06 June Tuesday

ദേശസാൽക്കരണ വഴിയേ യൂറോപ്പും

വി ബി പരമേശ്വരൻUpdated: Saturday Sep 24, 2022

ആവശ്യമായ വാതകം (ഗ്യാസ്‌) റഷ്യ നൽകാതായതോടെ യൂറോപ്പ്‌ കടുത്ത ഊർജ പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. നോർദ്‌സ്‌ട്രീം ഒന്നാം നമ്പർ പൈപ്പ്‌ലൈൻ വഴിയുള്ള വാതകവിതരണമാണ്‌ റഷ്യ നിർത്തിവച്ചത്‌. ഉക്രയ്‌ൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയപ്പോൾ അത്‌ പിന്തുടരാൻ യൂറോപ്പും തയ്യാറായ പശ്ചാത്തലത്തിലാണ്‌ റഷ്യ വാതകവിതരണം കുറച്ചത്‌. ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തിയപ്പോൾ റഷ്യ സ്വാഭാവികമായും തിരിച്ചടിക്കാൻ ആരംഭിച്ചു. ലോകത്തിൽ സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ്‌ റഷ്യ. റഷ്യ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 30 ശതമാനവും വാതകത്തിന്റെ 40 ശതമാനവും വാങ്ങുന്നതാകട്ടെ യൂറോപ്പും. അതായത്‌ റഷ്യയിൽനിന്നുള്ള ഇന്ധനവരവ്‌ നിലച്ചാൽ ഈ തണുപ്പുകാലം യൂറോപ്പ്‌ വിറച്ചുതുള്ളും. പല സ്ഥാപനവും ഫാക്ടറികളും അടച്ചിടേണ്ടിവരും. തൊഴിലില്ലായ്മ കുതിച്ചുയരും. യൂറോപ്പ്‌ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തും.

പ്രഭാത്‌ പട്‌നായിക് ചൂണ്ടിക്കാട്ടുന്നതുപോലെ യൂറോപ്പിന്റെ സാമ്പത്തിക പ്രതിസന്ധി അവരുടെ സ്വയം സൃഷ്ടിയാണ്‌. യുഎസ്‌ വിധേയത്വമാണ്‌ യൂറോപ്പിനെ ഈ ദുരന്തത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നത്‌. ഫെബ്രുവരി 24ന്‌ ഉക്രയ്‌ൻ യുദ്ധം തുടങ്ങിയ ഘട്ടത്തിൽത്തന്നെ യൂറോപ്പിൽ ഉയർന്ന മുറവിളി റഷ്യൻ ഇന്ധനം വാങ്ങരുത്‌ എന്നായിരുന്നു. ഇന്ധനത്തിനായി റഷ്യയെ അമിതമായി ആശ്രയിക്കുന്നത്‌ നിർത്തണമെന്നും. റഷ്യയെ യൂറോപ്പുമായി തെറ്റിക്കുകയെന്നത്‌ എന്നും ബ്രിട്ടീഷ്‌ അമേരിക്കൻ നയതന്ത്രത്തിന്റെ ഭാഗമാണ്‌. ജർമനിയും ഫ്രാൻസും റഷ്യയും യോജിച്ചാൽ അത്‌ തങ്ങൾക്ക്‌ ഭീഷണിയാണെന്ന്‌ അറിയുന്നതുകൊണ്ടാണ്‌ ഇത്‌. ഈ ആംഗ്ലോ അമേരിക്കൻ പദ്ധതിയുടെ ജിഹ്വയാണ്‌ ലണ്ടനിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഇക്കോണമിസ്റ്റ്‌ വാരിക.

ഏതായാലും ആംഗ്ലോ–-അമേരിക്കൻ കെണിയിൽ വീണിരിക്കുകയാണ്‌ ഇപ്പോൾ ലോകത്തെ നാലാമത്തെ സാമ്പത്തികശക്തിയായ ജർമനി. സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീൻസും ലിബറലുകളും നേതൃത്വം നൽകുന്ന ട്രാഫിക് ലൈറ്റ്‌ സഖ്യ സർക്കാർ ഇന്ധനക്ഷാമത്താൽ വിറയ്‌ക്കുകയാണ്‌. ജർമനിക്ക്‌ ആവശ്യമായ 55 ശതമാനം ഗ്യാസും റഷ്യയിൽനിന്നാണ്‌ ഇറക്കുമതി ചെയ്‌തിരുന്നത്‌. അത്‌ ഇപ്പോൾ 26 ശതമാനമായി കുറഞ്ഞു.  നിൽക്കക്കളിയില്ലാതായതോടെ  ജർമനി നവഉദാരവൽക്കരണ നയത്തിലും വെള്ളം ചേർക്കാൻ തുടങ്ങി. താച്ചറും റീഗനുമൊപ്പം നവ ഉദാരനയങ്ങൾ നടപ്പാക്കുന്നതിൽ മത്സരിച്ചയാളാണ്‌ ജർമൻ ചാൻസലറായ ഹെൽമുട്ട്‌ കോൾ. അദ്ദേഹത്തിന്റെ പാർടിയല്ല ഇപ്പോൾ ജർമനി ഭരിക്കുന്നതെങ്കിലും നവ ഉദാരനയം തന്നെയാണ്‌ സോഷ്യൽ ഡെമോക്രാറ്റിക് നേതാവായ ഒലാഫ്‌ ഷോൾസിനും പഥ്യം. എന്നാൽ, ഊർജ പ്രതിസന്ധി അദ്ദേഹത്തെ മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ജർമനിയിലെ ഏറ്റവും വലിയ പ്രകൃതിവാതക ഇറക്കുമതി കമ്പനിയായ യുണിപെർ ദേശസാൽക്കരിക്കാൻ തീരുമാനിച്ചത്‌. 800 കോടി യൂറോ നൽകിയാണ്‌ കമ്പനിയുടെ 99 ശതമാനം ഓഹരികളും സർക്കാർ വാങ്ങുന്നത്‌. ‘ഊർജസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ്‌ ഈ നടപടിയെന്നാണ്‌’ സർക്കാരിന്റെ വിശദീകരണം. അതായത്‌ ഊർജസുരക്ഷ ഉറപ്പാക്കണമെങ്കിൽ ആ മേഖല പൊതുമേഖലയിൽത്തന്നെ നിലനിർത്തണമെന്ന്‌ വൈകിയാണെങ്കിലും ജർമനി മനസ്സിലാക്കിയിരിക്കുന്നു.


