23 January Thursday

അവസാനം തെരഞ്ഞെടുപ്പ്‌ കമീഷനും

എം പ്രശാന്ത‌്Updated: Thursday May 23, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പ‌ു ഫലത്തിന‌് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചൊവ്വാഴ‌്ച ഡൽഹി അശോക റോഡിലെ നിർവാചൻ സദനിൽ കേന്ദ്ര തെരഞ്ഞെടുപ്പ‌ു കമീഷൻ ഒരു അസാധാരണ യോഗം ചേർന്നു.  പെരുമാറ്റച്ചട്ടലംഘന പരാതികളിൽ തീർപ്പുകൽപ്പിക്കുമ്പോൾ വിയോജിപ്പ‌് ഉയർന്നാൽ അത‌് ഫയലിൽ രേഖപ്പെടുത്തണോ വേണ്ടയോ എന്ന‌് തീരുമാനമെടുക്കുന്നതിനായിരുന്നു യോഗം. മൂന്നംഗ കമീഷനിൽ ഒരാളുടെ വിയോജിപ്പോടെ ഇക്കാര്യത്തിൽ തീരുമാനമായി–-ഭൂരിപക്ഷ തീരുമാനം മാത്രം രേഖപ്പെടുത്തിയാൽ മതി. വിയോജിപ്പ‌് അവഗണിച്ചുതള്ളുക.

അഞ്ചുവർഷത്തെ മോഡി ഭരണം അവസാനിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വിശ്വസ‌്തമായ ഭരണഘടനാ സ്ഥാപനമെന്ന‌് വിശേഷിപ്പിക്കപ്പെട്ടിരുന്ന തെരഞ്ഞെടുപ്പ‌ു കമീഷന്റെ പ്രതിച്ഛായ  പൂർണമായും തകർക്കപ്പെട്ടു കഴിഞ്ഞു. ഭരണകക്ഷിയുടെ വിധേയദാസനായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ‌ു കമീഷനെയാണ‌് തെരഞ്ഞെടുപ്പ‌ു പ്രചാരണ കാലയളവിൽ ഉടനീളം കണ്ടത‌്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ‌്ട്രമായ ഇന്ത്യയിൽ 16 ലോക‌്സഭാ തെരഞ്ഞെടുപ്പുകളും നിരവധിയായ നിയമസഭാ തെരഞ്ഞെടുപ്പുകളും പക്ഷപാതരഹിതമായി വിജയകരമായി നടത്തിയ പാരമ്പര്യമുള്ള കേന്ദ്ര തെരഞ്ഞെടുപ്പ‌ു കമീഷൻ ഇന്നിപ്പോൾ അതിന്റെ എല്ലാ വിശ്വാസ്യതയും കളഞ്ഞുകുളിച്ച‌് പൊതുജനമധ്യത്തിൽ വിവസ‌്ത്രമാക്കപ്പെട്ട നിലയിലാണ‌്.

