13 May Thursday

പൊതുവിദ്യാഭ്യാസം
 ഡിജിറ്റൽ പഠനം - പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് എഴുതുന്നു

സി രവീന്ദ്രനാഥ്Updated: Tuesday Apr 27, 2021

ആധുനിക സാങ്കേതികവിദ്യകൾ വികസിച്ചതിന്റെ ഭാഗമായി ഉയർന്നുവന്ന പുതിയ സങ്കൽപ്പമാണ് ഡിജിറ്റൽ പഠനം. ഈ രീതിയെ പൊതുവിൽ ഓൺലൈൻ പഠനം എന്നാണ് പറയുന്നത്. ഇന്റർനെറ്റും സ്മാർട്ട്ഫോണും കംപ്യൂട്ടറും മറ്റും ഉപയോഗിച്ചുകൊണ്ടാണ് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക. ഈ ആധുനിക സംവിധാനങ്ങൾ പൂർണമായും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യത്തിൽ മാത്രമാണ് ഓൺലൈൻ ക്ലാസുകൾ വിജയിക്കുക. ക്ലാസുകൾ നേരിട്ട് സംപ്രേഷണം ചെയ്തോ, റെക്കോഡ് ചെയ്ത് സംപ്രേഷണം ചെയ്തോ വിഷയം വിദ്യാർഥിയിൽ എത്തിക്കുന്നതാണ് രീതിശാസ്ത്രം. ഇതേ സംവിധാനംവഴി കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനും പ്രോബ്ലം ചെയ്യുന്നതിനും കഴിയുന്നതിനാൽ പരസ്പരവിനിമയം സാധ്യമാണ്. അങ്ങനെ അധ്യാപകനും വിദ്യാർഥിയും വിദൂരത്തിരുന്ന് ആശയവിനിമയം നടത്തും.

ഇതാണ് ഓൺലൈൻ പഠനത്തിലെ പൊതുവിലുള്ള ആശയവിനിമയരീതി. ഈ ശൈലിയിലുള്ള ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാന പ്രശ്നം വിദ്യാർഥി–--അധ്യാപക ജൈവബന്ധം നിഷേധിക്കപ്പെടുന്നു എന്നതാണ്. ഗൗരവമായ ഈ പ്രശ്നം തന്നെയാണ് മൗലികമായ അപകടം. അധ്യാപക-–-വിദ്യാർഥി ജൈവബന്ധമാണ് ജീവിതത്തിന്റെ പ്രധാന അടിത്തറ.

അപ്രതീക്ഷിതമായി കൊറോണ മഹാമാരിക്കാലത്ത് മേൽപ്പറഞ്ഞ ജൈവബന്ധം അസാധ്യമായി. ഈ പ്രശ്നം കേരളം വളരെ ഗൗരവമായി കണക്കിലെടുത്തു. അതിനാൽ പഠനരംഗത്ത് വ്യത്യസ്തമായ ഒരു പാത തുറന്നു. അതാണ് കേരളത്തിന്റെ തനതായ ‘ഡിജിറ്റൽ പഠനം’. സാങ്കേതികമായി ഓൺലൈൻ രീതിശാസ്ത്രം തന്നെയാണ് അനുവർത്തിക്കുന്നത്. ഇത് ബദൽ പഠനരീതിയല്ല. മറ്റൊരു വഴിയും ഇല്ല എന്നതുകൊണ്ട് മാത്രമാണ് തെരഞ്ഞെടുത്തത്. പരോക്ഷമായ രീതിയിൽ പരമാവധി അധ്യാപക–വിദ്യാർഥി ബന്ധമുണ്ടാക്കാൻ അവസരമുണ്ടാക്കി.


