04 July Saturday

കോവിഡാനന്തരപഠനം, സാധ്യതകൾ - കേരള സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പി പി അജയകുമാർ എഴുതുന്നു

ഡോ. പി പി അജയകുമാർUpdated: Monday May 11, 2020


മറ്റെല്ലാ രംഗങ്ങളിലും എന്നപോലെ വിദ്യാഭ്യാസരംഗത്തും വെല്ലുവിളികളും പ്രതിസന്ധികളും നിറച്ചുകൊണ്ടാണ് കോവിഡ് കാലം കടന്നുപോകുന്നത്.  ക്ലാസുകൾ നടത്താനാകാതെയും പരീക്ഷകൾ മാറ്റിവച്ചും കാത്തിരിക്കുന്ന സർവകലാശാലകളും അധ്യാപകരും വിദ്യാർഥികളും പഠന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള പലവിധ പരിശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.  ഒരു ദോഷൈകദൃക്ക് എല്ലാ അവസരങ്ങളിലും പ്രതിസന്ധി കാണുന്നു, എന്നാൽ ഒരു ശുഭോദൃക്ക് എല്ലാ പ്രതിസന്ധികളിലും അവസരം കാണുന്നു എന്ന് മഹാനായ വിൻസ്റ്റൺ ചർച്ചിൽ സൂചിപ്പിച്ചത് ഇത്തരുണത്തിൽ ഓർക്കുന്നത് ഗുണകരമായിരിക്കും.  പ്രതിസന്ധിയെ  മറികടക്കേണ്ടത്, അതുയർത്തുന്ന വെല്ലുവിളികളെ സമചിത്തതയോടെ നേരിട്ട്, വർധിതവീര്യത്തോടെ മുന്നോട്ടുനീങ്ങുന്നതിനുള്ള ഒരു അവസരമായി കണ്ട് പുതിയ സാധ്യതകൾ പരീക്ഷിക്കുകയും ചെയ്തുകൊണ്ടാണ്.

നേരിട്ട് സംവദിക്കാൻ അനുമതിയില്ലാത്ത ഇക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഒരുവഴി ഓൺലൈൻ പഠനമാണ്.  ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ഓൺലൈൻ ക്ലാസ്റൂം തുടങ്ങി വിവിധതരം സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നുണ്ട്.  വാട്സാപ് ശബ്ദസന്ദേശങ്ങൾവരെ  ഉപയോഗിക്കുന്നു.  ക്ലാസുകൾ വീഡിയോയിൽ പകർത്തി യൂടൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. യുജിസിയുടെ നേതൃത്വത്തിൽ ഇത്തരം വീഡിയോകൾ പഠന സഹായിയായി ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നേരത്തെതന്നെ ആരംഭിച്ചിരുന്നു.  നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐ സി ടിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ഇ–പാഠശാല, ഇ–അധ്യാൻ, സ്വയം തുടങ്ങിയ സംരംഭങ്ങൾ ഉദാഹരണം. 

മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തിന് സമാന്തരമായി നിലനിന്നുപോരുന്ന പഠന രീതിയാണ് വിദൂര പഠനം. അധ്യാപകനും വിദ്യാർഥിയും അകലങ്ങളിൽ ഇരുന്ന് പഠനപ്രവർത്തനം നടത്തുന്ന ഈ രീതി സാമൂഹ്യ അകലം പാലിക്കേണ്ട ഈ കോവിഡ് കാലത്ത് മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രയോഗിക്കുന്നത് ശ്ലാഘനീയം തന്നെ.  വെബ് അധിഷ്ഠിത പഠനങ്ങളും വീഡിയോ പാഠങ്ങളും മറ്റും വിദൂരപഠനത്തിനായി വികസിപ്പിച്ചെടുത്ത പഠനരീതികളാണ്.  വിദൂര പഠനം വികാസം പ്രാപിച്ച രാജ്യങ്ങളിൽ സർവകലാശാലകൾ ഓൺലൈൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  കേരളത്തിൽ  വിദൂര പഠനകേന്ദ്രങ്ങൾ ഇത്തരം സേവനങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടേയുളളൂ.  സമാനമായ പ്രതിസന്ധികൾ ഭാവിയിലും വന്നേക്കാം എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.  അതുകൊണ്ടുതന്നെ വിദൂര പഠനത്തിലും മുഖ്യധാരാ വിദ്യാഭ്യാസത്തിലും ഇത്തരം പഠനരീതികളുടെ വിപുലമായ ഉപയോഗം സ്വാഗതം ചെയ്യപ്പേടേണ്ടതാണ്. ഓൺലൈൻ പഠനം വിപുലമാക്കാനുള്ള ശ്രമങ്ങൾ കേരള സർക്കാരും സർവകലാശാലകളും കോളേജുകളും അധ്യാപക വിദ്യാർഥി സംഘടനകളും പത്രസ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും എന്നു വേണ്ട സന്നദ്ധപ്രവർത്തകരുംവരെ തുടങ്ങിയിട്ടുണ്ട്. ഇവർ ഓൺലൈനായി നൽകുന്ന ക്ലാസുകളും വിവിധ വിഷയങ്ങളെ അധികരിച്ച് നിർമിച്ചിട്ടുള്ള വീഡിയോകളും എല്ലാം കൂടിച്ചേരുമ്പോൾ വിദ്യാഭ്യാസ രംഗത്ത് ഒരു നിശബ്ദ വിപ്ലവംതന്നെ നടക്കുന്നതിന്റെ സൂചനകൾ ലഭിക്കുന്നു എന്ന് കാണാം. 


