24 April Wednesday

സ്നേഹാവേശമായി നായനാർ

കോടിയേരി ബാലകൃഷ്ണൻUpdated: Saturday May 19, 2018


കേരളീയമനസ്സിലെ നിത്യസ്നേഹസാന്നിധ്യമായ സ. ഇ കെ നായനാരുടെ സ്മരണാഞ‌്ജലി ദിനമാണിന്ന്. കേരളജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നായകരിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു സഖാവ്. ഏറ്റവും പ്രിയങ്കരനായ ജനനേതാവായി നായനാർ മാറിയതെങ്ങനെയാണ് ? '‘ഞാനൊരു കമ്യൂണിസ്റ്റായതു കൊണ്ടാണ്'’ എന്നാകും ജീവിച്ചിരുന്നെങ്കിൽ സഖാവ് നൽകുന്ന ഉത്തരം. ഒരു കമ്യൂണിസ്റ്റെന്ന നിലയിൽ, കർഷകരുടെയും തൊഴിലാളികളുടെയും വർഗപോരാളിയെന്ന നിലയിൽ, പ്രാസംഗികനെന്ന നിലയിൽ, മുഖ്യമന്ത്രിയെന്ന നിലയിൽ, പ്രതിപക്ഷനേതാവെന്ന നിലയിൽ, പത്രാധിപരെന്ന നിലയിൽ അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടി അച്ചടക്കം പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർടിയിലെ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കണ്ടു. ജനങ്ങളോടുള്ള, പ്രത്യേകിച്ച് പതിത വിഭാഗങ്ങളോടുള്ള കൂറായിരുന്നു ഭരണാധികാരിയെന്നനിലയിൽ അദ്ദേഹത്തിന്റെ മുഖമുദ്ര.

ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയെന്ന വിശേഷണം കേവലം ഒരു അലങ്കാരമായല്ല അദ്ദേഹം കണ്ടത്. ഇ എം എസ് സർക്കാരുകളുടെ തുടർച്ചയായ, തന്റെ നേതൃത്വത്തിലുള്ള മൂന്ന് സർക്കാരുകളിലൂടെ ജനങ്ങളുടെയും നാടിന്റെയും അഭിവൃദ്ധിക്കുവേണ്ടി നാഴികക്കല്ലുകൾ സ്ഥാപിച്ചുവെന്നതായിരുന്നു സവിശേഷത.  തോട്ടിപ്പണി കേരളത്തിൽ ഇല്ലാതാക്കിയത് നായനാർ ഭരണമാണ്. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകി ഭരണസംസ്കാരത്തിൽ പുതുമാതൃക സൃഷ്ടിച്ചു. വൈദ്യുതിമിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ഇക്കാലത്ത് നടപ്പാക്കി. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയതിനെ ഉൽപ്പാദനക്ഷമമല്ലെന്ന് ആക്ഷേപിച്ച് കോൺഗ്രസ‌് എതിർത്തപ്പോൾ 70ഉം 80 വയസ്സായ കർഷകത്തൊഴിലാളി അമ്മമാരെ നോക്കിയാണോ നിങ്ങൾ 'ഉൽപ്പാദനക്ഷമതയില്ലായ്മ' എന്ന് പരിഹസിക്കുന്നതെന്ന നായനാരുടെ ചാട്ടുളി പ്രതികരണം വിമർശകരുടെ മുനയൊടിക്കുന്നതായിരുന്നു. ജനങ്ങളുടെ വികാര‐വിചാരങ്ങൾക്ക് ഇണങ്ങുന്ന ഭാഷയിൽ രാഷ്ട്രീയശത്രുക്കൾക്ക് മറുപടി നൽകുന്നതിനുള്ള സാമർഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

പതിനാലുവർഷം മുമ്പ് സഖാവ് നമ്മെ വേർപിരിഞ്ഞു. അസുഖബാധിതനായി തിരുവനന്തപുരം എ കെ ജി ക്വാർട്ടേഴ്സിൽനിന്ന‌് ഡൽഹിയിൽ ചികിത്സയ്ക്ക് പുറപ്പെടുമ്പോൾ നൽകിയ യാത്രാമൊഴി ഇപ്പോഴും  മനസ്സിൽ പച്ചപിടിച്ചുനിൽപ്പുണ്ട്. ‘'ഓൾ റൈറ്റ്! താങ്ക് യു, താങ്ക് യു ഓൾ !'’ എന്ന് കൈവീശി വിടപറഞ്ഞുപോയ ആ ദൃശ്യം മായാത്തതാണ്. നായനാർ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യമുതൽ പയ്യാമ്പലത്തെ ചിതയിലെരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണുനീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം  ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.  ജനങ്ങളോടൊപ്പം കഴിയുന്നതിനും തന്റെ സ്വതഃസിദ്ധമായ നർമബോധത്തോടെ അവരുമായി സംവദിക്കുന്നതിലും അദ്ദേഹം ഏറെ സന്തോഷം കണ്ടെത്തി. ഇതിനുപകരം ജനങ്ങൾ അദ്ദേഹത്തിന് സ്നേഹവും ആരാധനയും വാരിക്കോരിക്കൊടുത്തു. 

