18 October Monday

അഫ്ഗാനിൽ സംഭവിച്ചത് - എളമരം കരീം എഴുതുന്നു

എളമരം കരീംUpdated: Tuesday Sep 7, 2021

അമേരിക്കൻ പിന്തുണയോടെ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് പദവിയിലിരുന്ന അഷ്റഫ് ഗനിയുടെ ഭരണം 2021 ആഗസ്ത്‌ 15ന് നിലംപരിശായി. 20 വർഷമായി അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് ഉയർത്തിക്കാണിച്ച അഫ്ഗാനിലെ ജനാധിപത്യ ഭരണകൂടം ഭൂരിപക്ഷ ജനതയുടെ പിന്തുണ ഇല്ലാത്തതായിരുന്നു. അഴിമതിയിൽ മുങ്ങിയ ഗനിയുടെ യഥാർഥ അവസ്ഥ കുത്തകമാധ്യമങ്ങൾ മറച്ചുവച്ചു. ആയിരക്കണക്കിന് മനുഷ്യരാണ് അമേരിക്കയുടെയും കൂട്ടാളികളുടെയും ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

2001 സെപ്തംബർ 11ന് വേൾഡ് ട്രേഡ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോർജ്‌ ബുഷ് കൊട്ടിഘോഷിച്ച ‘‘ഭീകരതയ്‌ക്കെതിരായ യുദ്ധ''ത്തിന് നിഗൂഢ ലക്ഷ്യങ്ങളുണ്ടായിരുന്നു. 1980കളിൽ സോവിയറ്റ് സേനയ്‌ക്കെതിരെ ജിഹാദ് (വിശുദ്ധ പോരാട്ടം) സംഘടിപ്പിച്ച മുജാഹിദീൻ എന്ന ഭീകര പ്രസ്ഥാനത്തിന്റെ ഉൽപ്പന്നമായിരുന്നു ഒസാമ ബിൻലാദനും താലിബാൻ ഭരണകൂടവും. ലാദനും മറ്റ് ഇസ്ലാമിക തീവ്രവാദ സംഘടനകൾക്കും സാമ്പത്തികസഹായം നൽകിയത് അമേരിക്കയായിരുന്നു. ഈ ഭീകരപ്രസ്ഥാനത്തിൽനിന്നാണ് പിന്നീട് അൽഖായ്ദ രൂപംകൊണ്ടത്. പഷ്തൂൺ ദേശീയ മുജാഹിദീൻ പോരാളികളിലൂടെയാണ് താലിബാൻ ജന്മമെടുത്തത്.

ബുഷും കൂട്ടാളികളും ആരംഭിച്ച ഭീകരതയ്‌ക്കെതിരായ പോരാട്ടം അമേരിക്കയുടെ കടന്നാക്രമണത്തിനും കൈയേറ്റത്തിനുമുള്ള മുഖംമൂടിമാത്രമായിരുന്നു. അഫ്ഗാനിസ്ഥാനുശേഷം അവരുടെ ലക്ഷ്യം 2003 മാർച്ചുമുതൽ ഇറാഖായിരുന്നു. സദ്ദാം ഹുസൈന് ‘‘അൽ ഖായ്ദ''യുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. മതനിരപേക്ഷഭരണത്തിന് നേതൃത്വം നൽകിയ സദ്ദാം നിരീശ്വരവാദിയാണെന്നായിരുന്നു ബിൻലാദന്റെ ആക്ഷേപം. അമേരിക്കയുടെ യുദ്ധം പിന്നീട് ലിബിയയിലേക്കും സിറിയയിലേക്കും വ്യാപിപ്പിച്ചു.

രണ്ടാം ലോകമഹായുദ്ധാനന്തരം സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ സുശക്തമായ സോഷ്യലിസ്റ്റ് ചേരി ഉയർന്നു. സാമ്രാജ്യത്വ ശക്തികൾ ആരംഭിച്ച ‘‘ശീതയുദ്ധം'' സോവിയറ്റ് യൂണിയനെ തകർക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു. 1981–-89 കാലത്ത് പ്രസിഡന്റ് റീഗൻ നടപ്പാക്കിയ നയം ‘‘കൈയൂക്കിന്റെ വിദേശ''നയമായിരുന്നു. ഈ നയം ബുഷും തുടർന്നു. സദ്ദാംഹുസൈൻ കൂട്ടക്കൊലയ്‌ക്കുള്ള ആയുധങ്ങൾ സംഭരിച്ച് വച്ചിരിക്കുന്നത്  ലോകത്തിനാകെ ഭീഷണിയാണെന്ന്‌ ആരോപിച്ചാണ് ഇറാഖിനുനേരെ കടന്നാക്രമണം നടത്തിയത്. ഇറാഖിലെ എണ്ണസമ്പത്ത് കൈവശപ്പെടുത്തിയ യുഎസ്‌ കമ്പനികൾ വൻസമ്പത്ത് നേടി. 1700ൽപ്പരം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിട്ടും ഒരു ആയുധശേഖരവും കണ്ടെത്താനായില്ല.

