27 May Wednesday

ട്രംപും മോഡിയും പങ്കുവെയ്ക്കുന്നത്‌ ...?

കെ ടി കുഞ്ഞിക്കണ്ണന്‍Updated: Sunday Feb 23, 2020

ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലേക്ക് വരുന്നത്. ബി.ജെ.പി നേതാക്കള്‍ പറയുന്നതുപോലെ ട്രംപ് ഇന്ത്യയിലേക്ക് വരുന്നത് മോഡിയെ അദ്ദേഹത്തിന് വലിയ സ്നേഹമായതുകൊണ്ടാണെന്നാണല്ലോ. ബി.ജെ.പിക്കാര്‍ മാത്രമല്ല പല ദേശീയമാധ്യമപ്രമുഖരും ട്രംപിന് മോഡിയെ വലിയ ഇഷ്ടമായതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നതെന്നാണ് പറയുന്നത്.

തീര്‍ച്ചയായും ട്രംപിന് മോഡിയെ വലിയ ഇഷ്ടം തന്നെയാണ്. മോഡിയെ ട്രംപ് സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും ഇന്ത്യയിലെ അമേരിക്കന്‍ താല്‍പര്യങ്ങളുടെ വിനീതവിധേയനായ നടത്തിപ്പുകാരനായതുകൊണ്ടുമാത്രമാണെന്ന അപമാനകരമായ യാഥാര്‍ത്ഥ്യത്തെയാണ് ഇവരൊന്നും കാണാതെപോകുന്നത്. അല്ലെങ്കില്‍ കണ്ടിട്ടും മറച്ചുപിടിക്കുന്നത്.

ട്രംപ് നിസ്സാരനല്ല. 'ട്രംപ് എംപയര്‍' എന്ന ബഹുരാഷ്ട്ര വ്യവസായ വ്യാപാര കുത്തകസ്ഥാപനത്തിന്റെ ഉടമയാണ്. ലോകമുതലാളിത്തത്തിന്റെ നായകസ്ഥാനത്തിരിക്കുന്ന ഈ അമേരിക്കന്‍ പ്രസിഡന്റ് വംശീയഭ്രാന്തന്‍ കൂടിയാണ്. ട്രംപ് മോഡിയെ ഇഷ്ടപ്പെടുന്നതും മോഡിക്ക് ട്രംപിനെ ആരാധ്യനാക്കുന്നതും രണ്ടുപേരെയും ഒരുപോലെ ഭരിക്കുന്നത് വംശീയ വിദ്വേഷരാഷ്ട്രീയമാണ്. ട്രംപ് കടുത്ത കുടിയേറ്റവിരുദ്ധനാണ്. ഇസ്ലാം വിരുദ്ധനാണ്.

അഭയാര്‍ഥികള്‍

അഭയാര്‍ഥികള്‍കുടിയേറ്റ വിരുദ്ധതയും ഇസ്ലാം വിരുദ്ധതയും ചേര്‍ന്ന ആംഗ്ലോസാങ്സണ്‍വംശീയതയില്‍ അഭിരമിക്കുന്ന ട്രംപിനെപോലെ മോഡിയും ഇസ്ലാം വിരുദ്ധതയിലും കുടിയേറ്റ വിരുദ്ധതയിലുമധിഷ്ഠിതമായ ഹൈന്ദവവംശാഭിമാനിയാണ്. ട്രംപ് മെക്സിക്കന്‍ അതിര്‍ത്തികളില്‍ വംശീയ ഭീകരസംഘങ്ങളെ ഇറക്കിവിട്ടും പൊലീസിനെ ഉപയോഗിച്ചും പാവം കുടിയേറ്റക്കാരെ വേട്ടയാടുകയാണ്. ഇന്ത്യയില്‍ മോഡിയും തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെ ഗോവധം പറഞ്ഞും പൗരത്വം പറഞ്ഞും വേട്ടയാടുകയാണ്.

