില്‍ എത്തിച്ചെന്നു പറയുന്ന കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിരിക്കുമെങ്കിലും ഈ പടച്ചുവിട്ട കള്ളത്തിനു ആയിരത്തിലധികം റീട്വീറ്റുകള്‍ ലഭിച്ചു എന്നു കേള്‍ക്കുമ്പോഴാണ് ചിരി നില്‍ക്കുക. കണ്ണൂര്‍ എന്നാല്‍ കുടില്‍ വ്യവസായം പോലെ എല്ലാ വീടുകളിലും ബോംബുകളും വടിവാളുകളും നിര്‍മ്മിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ആയുധ സംഭരണശാലയും കൊലയാളികളുടെ കേന്ദ്രവുമൊക്കെയാണ് ഉത്തരേന്ത്യന്‍ സംഘികള്‍ക്കും മാധ്യമങ്ങള്‍ക്കും. പിണറായി വിജയന്‍ കണ്ണൂര്‍ സന്ദര്‍ശിച്ചു തിരിച്ചു പോയാല്‍ ചുരുങ്ങിയത് അഞ്ച് ആര്‍എസ്എസ്‌കാര്‍ കൊല്ലപ്പെടുമെന്നു ട്വിറ്ററില്‍ ഒരു പട്ടേല്‍ പ്രൊഫൈല്‍ പറയുന്നു. അതിനു ലൈക് കൊടുത്ത സ്ത്രീ പാലക്കാട്കാരി മേനോത്തിയും. കളികള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ശ്രദ്ധിക്കണം. മാത്രമല്ല കണ്ണൂരില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയേയും സിപിഐ എം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലയെന്നും അവര്‍ പറയുമ്പോള്‍ തന്നെയാണ് വേറൊരു വേദിയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖകളുള്ള ജില്ലയാണ് കണ്ണൂരെന്ന് അവര്‍ വീമ്പു പറയുകയും ചെയ്യുക. കേരളത്തില്‍ ഹിന്ദു മുഖ്യമന്ത്രിമാരെ ഭരിക്കാന്‍ അനുവദിക്കില്ലത്രേ മുസ്ലീങ്ങള്‍. ആര്‍ ശങ്കറിനെയും,കരുണാകരനെയുമൊക്കെ പിടിച്ച് പുരത്താക്കിയതാണെന്നാണ് പ്രചരിക്കുന്ന മറ്റൊരു നുണ. പാകിസ്ഥാനിലെ പാര്‍ട്ടിയായ മുസ്ലീം ലീഗിന് മുഖ്യമന്ത്രി സ്ഥാനം ഇന്ത്യയിലെ ഒരു സംസ്ഥാനം കൊടുത്തുവെന്നാലോചിച്ച് ഒരു ഗാന്ധി ഫോട്ടോ പ്രൊഫൈല്‍ കാരന് ഉറങ്ങാന്‍ കഴിയുന്നില്ല എന്നാണു വിലാപം. വക്കീലന്മാരും പത്രക്കാരും തമ്മില്‍ കോടതി വളപ്പിലെ സംഘര്‍ഷത്തിന്‍റെ ചിത്രമുപയോഗിച്ച് പ്രചരിപ്പിക്കുന്നത് കേരളത്തിലെ മാധ്യമങ്ങളെ കമ്യൂണിസ്റ്റ്കാര്‍ ഭീഷണിപ്പെടുത്തി വച്ചിരിക്കുകയാണെന്നും അവര്‍ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ ഗുണ്ടകളെ വിട്ട് തല്ലിക്കുകയും ചെയ്യുമെന്ന്.

ബീഫ് കഴിക്കുന്ന മലയാളികളെ മൊത്തത്തില്‍ രാജ്യ ദ്രോഹികളാക്കാന്‍ പരിശ്രമിക്കുമ്പോള്‍ തന്നെ കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി ഹിന്ദു വീടുകളില്‍ കയറി അവരെ നിര്‍ബന്ധിച്ച് ബീഫ് തീറ്റിച്ചു എന്ന് പറയാനും അവര്‍ക്ക് ഒട്ടും സങ്കോചം അനുഭവപ്പെട്ടില്ല. ഇവിടെയൊക്കെ നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഈ നുണകളുടെ കൂമ്പാരത്തില്‍ എതിരാളിയായി ഇടതു പക്ഷം  വരുന്നുണ്ടെങ്കിലും അതിന്‍റെ രാഷ്ട്രീയമാനങ്ങള്‍ മാറ്റി വെച്ചാല്‍ അവരുടെ വെറുപ്പ് മുഴുവന്‍ പ്രകടമാക്കുന്നത് മൊത്തത്തിലുള്ള മലയാളികളോടാണ്. സംഘപരിവാര്‍ അല്ലാത്ത ഇന്നാട്ടിലെ എല്ലാവരും അവര്‍ക്ക് രാജ്യ ദ്രോഹികളാണ്. ഏതൊരു മുസ്ലീമും തീവ്രവാദിയും ജിഹാദിയുമാണ്‌.ചിട്ടയോടെ കൃത്യമായി അവരുടെ ഫാക്ടറികളില്‍ നിര്‍മ്മിച്ചെടുക്കുന്ന കാള കൂടാ വിഷം നമ്മുടെ ഓരോരുത്തരുടെയും മൊബൈല്‍ ഫോണുകളില്‍ ഫോര്‍വേര്‍ഡ് സന്ദേശമായി ലഭിക്കും. ഒറ്റ വരിയില്‍ തന്നെ പതിനഞ്ച് കള്ളങ്ങള്‍ ചുരുങ്ങിയത് ഉണ്ടാകുന്ന ഇത്തരം മെസേജുകള്‍ ചെറുതെങ്കിലും സൊ കോള്‍ഡ് നിഷ്‌പക്ഷ ശിരസുകളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന അപകടകരമായ സത്യവും നമ്മള്‍ തിരിച്ചറിയാതെ പോകരുത്.