അധിനിവേശത്തിന് പുറപ്പെട്ട അമേരിക്കയ്‌ക്ക് കൊറിയൻ യുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലും നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അമേരിക്കൻ സേനയെ വിയറ്റ്നാം പോരാളികൾ തുരത്തി. ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ കമ്പനികൾ കുറെ സമ്പത്ത് കൈവശപ്പെടുത്തിയതല്ലാതെ സാമ്രാജ്യ മോഹികൾക്ക് വലിയ നേട്ടം കൈവരിക്കാനായില്ല. ഇറാഖ് ജനതയ്‌ക്ക് വലിയ നഷ്ടം സംഭവിച്ചു. ജോർജ് ബുഷ് വിജയപ്രഖ്യാപനം നടത്തുമ്പോഴും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) എന്ന ഭീകരസംഘടന രൂപംകൊണ്ട് കഴിഞ്ഞിരുന്നു. ഐഎസ് നേതാവ് അബൂബക്കർ അൽബാഗ്ദാദി സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. അമേരിക്കൻ സൈനികാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടു. ഇതോടെ ലോകം സുരക്ഷിതമായെന്ന് ഡോണൾഡ് ട്രംപ്‌ വീമ്പടിച്ചു. എന്നാൽ, ഐഎസ് അല്ലെങ്കിൽ അതിന്റെ വകഭേദങ്ങൾ പലരാജ്യങ്ങളിലേക്കും വ്യാപിച്ചു. ലോകാധിപത്യമോഹവുമായി തന്നെയാണ് ഇപ്പോഴും അമേരിക്ക മുന്നോട്ട് പോകുന്നത്. സാമ്പത്തിക രംഗത്ത് ചൈനയിൽ നിന്നുള്ള കടുത്ത മത്സരവും അഫ്ഗാനിൽനിന്ന് ലഭിച്ച തിരിച്ചടിയും അമേരിക്കൻ മോഹങ്ങൾക്ക് പ്രതിബന്ധമാകും.


 

യുഎസ്‌ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറുടെ ദേശീയ സുരക്ഷാഉപദേഷ്ടാവ് പോളണ്ടിൽനിന്ന് വിമതനായി അമേരിക്കയിൽ എത്തിയ ‘‘ബ്രെസൻസ്കി'' ആയിരുന്നു. സോവിയറ്റ് ചേരിയിലുണ്ടായിരുന്ന പോളണ്ടിനെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെയും സോഷ്യലിസത്തിൽനിന്ന് മോചിപ്പിക്കാൻ വ്രതമെടുത്ത ആളായിരുന്നു ‘‘ബ്രെസൻസ്കി''. സോവിയറ്റ് പട്ടാളത്തെ അഫ്ഗാനിസ്ഥാനിൽ കുടുക്കിയിടുക അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. ഈ ലക്ഷ്യംവച്ചാണ് 1979ൽ ഒരു പ്രത്യേക സേനയെ അമേരിക്ക അഫ്ഗാനിലേക്കയച്ചത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർടി ഓഫ് അഫ്ഗാനിസ്ഥാൻ നേതൃത്വത്തിലുള്ള ഭരണമായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. ഡോ. നജീബുള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണകൂടം ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു. ജനാധിപത്യഭരണത്തിൽ മുമ്പൊരിക്കലുമില്ലാത്ത നേട്ടങ്ങളാണ് സ്ത്രീകൾ കൈവരിച്ചത്. എല്ലാ പെൺകുട്ടികളും ഹെസ്കൂളുകളിലും സർവകലാശാലകളിലും പഠിക്കാനാരംഭിച്ചു. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും അവസരം ലഭിച്ചു. മുജാഹിദിൻ എന്ന ഭീകരപ്രസ്ഥാനം കീഴടക്കുന്നതുവരെ ഇതേനില തുടർന്നു.

