18 June Friday

ജനാധിപത്യവും പണാധിപത്യവും - കെ രാജേന്ദ്രൻ എഴുതുന്നു

കെ രാജേന്ദ്രൻUpdated: Wednesday Apr 21, 2021

കള്ളപ്രചാരണങ്ങളുടെ എണ്ണത്തിൽ മാത്രമല്ല, കള്ളപ്പണത്തിന്റെ  ഒഴുക്കിലും കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ  ഇടം നേടിയിരിക്കുന്നു. ഡൽഹിയിൽനിന്ന് ഒഴുകിയെത്തിയ പണം എന്ത് ചെയ്യണമെന്ന് അറിയാതെ സംസ്ഥാന ബിജെപി നേതൃത്വം അന്തംവിട്ടു നിൽക്കുകയായിരുന്നു. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായിരുന്നു ബിജെപിയുടെ മാധ്യമ ആസ്ഥാനം. ദിവസവും രണ്ട് നേരം  ദേശീയ നേതാക്കളുടെ വാർത്താസമ്മേളനം. റിപ്പോർട്ട് ചെയ്യാനായെത്തുന്ന മാധ്യമ പ്രവർത്തകർക്ക് വിഭവസമൃദ്ധമായ പ്രാതലും ഉച്ചഭക്ഷണവും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ, ബിജെപി  മുഖ്യമന്ത്രിമാർ, ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ എന്നുതുടങ്ങി ലഡാക്കിലെ ബിജെപി എംപി  ജയംഗ് സെറിങ് നംഗ്യാൽവരെയുള്ള നൂറിലേറെ നേതാക്കളാണ് വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമെല്ലാമായി വോട്ട് പിടിക്കാനായി കേരളത്തിന്റെ ആകാശത്തിലൂടെ തെക്കും വടക്കും പറന്നത്. പണമെത്താൻ താമസിച്ചെങ്കിലും ദേശീയ നേതാക്കളുടെ  പടയെ കോൺഗ്രസും രംഗത്തിറക്കി. കോൺഗ്രസിന്റെ ഫണ്ട് റൈസർമാരായ ഡി കെ ശിവകുമാറും പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിങ്‌ ബാദലുമെല്ലാം കാസർകോട്ടെയും തിരുവനന്തപുരത്തെയും ആളില്ലാ കവലയോഗങ്ങളിൽ പ്രസംഗിച്ചതും പരിഹാസ്യ കാഴ്ചകളായി.

പണമൊഴുക്കിന്റെ പഴുതുകൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 30.80 ലക്ഷം രൂപയാണ്.  എന്നാൽ, രാഷ്ട്രീയപാർടികൾക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഹെലികോപ്റ്റർ ചെലവ് ഉൾപ്പെടെയുള്ളവയ്ക്കായി പണം ഒഴുക്കുന്നത്. എന്നാൽ, സീറ്റ് ലഭിക്കുന്നതിനായി നേതാക്കൾക്കും വോട്ട് ഉറപ്പിക്കുന്നതിനായി വോട്ടർമാർക്കും പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകർക്കുമെല്ലാം നൽകുന്ന പണം ഈ ഗണങ്ങളിലൊന്നും ഉൾക്കൊള്ളിക്കാൻ സാധിക്കില്ല. ഇവയ്ക്കായി ചെലവഴിക്കുന്ന തുകയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഒഴുകുന്ന പണത്തിന്റെ സിംഹഭാഗവും. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ആകെ ഒഴുകിയത് 55,000 കോടി രൂപയാണെന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഎംഎസ് (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിലെ 20 ശതമാനം തെരഞ്ഞടുപ്പ് നടത്തുന്നതിനായി കമീഷന്റെ നിർദേശപ്രകാരം ഔദ്യോഗികവും നിയമപരവുമായി ചെലവഴിക്കുന്നതാണ്. 35ശതമാനം പ്രചാരണത്തിനായും 25ശതമാനം വോട്ടർമാർക്ക് കോഴ നൽകുന്നതിനായും 20ശതമാനം മറ്റ് ആവശ്യങ്ങൾക്കുമായുമാണ് വിനിയോഗിക്കപ്പെടുന്നതെന്ന് സിഎംഎസ് ചൂണ്ടിക്കാണിക്കുന്നു. 