1951 –-52 കാലയളവിലായി നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ‌് സുകുമാർ സെന്നെന്ന മുഖ്യതെരഞ്ഞെടുപ്പ‌ു കമീഷണറുടെ നേതൃത്വത്തിൽ പരിമിതമായ വിഭവങ്ങളുപയോഗപ്പെടുത്തി വിജയകരമായി സംഘടിപ്പിച്ചത‌ു മുതൽ തലയുയർത്തിനിൽക്കുന്ന ഭരണഘടനാ സ്ഥാപനമാണ‌് കേന്ദ്ര തെരഞ്ഞെടുപ്പ‌ു കമീഷൻ. എക‌്സിക്യൂട്ടീവിന്റെ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പു കമീഷൻ വലിയ പരാതികൾക്ക‌് ഇടനൽകാതെ നിഷ‌്പക്ഷമായ പ്രവർത്തനമാണ‌് നാളിതുവരെ കാഴ‌്ചവച്ചത‌്. മോഡി സർക്കാർ അധികാരത്തിൽ വന്നതുമുതൽ കമീഷന്റെ പ്രവർത്തനങ്ങളിൽ താളംതെറ്റൽ പ്രകടമായി. തങ്ങളുടെ ചൊൽപ്പടിക്ക‌് നിൽക്കുന്നവരെ കമീഷനിലേക്ക‌് തിരുകിക്കയറ്റുന്നതിൽ മോഡി സർക്കാർ പ്രത്യേകം ശ്രദ്ധ പുലർത്തി. ഇതോടെ കമീഷൻ തീരുമാനങ്ങൾ ആദ്യം ബിജെപി കാര്യാലയത്തിലേക്ക‌് എത്തിത്തുടങ്ങി. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ‌ുതീയതി കമീഷൻ പ്രഖ്യാപിക്കുന്നതിന‌ു മുമ്പായി തന്നെ ബിജെപിയുടെ ഐടി സെൽ തലവൻ ട്വിറ്ററിലൂടെ അറിയിച്ചു.

സൈന്യത്തിന്റെ പേരിൽ വോട്ട‌് തേടി
17–-ാമത് ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ചത‌ുമുതൽ കമീഷൻ വീണ്ടും വിവാദത്തിലായി. തെരഞ്ഞെടുപ്പ‌ു പ്രഖ്യാപനംതന്നെ സാധാരണയിലും ഒരാഴ‌്ച വൈകിയാണുണ്ടായത‌്. കർഷകർക്ക‌് ധനസഹായം അടക്കം തെരഞ്ഞെടുപ്പ‌ുകോഴയ‌്ക്ക‌് സമാനമായി ചില ജനപ്രിയ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന‌് മോഡി സർക്കാരിന‌് ആവശ്യമായ സാവകാശം ഒരുക്കുകയായിരുന്നു കമീഷൻ ഇതുവഴി. മാർച്ച‌് പത്തിനായിരുന്നു തെരഞ്ഞെടുപ്പ‌ു പ്രഖ്യാപനം. അന്നുമുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. രാഷ്ട്രീയ പാർടികൾ തങ്ങളുടെ തെരഞ്ഞെടുപ്പ‌ുനേട്ടങ്ങൾക്കായി സൈന്യത്തെയോ മതത്തെയോ ദുരുപയോഗിക്കരുതെന്നത‌്  പെരുമാറ്റച്ചട്ടത്തിലെ പ്രധാന വ്യവസ്ഥയാണ‌്. എന്നാൽ, ഈ രണ്ട‌ു വ്യവസ്ഥയും ബിജെപി നേതാക്കൾ തുടർച്ചയായി ലംഘിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത‌് ഷായും തങ്ങളുടെ പ്രചാരണയോഗങ്ങളിൽ സൈന്യത്തിന്റെ പേരിൽ വോട്ടുതേടി. കന്നി വോട്ടർമാർ വോട്ടുചെയ്യുമ്പോൾ പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരെയും ബാലാകോട്ട‌് ആക്രമണത്തിൽ ഉൾപ്പെട്ട സൈനികരെയും ഓർമിക്കണമെന്ന‌് മോഡി ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥ‌് ഒരു പടികൂടി കടന്ന‌് ഇന്ത്യൻ സേന മോഡിയുടെ സേനയാണെന്ന വിശേഷണംവരെ നടത്തി. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ പിന്നീട‌് മതത്തിന്റെ പേരിലായി അധിക്ഷേപങ്ങൾ. വയനാട്ടിൽ ഒരു റാലി നടന്നാൽ അത‌് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന‌് തിരിച്ചറിയുക പോലും അസാധ്യമെന്ന‌് അമിത‌് ഷാ പരിഹസിച്ചു. ഭൂരിപക്ഷം ന്യൂനപക്ഷമായ സുരക്ഷിത മണ്ഡലത്തിൽ രാഹുൽ അഭയംപ്രാപിച്ചുവെന്നായിരുന്നു മോഡിയുടെ പരാമർശം.