 

സാറ്റലൈറ്റ് സംവിധാനംകൂടി ഉപയോഗിച്ച് ഡിജിറ്റൽ പഠനം സർവവ്യാപകമാക്കി. സ്മാർട്ട്ഫോണോ കംപ്യൂട്ടറോ ടെലിവിഷൻസെറ്റോ ഉപയോഗിച്ച് ക്ലാസ് കേൾക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. കേരളത്തിന്റെ ഡിജിറ്റൽ അടിത്തറ അതിവിപുലമായിരുന്നു എന്നതിനാൽ 100ശതമാനം കുട്ടികൾക്കും കേൾക്കാൻ കഴിഞ്ഞു. സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ ജനകീയതകൂടി കലർത്തിയതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ യഥാർഥവിജയം. കക്ഷി-രാഷ്ട്രീയത്തിനപ്പുറം ഒന്നിച്ചുനിന്നുകൊണ്ട് മഹാമാരിക്കാലത്തും ഡിജിറ്റൽ പഠനസൗകര്യം ജനകീയമായി സൃഷ്ടിച്ചെടുത്തു. ടിവിയും കംപ്യൂട്ടറുകളും ഫോണുകളും ജനകീയമായി എത്തിച്ചത് വൻ വിജയമായി കണക്കാക്കുന്നു. ഇതിനെക്കുറിച്ച് പഠിച്ച യൂണിസെഫ് ഇക്കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളത്തിന്റെ തനത് ഡിജിറ്റൽ പഠനത്തിന് അംഗീകാരമായി കണക്കാക്കുന്നു. മഹാമാരിയിൽ ലോകം പകച്ചുനിൽക്കുമ്പോഴും കേരളത്തിന്റെ പൊതുവിദ്യാഭ്യാസം അനന്യമായ ജനകീയ ഡിജിറ്റൽ സംവിധാനം വിജയിപ്പിച്ചു എന്നതാണ് നേട്ടം.

ഡിജിറ്റൽപഠനം ആദ്യം ആരംഭിച്ചത് ‘ട്രയൽ’ എന്ന രീതിയിൽ 2020 ജൂൺ ഒന്നിനാണ്. മഹാമാരിക്കാലത്തും ജൂൺഒന്നിനുതന്നെ അക്കാദമിക് വർഷം ആരംഭിച്ചു. ‘ഡിജിറ്റൽ ഡിവൈഡ്’ ഉണ്ടാകുമെന്നും വിജയിക്കില്ല എന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ആ അഭിപ്രായങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പ് ഊർജസ്രോതസ്സുകളാക്കി മാറ്റി. ഡിജിറ്റൽ പഠനസൗകര്യങ്ങൾ 15 ദിവസത്തിനകം ഉറപ്പാക്കി ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകുമെന്ന ഭയത്തെ അഭിമുഖീകരിച്ചു. അങ്ങനെ വിദ്യാലയങ്ങളിലും വായനശാലകളിലും ക്ലബ്ബുകളിലും പൊതുസ്ഥലങ്ങളിലും ടെലിവിഷൻ സെറ്റുകളും കംപ്യൂട്ടർ സ്ക്രീനുകളും വച്ച് സജ്ജമാക്കി. മഹാമാരി ഭയപ്പെടുത്തുമ്പോഴും ജനകീയ ഡിജിറ്റൽ ക്ലാസുകൾ സന്തോഷം പകർന്നു. പതുക്കെ വീടുകളിലും സൗകര്യങ്ങൾ ഉണ്ടായി. കേരളത്തിലെ ഡിജിറ്റൽ പഠന പശ്ചാത്തല വികാസ ചരിത്രം പഠിക്കപ്പെടേണ്ടതാണ്. ചില കുറവുകളുണ്ടാകാമെന്നത് സ്വാഭാവികംമാത്രം. ഈ കുറവുകളും നികത്തപ്പെടണം. അതിനുവേണ്ടിയാണ് ശ്രദ്ധയുണ്ടാകേണ്ടത്. യൂണിസെഫും ഇത് ചൂണ്ടിക്കാണിക്കുന്നു. ചരിത്രത്തിലാദ്യമായി ആധുനികസാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജനകീയ വിദ്യാഭ്യാസ രീതി കേരളജനതയുടെ അഭിമാനമായി.