 

ഇത് സമീപ ഭാവിയിൽ ഈ രംഗത്ത് നടക്കാൻ പോകുന്ന മാറ്റത്തിന്റെ ഒരു സൂചകമാണ്. പഠനത്തോടൊപ്പം പരീക്ഷയും മൂല്യനിർണയവും ഓൺലൈനായി നടത്തണം എന്ന അഭിപ്രായവും ഉയർന്നു കേൾക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചില സ്ഥാപനങ്ങളെങ്കിലും ഓൺലൈൻ പരീക്ഷയും മൂല്യനിർണയവും വിജയകരമായി നടത്തുന്നുണ്ട്. എന്നാൽ ഓൺലൈൻപഠനം ഒരു ഒറ്റമൂലിയല്ല എന്നുളളതും അതിന് അമിതപ്രാധാന്യം നൽകി മഹത്വവൽക്കരിക്കുന്നതിലൂടെ മുഖാമുഖ പഠനത്തിന്റെ പ്രാധാന്യം പൂർണമായും ഇല്ലാതാക്കാനുളള ശ്രമം നടക്കുന്നതായും  ഭാവിയിൽ അധ്യാപക തസ്തികകൾ കുറച്ചുകൊണ്ടുവരുന്നതിനുളള ശ്രമങ്ങൾ നടക്കുന്നതായും അഭിപ്രായപ്പെടുന്നവരുണ്ട്. 

വെർച്വൽ പഠനരീതിക്ക്  സാധ്യതകൾ ഏറെയാണെങ്കിലും അതിനു പല പരിമിതികളും ഉണ്ട് .   പ്രധാനമായത് അധ്യാപകനും വിദ്യാർഥിയും നേരിട്ട് മുഖാമുഖം ഏർപ്പെടുന്ന ഒരു പാരസ്പര്യം ലഭിക്കുന്നില്ല എന്നതാണ്.  വിദ്യാർഥികൾ വ്യത്യസ്തരും വ്യതിരക്ത താൽപ്പര്യങ്ങൾ ഉള്ളവരും ആണ്.  അതുകൊണ്ടുതന്നെ അവരുടെ താൽപ്പര്യങ്ങളും കഴിവും മനസ്സിലാക്കി വിദ്യ അഭ്യസിപ്പിക്കണമെങ്കിൽ മുഖാമുഖ പഠനം അത്യാവശ്യമായി വരുന്നു.  ഇതിൽനിന്നും മനസ്സിലാക്കാവുന്ന ഒരു കാര്യം ഓൺലൈൻ പഠനം ഒരിക്കലും മുഖാമുഖ പഠനത്തിനു പകരമായി സങ്കൽപ്പിക്കാനാകില്ല എന്നതാണ്.  അതേസമയം സാമ്പ്രദായിക പഠന രീതിക്ക് അനുപൂരകമായ ഒരു പഠനപ്രക്രിയയായി അതിനെ ഉപയോഗിക്കാമെന്നത് ഇതിനകം പരീക്ഷിച്ചു വിജയം വരിച്ച കാര്യമാണുതാനും.  സങ്കീർണമായ പല പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടു മാത്രമെ ഓൺലൈൻ പഠന, പരീക്ഷാ സമ്പ്രദായങ്ങളെ സ്വാഗതം ചെയ്യാനാകൂ.  അതിൽ ഒന്ന്, ഓൺലൈൻ സേവനങ്ങളുടെ ലഭ്യതയിൽ വിദ്യാർഥികൾക്കിടയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥയാണ്.  രണ്ട്, സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വളർത്തിക്കൊണ്ടുവരുന്ന ഘടനാപരമായ മാറ്റത്തെ ഉൾക്കൊള്ളാൻ തക്ക വിധത്തിൽ ഉള്ള അടിസ്ഥാന സൗകര്യത്തിന്റെ അഭാവമാണ്.  മൂന്ന്, ഇത്തരം സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കാൻ തക്കവണ്ണമുള്ള പരിശീലന പരിപാടികളുടെ കുറവാണ്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളിൽ പൊതുവെയും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിൽനിന്നും ഉപരിപഠനത്തിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന ഒന്നാം തലമുറ പഠിതാക്കളുടെ കാര്യത്തിൽ പ്രത്യേകിച്ചും ഇന്റർനെറ്റ് സൗകര്യമുളള സ്മാർട് ഫോൺ എന്നത് ഒരു കിട്ടാക്കനിയാണ്.  ഇന്റർനെറ്റ് ലഭ്യമായ സ്ഥലങ്ങളിൽ പോലും ഇടതടവില്ലാത്ത വേഗതയാർന്ന ഇന്റർനെറ്റ് സേവനം നൽകാൻ നിലവിലുള്ള സേവനദാതാക്കൾക്ക് കഴിയുന്നില്ല.  ഇവിടെ വെളിവാകുന്നത്, ഓൺലൈൻ പഠന പ്രവർത്തനം വ്യാപിപ്പിക്കുന്നതോടൊപ്പം വലിയൊരു വിഭാഗം വിദ്യാർഥികളുടെ നെറ്റ് സേവന ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടി ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. 

