23 September Wednesday

വിദ്യാഭ്യാസവും കോർപറേറ്റുകൾക്ക്‌ - ദേശീയ വിദ്യാഭ്യാസ നയം വിശകലനം ചെയ്‌ത്‌ ദേശാഭിമാനി വെബിനാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം വിശകലനം ചെയ്‌ത്‌ ദേശാഭിമാനി വെബിനാർ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌, കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. മൈക്കിൾ തരകൻ, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, എംഇഎസ്‌ ചെയർമാൻ ഡോ. ഫസൽ ഗഫൂർ, കരട്‌ നയം തയാറാക്കിയ സമിതിയുടെ മെമ്പർ സെക്രട്ടറി ഡോ. ഷക്കീല ഷംസു എന്നിവരാണ്‌ വെബിനാറിൽ സംബന്ധിച്ചത്‌

 


കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം കേരളത്തിന്‌ യോജിച്ചതല്ലെന്ന്‌ പൊതു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു. തനത്‌ വിദ്യാഭ്യാസശൈലിയെ ഇല്ലാതാക്കും. മൂലധനവും വർഗീയതയും ചേർന്നതാണ്‌ ഈ നയം. അതിനാൽ കേരളത്തിന്‌ ഇത്‌ സ്വീകാര്യവുമല്ല.

കരട്‌ ചർച്ചയിൽത്തന്നെ കേരളത്തിന്റെ എതിർപ്പ്‌ വ്യക്തമാക്കിയതാണ്‌. എന്നാൽ, എതിർപ്പുകളൊന്നും പരിഗണിക്കാതെ പൂർണമായും തള്ളിക്കളയുകയാണ്‌ ചെയ്‌തത്‌. ഈ നയത്തിന്റെ മൗലിക ഭാഗങ്ങളോടുതന്നെ വിയോജിപ്പാണ്‌. കേന്ദ്രീകൃത ശൈലിയിൽ ഊന്നിയാണ്‌ പുതിയ വിദ്യാഭ്യാസനയം. ഇത്‌ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഫെഡറൽ സംസ്‌കാരത്തെതന്നെ ഇല്ലാതെയാക്കും. ഫെഡറൽ ശൈലിയിൽ നിന്നാണ്‌ നമ്മുടെ വിദ്യാഭ്യാസരീതിയുടെ പ്രത്യേകതയായ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയവ ഉണ്ടാകുന്നത്‌. ഇതാണ്‌ ഇന്ത്യയുടെ ആവശ്യം.

കേരളം പുതിയ നയത്തിന്‌ എതിർവാദം ഉന്നയിച്ച്‌ ബദൽനയം നൽകിയിരുന്നു. അതത്‌ ഇടത്തെ ആവാസവ്യവസ്ഥയെ പരിഗണിച്ചായിരിക്കണം നയരൂപീകരണം. കേരളത്തിന്റേത്‌ ജനകീയ വികസന രീതിയാണ്‌. ഇതിൽ എല്ലാവരും പങ്കാളിയാകും. ലോകം നോക്കിക്കാണുന്ന ജനകീയ വിദ്യാഭ്യാസ ബദലാണ്‌ നമ്മുടേത്‌.

വിദ്യാഭ്യാസത്തിന്റെ കമ്പോളവൽക്കരണത്തിലേക്കാണ്‌ സ്വകാര്യവൽക്കരണം വഴിയൊരുക്കുക. ഇത്‌ സമൂഹത്തിൽ അന്തരം വർധിപ്പിക്കും. പുതിയ നയം പാർശ്വവൽക്കരണത്തിനും വർഗീയവൽക്കരണത്തിനും വഴിയൊരുക്കുകയും ചെയ്യും–- മന്ത്രി പറഞ്ഞു.

 വിദ്യാഭ്യാസം ഇതുവരെ കൺകറന്റ്‌ ലിസ്റ്റിൽ ആയിരുന്നെങ്കിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അത്‌ പൂർണമായും കേന്ദ്രീകൃതമാക്കുകയാണെന്ന്‌ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. മൈക്കിൾ തരകൻ പറഞ്ഞു. വികേന്ദ്രീകൃതമായ തീരുമാനങ്ങളെടുക്കാനുള്ള ഘടന ഈ നയത്തിൽ ഇല്ലെന്നുവേണം പറയാൻ. കോളേജുകളുടെ അഫിലിയേഷൻ ക്രമേണ ഇല്ലാതാക്കി അവയെ സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റുകയെന്നതാണ്‌ ഒരു നിർദേശം. എന്നാൽ, കേന്ദ്ര ഏജൻസികൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള സംവിധാനങ്ങൾക്കനുസരിച്ച്‌ കോളേജുകൾ മാറും. സംസ്ഥാന സർക്കാരിന്‌ ഒരു അധികാരവും ഇല്ലാതെ വരും. സമൂഹത്തിന്റെ വളർച്ചയ്‌ക്കുവേണ്ട തൊഴിൽശക്തിയെ വളർത്തിയെടുക്കാൻ മറ്റ്‌ സാമ്പത്തിക മേഖലകളിൽ നിക്ഷേപം നടത്തുന്ന ശക്തികൾതന്നെ തയ്യാറാകും. നിക്ഷേപശക്തികൾക്ക്‌ ആവശ്യമുള്ള തരത്തിൽ കോളേജുകളെ നിയന്ത്രിക്കാനാകും. മൂലധനശക്തികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാകും വിദ്യാഭ്യാസ ചട്ടക്കൂടുകൾ രൂപപ്പെടുക.