 

ഈ പഠനരീതി വിജയിപ്പിക്കാൻ എസ്‌‌സിഇആർടി, കൈറ്റ്, വിക്ടേഴ്സ് ചാനൽ, എസ്എസ്‌കെ, എസ്ഐഇടി, സിമാറ്റ് തുടങ്ങിയ സംവിധാനങ്ങൾ സൂക്ഷ്മ ശ്രദ്ധചെലുത്തി എന്നതിൽ അഭിമാനമുണ്ട്. അധ്യാപകർക്ക് പ്രത്യേകപരിശീലനം നൽകി. അധ്യാപകർ ഡിജിറ്റൽ കണ്ടന്റ്‌ ഉണ്ടാക്കാൻ കഠിനപ്രയത്നവും ചെയ്തു. അക്കാദമിക് ശ്രദ്ധ നല്ലതുപോലെ അധ്യാപകർ നിലനിർത്തി എന്നതിന്റെ തെളിവാണ് ‘സമഗ്ര’ പോർട്ടലിന്റെ സമഗ്രത. ഏത് ആധുനിക ഓൺലൈൻ പഠനത്തെയും വെല്ലുവിളിക്കുന്ന രീതിയിലാണ് സമഗ്ര 1, സമഗ്ര 2 എന്നിവ വികസിപ്പിച്ചിട്ടുള്ളത്. നാളെ ആധുനിക വിദ്യാഭ്യാസത്തിന്റെ ഊർജവും കൽപ്പനയുമായി ഡിജിറ്റൽ കേരളത്തിന്റെ സമഗ്ര പോർട്ടൽ മാറും എന്ന കാര്യത്തിൽ സംശയമില്ല. ഇതിന്‌ പൂരകമായിത്തന്നെയാണ് ഡിജിറ്റൽ പഠന കണ്ടന്റും വികസിപ്പിച്ചത്. കൈറ്റ് വിക്ടേഴ്സ് സമ്പൂർണ വിദ്യാഭ്യാസ ചാനൽ എന്ന രീതിയിൽ എങ്ങനെ മാതൃകയാകാം എന്നതിന് ഉത്തമ ഉദാഹരണമായി. കേരളത്തിന്റെ വിക്ടേഴ്സ് ചാനൽ ഡിജിറ്റൽ പാഠങ്ങൾ ലോകമെമ്പാടും വിദഗ്ധമായും സമർഥമായും എത്തിച്ചു. അഭിനന്ദനങ്ങൾ! ഇതിനുവേണ്ട അക്കാദമിക് ഗവേഷണം സൂക്ഷ്മതയോടെ നടത്താൻ എസ്‌സിഇആർടിക്കും എസ്എസ്‌കെയ്‌ക്കും എസ്ഐഇടിക്കും കഴിഞ്ഞു എന്നതും ഏറ്റവും ശ്രദ്ധേയം.

അധ്യാപകർ ഡിജിറ്റൽ പഠനത്തെ വളരെ സൂക്ഷ്മതയോടെ ഏറ്റെടുത്തു എന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. തുടർപ്രവർത്തനത്തിൽ പ്രോജ്വലമായ ശ്രദ്ധ നൽകിയത് അധ്യാപകരാണ്. അധ്യാപക സംഘടനകളുടെ സംഭാവനകളും നിസ്തുലമാണ്. പിടിഎയുടെ പ്രവർത്തനങ്ങൾ ഏറ്റവും ശ്രദ്ധേയമാണ്. ഓരോ വിദ്യാലയവും വാശിയോടെ തുടർപ്രവർത്തനങ്ങൾ നടത്തി. ജനപ്രതിനിധികൾ അതിശക്തമായ നേതൃത്വം നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സംവിധാനങ്ങളും മാതൃകാപരമായി പ്രവർത്തിച്ചു. ജനകീയതയുടെ സർഗവികാസം എത്ര മനോഹരം, ശക്തം.
2021 ഫെബ്രുവരിയോടെ 10, 12 ക്ലാസുകൾ തീർക്കാൻ കഴിഞ്ഞത് ഈ സഹകരണം കൊണ്ടാണ്. കുട്ടികളുടെ അക്കാദമിക് സജീവതയ്‌ക്ക് ഒരു കുറവും വരരുത് എന്നായിരുന്നു സർക്കാരിന്റെ ആഗ്രഹം. അത് സാർഥകമായി. സിലബസ്‌ വെട്ടിക്കുറയ്‌ക്കാതെ ഭാവിപഠനത്തിന് ആവശ്യമായ അക്കാദമിക് അടിത്തറ വേണമെന്ന ലക്ഷ്യത്തിൽ ഫോക്കസ് ഏരിയപോലും പ്രസിദ്ധീകരിച്ചു. പ്രത്യേക ഡിജിറ്റൽ ക്ലാസുകളും നൽകി. സമഗ്രമായ റിവിഷൻപോലും നൽകി.