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി --ഔദ്യോഗികമായി ചെലവഴിക്കുന്ന തുകയുടെ അഞ്ചിരട്ടിയാണ് രാഷ്ട്രീയപാർടികൾ ചെലവഴിക്കുന്നത്. ഇതിലെ സിംഹഭാഗവും കള്ളപ്പണമാണ്. ബൂത്ത് പിടിത്തവും കള്ളവോട്ടുമായിരുന്നു ഏറെക്കാലം ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗം നേരിട്ട ഏറ്റവും വലിയ ഭീഷണി.  മുഖ്യവരണാധികാരിയായിരിക്കെ ടി എൻ ശേഷൻ കൈക്കൊണ്ട ശക്തമായ നടപടികളിലൂടെ ഈ പ്രശ്നം വലിയൊരു അളവോളം  പരിഹരിക്കാൻ സാധിച്ചു. സമാനമായ നടപടികളിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്കും നിയന്ത്രിക്കാവുന്നതേ ഉള്ളൂ. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷനോ ഈ സ്ഥാപനത്തെ കൈപ്പിടിയിലൊതുക്കിയ കേന്ദ്ര സർക്കാരിനോ തെല്ലും താൽപ്പര്യമില്ല.

കോർപറേറ്റുകൾ എങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നു എന്നതിന്റെ ഉദാഹരണമാണ് 2012 ലെ അന്താരാഷ്ട്ര വ്യവസായ ഭീമനായ വേദാന്ത ഗ്രൂപ്പിന്റെ വാർഷിക റിപ്പോർട്ട്. തൊട്ട് മുമ്പുള്ള മൂന്ന്‌ വർഷത്തിലായി ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർടികൾക്ക് 28 കോടി രൂപ നൽകിയെന്നായിരുന്നു വേദാന്തയുടെ വാർഷിക റിപ്പോർട്ടിലെ പരാമർശം. അനിൽ അഗർവാൾ എന്ന വിദേശഇന്ത്യക്കാരനാണ് വേദാന്തയുടെ ഉടമ. വേദാന്തയുടെ ഇന്ത്യൻ അനുബന്ധ കമ്പനികൾ മുഖേനയാണ് കോൺഗ്രസിനും ബിജെപിക്കും പണം എത്തിയത്. നടപടി ആവശ്യപ്പെട്ട്അസോസിയേഷൻ ഓഫ് ഇലക്ടറൽ റിഫോംസ് എന്ന സംഘടന ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ബിജെപിയും കോൺഗ്രസും നിയമവിരുദ്ധമായാണ് പണം കൈപ്പറ്റിയതെന്ന് വിധിച്ചു. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ല. വിദേശ  സ്ഥാപനങ്ങളിൽനിന്ന്  രാഷ്ട്രീയ പാർടികൾ സംഭാവനകൾ കൈപ്പറ്റുന്നതിലുള്ള വിലക്ക് കേന്ദ്ര സർക്കാർ നിയമഭേദഗതിയിലൂടെ നീക്കം ചെയ്തു. ഇതിനായി ബിജെപിയും കോൺഗ്രസും പാർലമെന്റിൽ കൈകോർത്തു. ഇടതുപക്ഷവും ആംഅദ്മി പാർടിയും മാത്രമാണ്  എതിർത്തത്.