വിദ്യാഭ്യാസ വായ്‌പയാണ്‌ മറ്റൊരു പ്രശ്‌നം. വാണിജ്യവൽകൃതമായ സാമ്പത്തിക സംവിധാനത്തിന്റെ വളർച്ചയ്ക്കുതകുന്ന കോഴ്‌സുകളെയും പഠനരീതികളെയും മാത്രമേ കണക്കിലെടുക്കൂ. ഇതുകൂടാതെയാണ്‌ വിദേശസ്ഥാപനങ്ങൾക്ക്‌ ഇന്ത്യയിൽ ലഭിക്കാൻ പോകുന്ന സ്വാതന്ത്ര്യം. ക്ഷാമം, ഭക്ഷണദൗർലഭ്യം, ശുചിത്വം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ ഇന്ത്യയിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം സൃഷ്ടിക്കുന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുൻഗണനാ വിഷയം. വിദേശരാജ്യങ്ങൾക്ക്‌ യോജിക്കുന്ന തരത്തിൽ ഇവിടത്തെ വിദ്യാർഥികളെ മാറ്റിയെടുക്കുന്നത്‌ എങ്ങനെ ന്യായീകരിക്കാനാകും. ഇന്ത്യയുടെ പരമ്പരാഗത വിദ്യാഭ്യാസ രീതിയും കോർപറേറ്റ്‌ വിദ്യാഭ്യാസരീതിയും തമ്മിൽ സമരസപ്പെടാനും സാധ്യതയുണ്ടെന്നും ഡോ. മൈക്കിൾ തരകൻ പറഞ്ഞു.രാജ്യത്ത്‌ വിദ്യാഭ്യാസമേഖലയിൽ സ്വാശ്രയസ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും മാത്രമാകുന്ന അവസ്ഥയിലേക്ക്‌ എത്തിക്കുന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു പറഞ്ഞു. സാമൂഹ്യനീതി ഇല്ലാതാകുന്നതോടെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കപ്പെടും. സംസ്ഥാനങ്ങളോ വിദ്യാഭ്യാസ രംഗത്തുള്ളവരോ വിദ്യാർഥി സംഘടനകളോ ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാൻ കേന്ദ്രം തയ്യാറായില്ല. പാർലമെന്റിൽ ചർച്ച ചെയ്‌തില്ല. കാര്യമായ പഠനങ്ങളോ കണക്കുകളോ ഇല്ല. മുൻ വിദ്യാഭ്യാസ റിപ്പോർട്ടുകൾ നടപ്പാക്കിയപ്പോൾ എന്ത്‌ മാറ്റമാണുണ്ടായതെന്നതിനെക്കുറിച്ച്‌ യാതൊരു പരാമർശവും ഈ റിപ്പോർട്ടിലില്ല. സംസ്ഥാനങ്ങളുടെ ആവശ്യം എന്ത്‌ എന്നുപോലും പരിഗണിച്ചില്ല.

ഓൺലൈൻ പഠനത്തിന്‌ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്‌. രാജ്യത്ത്‌ എട്ട്‌ ശതമാനം പേർക്കാണ്‌ വീട്ടിൽ കംപ്യൂട്ടറും ഇന്റർനെറ്റ്‌ സൗകര്യവുമുള്ളതെന്നാണ്‌ റിപ്പോർട്ട്‌. കോവിഡ്‌പോലെ പ്രതിസന്ധി ഘട്ടത്തിൽ മറ്റുവഴികളില്ലാതെയാണ്‌ ഓൺലൈൻ പഠനം നടത്തുന്നത്‌. വിദ്യാഭ്യാസത്തിനുള്ള ബജറ്റ്‌ വിഹിതം ജിഡിപിയുടെ ആറു ശതമാനമാക്കി ഉയർത്തുമെന്ന്‌ പറയുന്നു. എന്നാൽ, പൂർണമായും കേന്ദ്രസർക്കാർ വിഹിതമല്ല.

