04 February Saturday

ദേശാഭിമാനിയുടെ മുന്നേറ്റത്തിന്‌ പുതിയ കർമപദ്ധതി - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2022

മാധ്യമരംഗത്ത് സജീവമായി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം തീരുമാനമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പാർടി പത്രമെന്നനിലയിൽ ദേശാഭിമാനി എങ്ങനെ പ്രവർത്തിക്കണമെന്നതിന്‌  സംസ്ഥാന കമ്മിറ്റി ഒരു രേഖ അംഗീകരിക്കുകയും ചെയ്തു. ദേശാഭിമാനിയുടെ നവീകരണവും വർത്തമാനകാല കടമകളുമെന്ന രേഖയാണ് അംഗീകരിച്ചത്‌മാധ്യമരംഗത്ത് സജീവമായി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം തീരുമാനമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പാർടി പത്രമെന്നനിലയിൽ ദേശാഭിമാനി എങ്ങനെ പ്രവർത്തിക്കണം എന്നതിന്‌  സംസ്ഥാന കമ്മിറ്റി ഒരു രേഖ അംഗീകരിക്കുകയും ചെയ്തു. ദേശാഭിമാനിയുടെ നവീകരണവും വർത്തമാനകാല കടമകളുമെന്ന രേഖയാണ് അംഗീകരിച്ചത്‌.

പൊതു മാർഗനിർദേശം
കമ്യൂണിസ്റ്റ് പാർടിയുടെ എക്കാലത്തെയും ചരിത്രം പരിശോധിച്ചാൽ പത്രപ്രവർത്തനം എന്നും  പ്രധാന പ്രവർത്തനരീതിയായിരുന്നു. മാർക്സ് തന്നെ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് പത്രപ്രവർത്തനത്തെ ഏറെ ആശ്രയിച്ചിരുന്നു. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പുതന്നെ വാൻഗാർഡ് പോലുള്ള പത്രങ്ങൾ പ്രചരിച്ചിരുന്നു. പത്രം പ്രചാരകനും  പ്രക്ഷോഭകാരിയും സംഘാടകനും ആയിരിക്കണമെന്ന നിലപാടാണ് ലെനിൻ സ്വീകരിച്ചത്.

പാർടിയുടെ ആരംഭഘട്ടത്തിൽത്തന്നെ പത്രരംഗത്ത്‌ നല്ല നിലയിൽ ഇടപെട്ടിരുന്നുവെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാണ്. വർത്തമാനകാല സാഹചര്യത്തെ മനസ്സിലാക്കി ഇടപെട്ടെങ്കിൽ മാത്രമേ ജനങ്ങൾ പത്രത്തെ നെഞ്ചിലേറ്റുകയുള്ളൂ. ജനങ്ങളുടെ അഭിരുചികളെ മനസ്സിലാക്കിയും പത്രത്തിന് ജനങ്ങളോടു പറയാനുള്ള കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയുമാകണം  ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്‌. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനത്തിനായുള്ള പൊതുവായ മാർഗനിർദേശമായി രേഖ പാർടി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചത്.