പ്രതിപക്ഷ ബഹളം എന്ന കാരണം പറഞ്ഞ് ഒരു ചർച്ചപോലും നടത്താതെയാണ് 2018 മാർച്ച് 18ന് ലോക്‌സഭയിൽ സർക്കാർ  ബിൽ പാസാക്കിയത്. ഇതുകൊണ്ടും തീർന്നില്ല. വ്യവസായികൾ രാഷ്ട്രീയ പാർടികൾക്ക് സംഭാവനകൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. സ്ഥാപനത്തിന്റെ ലാഭത്തിന്റെ 7.5 ശതമാനത്തിൽ അധികം  സംഭാവന നൽകരുതെന്നതായിരുന്നു ഒരു പ്രധാന വ്യവസ്ഥ. എന്നാൽ, ഈ വ്യവസ്ഥ നിയമഭേദഗതിയിലൂടെ നരേന്ദ്ര മോഡി സർക്കാർ എടുത്തു കളഞ്ഞു. ഏതെല്ലാം പാർടികൾക്കാണ് സംഭാവന നൽകിയതെന്ന്  വ്യവസായ ഭീമൻമാർ വരവുചെലവ് കണക്കുകളിൽ കാണിക്കണമെന്ന സുപ്രധാന വ്യവസ്ഥയും ഒ‍ഴിവാക്കി. ഇതോടെ കോർപറേറ്റുകൾക്ക്നിർബാധം വെള്ളപ്പണവും കള്ളപ്പണവും ഒ‍ഴുക്കാനുള്ള അവസരമൊരുങ്ങി. ഇതിന്റെ പ്രതിഫലനം സർക്കാർ നയങ്ങളിൽ പ്രകടമായി. ഖനികളും സമുദ്രതീരങ്ങളും ഊർജസ്രോതസ്സുകളുമെല്ലാം സ്വകാര്യ വ്യവസായ ഭീമൻമാരുടെ കൈപ്പിടിയിലായി.

ഇലക്ടറൽ ബോണ്ടുകളുടെ രാഷ്ട്രീയം
തെരഞ്ഞെടുപ്പ് രംഗത്തെ കള്ളപ്പണം തടയാൻ എന്ന വിശദീകരണവുമായാണ് 2018ൽ മോഡി സർക്കാർ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. ഇടതുപക്ഷം ശക്തമായി എതിർത്തപ്പോൾ രാജ്യസഭയെ മറികടക്കാനായി അന്നത്തെ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌‌ലി നിർണായക നടപടി  ധനബില്ലായി പാർലമെന്റിൽ  അവതരിപ്പിച്ചു. രാജ്യസഭയിൽ ഗൗരവതരമായ ചർച്ചയ്‌ക്കുപോലും തയ്യാറാകാതെ ജനാധിപത്യവിരുദ്ധമായി ബിൽ പാസാക്കി. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ട്രസ്റ്റുകൾക്കോ കടപ്പത്രമായി ഭീമമായ തുക നൽകുന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. എസ്ബിഐയിൽനിന്ന് വാങ്ങുന്ന കടപ്പത്രം മുൻ തെരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിൽ അധികം വോട്ട് ലഭിച്ച പാർടികൾക്ക് നൽകാം. ഇലക്ടറൽ ബോണ്ട് കൈപ്പറ്റുന്ന പാർടിക്ക്  തുകയുടെ സ്രോതസ്സ് തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കേണ്ടതില്ല.  നേരത്തെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് രാഷ്ട്രീയ പാർടികൾ  20,000 രൂപയിൽ കൂടുതലായി ലഭിച്ച എല്ലാ സംഭാവനകളുടെയും  സ്രോതസ്സ്  വർഷാവർഷം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥയാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ അട്ടിമറിക്കപ്പെട്ടത്.