പഴയ ഭൂഉടമകളും ഫ്യൂഡൽ പ്രഭുക്കളും അവരുടെ ശിങ്കിടികളും കടുത്ത അമർഷത്തിലായി. മതതീവ്രവാദ പ്രസ്ഥാനങ്ങളും ഇവരോടൊപ്പം ചേർന്നു. ഈ പിന്തിരിപ്പൻ ശക്തികൾക്ക് പാകിസ്ഥാൻ ശക്തമായ പിന്തുണ നൽകി. അമേരിക്കൻ പണവും ആയുധങ്ങളും പാക് ചാരസംഘടനയും ചേർന്നായിരുന്നു അട്ടിമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇവരെ ഒറ്റയ്‌ക്ക് നേരിടാൻ പിഡിപിഎ പാർടിയുടെ സർക്കാരിനാകുമായിരുന്നില്ല. ഡോ.നജീബ് സോവിയറ്റ് യൂണിയന്റെ സഹായം തേടി. ബ്രഷ്നേവ്, സോവിയറ്റ് സേനയെ കാബൂളിലേക്കയച്ചു. പിന്നീട് ഒസാമ ബിൻലാദനെ നേതാവായി സിഐഎ ഉയർത്തിക്കൊണ്ടുവന്നു.

2001ൽ അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്ക സൈന്യത്തെ അയച്ച നടപടിയെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയി ശക്തമായി പിന്തുണച്ചു. സാമ്രാജ്യത്വ അധിനിവേശത്തോട് ബിജെപിയുടെ നിലപാട് വ്യക്തമാക്കുന്നതാണ് ഈ സംഭവം. സോവിയറ്റ് സേന അഫ്ഗാനിലേക്ക് ചെന്നതിനെതിരെ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി കടുത്ത പ്രചാരണം നടത്തി. ‘‘റഷ്യൻ ചെങ്കരടി അഫ്ഗാനിൽനിന്ന് കടന്ന് പുറത്ത് പോവുക'' എന്ന പോസ്റ്റർ നാടെമ്പാടും അവർ പതിച്ചു. എന്നാൽ, അമേരിക്കൻ സൈന്യം ചെന്നതിനെ എതിർത്തില്ല.


 

ഗോർബച്ചേവ് സോവിയറ്റ് സേനയെ പിൻവലിച്ചു. തുടർന്ന് മുജാഹിദ്ദീൻ, താലിബാൻ ശക്തികൾ അമേരിക്കൻ, പാകിസ്ഥാൻ, നാറ്റോ ശക്തികൾ എന്നിവരുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിൽ ഡോ. നജീബിന്റെ ഭരണം തകർന്നു. ഡോ. നജീബിനെ കൊലപ്പെടുത്തി കാബൂൾ തെരുവിലെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിത്തൂക്കി. ഇസ്ലാമിന്റെ പേരിൽ തീവ്രവാദം പ്രചരിപ്പിക്കുന്ന കൂട്ടരുടെ പൈശാചികത ലോകം കണ്ടു.

അഫ്ഗാനിലെ ആദ്യ മതനിരപേക്ഷ പുരോഗമന സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക പദ്ധതി തയ്യാറാക്കി. ‘‘ഓപ്പറേഷൻ സൈക്ലോൺ''എന്നായിരുന്നു സിഐഎ നൽകിയ പേര്. മുസ്ലിം രാജ്യങ്ങളിൽ നിന്നെല്ലാം തീവ്രവാദികളെ റിക്രൂട്ട് ചെയ്ത് രൂപീകരിച്ച രഹസ്യസേനയ്‌ക്ക് പ്രത്യേക ക്യാമ്പുകളിൽ പാകിസ്ഥാൻ രഹസ്യ ഏജൻസി, അമേരിക്കൻ സിഐഎ, ബ്രിട്ടന്റെ ‘എം 16' എന്ന ഏജൻസി എന്നിവരാണ് പരിശീലനം നൽകിയത്. മറ്റ് ചിലരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ചത് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ പ്രവർത്തിക്കുന്ന ‘‘ഇസ്ലാമിക് കോളേജ് ''ആയിരുന്നു. ഇവരിൽ ഒരാളായിരുന്നു സൗദിയിൽനിന്നുള്ള എൻജിനിയർ ഒസാമ ബിൻലാദൻ. അന്തിമമായി സോവിയറ്റ് സൈന്യം അഫ്ഗാനിൽനിന്ന് തിരിച്ചുപോയി. മതനിരപേക്ഷ സർക്കാർ തകരുകയും ചെയ്തു. അഫ്ഗാൻ ആഭ്യന്തര കലാപത്തിലായി. ഒടുവിൽ 1996ൽ താലിബാൻ ഭരണത്തിലെത്തി.

