15 September Sunday

യൂറോപ്പ്‌ നൽകുന്ന പാഠം

വി ബി പരമേശ്വരൻUpdated: Tuesday May 7, 2019

സ‌്പെയിനിൽ തെരഞ്ഞെടുപ്പിൽ ജയിച്ച സോഷ്യലിസ്റ്റ്പാർടി നേതാവും പ്രധാനമന്ത്രിയുമായ പെഡ്രോ സാഞ്ചസ്‌ പ്രവർത്തകരെ അഭിവാദ്യം െചയ്യുന്നു


ലോകത്തെമ്പാടുമുള്ള വലതുപക്ഷ മുന്നേറ്റം നടക്കുന്ന കാലഘട്ടമാണിത്. യൂറോപ്പിൽ ഏഴ് രാജ്യങ്ങളിൽ ഭരണം നടത്തുന്നത് തീവ്രവലതുപക്ഷമാണ്.  ആസ്ട്രിയ, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, പോളണ്ട്, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളിലാണ് തീവ്രവലതുപക്ഷം ഭരണം നടത്തുന്നത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ റെസപ് തയ്യിപ് എർദോഗനും ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവും അധികാരത്തിലെത്തി. ബ്രസീലിൽ തീവ്ര വലതുപക്ഷക്കാരനായ ജെയിർ ബൊൾസൊനാരോ പ്രസിഡന്റായി. അമേരിക്കയിലാകട്ടെ മൂന്ന് വർഷംമുമ്പ് ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി. യുറോപ്പിലെ മിക്ക രാഷ്ട്രങ്ങളിലും തീവ്രവലതുപക്ഷം പ്രധാന പ്രതിപക്ഷമോ ശക്തമായ രാഷ്ട്രീയ സാന്നിധ്യമോ ആണ്.  ഫ്രാൻസിലെ നാഷണൽ ഫ്രണ്ടും ജർമനിയിലെ ആൾട്ടർനേറ്റീവ് ഫോർ ഡ്യുഷ്ലാന്റും ഗ്രീസിലെ ഗോൾഡൻ ഡോണും മറ്റും ഉദാഹരണം. ഇന്ത്യയിലാകട്ടെ മോഡിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം രണ്ടാംവരവിനായി കടുത്ത പോരാട്ടത്തിലുമാണ്. ഇടതുപക്ഷ പുരോഗമന ശക്തികൾക്ക്  ഇനി പ്രതീക്ഷിക്കാൻ വകയൊന്നുമില്ലെന്നും 21–-ാം നൂറ്റാണ്ട് തീവ്രവലതുപക്ഷ യുഗമാണെന്നുമാണ് ബൂർഷ്വാ മാധ്യമ പ്രചാരണം. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ വേട്ടയും ഇതിന്റെ ഭാഗംതന്നെ.  

തീവ്രവലതുപക്ഷം തിരിച്ചടികൾ ഏറ്റുവാങ്ങാൻ തുടങ്ങിയിരിക്കുന്നു
തകർന്നുകൊണ്ടിരിക്കുന്ന നിയോലിബറൽ പാത സംരക്ഷിക്കുക എന്ന മുഖ്യ ലക്ഷ്യവുമായി കടന്നുവന്ന തീവ്രവലതുപക്ഷം അതിന്റെ മുന്നേറ്റം ആരംഭിച്ച യൂറോപ്പിൽതന്നെ തിരിച്ചടികൾ ഏറ്റുവാങ്ങാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു. ഏപ്രിൽ 14ന് ഫിൻലൻഡിലും 28ന് സ‌്പെയിനിലും നടന്ന തെരഞ്ഞെടുപ്പിലാണ് സോഷ്യൽ ഡെമോക്രാറ്റുകൾ അപ്രതീക്ഷിത മുന്നേറ്റം നേടിയത്. കുടിയേറ്റവിരുദ്ധ, തീവ്രവലതുപക്ഷ കക്ഷിയായ ഫിൻസ് പാർടിയെയും ഭരണകക്ഷിയായ സെന്റർ പാർടിയെയും പിന്നിലാക്കിയാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാഷ്ട്രത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി സോഷ്യൽ ഡെമോക്രാറ്റുകൾ മാറിയത്.  200 അംഗ പാർലമെന്റിൽ 40 സീറ്റ് നേടിയ സോഷ്യൽ ഡെമോക്രാറ്റുകൾ സ്വന്തം നിലയിൽ അധികാരത്തിൽ വരാൻ കഴിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായത് തീവ്രവലതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. 