 ഗുജറാത്ത് മുതല്‍ തുടരുന്ന വംശഹത്യകളുടെയും നരഹത്യകളുടെയും വര്‍ഗീയ വിദ്വേഷ രാഷ്ട്രീയമാണ് മോഡിയുടേത്. മുസ്ലീങ്ങളെയും കറുത്തവരെയും കുടിയേറ്റക്കാരെയും വെറുക്കുകയും ഹിംസാത്മകമായി കടന്നാക്രമിക്കുകയും ചെയ്യുന്ന വംശീയരാഷ്ട്രീയമാണ് ട്രംപിനുമുള്ളത്. രണ്ടുപേരും മാനവികതക്കെതിരായ വംശീയ വിദ്വേഷ രാഷ്ട്രീയം പങ്കുവെക്കുന്ന ഒരേ തൂവല്‍പക്ഷികളാണ്.

ട്രംപ് ഇന്ത്യയിലേക്ക് വരുന്നത് ബി.ജെ.പിക്കാര്‍ പറയുന്നതുപോലെ ഇന്ത്യയുടെ സൗന്ദര്യം കാണാനും മഹിമ ആസ്വദിക്കാനോ ഒന്നുമല്ല.അഹമ്മദാബാദിലെപോലെതന്നെ ചേരികളും ഭവനരഹിതരും സമൃദ്ധമായ രാജ്യമായി ട്രംപിന്റെ അമേരിക്ക മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം യജമാനഭക്തിയുടെ ഉന്മാദം പിടിപെട്ട മോഡിക്കും ബി.ജെ.പിക്കാര്‍ക്കും അറിയാത്തതല്ലല്ലോ.

ലിബറല്‍ സമൂഹത്തിന്റെ മഹോന്നത മാതൃകയായവതരിപ്പിക്കുന്ന അമേരിക്ക കടുത്ത വംശീയതയുടെയും സ്ത്രീവിരുദ്ധതയുടെയും ദാരിദ്ര്യത്തിന്റെയും നാടായി അധഃപതിച്ചിരിക്കുന്നു. റീഗന്റെ കാലംമുതല്‍ ആരംഭിച്ച നവലിബറല്‍ നയങ്ങള്‍ ട്രംപിലെത്തിനില്‍ക്കുമ്പോള്‍ അമേരിക്കന്‍ സമ്പദ്ഘടന അപരിഹാര്യമായ പതനത്തിലാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും അമേരിക്കന്‍ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.
 
 മതില്‍കെട്ടി മറയ്ക്കുന്ന അഹമ്മദാബാദിലെ ചേരികള്‍

മതില്‍കെട്ടി മറയ്ക്കുന്ന അഹമ്മദാബാദിലെ ചേരികള്‍


2008-ലാരംഭിച്ച മുതലാളിത്തപ്രതിസന്ധി അപരിഹാര്യമായി തുടരുകയാണ്. ആഗോളവത്കരണത്തിന്റെ സവിശേഷതയായ അനിയന്ത്രിതമായ കോര്‍പ്പറേറ്റ് ശക്തിയും ചെലവ് ചുരുക്കല്‍ നടപടികളും ജനങ്ങളെ പാപ്പരീകരിക്കുകയും സമ്പദ്ഘടനയെ തകര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്.ആഗോളവല്‍ക്കരണത്തിന്റെയും സ്വതന്ത്രവിപണിവാദത്തിന്റെയും വക്താക്കളായിരുന്ന അമേരിക്ക ട്രംപിലെത്തുമ്പോള്‍ കടുത്ത ദേശീയ സങ്കുചിതത്വം ഇളക്കിവിടുകയാണ്.