മഹാമാരിക്കാലത്തെ പ്രശ്നങ്ങളും പരിമിതികളും കണക്കിലെടുത്ത് പരീക്ഷാരീതിയും പരിഷ്കരിച്ചു. കുട്ടിയെ പരീക്ഷിക്കുകയല്ല, അറിയുകയാണ് വേണ്ടത് എന്നും കുട്ടിക്കെന്ത് അറിയില്ല എന്നതല്ല, എന്തറിയാം എന്നതാണ് നോക്കേണ്ടത് എന്നും തിരിച്ചറിഞ്ഞ പരീക്ഷാരീതി നടപ്പാക്കി. മോഡൽ പരീക്ഷ കഴിഞ്ഞതോടെ വിദ്യാർഥികൾ തൃപ്തരായി. ആശങ്കകൾ അകന്നു.

ഡിജിറ്റൽ പഠനത്തിന്റെ പ്രത്യേകതയിലൂടെ അധ്യാപക–-വിദ്യാർഥി ബന്ധം കുറെയൊക്കെ നിലനിർത്താൻ കഴിഞ്ഞു. പുതിയ പഠനാന്തരീക്ഷം കുടുംബമായി മാറിയതിനാൽ മറ്റൊരു പഠന ജൈവബന്ധം വളർന്നു. ഓരോ ക്ലാസും എന്തെല്ലാമാണെന്ന് നേരിട്ട് കേൾക്കാൻ അച്ഛനമ്മമാർക്ക് കഴിയുന്നു. ഇത് മോണിറ്ററിങ്ങിന് സാധ്യത കൂട്ടുന്നു. ഒരേ ക്ലാസ് വീണ്ടും വീണ്ടും കാണാൻ അവസരമുണ്ടാകുന്നു. ഓരോ കുട്ടിക്കും തന്റെ ക്ലാസുകൾ വീണ്ടും കേൾക്കാൻ കഴിയുന്നു. പ്രായമാകുമ്പോഴും കൊറോണ കാലത്തെ ക്ലാസുകൾ വീണ്ടും ആസ്വദിക്കാൻ കഴിയും.


 

ഇതൊക്കെയുണ്ടെങ്കിലും യഥാർഥ ക്ലാസിന് ബദലല്ല ഡിജിറ്റൽ പഠനം എന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തിരിച്ചറിയുന്നു. ക്ലാസിലെ സംവാദാത്മക അന്തരീക്ഷം, ജൈവബന്ധങ്ങൾ, സാമൂഹ്യബന്ധങ്ങൾ, നേരിട്ടുള്ള അനുഭവങ്ങൾ, കൂട്ടുകാരുടെയും അധ്യാപകരുടെയും സാമീപ്യം, പുസ്തകങ്ങളുടെ സാമീപ്യം, ജൈവപാർക്കുകളുടെ സജീവത, വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കിടാനുള്ള അനന്തമായ സാധ്യത എന്നിവയാണ് മനുഷ്യനെ മനുഷ്യനായും സാമൂഹ്യജീവിയായും മാറ്റുന്ന സർഗാന്തരീക്ഷം. അത് ക്ലാസുകളിൽ മാത്രമേ ലഭിക്കൂ.

മഹാമാരിയെ നാം കൂട്ടായി ഇപ്പോൾ നേരിടുന്നത് ഈ ജൈവാന്തരീക്ഷം തിരികെ പിടിക്കുന്നതിന് വേണ്ടിക്കൂടിയാണ്. ഡിജിറ്റൽ ക്ലാസുകളെ സപ്പോർട്ടിങ്‌ സാധ്യതയാക്കി എടുക്കാം. മാനവികതയുടെ പക്ഷത്തുനിന്നുകൊണ്ട് നാമൊത്തുചേർന്ന് പൊതുവിദ്യാഭ്യാസത്തെ ആധുനികവും ജനകീയവുമാക്കി. ഡിജിറ്റൽ വിദ്യാഭ്യാസത്തിലും കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തേക്ക്‌ എത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... നന്ദി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top