ഒരു ഡോക്യുമെന്ററിയിൽ അവരിത്രയും പതറുന്നുണ്ടെങ്കിൽ അത് തികച്ചും നല്ല സൂചന തന്നെയാണ്; ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഒരു ഉത്തരവാദിത്വവും. നരേന്ദ്രമോദി കരുത്താനാണെന്നാണ് ഭാഷ്യം. ഈ ഭീരുത്വത്തിന്റെ പര്യായം തന്നെയാണ് മോദിയും. ...ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ഗവേഷകനായ അജിത്ത് ഇ എ എഴുതുന്നു
ഫാസിസത്തിൽ വംശഹത്യ സമ്മാനാർഹമായ ഒരു ചെയ്തിയാണ്. അങ്ങനെ ചാർത്തപ്പെട്ട മെഡലുകളാണ് ഇന്ന് രാജ്യത്തെ ഭരിക്കുന്ന നിലയിലേക്ക് നരേന്ദ്രമോദിയെ നയിച്ചത്. ആ വംശഹത്യയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ പോലും ഇന്ന് ഹിന്ദുത്വയുടെ ഇന്ധനമാണ്. ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സത്യങ്ങൾ വീണ്ടും വിളിച്ചുപറയുന്നുണ്ടെങ്കിലും, സത്യത്തിൽ ഭയമാണ്. ഈ വംശഹത്യയുടെ അദ്ധ്യായം പോലും പൊൻതൂവ്വലായി കരുതുന്ന ഒരു കൂട്ടമാണ് ഇന്ന് ഭരിക്കുന്നത്. പക്ഷെ, ശരിയുടെ പക്ഷം ന്യൂനപക്ഷമാവുന്നത് അനന്തമല്ല. സൂര്യൻ അസ്തമിക്കും, ഉദയം വരേയ്ക്ക് മാത്രം. അതുവരെ ഓർമ്മപ്പെടുത്തലുകൾ തുടരുക തന്നെ വേണം.
ഇന്ത്യ എന്നത് ഒരു ആശയമാണ്. ബഹുസ്വരതയുടെ, സാമ്രാജ്യത്വ വിരുദ്ധതയുടെ അങ്ങനെ... ആശയത്തിൽ നിന്ന് യഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വന്നോ എന്നത് ചോദ്യം! ആ ചോദ്യം ചോദ്യമായി അവശേഷിക്കുന്നിടത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അവസാനിക്കുന്നത്. ആ ആശയത്തിന് സമാന്തരമായി മറ്റൊരു പ്രത്യയശാസ്ത്രം ശക്തിയാർജ്ജിക്കുന്നുണ്ടായിരുന്നു. ഹിന്ദുത്വ, നവ-ബ്രാഹ്മണിസം. അവർ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അവിശുദ്ധയുദ്ധത്തിന്റെ സുപ്രധാന ഘട്ടത്തിലാണ്. അതിൽ മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവർ തുടച്ചുനീക്കപ്പെടണം എന്നാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. ദളിതരും, തദ്ദേശജനതയും, പിന്നോക്ക വിഭാഗങ്ങളും, സ്ത്രീകളും മനുസ്മൃതിയിലേക്ക് മടങ്ങുകയും വേണം. ഇന്ത്യ എന്ന ആശയവും ഹിന്ദുത്വയും തമ്മിലുള്ള സംഘർഷത്തിന്റെ ഇരയാണ് ഗാന്ധി. ഗാന്ധിയെ കൊന്നതിൽ ഗോഡ്സെ ഇങ്ങനെ എഴുതി, “എൻറെ ചെയ്തികൾക്ക് മൂല്യം കൽപ്പിക്കുന്ന ഒരു കൂട്ടം ഭാവിയിൽ ഉണ്ടാവുമെന്നതിൽ എനിക്ക് സംശയമില്ല” ആ ‘കൂട്ടം’ ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ കെൽപ്പുള്ള ജനസഞ്ചയമായി മാറി എന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
“ഇന്ത്യ ഹിന്ദുവിന്റേതാണ്, ബാക്കിയെല്ലാം തുടച്ചുനീക്കപ്പെടണം”. അതിന്റെ ഒരു എപ്പിസോഡ് മാത്രമാണ് ഗുജറാത്ത് വംശഹത്യ. ആയിരക്കണക്കിന് മുസ്ലീങ്ങൾ കൊല്ലപ്പെട്ടതും, നിരവധി ഇന്ത്യൻ വനിതകൾ ബലാത്സന്ഘം ചെയ്യപ്പെട്ടതും, എന്തിന് ഗർഭസ്ഥ ശിശുക്കൾ വരെ ജനിക്കാനിരിക്കുന്നത് മുസ്ലീം ആവുന്നതിന്റെ പേരിൽ ത്രിശൂലത്തിൽ കോർക്കപ്പെട്ടതും അത്തരമൊരു എത്നിക് ക്ലെൻസിങ്ങിന്റെ ഭാഗമായാണ്. മോദിയെക്കുറിച്ചും ഗുജറാത്ത് വംശഹത്യയെക്കുറിച്ചും ഉള്ള ബിബിസി ഡോക്യൂമെന്ററിയിൽ അതുഭുതപ്പെടാനുള്ളതൊന്നും കാണില്ല. കാരണം നമ്മൾ ജീവിക്കുന്നത് സംഘപരിവാറിന്റെ ഇന്ത്യയിലാണ്. കലാപത്തെക്കുറിച്ച് പറഞ്ഞതൊക്കെയും കണ്ടതും കേട്ടതുമാണ്. പക്ഷെ, വംശീയ കൂട്ടക്കൊലയിലെ അന്താരാഷ്ട്ര കുറ്റവാളികളെ സംരക്ഷിക്കാനായി വിവിധ രാജ്യങ്ങളുടെ ഭരണകൂടങ്ങൾ കൂട്ടുനിന്നു എന്ന് തെളിവോടെ പറഞ്ഞുകേൾക്കുന്നത് പുതിയതാണ്. വംശഹത്യയുടെ രക്തം പരന്നത് മുതലാളിത്തത്തിന് വളമായതിന്റെ ഒരു എപ്പിസോഡ്.