സ‌്പെയിനിലാകട്ടെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർടി 350 അംഗ പാർലമെന്റിൽ 123 സീറ്റും 29 ശതമാനം വോട്ടും നേടി മുന്നിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 85 സീറ്റും 22 ശതമാനം വോട്ടും മാത്രമുണ്ടായിരുന്ന കക്ഷിയാണ് വൻ മുന്നേറ്റം നടത്തിയത്.  പരമ്പരാഗത യാഥാസ്ഥിതിക കക്ഷിയായ പീപ്പിൾസ് പാർടിക്കാണ് വൻ തകർച്ച നേരിട്ടത്.137 സീറ്റുണ്ടായിരുന്ന ഈ പാർടിക്ക് 66 സീറ്റ് മാത്രമാണ് ലഭിച്ചത്. 16 ശതമാനം വോട്ടും.  നിയോലിബറൽ ക്രമത്തിനുവേണ്ടി നിലകൊള്ളുകയും ലിബറൽ നിലപാട് സ്വീകരികുകയും ചെയ്യുന്ന ദ സിറ്റിസൺ പാർടി 16.8 ശതമാനം വോട്ടും 54 സീറ്റും നേടി. പീപ്പിൾസ് പാർടിയെ പിളർത്തി 2013 ൽ രൂപംകൊണ്ട തീവ്രവലതുപക്ഷ പാർടിയായ ഓക‌്സിന‌് 10.3 ശതമാനം വോട്ടും 24 സീറ്റും ലഭിച്ചു. ആദ്യമായാണ് ഈ പാർടി സ്പാനിഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പുരോഗമന ഇടതുകക്ഷിയായ പെഡമോസിന് 42 സീറ്റും 14 ശതമാനം വോട്ടും ലഭിച്ചു.  കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഏഴ് ശതമാനം വോട്ടും 29 സീറ്റും പാബ്ലോസ് ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള ഈ പാർടിക്ക് കുറഞ്ഞു.

ഫിൻലൻഡിലെയും സ്പെയിനിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന ഇടതുപക്ഷം അതിന്റെ ആശയങ്ങളിലുറച്ച് നിൽക്കുകയും കടുത്ത തീവ്രവലതുപക്ഷ വിരുദ്ധ സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന പക്ഷം ജനങ്ങളുടെ വിശ്വാസംനേടി മുന്നിലെത്താൻ കഴിയുമെന്നാണ്