ഓൺലൈൻ പരീക്ഷാസമ്പ്രദായവും മൂല്യനിർണയവും നടപ്പിൽ വരുത്തുന്നതിനു മുന്നോടിയായി അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കേണ്ടതുണ്ട്.  വിപുലമായ കംപ്യൂട്ടർ ലാബുകൾ സജ്ജമാക്കുകയും പരീക്ഷാ നടത്തിപ്പിൽ കാതലായ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്. സമീപകാലത്ത് യുജിസി നിർദേശപ്രകാരം നടപ്പിലാക്കിയ ‘ഔട്ട്കം ബേസ്ഡ് സിലബസ്’പഠിക്കുന്ന വിദ്യാർഥികളുടെ അറിവ് പരിശോധിക്കാൻ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റിനു സാധിക്കുമോ എന്നത് മറ്റൊരു വെല്ലുവിളിയാണ്.

തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്കു മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന ഒരു കാലത്തിൽനിന്നും സാർവത്രിക വിദ്യാഭ്യാസത്തിലേക്കുള്ള വളർച്ചയിൽ ഒരു ചുവടുകൂടി മുന്നോട്ട് പോകാൻ ഓൺലൈൻ പഠനരീതിയിലൂടെ സാധിക്കും. എന്നാൽ എല്ലാ സന്ദർഭത്തിലും ഉപയോഗിക്കാകുന്നതാണ് ഓൺലൈൻ പഠന, പരീക്ഷാരീതികൾ എന്ന് അഭിപ്രായപ്പെടുന്നത് ഉചിതമായിരിക്കില്ല. നിലവിലുളള പഠന സംവിധാനം പാടെ മാറ്റി മുഴുവൻ ഓൺലൈനിലാക്കണം എന്ന രീതിയിലുള്ള വാദങ്ങളും അതിശയോക്തി നിറഞ്ഞതാണ്.  സാമ്പ്രദായിക പഠന, പരീക്ഷാരീതികളും ഓൺലൈൻ സമ്പ്രദായവും സമന്വയിക്കുന്ന ഒരു മാർഗം രൂപപ്പെടുത്തുക. എല്ലാ വിഭാഗം വിദ്യാർഥികളെയും ചേർത്തുനിർത്തുന്ന തരത്തിൽ അതിനെ വിപുലപ്പെടുത്തുകയായിരിക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാതൃക സൃഷ്ടിക്കാൻ പ്രാപ്തരാക്കാൻ പോകുന്ന രീതി. അത്തരമൊരു മാതൃക സൃഷ്ടിക്കാനായാൽ വിദ്യാഭ്യാസരംഗത്ത് ഇനി വന്നേക്കാവുന്ന സമാന പ്രതിസന്ധികളെ അതിജീവിക്കാൻ കേരളം പ്രാപ്തമാകും എന്ന് ഉറപ്പിക്കാം.

(കേരള സർവകലാശാല പ്രൊ വൈസ് ചാൻസലറാണ് ലേഖകൻ)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top