 ആഗോളവല്‍ക്കരണത്തിന്റെ ആസൂത്രകരും കാര്‍മ്മികരുമായി ലോകജനതയെ പിഴിഞ്ഞൂറ്റാനിറങ്ങിപ്പുറപ്പെട്ടവര്‍ ഇപ്പോള്‍ പ്രൊട്ടക്ഷനിസം പറയുകയാണ്. അതായത് വിപണി സംരക്ഷണവാദം. 2018-ല്‍ യു.എന്‍ അസംബ്ലിയില്‍ ട്രംപ് നടത്തിയ പ്രസംഗം അമേരിക്ക സ്വീകരിച്ചിരിക്കുന്ന സങ്കുചിതമായ സംരക്ഷണവാദത്തിന്റെ നയപ്രഖ്യാപനം കൂടിയായിരുന്നു. ട്രംപ് നിര്‍ലജ്ജം പ്രഖ്യാപിച്ചത് അമേരിക്ക ഭരിക്കുന്നത് അമേരിക്കക്കാര്‍ തന്നെയാണെന്നും തങ്ങള്‍ ആഗോളസിദ്ധാന്തങ്ങളെ നിരാകരിച്ച് ദേശാഭിമാനത്തിന്റെ പ്രമാണങ്ങള്‍ സ്വീകരിക്കുന്നുവെന്നുമാണ്.

മോഡിയെപോലെ ട്രംപും ദേശീയതയെ തിളപ്പിച്ചെടുത്താണ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നത്. വംശീയത ഇളക്കിവിട്ടാണ് നവലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടുന്നത്.അപ്പോള്‍ ട്രംപ് ഇന്ത്യയിലേക്ക് വരുന്നത് അപരിഹാര്യമായ വ്യാപാരപ്രതിസന്ധിയിലും സാമ്പത്തിക കുഴപ്പത്തിലുംപെട്ട് നട്ടംതിരിയുന്ന അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാവശ്യമായ വിപണി ഉറപ്പിക്കാനാണെന്നതാണ് യാഥാര്‍ത്ഥ്യം.

അമേരിക്കന്‍ കോര്‍പ്പറേറ്റ് ഹൗസുകളുടെ ഇംഗിതമനുസരിച്ചാണ് ട്രംപ് ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യയുമായി വലിയ വ്യാപാരകരാറിലെത്താനുള്ള ഗ്രീന്റൂം ആലോചനകള്‍ക്കാണ് ട്രംപിന്റെ സന്ദര്‍ശനം വഴിയൊരുക്കുകയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അമേരിക്കക്ക് അനുകൂലമായ വ്യാപാരകരാറുകള്‍ക്കാണ് ട്രംപിന്റെ സന്ദര്‍ശനം വഴി പരിസരമൊരുക്കിയെടുക്കുന്നത്. ഇന്ത്യയെ സഹായിക്കുന്നതോ ശക്തിപ്പെടുത്തുന്നതോ ഒന്നും തന്നെ അമേരിക്കയില്‍ നിന്നും ട്രംപില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്ര വിദേശനയത്തെയും അപ്രസക്തമാക്കുന്ന ധാരണകള്‍ക്കും ഉടമ്പടികള്‍ക്കും വേണ്ടിയാണ് അമേരിക്ക നീക്കങ്ങള്‍ നടത്തുന്നത്.
 
ഇന്നത്തെ സാര്‍വദേശീയ സാഹചര്യത്തില്‍ ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി മാറ്റാനുള്ള തീവ്രമായ സമ്മര്‍ദ്ദങ്ങളാണ് അമേരിക്ക നടത്തുക. അതിന്റെ മുന്നോടിയായിട്ടുകൂടിയാണ് നേരത്തെതന്നെ അമേരിക്കന്‍ സെനറ്റില്‍ ഇന്ത്യയിലേക്കുള്ള ആയുധകയറ്റുമതി ലക്ഷ്യമിട്ട് നിയമനിര്‍മ്മാണം നടത്തിയത്. അമേരിക്കയുടെ ആയുധ കയറ്റുമതി നിയമം ഭേദഗതിചെയ്തുകൊണ്ടാണ് ആയുധവ്യാപാരത്തില്‍ ഇന്ത്യക്ക് നാറ്റോ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കാന്‍ അമേരിക്ക തീരുമാനിച്ചത്.