ഫിൻലൻഡിലെയും സ്പെയിനിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന ഇടതുപക്ഷം അതിന്റെ ആശയങ്ങളിലുറച്ച് നിൽക്കുകയും കടുത്ത തീവ്രവലതുപക്ഷ വിരുദ്ധ സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന പക്ഷം ജനങ്ങളുടെ വിശ്വാസംനേടി മുന്നിലെത്താൻ കഴിയുമെന്നാണ്ഫിൻലൻഡിലെയും സ്പെയിനിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന ഇടതുപക്ഷം അതിന്റെ ആശയങ്ങളിലുറച്ച് നിൽക്കുകയും കടുത്ത തീവ്രവലതുപക്ഷ വിരുദ്ധ സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന പക്ഷം ജനങ്ങളുടെ വിശ്വാസംനേടി മുന്നിലെത്താൻ കഴിയുമെന്നാണ്. തീവ്രവലതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാൻ കെൽപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പക്ഷം ജനങ്ങൾ ഇടതു‐പുരോഗമന ശക്തികൾക്കൊപ്പം നിൽക്കാൻ തയ്യാറാകുമെന്ന പാഠമാണ് ഇരു രാജ്യത്തെയും തെരഞ്ഞെടുപ്പ്ഫലം നൽകുന്നത്.  മിക്ക രാജ്യങ്ങളിലും കാണുന്ന പ്രവണത തീവ്രവലതുപക്ഷത്തെ മറികടക്കാൻ അവരുയർത്തുന്ന കുടിയേറ്റ വിരുദ്ധത, മുസ്ലിം വിരുദ്ധത തുടങ്ങിയ മുദ്രാവാക്യങ്ങൾ പരമ്പരാഗത വലതുപക്ഷ കക്ഷികളും ഉയർത്തുന്നതാണ്. (ഇന്ത്യയിൽ ബിജെപിയുടെ വർഗീയ അജൻഡ പിന്തുടരുന്ന കോൺഗ്രസിനെപോലെ) ഉദാഹരണത്തിന് സ്പെയിനിൽ മധ്യ‐വലതുപക്ഷ പീപ്പിൾസ് പാർടി ഓക‌്സിനെ വെല്ലാൻ അവരുയർത്തുന്ന ഫെമിനിസ്റ്റ് വിരുദ്ധ, കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങൾ ശക്തമായി. ഫിൻലൻഡിൽ സെന്ററിസ്റ്റ് പാർടിയും ഇതുതന്നെ ചെയ‌്തു. രണ്ടിടത്തും മധ്യ വലതുപക്ഷ കക്ഷികൾക്ക് തിരിച്ചടി ലഭിച്ചു.  നെതർലൻഡിൽ പ്രധാനമന്ത്രി മാർക്ക്റൂട്ടിന്റെ നേതൃത്വത്തിലുള്ള നാലംഗ വലതുപക്ഷ സഖ്യത്തിന് ഉപരിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചതും തീവ്രവലതുപക്ഷമാകാനുള്ള അവരുടെ ശ്രമത്തിന്റെ ഫലമായിരുന്നു.  ജർമനിയിൽ മെർക്കലിന്റെ ബവേറിയൻ സഖ്യകക്ഷി സിഎസ‌്‌യുവിനുണ്ടായ ദയനീയമായ പരാജയവും ഇതോടൊപ്പം ചേർത്തുവായിക്കാം. 

എന്നാൽ, സ‌്പെയിനിൽ സോഷ്യലിസ്റ്റ്പാർടിയുടെ പെഡ്രോ സാഞ്ചസാകട്ടെ തീവ്രവലതുപക്ഷത്തെ കടന്നാക്രമിക്കാനും  മധ്യ ഇടതുപക്ഷ നയങ്ങൾ ശക്തമായി മുന്നോട്ടുവയ‌്ക്കാനും തയ്യാറായി.  അധികാരത്തിലിരുന്ന ഒരു വർഷത്തിനിടയ‌്ക്ക് മിനിമം കുലി 22 ശതമാനം ഉയർത്തുകയും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പളം രണ്ടര ശതമാനം ഉയർത്തുകയും ചെയ‌്തു.  ഇതുവഴി സോഷ്യലിസ്റ്റ് പാർടിയുടെ ട്രേഡ‌്‌യൂണിയൻ അടിത്തറ തിരിച്ചുപിടിക്കാൻ സാഞ്ചസിന് കഴിഞ്ഞു. സോഷ്യലിസ്റ്റ് പാർടിയുടെ ഇടതുപക്ഷത്തിലേക്കുള്ള മാറ്റം സ്വാഭാവികമായും അതേ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന പെഡമോസിനെ തളർത്തി. ഇനിഗോ എറേജോനും മാന്വേല കാർമേനയും പാർടിയെ പിളർത്തിയതും പെഡമോസിന്റെ തിരിച്ചടിക്ക‌് കാരണമായി. 

ഏതായാലും ഫിൻലൻഡിലെയും സ‌്പെയിനിലെയും  മധ്യ‐ഇടതുപക്ഷ വിജയം യൂറോപ്പിൽ അടുത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഗാർഡിയൻ പത്രത്തിന്റെ വിലയിരുത്തൽ.  കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ സ്വീഡനിൽ സോഷ്യൽ ഡെമോക്രാറ്റുകൾ ഏറ്റവും വലിയ കക്ഷിയായി. തീവ്രവലതുപക്ഷം ഭരിക്കുന്ന ഡെന്മാർക്കിൽ സോഷ്യൽ ഡെമോക്രാറ്റുകൾ മേൽകൈ നേടിക്കൊണ്ടിരിക്കുകയാണ്. ഈ വർഷാവസാനം തെരഞ്ഞെടുപ്പ‌് നടക്കുന്ന പോർച്ചുഗലിൽ കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണയോടെ ഭരണം നടത്തുന്ന സോഷ്യലിസ്റ്റ് പാർടി വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീവ്രവലതുപക്ഷം ഭരിക്കുന്ന ഇറ്റലിയിലും അവർക്കെതിരായ ശക്തികൾക്ക് മുൻതൂക്കം ലഭിക്കാനാരംഭിച്ചിട്ടുണ്ട്.

ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പക്ഷം വളർന്നുവരികയാണ്
തൊഴിലാളി പക്ഷപാതിത്വം ഉപേക്ഷിച്ച് നിയോലിബറലിസവുമായി സമരസപ്പെട്ടുകൊണ്ട് മാത്രമേ വലതുപക്ഷത്തെ തോൽപ്പിക്കാനാകൂ എന്ന തേഡ് വേ അഥവാ മൂന്നാംപാത രാഷ്ട്രീയത്തിന് യൂറോപ്പിൽ അന്ത്യമാകുകയാണെന്ന പാഠവും സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നുണ്ട്. നിയോ കോണുകളായ താച്ചർ, റീഗൻ തുടങ്ങിയവരാണ്‌ സോഷ്യൽ ഡെമോക്രസിയുടെ എല്ലാ ആശയങ്ങളെയും സ്ഥാപനങ്ങളെയും പേരിനെങ്കിലുമുള്ള ക്ഷേമനടപടികളെയും തകർത്തെറിഞ്ഞത്. "പ്രശ്നങ്ങൾക്കുള്ള പരിഹാരം ഗവൺമെന്റ് അല്ലെന്നും ഈ ഗവൺമെന്റ് തന്നെയാണ് പ്രശ്നമെന്നും' പറഞ്ഞുകൊണ്ടാണ് താച്ചർ‐റീഗൻ കൂട്ടുകെട്ട്  സ്വകാര്യവൽക്കരണത്തിലധിഷ്ഠിതമായ സമ്പദ‌്‌വ്യവസ്ഥയിലേക്ക‌് ലോകത്തെ നയിച്ചത്. ഇവരുടെ മുന്നേറ്റം തടയണമെങ്കിൽ നിയോലിബറലിസത്തിനും സോഷ്യൽ ഡെമോക്രസിക്കും ഇടയിലുള്ള രണ്ടും ചേർന്ന ഒരു തേഡ് വേയാണ് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും ബ്രിട്ടീഷ് ലേബർ പ്രധാനമന്ത്രി ടോണിബ്ലെയറും മുന്നോട്ടുവച്ചത്.  ജർമനിയിലെ ഗെറാൾഡ് ഷ്റോഡറും ഫ്രാൻസിലെ ലയണൽ ജോസ്പിനും ഫ്രാൻസ്വ ഓളന്ദും മറ്റും ഈ പാതയിലൂടെ സഞ്ചരിച്ചപ്പോഴാണ് സോഷ്യൽ ഡെമോക്രസിയുടെ മധ്യ‐ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടത്. ഇതിന്റെ ഫലമായി ജർമനിയിലും ഫ്രാൻസിലും സ്പെയിനിലും ഗ്രീസിലും ബ്രിട്ടനിലും സോഷ്യൽ ഡെമോക്രാറ്റിക്ക‌് പാർടികൾ തകർന്നടിഞ്ഞു.

എന്നാലിപ്പോൾ അമേരിക്കയിലെ ഡെമോക്രാറ്റിക്ക് പാർടിയിൽ ബെർണി സാൻഡേഴ‌്സിന്റെയും അലക‌്സാണ്ട്രിയ ഒകേഷ്യ കോർടസിന്റെയും നേതൃത്വത്തിൽ ഒരു ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പക്ഷം വളർന്നുവരികയാണ്. കൂടുതൽ ഇടത്തോട്ട് ചരിക്കുന്ന ജെറമി കോർബിൻ ബ്രിട്ടീഷ‌് ലേബർ പാർടിയുടെ അനിഷേധ്യ നേതാവായി വളർന്നിരിക്കുന്നു. അതിന് ചുവടുപിടിച്ചെന്നോണം യുറോപ്പിലെ മറ്റ് രാജ്യങ്ങളിലും പതുക്കെയാണെങ്കിലും സോഷ്യൽ ഡെമോക്രസി അതിന്റെ പഴയ വേരുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.


പ്രധാന വാർത്തകൾ
 Top