18 January Monday

പച്ചത്തുരുത്താകുന്ന കേരളം - ഡോ. ടി എൻ സീമ എഴുതുന്നു

ഡോ. ടി എൻ സീമUpdated: Thursday Oct 15, 2020


കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്. അതിരുകവിഞ്ഞ പ്രകൃതിചൂഷണമാണ് കാലാവസ്ഥാ പ്രതിസന്ധിക്ക് മുഖ്യകാരണം. ഇതിന്റെ ഭാഗമായി പരിസ്ഥിതിയിൽ സംഭവിക്കുന്ന തകർച്ച കാർഷിക സമ്പദ്‌ വ്യവസ്ഥയെയും കാലാവസ്ഥയെയും മനുഷ്യജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്ന കാര്യം നിസ്തർക്കമാണ്. അതിതീവ്രമഴയും പ്രളയവും കുന്നിടിച്ചിലുമൊക്കെ ജനങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിന് പരിഹാരം പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാനായി ബോധപൂർവം ഇടപെടുക എന്നതാണ്. ഹരിതകേരളം മിഷൻ ഈ ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനകീയ പങ്കാളിത്തത്തിലും ഏറ്റെടുത്തിട്ടുണ്ട്. അതിൽ സുപ്രധാനമായൊരു ചുവടുവയ്പാണ് ‘പച്ചത്തുരുത്ത്'. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യ വർഷംമുതൽ വൃക്ഷവൽക്കരണപ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ആ പ്രേരണയിൽനിന്നാണ് പച്ചത്തുരുത്ത് എന്ന ആശയം രൂപംകൊണ്ടത്.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യാഥാർഥ്യമാക്കിയ പച്ചത്തുരുത്ത് എന്ന ആശയത്തിനു പിന്നിൽ വിശദമായ ആശയവിനിമയവും കൂടിയാലോചനകളുമുണ്ടായിരുന്നു. വനവൽക്കരണ പ്രവർത്തനങ്ങളുടെ സമഗ്രമായ അവലോകനം പലഘട്ടത്തിലായി നടത്തിയിരുന്നു.  ജൈവവൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിർവഹിക്കാനും പരിപാലിക്കാനും പ്രത്യേക ശ്രദ്ധ ഈ സംരംഭത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഈ തലമുറയ്ക്കും വരും തലമുറയ്ക്കും ഇതിന്റെ ആവശ്യകത പ്രായോഗികമായി ബോധ്യപ്പെടുത്താൻവേണ്ടിയാണ് പച്ചത്തുരുത്ത് സംരംഭത്തെ ജനകീയ ഉദ്യമമായി ആവിഷ്കരിച്ചത്.


 

2019ലെ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ വേങ്ങോട് വാർഡിൽ പഞ്ചായത്തിന്റെ ആറു സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്തുകൾക്ക് തുടക്കംകുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നീർമാതളം നട്ടത്. അര സെന്റുമുതൽ എത്ര ഭൂമിവരെയും പച്ചത്തുരുത്തിനായി ഉപയോഗിക്കാം എന്ന സമീപനമാണ് ഹരിതകേരളം മിഷൻ മുന്നോട്ടുവച്ചത്. പ്രാദേശിക ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിന് ഊന്നൽ നല്കുന്നതായതുകൊണ്ട് വിദേശ സസ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. വിദ്യാലയങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്നതിനും മാലിന്യം വലിച്ചെറിയാൻ ആളുകൾ ഉപയോഗിക്കുന്ന പ്രദേശങ്ങളെ വൃത്തിയാക്കി തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് സംരക്ഷിക്കുന്നതിനും ഒക്കെയുള്ള ഇടപെടലുകൾ നടന്നു. കാവുകൾ മെച്ചപ്പെടുത്തുന്നതിനും കണ്ടൽക്കാടുകൾ കൂടുതൽ വച്ചുപിടിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

2020 ജൂൺ ആകുമ്പോഴേക്കും ആയിരം പച്ചത്തുരുത്ത്‌ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഇപ്പോൾ ലക്ഷ്യവും കടന്ന് വിജയത്തിലെത്തിയതിന്റെ ചാരിതാർഥ്യത്തിലാണ് ഹരിതകേരളം മിഷൻ. നിലവിൽ 590 തദ്ദേശ സ്ഥാപനത്തിൽ 454 ഏക്കർ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള 1261 പച്ചത്തുരുത്തുകളിൽ ബഹുഭൂരിഭാഗവും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് നടപ്പാക്കിയിട്ടുള്ളത്. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിവിധ മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സർക്കാർവകുപ്പുകൾ, സ്വകാര്യവ്യക്തികൾ എന്നിവരുടെ കലവറയില്ലാത്ത സഹകരണം ഈ പദ്ധതിയുടെ വിജയത്തിന് ഏറെ സഹായിച്ചിട്ടുണ്ട്.

കേരളത്തിന്റെ പാരിസ്ഥിതിക നവോത്ഥാനത്തിന്റെ മുന്നേറ്റങ്ങൾക്ക് പുതിയ  ഊർജം പകരുന്നു പച്ചത്തുരുത്തുകൾ. ഹരിതകേരളം മിഷനിലൂടെ ഈ സർക്കാർ മുന്നോട്ട വച്ച ആശയങ്ങളുടെയും കേരളത്തിന്റെ പാരിസ്ഥിതികാവബോധത്തിന്റെയും ജീവനുള്ള അടയാളങ്ങളായി പച്ചത്തുരുത്തുകൾ നിലനിൽക്കും.

(ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സനാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top