ആണവകരാര്‍: മന്‍മോഹന്‍സിംഗും ജോര്‍ജ് ബുഷും

ആണവകരാര്‍: മന്‍മോഹന്‍സിംഗും ജോര്‍ജ് ബുഷും


യു.പി.എ കാലത്തുണ്ടാക്കിയ പ്രതിരോധ ചട്ടക്കൂട് കരാറും ആണവകരാറും മോഡി സര്‍ക്കാര്‍ ഒപ്പുവെച്ച വിവരവിനിമയ-പൊരുത്ത-സുരക്ഷാ കരാറും (കോംകാസ) ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കി അധഃപതിപ്പിക്കുന്നതാണ്.വലിയ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ യുദ്ധോപകരണ നിര്‍മ്മാണ വ്യവസായത്തെ രക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യ-അമേരിക്കന്‍ ബന്ധങ്ങളെ വിപുലപ്പെടുത്തുകയെന്ന് നാമകരണം ചെയ്തിരിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിറകിലുള്ളത്.

മോഡി സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ അധികാരത്തില്‍വന്ന ഉടനെ ലക്ഷക്കണക്കിന് കോടി രൂപയുടെ പ്രതിരോധ സംഭരണം നടത്താന്‍ തീരുമാനിച്ചത് അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കൂടി വഴിപ്പെട്ടാണ്. പ്രതിരോധ വ്യവസായരംഗം സ്വകാര്യവല്‍ക്കരിക്കാനും ഈ മേഖലയില്‍ 51%-ല്‍ അധികം വിദേശനിക്ഷേപം സ്വീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ദേശരക്ഷയെയും പരമാധികാരത്തെയും അപകടപ്പെടുത്തുന്നതാണ് ഇത്തരം നീക്കങ്ങള്‍. കോംകാസ കരാര്‍ ഒപ്പിട്ടതോടെ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് ഇന്ത്യ അതിന്റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും വിട്ടുകൊടുക്കാന്‍ ബാധ്യസ്ഥയാകും.

ഇപ്പോള്‍ ഇന്ത്യയുടെ നാവികസേനാ ആസ്ഥാനവും യു.എസ് പെസഫിക് കമാന്റും വിവരങ്ങള്‍ തല്‍സമയം കൈമാറാന്‍ ഹോട്ട്ലൈനും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. ട്രംപിന്റെ സന്ദര്‍ശനം കൂടുതല്‍ സൈനിക സഹകരണത്തിനുള്ള ബേസിക് എക്സേഞ്ച് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ് ഒപ്പിടാനുള്ള ആലോചനയിലേക്ക് ഗതിവേഗം കൂട്ടും. അമേരിക്കയുടെ വിദേശകാര്യസെക്രട്ടറി മൈക്ക്പോംപിയോ കഴിഞ്ഞകുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യയെ അമേരിക്കയുടെ സൈനിക പങ്കാളിയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.

ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ക്കും സമ്പദ്ഘടനകള്‍ക്കുംമേല്‍ ആക്രമണോത്സുകമായ കടന്നുകയറ്റങ്ങളാണ് ട്രംപും അമേരിക്കയും നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപാരയുദ്ധങ്ങള്‍, സൈനിക ഇടപെടലുകള്‍, അധിനിവേശ തന്ത്രങ്ങള്‍, അവിശുദ്ധകൂട്ടുകെട്ടുകള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധരൂപത്തിലും മാര്‍ഗങ്ങളിലൂടെയുമുള്ള കടന്നാക്രമണങ്ങളാണ് അമേരിക്ക ലോകജനതയ്ക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്നത്. പണവും അധികാരവും അഭൂതപൂര്‍വമായ രീതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ആഗോള മുതലാളിത്തത്തിന്റെ അധിനായകനാണ് ട്രംപ്.

 ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ചുമരുകള്‍ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു

ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ചുമരുകള്‍ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു


 ലോകമെമ്പാടുമുള്ള സമ്പദ്ഘടനകളെയും രാഷ്ട്രങ്ങളെയും അമേരിക്കന്‍ നായകത്വത്തിലുള്ള ആഗോളമൂലധനത്തിന്റെ ഭ്രമണപഥങ്ങളിലേക്ക് ഉദ്ഗ്രഥിച്ചെടുക്കാനുള്ള ആസൂത്രിതമായ നീക്കമായിരുന്നു 1990-കളിലാരംഭിച്ച ആഗോളവല്‍ക്കരണം. ഏകധ്രുവലോകത്തെയും സ്വതന്ത്രവിപണിയെയും കുറിച്ചുള്ള വാചകമടികളിലൂടെ അമേരിക്ക അതിന്റെ ആധിപത്യം അടിച്ചേല്‍പിക്കുന്നതാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം ലോകം ദര്‍ശിച്ചത്. ഗാട്ട് കരാറും അനവധിയായ വ്യാപാര ഉടമ്പടികളും രാഷ്ട്രീയ സൈനിക ധാരണകളുമെല്ലാം വഴി അമേരിക്കയുടെ ലോകാധിപത്യമാണ് ലക്ഷ്യമിട്ടത്.
 
ഇന്നിപ്പോള്‍ ആഗോളവല്‍ക്കരണനയങ്ങള്‍ തന്നെ മുതലാളിത്തത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉല്‍പാദനതകര്‍ച്ചയും ധനകാര്യ കുഴപ്പവും  മുന്‍പിന്‍ ആലോചനയില്ലാത്ത കോര്‍പ്പറേറ്റ് വികസനം സൃഷ്ടിച്ച പാരിസ്ഥിതിക തകര്‍ച്ചയും സാമ്രാജ്യത്വരാജ്യങ്ങളെതന്നെ രക്ഷപ്പെടാനാവാത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു. തങ്ങളുടെ ചരക്കുകള്‍ക്കും തങ്ങള്‍ക്കാവശ്യമായ പ്രകൃതിവിഭവങ്ങള്‍ക്കും വേണ്ടി രാഷ്ട്രങ്ങളെ അസ്ഥിരീകരിക്കുകയും അപദേശീയവല്‍ക്കരിക്കുകയുമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകമുതലാളിത്ത ഭരണകൂടങ്ങള്‍.
സതീഷ് ആചാര്യയുടെ കാര്‍ട്ടൂണ്‍

സതീഷ് ആചാര്യയുടെ കാര്‍ട്ടൂണ്‍ ജനാധിപത്യത്തെയും ദേശീയതയെയും മതനിരപേക്ഷ മാനവികമൂല്യങ്ങളെയും കശക്കിയെറിഞ്ഞുകൊണ്ട് വംശീയതയിലും കുടിയേറ്റവിരുദ്ധതയിലും അധിഷ്ഠിതമായ തീവ്രവലതുപക്ഷ രാഷ്ട്രീയം ലോകമെമ്പാടും അധീശത്വം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആംഗ്ലോസാങ്സണ്‍ വംശീയതയും സയണിസവും ഹിന്ദുത്വവും ബുദ്ധമൗലികവാദവുമെല്ലാം ചേര്‍ന്ന തീവ്രവലതുപക്ഷരാഷ്ട്രീയ സഖ്യത്തിലെ കണ്ണികളാണ് ട്രംപും മോഡിയും. ഇന്ത്യ എന്ന ആശയത്തെ അസ്ഥിരീകരിക്കുകയും ഇന്ത്യയെന്ന രാഷ്ട്രത്തെ അപദേശീയവല്‍ക്കരിക്കുകയുമാണ് അമേരിക്കന്‍ മേധാവി ട്രംപും ഹിന്ദുത്വവര്‍ഗീയവാദിയായ മോഡിയും.

 


പ്രധാന വാർത്തകൾ
 Top