മോഡിയുടെയും അമിത‌് ഷായുടെയും തുടർച്ചയായ ചട്ടലംഘനം തെളിവടക്കം പരാതിയായി കമീഷൻ മുമ്പാകെയെത്തി. മോഡിക്കെതിരായി ആറ‌ു പരാതിയും ഷായ‌്ക്കെതിരായി അഞ്ച‌ു പരാതിയും. എന്നാൽ, ഈ പരാതികളിൽ തീർപ്പുകൽപ്പിക്കാതെ കമീഷൻ അടയിരുന്നു. ഒടുവിൽ പരാതിക്കാർക്ക‌് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. തുടർച്ചയായ ക്ലീൻ ചിറ്റുകളാണ‌് പിന്നീടു കണ്ടത‌്. മുഖ്യതെരഞ്ഞെടുപ്പ‌ു കമീഷണർ സുനിൽ അറോറയും കമീഷനംഗം സുശീൽ ചന്ദ്രയുമാണ‌് ക്ലീൻ ചിറ്റുകളിൽ ഒപ്പുവച്ചത‌്. മറ്റൊരു കമീഷനംഗം അശോക‌് ലവാസ മോഡിക്കും ഷായ‌്ക്കുമെതിരായ പരാതികളിൽ ക്ലീൻ ചിറ്റിന‌് വിസമ്മതിച്ചു. മാത്രമല്ല, മോഡിയുടെ തെരഞ്ഞെടുപ്പ‌ു പ്രസംഗങ്ങളുടെ ഭാഗമായുള്ള പ്രാദേശിക വിവരശേഖരണത്തിന‌് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നു എന്ന പരാതിയിലും ലവാസ ക്ലീൻ ചിറ്റിന‌് വിസമ്മതിച്ചു. ഇവിടെ നിതിഅയോഗും പ്രധാനമന്ത്രി കാര്യാലയവുമായിരുന്നു പ്രതിസ്ഥാനത്ത‌്.

കമീഷന്റെ നിസ്സംഗസമീപനം
ചട്ടലംഘനം നടത്തിയതിന‌് യോഗി ആദിത്യനാഥിനും പ്രഗ്യ സിങ്ങിനും മറ്റും പ്രചാരണവിലക്ക‌് ഏർപ്പെടുത്തിയ കമീഷൻ എന്നാൽ സമാനമായ വിധത്തിൽ ചട്ടലംഘനം നടത്തിയിട്ടും മോഡിയെയും ഷായെയും സ‌്പർശിച്ചില്ല. ഈ രണ്ട‌ു നേതാക്കളും കമീഷന്റെയും മറ്റും നിയന്ത്രണത്തിന‌പ്പുറം നിൽക്കുന്നവരെന്ന പ്രതീതിയാണ‌് സൃഷ്ടിക്കപ്പെട്ടത‌്. ഏറ്റവുമൊടുവിൽ അവസാനഘട്ട പ്രചാരണത്തിന്റെ തൊട്ടുതലേന്ന‌് കേദാർനാഥിൽ പോയി കാവിചുറ്റി ഗുഹയിൽ മോഡി ധ്യാനമിരുന്നതും കമീഷൻ കണ്ടില്ലെന്ന‌് നടിച്ചു. ‘ഹർ ഹർ മഹാദേവ‌്’ എന്നും മറ്റും മോഡി ക്യാമറകൾക്ക‌ു മുന്നിൽ ഉദ‌്ഘോഷിച്ചപ്പോൾ അതൊന്നും ചട്ടലംഘനമായി കമീഷൻ പരിഗണിച്ചതേയില്ല. മോഡിക്കും ഷായ‌്ക്കും ചട്ടങ്ങളൊന്നും ബാധകമായതേയില്ല. വോട്ടിങ‌് യന്ത്രങ്ങളുടെ കാര്യത്തിൽ പ്രതിപക്ഷ പാർടികൾ ഉന്നയിച്ച പരാതിയും കമീഷൻ ഗൗരവത്തിൽ പരിഗണിച്ചില്ല. ഒടുവിൽ പ്രതിപക്ഷത്തിന‌് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. 20 ലക്ഷത്തോളം  വോട്ടിങ് യന്ത്രം കാണാനില്ലെന്ന വാർത്തയോടും കമീഷൻ പുലർത്തിയത‌് നിസ്സംഗ സമീപനം.