2001 സെപ്തംബർ 11ന് ന്യൂയോർക്കിലെ ലോക വ്യാപാര സമുച്ചയങ്ങൾക്കുനേരെ ഭീകരാക്രമണം നടന്നശേഷം അമേരിക്കയുടെ നിലപാട് മാറി. ബിൻലാദനും അൽഖായ്ദയുമാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് അവർ ആരോപിച്ചു. ബിൻലാദനെ അമേരിക്കയ്‌ക്ക് വിട്ടുനൽകാൻ പ്രസിഡന്റ് ബുഷ് താലിബാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വിചാരണ നടത്തി കുറ്റക്കാരനാണെന്ന് കണ്ടാൽ ലാദനെ കൈമാറാമെന്നായിരുന്നു താലിബാൻ നിലപാട്. 2001 ഒക്ടോബർ ഏഴിന് അമേരിക്ക അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണം ആരംഭിച്ചു. ഏഴ് ദിവസത്തിനുശേഷം, ബോംബാക്രമണം നിർത്തിയാൽ ബിൻലാദനെ ഒരു മൂന്നാം രാജ്യത്തിന് കൈമാറാം എന്ന് താലിബാൻ പ്രഖ്യാപിച്ചു. ബുഷ് വഴങ്ങിയില്ല. 2001 ഡിസംബർ ആകുമ്പോഴേക്ക് താലിബാന് ഭരണനിയന്ത്രണം നഷ്ടപ്പെട്ടു. നേതാവ് മുല്ല ഉമർ രാജ്യം വിട്ടു. തുടർന്ന് അമേരിക്കൻ താൽപ്പര്യം അനുസരിച്ച് ഐക്യരാഷ്ട്ര സഭ ഇടപെട്ട് ‘ഹമീദ് കർസായി'യെ താൽക്കാലിക ഭരണത്തലവനാക്കി.

അമേരിക്ക വളർത്തിയെടുത്ത താലിബാൻ അവർക്കുതന്നെ തലവേദനയായി. ഡോണൾഡ് ട്രംമ്പ് താലിബാനുമായി ചർച്ച നടത്തി. അഫ്ഗാനിൽനിന്ന് അമേരിക്ക പിന്മാറുക, താലിബാന് അധികാരം കൈമാറുക എന്നതായിരുന്നു ചർച്ചാവിഷയം. ആഗസ്‌ത്‌ 31നകം സേനയെ പിൻവലിക്കുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. ഈ ചർച്ചകൾ നടക്കുമ്പോഴെല്ലാം കാബൂൾ ലക്ഷ്യമാക്കി താലിബാൻ സേന മുന്നേറുകയായിരുന്നു.

2021 ആഗസ്ത്‌ 15ന് താലിബാൻ സേന കാബൂളിൽ കടന്നു. ഒരു വെടിയൊച്ചപോലും കേൾക്കേണ്ടി വന്നില്ല. അമേരിക്ക പണവും ആയുധവും നൽകി പരിശീലിപ്പിച്ച അഫ്ഗാൻസേന താലിബാന് മുമ്പിൽ കീഴടങ്ങി. ചുമരെഴുത്ത് മനസ്സിലാക്കാൻ ഇന്ത്യ വളരെ വൈകി. കാബൂളിൽനിന്ന് അംബാസഡറെയും ഉദ്യോഗസ്ഥരെയും പെട്ടെന്ന് പിൻവലിച്ചു. റഷ്യൻ എംബസി കാബൂളിൽ ഇപ്പോഴും പ്രവർത്തിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം സ്ഥാപിക്കുമെന്ന് താലിബാൻ പറയുന്നു. തെക്കൻ ഏഷ്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന പുതിയ സംഭവങ്ങൾ ഇന്ത്യ ഗൗരവമായി വീക്ഷിക്കണം. അമേരിക്കയുടെ ശിങ്കിടിയായി സാമ്രാജ്യത്വ താൽപ്പര്യത്തിനനുസരിച്ച് പോകുന്നത് രാജ്യതാൽപ്പര്യത്തിന് ഹാനികരമാണ്. ഇന്ത്യൻ വിദേശനയത്തിൽ മാറ്റം വരുത്തണം.

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ തെക്കൻ ഏഷ്യയിൽ ഇസ്ലാമിക തീവ്രവാദം വളരാൻ ഇടയാക്കും. ‘ഹിന്ദുത്വ'നയം സ്വീകരിക്കുന്ന മോഡി സർക്കാരിന്റെ നിലപാട് ഇന്ത്യയിൽ സ്ഥിതി വഷളാക്കും. ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്ന അഫ്ഗാൻ അഭയാർഥികൾക്ക് സംരക്ഷണം നൽകണം. താലിബാൻ ഭരണമേറ്റെടുത്തതോടെ അഫ്ഗാന്റെ ഭാവി എന്താകുമെന്നത് അനിശ്ചിതത്വത്തിലാണ്. ചൂഷണ മുക്തമായ ജനാധിപത്യത്തിന്റെ പൂർണസൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ സാമ്രാജ്യത്വം നടത്തുന്ന കടന്നാക്രമണങ്ങളുടെ അനന്തരഫലമാണ് അഫ്ഗാനിസ്ഥാനും ലോകവും അനുഭവിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top