ഗോവിന്ദൻ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി 1919 ഡിസംബർ ഒമ്പതിന് ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ കല്യാശ്ശേരിയിൽ ജനിച്ചു.  ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്ന കാലമായിരുന്നു. ആ സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ സമരധീരനായി നായനാർ വളർന്നത് വരുംതലമുറകൾ പഠിക്കേണ്ട ഏടാണ്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ‌് പ്രസ്ഥാനത്തിലെത്തി. കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ ഹരിജൻ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. കോൺഗ്രസ‌് പ്രസിഡന്റായിരുന്ന രാജേന്ദ്ര പ്രസാദ് 1935ൽ മലബാറിൽ വന്നപ്പോൾ നായനാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കല്യാശ്ശേരിയിൽ സ്വീകരണം നൽകി. 'നീ നാടിന്റെ അഭിമാനമാകും'‐നായനാരുടെ ഇളംകൈ കുലുക്കി രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു. രാഷ്ട്രീയപ്രവർത്തനത്തിൽ കൂടുതൽ സജീവമായപ്പോൾ യാഥാസ്ഥിതികനായ അച്ഛൻ പൊതിരെ തല്ലി. അച്ഛന്റെ മനോഭാവത്തോട് വിയോജിച്ച് ആ മകൻ, അമ്മയുടെ പെട്ടിയിൽനിന്നു മോഷ്ടിച്ച ഒന്നര രൂപയുമായി തീവണ്ടി കയറി മംഗലാപുരത്ത് പഠിക്കുന്ന ജ്യേഷ‌്ഠന്റെ അടുത്തെത്തി. അതോടെ മകനെ തല്ലി നേരെയാക്കാമെന്ന വാശി അച്ഛൻ ഉപേക്ഷിച്ചു.

1940ന് മുമ്പുതന്നെ കോൺഗ്രസ‌് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന് കമ്യൂണിസ്റ്റ്് പാർടിയിൽ. സംഘടനാപ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. പാപ്പിനിശ്ശേരി അറോൺമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള നിയോഗിച്ചതോടെ പോരാട്ടങ്ങളുടെ പരമ്പരയായി. 1940 ഏപ്രിലിൽ നടന്ന തൊഴിലാളി പണിമുടക്ക് ആറ് മാസത്തെ ആദ്യ ജയിൽവാസത്തിന് കാരണമായി.  ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മൊറാഴ സംഭവത്തിലെ നേതാക്കളിലൊരാളായി. മൊറാഴയിലെ പ്രതിഷേധ പ്രകടനം മർദകവീരന്മാരായ സബ് ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെയും  മറ്റൊരു പൊലീസുകാരന്റെയും മരണത്തിൽ കലാശിച്ചു. കെ പി ആറിനൊപ്പം പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഒളിവിൽ പോയി. ആ കേസിൽ കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. പക്ഷേ, പ്രതിഷേധം ദേശീയമായി ശക്തമായതോടെ ശിക്ഷ ജീവപര്യന്തമാക്കി.

കർഷകമർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായൻ എന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. പക്ഷേ, അത് കൊലക്കേസായപ്പോൾ അതിൽ നായനാർ മൂന്നാംപ്രതിയായി. വീണ്ടും ഒളിവിൽ. ഈ കാലയളവിലാണ് സുകുമാരൻ എന്ന കള്ളപ്പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറ് വർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല. 1948ൽ അമ്മ മരിച്ചപ്പോൾ നായനാർ ഒളിവിലാ യതിനാൽ എ കെ ജിയാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. 1975 മുതൽ അടിയന്തരാവസ്ഥക്കാലത്തും ഒളിവുജീവിതത്തിലായിരുന്നു.

