30 May Saturday

എന്തിനിപ്പോള്‍ ഈ രാമായണം ?...കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Saturday Mar 28, 2020

രാജ്യം അടച്ചിട്ട് ജനങ്ങൾ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽരാമായണം പരമ്പര ദൂർദർശൻ പുനഃസംപ്രേക്ഷണം ചെയ്യാൻ പോകുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ ! വീട്ടിലിരിക്കുന്നവരുടെ സമയത്തെ തങ്ങളുടെ പ്രത്യയശാസ്ത്രവൽക്കരണത്തിനുള്ള അവസരമാക്കാമെന്നാവാം ജാവേദ്ക്കരെ പോലുള്ള ഹിന്ദുത്വവാദികൾ ആലോചിക്കുന്നത് ..

ജനങ്ങൾ ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവും സാഹിത്യവുമെല്ലാം വായിക്കുന്നതും മിനിസ്ക്രിനിൽ കാണുന്നതും അറിയുന്നതുമെല്ലാം നല്ല കാര്യമാണ്...
രാമാണയവും മഹാഭാരതവുമെല്ലാം ആത്യന്തികമായി മതേതരമായ ഇതിഹാസങ്ങളെന്ന നിലയിൽ, ചരിത്ര വസ്തുതകൾക്ക് മേൽ നിർമ്മിക്കപ്പെട്ട മിത്തുകളെന്ന നിലയിൽ കാണേണ്ടതാണ്...വായിക്കേണ്ടതാണ്...

എന്നാലിവിടെ ഈ ഇതിഹാസ സാഹിത്യങ്ങളെയെല്ലാം ഹൈന്ദവേതിഹാസങ്ങളായി മാറ്റിയെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി നടന്നിട്ടുള്ളതെന്ന കാര്യംകാണാതെപോകരുത്...രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റെയും ആദിമരൂപങ്ങളിൽ വലിയ കൂട്ടിച്ചേർക്കലുകൾ നടന്നതായി കൊസാംബിയെ പോലുള്ള പണ്ഡിതർ അസന്ദിഗ്ധമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുമുണ്ടല്ലോ...

300 രാമായണങ്ങളെ കുറിച്ചുള്ള വിഖ്യാത പണ്ഡിതനായ എ.കെ രാമാനുജൻ്റെ പഠനത്തോട് സംഘപരിവാർ എന്ത് മാത്രം അസഹിഷ്ണുതയാണ് കാണിച്ചത്. ഡൽഹി സർവ്വകലാശാലയുടെ സിലബസ്സിൽ നിന്നവരത് നീക്കം ചെയ്തു..

മഹാത്മജിയുടെ രാമായണവും ഒരു പ്രണയകാവ്യമല്ലേയെന്ന അഭിപ്രായത്തെ മുൻനിർത്തി സി രാജഗോപാലാചാരി നിരീക്ഷിക്കുന്നത്; രാമായണം പലർക്കും പലതാണെന്നാണ്. ഭക്തർക്ക് മോക്ഷദായകമായ ഭക്തകാവ്യമാകാം. ഭക്കരല്ലാത്ത ആസ്വാദകർക്ക് ഉൽകൃഷ്ടമായ സാഹിത്യ കൃതിയാവാം. ചരിത്രകാരന്മാർക്ക് ഇന്ത്യയുടെ സവിശേഷ ചരിത്ര ഘട്ടത്തിലെ സാമൂഹ്യ ബന്ധങ്ങളെയും ജീവിത സാഹചര്യങ്ങളെയും സൂക്ഷ്മമായി മനസിലാക്കാൻ സഹായിക്കുന്ന ചരിത്ര ബന്ധമുള്ള കൃതിയുമാകാമെന്നാണ്.

ഇങ്ങനെ പലതായി കാണാനും വായിച്ചെടുക്കാനുമുള്ള പലതായ രാമായണങ്ങളെ ഹൈന്ദവ ദേശീയത ക്കാവശ്യമായ ( വർണാശ്രമധർമ്മങ്ങളിലധിഷ്ഠിതമായ) പ്രത്യയശാസ്ത്ര ഉല്പന്നമാക്കുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നു രാമാന്ദ സാഗറിൻ്റെ രാമായണം സീരിയൽ ...

രാമാനന്ദസാഗറിൻ്റെ ഈ സീരിയൽ l980തുകളിൽ മസ്ജിദ് മന്ദിർ തർക്കവും ഇന്ത്യൻ സമൂഹത്തിൽ വർഗീയ ധ്രുവീകരണവും ഉണ്ടാക്കുന്നതിൽ വലിയ പങ്കാണ് നിർവഹിച്ചത്.. വാല്മീകിയുടെ ഉത്തമപുരുഷനായ രാമനെ ക്ഷാത്രവീര്യവും സംഹാരശേഷിയുള്ള ചരിത്ര പുരുഷനാക്കുകയായിരുന്നു രാമാനന്ദ സാഗർ. വില്ലു കുലച്ചു നില്ക്കുന്ന, അയോധ്യയെ തർക്കഭൂമിയും ഇന്ത്യൻ മനസ്സുകളെ യുദ്ധഭൂമിയുമാക്കുന്ന രാമനെയാണ് രാമാനന്ദസാഗർ ആവിഷ്ക്കരിച്ചത്... കുഞ്ഞുമനസ്സുകളിൽ പോലും യുദ്ധോത്സുകത പടർത്തുകയായിരുന്നു ആ സീരിയൽ ചെയ്തത്...

കൊറോണ വീട്ടുതടങ്കലിലാക്കിയ മനുഷ്യരിൽ ആത്മവിശ്വാസവും ഐക്യ ബോധവും സൃഷ്ടിക്കുന്നതിന് സഹായകരമായ, മാനവികതാ ബോധവും ശാസ്ത്രജ്ഞനവും പകർന്നു നൽകുന്ന പരിപാടികളാണ് ദൂർദർശൻ ഒരുക്കേണ്ടത്...

ജനങ്ങളുടെ ലെഷർ ടൈമിനെ തങ്ങളുടെ  പ്രത്യയശാസ്ത്രവൽക്കരണത്തിനുള്ള അവസരമാക്കി മാറ്റുന്ന നിയോലിബറൽ ഫാസിസ്റ്റ് രാഷ്ടീയ നീക്കങ്ങളെ തിരിച്ചറിയാതെ പോകരുത്.

    

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top