29 May Monday

മാറ്റത്തിന്റെ മനസ്സറിയിച്ച് തൃക്കാക്കര

ടി ആർ അനിൽകുമാർUpdated: Saturday May 14, 2022

തൃക്കാക്കരയുടെ വികസനത്തിൽ നിങ്ങൾ ഏതു പക്ഷത്തെന്ന്‌ നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വോട്ടർമാരെ ഓർമിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും  എത്തിയതോടെ  രണ്ടാംഘട്ട പ്രചാരണം വികസനത്തിലേക്ക്‌ കേന്ദ്രീകരിക്കുന്നു.  കോൺഗ്രസുകാരനായ ഞാൻ എൽഡിഎഫിന്റെ വികസന നയത്തെ പിന്തുണയ്‌ക്കുന്നുവെന്നു പ്രഖ്യാപിച്ച്‌ കെ വി തോമസ്‌ കൺവൻഷൻ വേദിയിലെത്തിയതും  വികസനവും രാഷ്‌ട്രീയവുമെന്ന എൽഡിഎഫ്‌ നിലപാടിന്‌ കരുത്തുപകരുന്നു.  കൊച്ചിയുടെ വികസന കേന്ദ്രമാക്കി തൃക്കാക്കരയെ മാറ്റാൻ എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾക്ക്‌ നേതൃത്വം നൽകാൻ വോട്ടുതേടുകയാണ്‌  ജനകീയ ഡോക്ടർ ജോ ജോസഫ്‌.  ഈ വികസന ചർച്ചതന്നെയാകും മുൻ തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളേക്കാൾ തൃക്കാക്കരയുടെ തെരഞ്ഞെടുപ്പു ഫലം നിർണയിക്കുക.

തുടക്കംമുതൽ വികസനവും രാഷ്‌ട്രീയവും തന്നെയായിരുന്നു ഇവിടെ എൽഡിഎഫ്‌ മുന്നോട്ടുവച്ചത്‌. ഹൃദയമാറ്റ ശസ്‌ത്രക്രിയാ ദൗത്യങ്ങളിലുൾപ്പെടെ പാവപ്പെട്ട രോഗികളുടെ അത്താണിയായ ഡോക്ടർ ജോ ജോസഫ്‌ തുടക്കംമുതൽ  തൃക്കാക്കരയുടെ ഹൃദയപക്ഷം ചേർന്നതോടെ അമ്പരന്ന യുഡിഎഫ്‌ വിവാദങ്ങളും ആശയക്കുഴപ്പവും പയറ്റിനോക്കുകയായിരുന്നു. സഭയുടെ നോമിനിയെന്നും സ്ഥാനാർഥിയെ അവതരിപ്പിച്ച രീതിയെയുംവരെ വിവാദമാക്കാൻ നോക്കിയതു പാളിയപ്പോൾ  മുഖ്യമന്ത്രിയുടെ പ്രസംഗംവരെ ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമവും വിജയിച്ചില്ല.


 

