20 September Monday

സ്ത്രീധനപീഡനങ്ങൾക്ക്‌ അറുതിവേണം - ഡോ. ജയപ്രകാശ് ആർ എഴുതുന്നു

ഡോ. ജയപ്രകാശ് ആർUpdated: Tuesday Aug 3, 2021

സ്ത്രീ ധന പീഡനവുമായി ബന്ധപ്പെട്ട ആത്മഹത്യയും കൊലപാതകങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു. സ്ത്രീധന പീഡനത്തിന്റെ കണക്ക്‌ ഇടയ്‌ക്കിടെ പുറത്തുവരുന്ന മരണങ്ങൾ മാത്രമല്ല. അതിലുമെത്രയോ സ്‌ത്രീകൾ വീടുകളിൽ സ്ത്രീധന പീഡനങ്ങൾ ഏറ്റുവാങ്ങി ജീവച്ഛവങ്ങളായി കഴിയുന്നു. ഈ പ്രശ്നംമൂലം തകർന്ന കുടുംബങ്ങൾ നിരവധിയാണ്. ഇത്തരം കുടുംബങ്ങളിലെ കുട്ടികളുടെ സ്ഥിതി അതീവ ദയനീയമാണ്. മാനവവികസനവും സാമൂഹ്യ പുരോഗതിയും ‘കൈവരിച്ച കേരളീയ സമൂഹത്തിന് ഈ പ്രവണത അപവാദമാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഇത് തടയാൻ നമുക്ക് കഴിയില്ലേ? സ്ത്രീധന നിരോധന നിയമംകൊണ്ടുമാത്രം അവസാനിപ്പിക്കാൻ കഴിയുമോ? സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവരെ ശിക്ഷിച്ചതുകൊണ്ടുമാത്രം ഈ പ്രവണത അവസാനിപ്പിക്കാൻ കഴിയുമോ? സ്ത്രീധനം കൊടുക്കലും വാങ്ങലുമെന്ന രീതി സൃഷ്ടിക്കുന്ന സാമൂഹ്യ മാനസിക പ്രക്രിയകൾ എന്താണ്?

സ്ത്രീധനം വാങ്ങുന്ന ഓരോ പുരുഷന്മാരുടെയും ( വീട്ടുകാരുടെയും ) മനോധർമം വ്യത്യസ്തമാണ്. ഒരു വിഭാഗം പുരുഷന്മാരുടെ ചിന്ത താൻ ഉയർന്ന ഉദ്യോഗസ്ഥനാണ്, അതിനാൽ പദവിക്ക് അനുയോജ്യമായ സ്ത്രീധനം കിട്ടാൻ യോഗ്യനാണ്, അത് തന്റെ അർഹതയാണ് എന്നൊക്കെയാണ്‌. തർക്കിച്ച് വാങ്ങുന്ന മറ്റൊരു കൂട്ടരുണ്ട്. ദരിദ്രകുടുംബത്തിൽ ജനിച്ച് കഷ്ടപ്പെട്ട് പഠിച്ച് ഉന്നത വിദ്യാഭ്യാസവും തൊഴിലുമൊക്കെ നേടിയവർ. പഠിക്കുമ്പോൾ സ്വപ്നം കാണുന്നതു തന്നെ ധനിക ജീവിതാവസ്ഥ ആയിരിക്കും. മൂന്നാമത്തെ കൂട്ടർ താരതമ്യേനെ കൂടുതൽ ദരിദ്രരായിരിക്കും. അവർ സ്ത്രീധനം വാങ്ങി ധനികരാകും. ബിസിനസ്‌ നടത്തും. അല്ലെങ്കിൽ ആ പണമുപയോഗിച്ച്‌ സഹോദരിയുടെ വിവാഹം നടത്തും. ധൂർത്തടിച്ച് മദ്യപിച്ച് ജീവിതം കൊണ്ടുപോകുന്നവരാണ് വേറൊരു കൂട്ടർ. കിട്ടിയില്ലെങ്കിൽ സ്ത്രീപീഡനം തന്നെ.