പതിനേഴു സംസ്ഥാനങ്ങളില്‍ കലാപങ്ങളിലൂടെയും കുതിര കച്ചവടങ്ങളിലൂടെയും സിംഹാസനത്തിലിരിക്കുന്ന കേന്ദ്ര ഭരണം ഈ സംസ്ഥാനത്തെ കൈ പിടിയിലൊതുക്കാന്‍ ഇനിയും ഇതിലും ക്രൂരമായ നുണകളുടെ കൂമ്പാരമഴിച്ചു വിടും. നുണകള്‍ക്ക് ആവര്‍ത്തനത്തിലൂടെ നിയമ സാധുത നല്‍കി കൊടുക്കാനുള്ള എല്ലാ തരം മിഷിനറികളും ഇന്നവരുടെ കയ്യിലുണ്ട്. കൃത്യമായ ലക്ഷ്യങ്ങളോടെ ദ്രംഷ്ട്രകള്‍ ഉള്ളിലൊളിപ്പിച്ചു നീങ്ങുന്ന വിഷ സര്‍പ്പങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ ഫാക്റ്റ്സും ഫിഗേഴ്സും കൊണ്ടിരിക്കുന്നത് വൃഥാ വ്യായാമമാണ്. അവര്‍ ആദിമധ്യാന്തം വെറുപ്പിന്‍റെ പ്രത്യയശാസ്ത്ര വാഹകരാണ്. കള്ളങ്ങള്‍ മാത്രമാണ് സ്വായത്തമായിട്ടുള്ളതും. വേണ്ടത് പ്രതിരോധമാണ്. ആത്മാഭിമാനം നഷ്ട്ടപ്പെട്ടിട്ടില്ലാത്ത എല്ലാ ജനതയുടെയും പ്രതിരോധം.വര്‍ഷങ്ങളായുള്ള ചിട്ടയായ പണിപ്പുരകള്‍ നിര്മിച്ചെടുത്ത അവരുടെ നുണ ഫാക്ടറികളോടും അവരുടെ റീച്ചിനോടും ഏറ്റുമുട്ടി ജയിക്കാനുള്ള ടൂളുകള്‍ ഇന്ന് നമുക്ക് പോരാതെ വന്നിരിക്കുന്നു. ബാക്കിയുള്ളത് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത സെക്കുലര്‍ ഹാര്‍മണിയും ഈ സംസ്ഥാനം നിര്‍മ്മിച്ചെടുത്ത രാഷ്ട്രീയാന്തരീക്ഷവുമാണ്. ഇത് അതിജീവനത്തിനായുള്ള പ്രതിരോധമാണ്. അണി നിരക്കേണ്ടത് സംഘപരിവാറുകാരില്‍ നിന്നും മനുഷ്യരായി വികാസം പ്രാപിച്ച ഓരോ പൌരന്‍റെയും കടമയാണ്. കള്ളങ്ങളുടെ ചീട്ടു കൊട്ടാരത്തിനു ഒന്നിച്ചു നിന്ന് ഊതിയാല്‍ തീരുന്ന ആയുസ്സു മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കണം. ലോകത്തിനു തന്നെ മാതൃകയായി തലയുയര്‍ത്തി നിന്ന ഈ തുരുത്ത് വെറുപ്പിന്‍റെ രാഷ്ട്രീയത്തെ പടിയടച്ചു പിണ്ഡം വെച്ച് കൊണ്ടും അതേ ലോകത്തിനു മാതൃക തീര്‍ക്കേണ്ടതുണ്ട്. ഇന്നിനെ ഇന്നലകളുടെ ചരിത്രത്തോട് ചേര്‍ത്തു വായിക്കുക അവര്‍ക്ക് അന്നുമിന്നുമെന്നും കൈമുതലായുള്ളത് കള്ളങ്ങളാണ്. ഇപ്പോഴില്ലെങ്കില്‍ പിന്നെയില്ലെന്ന്‍ തിരിച്ചറിയുക. ദൈവത്തിന്‍റെ സ്വന്തം നാടായി തന്നെ നമുക്കിനിയുമേറെ കാലം ഇവിടെ ജീവിക്കേണ്ടതുണ്ട്.  

പ്രധാന വാർത്തകൾ
 Top