2018 മാർച്ച് മുതൽ 2021 ജനുവരിവരെ 6534.78 കോടി രൂപയാണ്  ഇലക്ടറൽ ബോണ്ടായി വ്യക്തികളും സ്ഥാപനങ്ങളും രാഷ്ട്രീയ പാർടികൾക്ക് നൽകിയത്.  ഇതിലെ സിംഹഭാഗവും ലഭിച്ചത് ബിജെപിക്കാണ്. പല ഇടപാടുകൾക്കുമായി ലഭിച്ച കോ‍ഴപ്പണമാണ് ഇലക്ടറൽ ബോണ്ടുകളായി ബിജെപിക്ക് ലഭിച്ചതെന്ന് വ്യക്തം. എന്നാൽ, ഈ തുകയുടെ  സ്രോതസ്സ് ആരെയും ബോധിപ്പിക്കേണ്ടതില്ല. സ്വിസ് ബാങ്കിലെ രഹസ്യനിക്ഷേപത്തിന് സമാനമാണ് ഇലക്ടറൽ ബോണ്ടുകളിലൂടെയുള്ള പണക്കൈമാറ്റം. ബിജെപിക്ക് പണം ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതുവരെ 16 തവണയാണ് ബോണ്ടുകൾ പുറത്തിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്കാവശ്യമായ ധനസമാഹരണാർഥം എസ്ബിഐയുടെ 29 ശാഖയിലൂടെ ഏപ്രിൽ ഒന്നുമുതൽ 10 വരെ  ബോണ്ടുകൾ പുറത്തിറക്കാൻ മാർച്ച് 30ന് കേന്ദ്രസർക്കാർ അനുമതി നൽകി. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. മലയാളികളായ കോർപറേറ്റ് ഭീമൻമാർ ഉൾപ്പെടെയുള്ളവരിൽനിന്ന്‌ കോടിക്കണക്കിനു രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ബിജെപിയുടെ അക്കൗണ്ടിലേക്ക്‌ ഇപ്പോൾ ഒ‍ഴുകിക്കൊണ്ടിരിക്കുകയാണ്. 2016ൽ കേവലം ഒരു സീറ്റ് മാത്രം നേടിയ ബിജെപി 43 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്ക് പ്രകാരം പ്രചാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ ചെലവ‍ഴിച്ചത്. ഈ തുക ഇത്തവണ ഇരട്ടിയിലധികമാകും. ഇലക്ടറൽ ബോണ്ടുകൾ മുഖേന സംഭാവനകൾ നൽകിയവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്കറിയാൻ ഒരു മാർഗവുമില്ല. അത്രകണ്ട് മലീമസമാണ് നിലവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സാമ്പത്തികസംവിധാനം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാനെന്ന പേരിൽ കുറെ കാലമായി തലതിരിഞ്ഞ പരിഷ്‌കാരങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്ഥാനാർഥികൾ  പ്രതികളായ കേസുകളുടെ വിവരങ്ങൾ പരസ്യം ചെയ്യണമെന്ന കമീഷന്റെ ഉത്തരവ് ഒരു ചടങ്ങുപോലെ എല്ലാ തെരഞ്ഞെടുപ്പിലും അനുവർത്തിച്ചുപോരുന്നു. തെരഞ്ഞെടുപ്പ് രംഗത്തെ ക്രിമിനൽവൽക്കരണം തടയുക എന്നതാണത്രെ ഇതിന്റെ ലക്ഷ്യം. എന്നാൽ, ഗുജറാത്ത് കലാപക്കേസിലെ പ്രതി പ്രധാനമന്ത്രിക്കസേരയിലും ഇസ്രത്ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതി ആഭ്യന്തരമന്ത്രിക്കസേരയിലും ഉപവിഷ്ടരായി. തെരഞ്ഞെടുപ്പ് ചെലവ്‌ കുറയ്ക്കാനായി അഞ്ച്‌ വർഷത്തിനുള്ളിൽ "ഏക തെരഞ്ഞെടുപ്പ്' എന്ന ആശയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് നടപ്പാക്കാനാണ് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമീഷനും ലക്ഷ്യമിടുന്നത്. ലോക്‌സഭമുതൽ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ജനാധിപത്യ സ്ഥാപനത്തിലേക്കുംകൂടി ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ ഔദ്യോഗികവും അനൗദ്യോഗികവുമായ ചെലവുകൾ  വൻതോതിൽ കുറയ്ക്കാനാകുമെന്നാണ് അവകാശവാദം.

നിയമസഭകളിൽ സർക്കാരുകൾക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ കാലാവധി പൂർത്തിയാകുന്നതുവരെ രാഷ്ട്രപതിഭരണം നിലവിൽ  വരും. സർക്കാരുകളെ പിരിച്ചുവിട്ടാലും ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ട. എല്ലാ സംസ്ഥാനസർക്കാരിനെയും കേന്ദ്ര സർക്കാരിന്റെ വരുതിക്ക് നിർത്താം. കേന്ദ്രസർക്കാർ ലക്ഷ്യം നിറവേറ്റിയാലും ഇന്ത്യൻ രാഷ്ട്രീയരംഗത്തേക്കുള്ള കള്ളപ്പണത്തിന്റെ ഒ‍ഴുക്ക് അനുസ്യൂതം തുടർന്നുകൊണ്ടിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top