തികച്ചും ത്യാഗോജ്വലമായ സമര‐സംഘടനാജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരനേതാക്കളിലൊരാളായി. 1955വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956മുതൽ 1967വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും  ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും പാർടി ജിഹ്വകളുടെ പ്രാധാന്യം നായനാർ വേണ്ടപോലെ മനസ്സിലാക്കിയിരുന്നു. ദേശാഭിമാനിയെ തന്റെ ജിവശ്വാസമായി അദ്ദേഹം കണ്ടു. പത്രാധിപരായി പ്രവർത്തിച്ചപ്പോഴും അല്ലാത്തപ്പോഴും ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളും കാണാനും അവയിലെ മികവും  പോരായ്മയും വേർതിരിച്ചു മനസ്സിലാക്കി ഇടപെടുന്നതിലും ശ്രദ്ധിച്ചു. ‘'ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം’' എന്ന് നായനാർ ശാരദ ടീച്ചറിനോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എമ്മിന്റെ മുഖമാസികയായി 'ചിന്ത' മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ ആ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണകാലം മുതൽ കേന്ദ്രകമ്മിറ്റിയംഗമായിരുന്ന സഖാവ് 1998ൽ പൊളിറ്റ്ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു. മൂന്നുതവണയായി 4009 ദിവസം മുഖ്യമന്ത്രിയായും  ആറേമുക്കാൽ വർഷം പ്രതിപക്ഷനേതാവായും ഭരണ‐സമര സംഘടനാ പ്രവർത്തനങ്ങൾ നടത്തിയ നായനാരുടെ ശൈലി മാർക്സിസം‐ലെനിനിസത്തോടുള്ള പ്രതിബദ്ധതയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തതായിരുന്നു. സത്യസന്ധതയുടെയും നിർഭയത്തിന്റേതുമായിരുന്നു ആ ശൈലി.

പാവങ്ങളോടുള്ള സ്നേഹവും  നാടിന്റെ വികസനത്തിനുള്ള കരുതലും കാത്ത നായനാർ സർക്കാരുകൾ ക്രമസമാധാനപാലനത്തിൽ മുന്നിലായിരുന്നു. എന്നാൽ, കണ്ണൂർ ഉൾപ്പെടെ ക്രമസമാധാനത്തകർച്ചയെന്ന് മുറവിളിയുയർത്തി ആർഎസ്എസും യുഡിഎഫും ദേശവ്യാപകമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന നായനാരെ ഡൽഹി കേരള ഹൗസിൽ തടയാൻ കാവിസംഘം അന്ന് വിഫലശ്രമം നടത്തിയിരുന്നു. ആ ശൈലിയുടെ ആവർത്തനമാണ് ഇന്നും ആർഎസ്എസും ബിജെപിയും കാണിക്കുന്നത്. അന്ന് നായനാരെ ആയിരുന്നെങ്കിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെയായി.

ജനാധിപത്യത്തെയും ഭരണഘടനാവ്യവസ്ഥകളെയും നിർലജ്ജം കാറ്റിൽ പറത്തുന്ന അരാജകപൂർണമായ അന്തരീക്ഷമാണ് മോഡി ഭരണത്തിൽ ഇന്ന് കാണുന്നത്. കർണാടകത്തിലെ സംഭവവികാസങ്ങൾ അതാണ് ചൂണ്ടിക്കാട്ടുന്നത്. ഈ പരിതഃസ്ഥിതിയിൽ ആർഎസ്എസ‌് ‐ ബിജെപി വിപത്ത് തടയാനും നവഉദാരവൽക്കരണത്തിന്റെയും മൃദുഹിന്ദുത്വത്തിന്റെയും വക്താക്കളായ കോൺഗ്രസിനെ തുറന്നുകാട്ടാനും എൽഡിഎഫ് ഭരണത്തെ സംരക്ഷിക്കാനും നായനാർ സ്മരണ നമുക്ക് ശക്തി പകരും. സഖാവിന്റെ സ്മരണയ്ക്കായി കണ്ണൂർ പയ്യാമ്പലത്ത് നിർമിച്ച നായനാർ അക്കാദമിയുടെ ഉദ്ഘാടനവും പ്രതിമാ അനാച്ഛാദനവും മ്യൂസിയത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കുകയാണ്. കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും ചരിത്രമുൾക്കൊള്ളുന്ന ഈ സ്മാരകകേന്ദ്രം ജനങ്ങൾക്കെന്നും അറിവും പ്രചോദനവുമേകുന്നതാകും. നായനാർ സ്മരണയ്ക്കുമുന്നിൽ നൂറ് ചുവപ്പൻ പൂക്കൾ.

പ്രധാന വാർത്തകൾ
 Top