ആത്മനിർഭൻ ഭാരത്‌ എന്ന്‌ പറയുകയും റഫേൽ കൊണ്ടുവരുമ്പോൾ ആഘോഷിക്കുകയുമാണ്‌ ചെയ്യുന്നത്‌. ഇപ്പോൾ നടക്കുന്നത്‌ മെയ്‌ക്ക്‌ ഇൻ ഇന്ത്യയാണ്‌. അതിനുപകരം മെയ്‌ഡ്‌ ഇൻ ഇന്ത്യ വേണം. ഇത്‌ നടപ്പാക്കണമെങ്കിൽ സ്വതന്ത്ര അന്വേഷണാത്മക ഗവേഷണങ്ങൾ നടക്കണം–- സാനു പറഞ്ഞു.ദേശീയ വിദ്യാഭ്യാസനയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്‌ വെല്ലുവിളിയെന്ന്‌‌ എംഇഎസ്‌ ചെയർമാൻ ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ത്രിഭാഷ നയം സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്‌ ഇതിനുദാഹരണമാണ്‌. ഇതിനോട്‌ യോജിക്കാനാകില്ല. മാതൃഭാഷയോടൊപ്പെം ഇംഗ്ലീഷും വിദ്യാർഥികൾക്ക്‌ പഠിക്കാം. ഹിന്ദി, ഉറുദു തുടങ്ങിയ ഏത്‌ ഭാഷയും ഐച്ഛികമായി പഠിക്കാം. എന്നാൽ, ഒരു ഭാഷ എല്ലാവരിലും അടിച്ചേൽപ്പിക്കുന്നത്‌ ശരിയല്ല. ഓരോ സംസ്ഥാനത്തിനും അതിന്റേതായ സംസ്‌കാരമുണ്ട്‌. അതിൽ ഊന്നിയാകണം അവിടങ്ങളിലെ പാഠ്യക്രമങ്ങളും മറ്റും നിശ്ചയിക്കേണ്ടത്‌.

ഇതൊന്നും കണക്കിലെടുക്കാതെ എല്ലാം ഏകീകരിക്കുന്നത് ശരിയല്ല‌. കോവിഡിനുശേഷം പാർലമെന്റിലും സംസ്ഥാനങ്ങളിലും ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച്‌ ചർച്ചകൾ നടത്തണം. ഓരോ സംസ്ഥാനത്തിനും നയം സ്വീകരിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം നൽകണം. അനുകൂലിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ അനുകൂലിക്കാം. അനുകൂലിക്കാത്ത സംസ്ഥാനങ്ങൾക്ക്‌ അവരുടെ വഴി സ്വീകരിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരും സാധാരണക്കാരുമായവരുടെ അവകാശങ്ങളുടെ അവസരങ്ങളുടെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നതാകും നയം.

വിദേശ സർവകലാശാലകളെ    പ്രോത്സാഹിപ്പിക്കുമെന്നാണ്‌ ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്നത്‌. ഇത്‌ വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവൽക്കരണത്തിന്‌ ആക്കം കൂട്ടും. ഗുണനിലവാരമില്ലാത്ത വിദേശ സർവകലാശാലകളേകാൾ പ്രാദേശികമായ മികച്ച സർവകലാശാലകളെ ഉയർത്തിക്കൊണ്ടുവരികയാണ്‌ വേണ്ടത്‌–- ഡോ. ഫസൽ ഗഫൂർ പറഞ്ഞു.

 പുതിയ കേന്ദ്ര വിദ്യാഭ്യാസനയം കേന്ദ്ര സർക്കാരിന്‌ കൂടുതൽ അധികാരം നൽകുന്നതാണെന്ന്‌ കരട്‌ നയം തയ്യാറാക്കിയ സമിതിയുടെ മെമ്പർ സെക്രട്ടറി ഡോ. ഷക്കീല ഷംസു പറഞ്ഞു.

അധ്യാപക കേന്ദ്രീകൃമാകാത്ത വിദ്യാർഥി കേന്ദ്രീകൃതമായ നയമാണിതെന്നും അവർ അവകാശപ്പെട്ടു. പഠന സമ്പ്രദായത്തിൽ ആകെപ്പാടെയുള്ള ഒരു മാറ്റമാണ്‌ നയംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പുതിയ നയപ്രകാരം പ്രീസ്‌കൂൾ വിദ്യാഭ്യാസം സ്‌കൂളിന്റെ ഭാഗമാകും. നിലവിലെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായം മോശമാണെന്നല്ല, എന്നാൽ അത്‌ മാറേണ്ടത്‌ അനിവാര്യമാണ്‌–-അവർ പറഞ്ഞു.


 

 

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top