കുടുംബത്തിന്റെ പദവിക്ക് ചേർന്ന സ്ത്രീധനം കൊടുക്കുകയെന്നതാണ് ധനികരുടെ മനഃശാസ്ത്രം. ഇവർ ഉയർന്ന സ്ത്രീധനം നൽകി കുടുംബപദവി ഉയർത്തും. സ്വർണം കിലോക്കണക്കിന് നൽകി കോടിക്കണക്കിന് രൂപ പോക്കറ്റ് മണിയും മുന്തിയ കാറുമൊക്കെയായി കല്യാണം ഏറ്റവും മോടിയോടെ നടത്തുക ഇക്കൂട്ടരുടെ രീതിയാണ്. ഇടത്തരം കുടുംബത്തിൽപ്പെട്ടവരായാലും യശസ്സും പദവിയും ഉയർത്തുന്നതിനായി കിണഞ്ഞ് പരിശ്രമിച്ച്‌ ഉള്ളതൊക്കെ വിറ്റുപെറുക്കിയും കടം വാങ്ങിയും മോടിയായി കല്യാണം നടത്തും. പാപ്പരായി നിൽക്കുമ്പോഴായിരിക്കും വീണ്ടും പുത്തൻ ആവശ്യങ്ങളുമായി പുരുഷന്റെ വീട്ടുകാർ വരുന്നത്. നിജസ്ഥിതി അറിയാവുന്ന പെൺകുട്ടി ഒന്നുകിൽ പീഡനം അനുഭവിച്ച് ഭർതൃവീട്ടിൽ ജീവിക്കും. അല്ലെങ്കിൽ ജീവിതം അവസാനിപ്പിക്കും. കള്ളുകുടിയും ചീട്ടുകളിയുമൊക്കെയായി, വാങ്ങിയ സ്ത്രീധനം തീരുമ്പോൾ ഇടിയും തൊഴിയും തുടങ്ങും. വീണ്ടും പണം കിട്ടുന്നതിനുള്ള ഉപാധിയാണിത്. ഇത് സഹിക്കാതെ വരുമ്പോൾ ഭാര്യ കുട്ടികളുമായി ആത്മഹത്യ ചെയ്യും. ചിലപ്പോൾ സ്വന്തം വീട്ടിൽ വരും.

ആൺകോയ്മയിലും ജാതി-മത ആചാരങ്ങളിലും അധിഷ്‌ഠിതമായ കുടുംബങ്ങളിലെ ശിശുപരിപാലന രീതി കുട്ടികളിൽ പുരോഗമനപരമായ ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല. വ്യവസ്ഥിതിയെ അതേപടി നിലനിർത്തുന്നതിന്റെ വക്താക്കളായി ഓരോ പുതിയ തലമുറയും സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പുരാതന ആചാരങ്ങൾ തിരിച്ചു വരുന്നു. സ്‌ത്രീധനംപോലെയുള്ള ദുരാചാരങ്ങളെ വിമർശപരമായി സമീപിക്കുന്ന ഒരു ചർച്ചയും കുടുംബാന്തരീക്ഷത്തിൽ സൃഷ്ടിക്കപ്പെടുന്നില്ല. ഒരു ചെറിയ വിഭാഗം പെൺകുട്ടികൾക്കിടയിൽ ഇങ്ങനെ വിൽപ്പനച്ചരക്കായി നിൽക്കാൻ തയ്യാറല്ല എന്ന ചിന്താഗതിയും വളർന്നു വരുന്നുണ്ട്. എന്നാൽ അവരുടെ അച്ഛനമ്മമാർ അങ്ങനെയല്ല. ഉയർന്ന വിദ്യാഭ്യാസവും പരമ്പരാഗത ശിശുപരിപാലന രീതിയും വളർന്നു വരുന്ന പുതിയ തലമുറയിൽ ഒരു മാറ്റവും വരുത്തുന്നില്ല.

പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടിയെ മാനസികമായി സ്വീകരിക്കുന്നതിന് വീട്ടുകാർ തയ്യാറായാലും സമൂഹം തയ്യാറല്ല. കെട്ടുകഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്നതിൽ അവർ സദാ ജാഗരൂകരാണ്. സ്വന്തം വീട്ടുകാർ തിരികെ വരുന്ന പെൺകുട്ടിയെ സ്വീകരിക്കുമെങ്കിലും പെൺകുട്ടിക്ക് സാമൂഹ്യമായ വിമർശം സഹിക്കാതെ വരുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് പെൺകുട്ടി ജീവനൊടുക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തുന്നത്.

സ്ത്രീധനംപോലെയുള്ള വിഷയങ്ങൾ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്ത്‌ സാമൂഹ്യ രാഷ്ടീയ പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ട് വരേണ്ടിയിരിക്കുന്നു. സ്ത്രീധന ചിന്താഗതിക്കെതിരെ പുരോഗമന വിദ്യാർഥി പ്രസ്ഥാനം 80 കളിൽ ക്യാമ്പസുകളിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചത് നല്ല പ്രവണതയായിരുന്നു. ക്യാമ്പസുകളിൽ ഇത് വലിയ ചർച്ചയാകണം. കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. നവദമ്പതിമാർക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ വിവാഹപൂർവ കൗൺസലിങ് നിർബന്ധമായും ഉറപ്പ് വരുത്തണം. മാനസികാരോഗ്യ വിദഗ്‌ധരെയും നിയമവിദഗ്‌ധരെയും പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വിവിധ ചർച്ചാ സെഷനും ഉൾപ്പെടുത്തണം. വിവാഹ മോചനത്തിനായി നിരവധി വർഷങ്ങളെടുക്കുന്ന പ്രവണതയും അവസാനിപ്പിക്കണം.

(തിരുവനന്തപുരം മെഡിക്കൽ കോളേജ് 
എസ്‌എടി ആശുപത്രിയിലെ പീഡിയാട്രിക്സ് 
വിഭാഗം അഡീഷണൽ പ്രൊഫസറും 
ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് 
മേധാവിയുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top