തൃക്കാക്കരയെ കൊച്ചിയുടെ വികസനകേന്ദ്രമാക്കി മാറ്റാൻ വിവിധ മേഖലകളിൽ നൂതന പദ്ധതികളാണ്‌ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്‌.  ജില്ലയിലെ ഏക സിൽവർലൈൻ സ്‌റ്റേഷനും മെട്രോ റെയിലും മുകളിലും താഴെയും, തൊട്ടരുകിൽ വാട്ടർമെട്രോയും ചേർന്ന്‌,  ജില്ലാ ഭരണകേന്ദ്രവും കേരളത്തിന്റെ  സിലിക്കൺവാലിയുമായ തൃക്കാക്കരയെ കൊച്ചിയുടെ യാത്രാഹബ്ബായി മാറ്റും. വാട്ടർമെട്രോ സ്‌റ്റേഷൻ പണി പൂർത്തിയായെങ്കിലും മെട്രോ രണ്ടാംഘട്ടത്തിനും കെ–-റെയിലിനും  തടയിടാൻ യുഡിഎഫും ബിജെപിയും  ചേർന്ന്‌  ഗൂഢാലോചനയിലാണ്‌. ഇൻഫോപാർക്ക്‌ രണ്ടാംഘട്ട വികസനം, കാക്കനാട്ടുനിന്ന്‌ കൊരട്ടിയിലേക്കും ചേർത്തലയിലേക്കും ഐടി ഇടനാഴികൾ, നിർദിഷ്ട അന്താരാഷ്‌ട്ര ട്രേഡ്‌ സെന്റർ, തുതിയൂർ–-എരൂർ പാലം, കാക്കനാട്‌–-മൂവാറ്റുപുഴ–-തങ്കളം റോഡ്‌ വികസനം ഉൾപ്പെടെ പിണറായി സർക്കാർ തൃക്കാക്കരയ്‌ക്കായി ആവിഷ്‌കരിച്ച വികസനപദ്ധതികളും നടപ്പാക്കാൻ വികസനത്തെ തുണയ്‌ക്കുന്ന എംഎൽഎ വേണമെന്ന ചർച്ചയാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌.

പാളയത്തിലെ പടയ്‌ക്കു തടയിടാൻ പി ടി തോമസിന്റെ ഭാര്യ ഉമയെത്തന്നെ സ്ഥാനാർഥിയാക്കിയെങ്കിലും യുഡിഎഫിലെയും കോൺഗ്രസിലെയും പ്രശ്‌നങ്ങൾ രൂക്ഷമാണ്‌. ജില്ലയിലെ നേതാക്കളോട്‌ ചർച്ച ചെയ്യാതെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുംമുമ്പുതന്നെ കെ സുധാകരനും വി ഡി സതീശനും ചേർന്ന്‌ ഉമ തോമസിനെ പ്രഖ്യാപിച്ച രീതിക്കെതിരെ ഐ, എ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾതന്നെ പരസ്യമായി രംഗത്തുവന്നു. യുഡിഎഫ്‌ ജില്ലാ ചെയർമാൻകൂടിയായ മുൻ എംഎൽഎ ഡൊമിനിക്‌ പ്രസന്റേഷനും ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരനും പരസ്യമായി പ്രതിഷേധമുയർത്തി. ഡൊമിനിക്‌ പ്രസന്റേഷൻ, ബെന്നി ബഹ്‌നാൻ എംപി, കെ ബാബു എംഎൽഎ എന്നിവരോടൊന്നും ചർച്ച ചെയ്യാതെയാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും സ്ഥാനാർഥിത്വത്തിൽ പ്രതിഷേധമുള്ള ഒത്തിരി നേതാക്കളുണ്ടെന്നും പുറത്താക്കൽ ഭീഷണികാരണമാണ്‌ മിണ്ടാത്തതെന്നും കെ വി തോമസും കഴിഞ്ഞ ദിവസം പറഞ്ഞു.  

തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ  21,247 വോട്ട്‌ ലഭിച്ച എൻഡിഎയ്‌ക്ക്‌ 2021ൽ 15,483 വോട്ട്‌ മാത്രമാണ്‌ കിട്ടിയത്‌. ഇത്തവണ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണനെ പരീക്ഷിക്കുന്നു. എറണാകുളം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി 2008ൽ രൂപീകരിച്ച തൃക്കാക്കര മണ്ഡലത്തിൽ ഇത്‌ നാലാമത്തെ തെരഞ്ഞെടുപ്പും ആദ്യ ഉപതെരഞ്ഞെടുപ്പുമാണ്‌. ഇവിടെ മുൻ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫാണ്‌ ജയിച്ചതെങ്കിലും പഴയ എറണാകുളം നിയമസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ഒന്നൊഴികെ എല്ലാം വിജയക്കൊടി പാറിച്ചത്‌ എൽഡിഎഫായിരുന്നു. കൊച്ചി കോർപറേഷനിലെ 21 ഡിവിഷനും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന നഗരകേന്ദ്രീകൃത മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ആകെ വോട്ടർമാർ 1,69,153.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top