അതിനിടയിൽ കന്യാകുമാരിയിൽനിന്നും പുറപ്പെട്ട ‘ഭാരത രക്ഷാ യാത്ര’ കാശ്മീരിൽ എത്തിച്ചേർന്നിട്ടുണ്ട്. രക്ഷിക്കാനുള്ള അവസരങ്ങൾ മനപ്പൂർവ്വം വിട്ടുകളഞ്ഞതിന്റെ തെറ്റ് ഏറ്റുപറയുകപോലും ചെയ്യാതെ ഏത് ഇന്ത്യയെയാണ് നിങ്ങൾ രക്ഷിക്കാൻ പോകുന്നത്? ബാബറി മസ്ജിദ് പൊളിക്കുന്നത് കണ്ടുനിന്നപ്പോഴും, ഗുജറാത്ത് വംശഹത്യയിലെ കുറ്റവാളികളെ അന്വേഷണങ്ങൾക്ക് മുകളിൽ അടയിരുന്ന് രക്ഷിച്ചപ്പോഴും ഇല്ലാതിരുന്ന വികാരം എവിടെനിന്നാണ് പൊട്ടിമുളച്ചത് എന്ന് ജനങ്ങൾ ചോദിക്കുന്നുണ്ട്. അതിന് മറുപടി പറയാതെ നടന്ന കിലോമീറ്ററുകളുടെ കണക്കുപറഞ്ഞിട്ടും ഫാൻസിഡ്രസ്സ് മത്സരം നടത്തിയിട്ടും കാര്യമില്ല. ചെയ്ത തെറ്റിന് കുറ്റമേറ്റുപറയാതെ, തെറ്റായ നയങ്ങൾ തിരുത്താതെ, ഒരു തെറ്റുതിരുത്തലും വിജയിക്കുകില്ല എന്ന് കോൺഗ്രസ്സ് മനസ്സിലാക്കണം.
യഥാർത്ഥത്തിൽ സംഘ്പരിവാറുകാർ ഭീരുക്കളാണ്. വിമർശനങ്ങളിൽ പതറിപ്പോവുന്ന മനസാണ് അവരുടേത്. അടിയന്തിരാവസ്ഥയെ ഓർമിപ്പിക്കുന്ന തരത്തിൽ ബിബിസി ഡോക്യുമെന്ററിയോട് പെരുമാറുന്നത് അതിനാലാണ്. തല്ലുകൊടുത്തേ ശീലമുള്ളൂ. നല്ലൊരു പ്രതിരോധം ഉയർന്നുവന്നാൽ തീരുന്നതേയുള്ളൂ അവരുടെ തേരോട്ടം. കേരളം അതിന്റെ മികച്ച ഉദാഹരണമാണ്. ഒരു ഡോക്യുമെന്ററിയിൽ അവരിത്രയും പതറുന്നുണ്ടെങ്കിൽ അത് തികച്ചും നല്ല സൂചന തന്നെയാണ്. ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഒരു ഉത്തരവാദിത്വവും. നരേന്ദ്രമോദി കരുത്താനാണെന്നാണ് ഭാഷ്യം. ഈ ഭീരുത്വത്തിന്റെ പര്യായം തന്നയാണ് മോദിയും. അതിലപ്പുറം ദുർബലതയും.
മോദി ക്വസ്റ്റിന് ഇന്ത്യയ്ക്ക് മറുപടിയുണ്ട്. ഇന്ത്യ എന്ന ആശയം ഉയർത്തിപ്പിടിക്കുക എന്നതാണ് അതിന് കൊടുക്കേണ്ട മറുപടി. മതേതരമൂല്യങ്ങളും, ഭരണഘടനയും, സാമ്രാജ്യത്വ വിരുദ്ധതയും ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയം ശക്തമായി മുന്നോട്ടുവക്കാനായാൽ ഉത്തരമായി. ഹിറ്റ്ലറും മുസ്സോളനിയുമെല്ലാം തോറ്റവരാണ്. മോദിയും സംഘപരിവാറും, അവരുടെ ഹിന്ദുത്വ, നവ-ബ്രാഹ്മണിക് പ്രത്യയശാസ്ത്രവും തോൽക്കുക തന്നെ ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..