 

ഫോർടം എന്ന ഫിൻലാൻഡ്‌ കമ്പനിക്കായിരുന്നു യുണിപെറിന്റെ ഉടമസ്ഥത. ഇന്ധന പ്രതിസന്ധി വന്നതോടെ വില വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്‌തു. ഇത്‌ ഇന്ധനക്ഷാമത്തിനു കാരണമായി. ലാഭം ചോരുന്ന ഘട്ടത്തിൽ ഇന്ധനമേഖലയിൽനിന്ന്‌ പിന്മാറാനാണ്‌ യുണിപെർ കരുക്കൾ നീക്കിയത്‌. നഷ്ടം സഹിച്ച്‌ ജനങ്ങളെ സേവിക്കേണ്ട ബാധ്യതയൊന്നും സ്വകാര്യ കമ്പനിക്ക്‌ ഇല്ലല്ലോ. എന്നാൽ, ഇന്ധനക്ഷാമവും വിലക്കയറ്റവും ജനങ്ങളെ ബാധിക്കാൻ തുടങ്ങിയതോടെ അവർ പ്രതിഷേധവുമായി രംഗത്തെത്തി. സെപ്‌തംബർ അഞ്ചിന്‌ ലീപ്‌സെഗിൽ വൻ പ്രതിഷേധ മാർച്ച്‌ നടന്നു. പ്രതിഷേധം മറ്റു നഗരങ്ങളിലേക്കും പടർന്നു. ഈ ഘട്ടത്തിലണ്‌ മനസ്സില്ലാ മനസ്സോടെ കമ്പനി ദേശസാൽക്കരിക്കാൻ ജർമൻ സർക്കാർ തയ്യാറായത്‌.

ജർമനിക്ക്‌ മുമ്പേ ഫ്രാൻസിലെ മാക്രോൺ സർക്കാരും ഒരു ഊർജ കമ്പനി ദേശസാൽക്കരിക്കുകയുണ്ടായി. ജൂലൈയിലാണ്‌ ഇഡിഎഫ്‌ എന്ന വൻകിട കമ്പനി 1000 കോടി യൂറോ നൽകി സർക്കാർ ഏറ്റെടുത്തത്‌. ഫ്രാൻസിന്റെ വൈദ്യുതി വിതരണത്തിന്റെ 69 ശതമാനവും കൈകാര്യം ചെയ്യുന്നത്‌ ഈ സ്വകാര്യ കമ്പനിയായിരുന്നു. അതായത്‌ ഊർജ പ്രതിസന്ധി യൂറോപ്പിനെ വിഴുങ്ങാൻ തുടങ്ങിയതോടെ സ്വകാര്യവൽക്കരണ നയത്തിന്റെ പതാകവാഹകർ ദേശസാൽക്കരണത്തിന്റെയും പൊതുമേഖലയുടെയും കൊടിപിടിക്കാൻ തുടങ്ങി. എണ്ണക്കമ്പനികളും വൈദ്യുതിമേഖലയും സ്വകാര്യവൽക്കരിക്കാൻ വെമ്പുന്ന മോദി സർക്കാരിനും ഇത്‌ പാഠമാകേണ്ടതാണ്‌.

ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന്‌ ഉറപ്പായതോടെ പരിസ്ഥിതിവാദമൊക്കെ ഉപേക്ഷിച്ച്‌ ജർമനിയും മറ്റും കൽക്കരി ഇന്ധനമായുള്ള ഊർജനിലയങ്ങളിലേക്കും ആണവനിലയങ്ങളിലേക്കും മടങ്ങാനും തുടങ്ങിയിരിക്കുന്നു.  അടച്ചിട്ട മൂന്ന്‌ ആണവ റിയാക്ടറുകൾ തുറന്നുപ്രവർത്തിപ്പിക്കാനാണ്‌ ജർമനി തീരുമാനിച്ചിട്ടുള്ളത്‌. പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ്‌ ലോകത്തിന്റെ മുമ്പിൽ തുറന്നുകാട്ടപ്പെടുകയാണ്‌ ഇപ്പോൾ. അതിന്‌ നിമിത്തമായത്‌ റഷ്യയുടെ നടപടികളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top