തെരഞ്ഞെടുപ്പ‌ു കമീഷനും വിശ്വാസ്യത കളഞ്ഞുകുളിച്ചതോടെ മോഡി സർക്കാർ ദുർബലമാക്കിയ സ്ഥാപനങ്ങളുടെ പട്ടിക കൂടുതൽ വിപുലപ്പെടുകയാണ‌്. സർക്കാരിന‌് താൽപ്പര്യമുള്ള കേസുകളിൽ ഇടപെടൽ നടക്കുന്നുവെന്ന‌് ആരോപിച്ച‌് സുപ്രീംകോടതിയിലെ അഞ്ച‌് ന്യായാധിപന്മാർ വാർത്താസമ്മേളനം വിളിച്ചുചേർക്കേണ്ടിവന്ന അസാധാരണ സാഹചര്യം മോഡി സർക്കാരാണ‌് സൃഷ്ടിച്ചത‌്

മൂന്നംഗ കമീഷനിൽ അശോക‌് ലവാസ മാത്രം ചട്ടങ്ങളിലും കീഴ‌്‌വഴക്കങ്ങളിലും നിഷ‌്പക്ഷതയിലും ഉറച്ചുനിന്നു. തന്റെ വിയോജിപ്പുകൾ രേഖപ്പെടുത്തണമെന്ന‌് ലവാസ ആവശ്യപ്പെട്ടെങ്കിലും മറ്റ‌ു രണ്ടുപേർ ഈ ആവശ്യം തള്ളി. ചട്ടലംഘന വിഷയവുമായി ബന്ധപ്പെട്ടും തന്റെ വിയോജിപ്പുകൾ രേഖപ്പെടുത്താത്തതിൽ പ്രതിഷേധിച്ചും എട്ട‌് കത്താണ‌് ലവാസ മുഖ്യതെരഞ്ഞെടുപ്പ‌ു കമീഷണർക്ക‌് അയച്ചത‌്. തന്റെ നിലപാടിന‌് വില നൽകാത്തതിൽ പ്രതിഷേധിച്ച‌് മെയ‌് 18 മുതൽ ചട്ടലംഘന വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന കമീഷൻ യോഗങ്ങളിൽനിന്ന‌് ലവാസ വിട്ടുനിന്നു. കമീഷന്റെ ചരിത്രത്തിൽ തന്നെ ഈവിധമൊരു പ്രതിഷേധം ആദ്യമായിരുന്നു. വിവാദം ആളിപ്പടർന്നതോടെയാണ‌് ചൊവ്വാഴ‌്ച വിഷയം ചർച്ചചെയ്യാൻ ഫുൾ കമീഷൻ യോഗമിരുന്നത‌്. ഇവിടെയും അത്ഭുതമൊന്നും സംഭവിച്ചില്ല. അറോറയും ചന്ദ്രയും ചേർന്ന‌് ഭൂരിപക്ഷത്തിന്റേതായ തീട്ടൂരം അടിച്ചേൽപ്പിച്ചു. അർധ ജുഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ മാത്രമാണ‌് വിയോജിപ്പ‌് രേഖപ്പെടുത്താറുള്ളതെന്നും തെരഞ്ഞെടുപ്പ‌ു കമീഷൻ അർധ ജുഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനമല്ലെന്നുമാണ‌് അറോറയുടെയും ചന്ദ്രയുടെയും വാദം. എന്നാൽ, ഒന്നിലധികം അംഗങ്ങളുള്ള നിയമപരമായി സ്ഥാപിക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ വ്യവസ്ഥാപിതമായ ചില നടപടിക്രമങ്ങളുണ്ടെന്ന‌് ലവാസ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ‌ു കമീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ‌്. അതുകൊണ്ട‌് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട‌്. ഭരണഘടനയുടെ 324–-ാം വകുപ്പുപ്രകാരമാണ‌് മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട‌് നോട്ടീസുകൾ അയക്കാൻ കമീഷന‌് അധികാരമുള്ളത‌്. സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമൊക്കെ നിയന്ത്രിച്ചുള്ളതാകും കമീഷന്റെ ഇത്തരം ഉത്തരവുകൾ. അതുകൊണ്ട‌ുതന്നെ നിയന്ത്രണത്തിന‌് വിധേയനാകുന്ന വ്യക്തിക്ക‌് അതിന്റെ കാര്യകാരണങ്ങളെ കുറിച്ച‌് അറിയാനുള്ള അവകാശമുണ്ട‌്. ഈയൊരു സാഹചര്യത്തിൽ വിയോജിപ്പുകൾകൂടി രേഖപ്പെടുത്തേണ്ടത‌് പരമപ്രധാനമാണ‌്–-ലവാസ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ‌ു കമീഷനും വിശ്വാസ്യത കളഞ്ഞുകുളിച്ചതോടെ മോഡി സർക്കാർ ദുർബലമാക്കിയ സ്ഥാപനങ്ങളുടെ പട്ടിക കൂടുതൽ വിപുലപ്പെടുകയാണ‌്. സർക്കാരിന‌് താൽപ്പര്യമുള്ള കേസുകളിൽ ഇടപെടൽ നടക്കുന്നുവെന്ന‌് ആരോപിച്ച‌് സുപ്രീംകോടതിയിലെ അഞ്ച‌് ന്യായാധിപന്മാർ വാർത്താസമ്മേളനം വിളിച്ചുചേർക്കേണ്ടിവന്ന അസാധാരണ സാഹചര്യം മോഡി സർക്കാരാണ‌് സൃഷ്ടിച്ചത‌്. ഇന്നിപ്പോൾ സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് തന്നെ ലൈംഗികപീഡന കേസിൽ ആരോപണവിധേയനായി നിൽക്കുമ്പോൾ ജഡ‌്ജിമാർക്കിടയിലെ പരസ‌്പര വിശ്വാസമില്ലായ‌്മ അതിന്റെ പാരമ്യത്തിലാണ‌്. സർക്കാരിന‌് ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയെ മറികടക്കുന്നതിനായി സർക്കാർ പാർലമെന്ററി നടപടിക്രമങ്ങൾ പലവട്ടം അട്ടിമറിച്ചു. റിസർവ‌് ബാങ്കിന്റെ പ്രവർത്തനസ്വാതന്ത്ര്യം പൂർണമായും ഇല്ലാതാക്കി. സിബിഐ, സിവിസി തുടങ്ങിയ അന്വേഷണ ഏജൻസികൾ സർക്കാരിന്റെ കളിപ്പാവകളായി മാറി. എക‌്സിറ്റ‌് പോൾ ഫലങ്ങൾ പ്രകാരം വീണ്ടുമൊരു അഞ്ചുവർഷംകൂടി മോഡി സർക്കാരിന‌് ലഭിച്ചാൽ ബിജെപി എംപി സാക്ഷി മഹാരാജ‌് പറഞ്ഞതുപോലെ ഇനിയൊരു ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഉണ്ടാകുമോയെന്ന‌് കണ്ടറിയേണ്ടിവരും.


പ്രധാന വാർത്തകൾ
 Top