വലതുപക്ഷ മാധ്യമങ്ങളെ തുറന്നുകാട്ടണം
കോർപറേറ്റുകളും ഹിന്ദുത്വവാദികളും അവരുടെ  താൽപ്പര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് മുന്നോട്ടുവരുന്ന ഘട്ടംകൂടിയാണ്‌ ഇത്. സംഘപരിവാറിന്റെ ഇംഗിതങ്ങൾക്ക് കൂട്ടുനിൽക്കാത്ത സ്ഥാപനങ്ങളെയും  വ്യക്തികളെയും വിവിധ തരത്തിൽ പീഡിപ്പിക്കുകയെന്നത് ഒരു കാര്യപരിപാടിയായിത്തന്നെ ഇവർ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങളാകട്ടെ വലതുപക്ഷത്തിന്റെ വാർത്തകൾ പൊടിപ്പും  തൊങ്ങലുംവച്ച് നൽകുകയെന്ന നിലപാടായിരുന്നു മുമ്പ് സ്വീകരിച്ചത്. ഇന്ന് അവർക്ക് അജൻഡകൾ രൂപപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് മുഴുകുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ രണ്ടു വിധത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നത് പ്രധാനമാണ്. ഒന്നാമതായി,  ഇങ്ങനെയുള്ള  മാധ്യമങ്ങളുടെ സ്വഭാവ സവിശേഷത ചൂണ്ടിക്കാട്ടി വലതുപക്ഷ മാധ്യമസംസ്‌കാരത്തെ തുറന്നുകാട്ടണം. ഒപ്പം ബദൽ മാധ്യമസംസ്‌കാരം  വികസിപ്പിക്കേണ്ടതുണ്ട്. വർഗ –- ബഹുജന സംഘടനകളുടെ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ ഇത്തരമൊരു നിലപാട് സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇ എം എസ് നടത്തിയ ഇടപെടലുകൾ ഏറെ പ്രധാനമാണ്. പാർടി പത്രമായിരിക്കെത്തന്നെ ഒരു വാർത്താപത്രമായി അതിനെ എങ്ങനെ വികസിപ്പിക്കാമെന്ന പ്രശ്നമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇത് പ്രാവർത്തികമാക്കുകയെന്ന കാഴ്ചപ്പാടാണ് പൊതുവിൽ രേഖ മുന്നോട്ടുവയ്‌ക്കുന്നത്. ഒപ്പം പുതുതായി ഉയർന്നുവന്ന പ്രശ്നങ്ങളെ മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നു.

പൊതുപത്രമായി മുന്നേറണം
പാർടി പത്രമെന്നത് പാർടിയുടെ കാഴ്ചപ്പാടുകൾ പ്രവർത്തകരിലേക്കും അനുഭാവികളിലേക്കും എത്തിക്കുകയെന്നത് മാത്രമല്ല, എല്ലാ വിഭാഗങ്ങളെയും  പത്രവായനക്കാരാക്കി മാറ്റുകയെന്നതാണ്. അങ്ങനെ വരുമ്പോൾ ലോകത്ത് നടക്കുന്ന എല്ലാ വാർത്തകളും അവതരിപ്പിക്കേണ്ടത് പ്രധാനമായിത്തീരും. 

പൊതുപത്രമെന്ന നിലയിൽ പാർടി പത്രത്തിന്റെ എല്ലാ ദൗത്യവും നിർവഹിക്കാൻ കഴിയുന്ന പത്രമായി ദേശാഭിമാനി മാറ്റേണ്ടതുണ്ട്. ലേ ഔട്ടുകൾ മികച്ചതാകുക എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. ഇടതുപക്ഷ ബദൽനയങ്ങൾ, മതനിരപേക്ഷത, ശാസ്ത്രബോധം, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രചരിപ്പിക്കുക ദേശാഭിമാനി അതിന്റെ ലക്ഷ്യമായിത്തന്നെ സ്വീകരിക്കണം. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദത്തെ ലോകത്ത്‌ എത്തിക്കേണ്ട ഉത്തരവാദിത്വം കൂടുതൽ ശക്തമായി നിർവഹിക്കാൻ കഴിയണം.

പത്രത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അത് ഇനിയും ശക്തിപ്പെടുത്തണം. പുതിയ കാലത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് പശ്ചാത്തല സൗകര്യത്തിൽ ആവശ്യമായ മാറ്റംവരുത്തണം. അതിനുള്ള ശക്തമായ ഇടപെടലുകൾ ഏതൊക്കെ ഇടങ്ങളിൽ വേണമെന്ന കാര്യം രേഖ എടുത്തുപറയുന്നുണ്ട്.

ടെക്ക്‌ പേജ്‌ വേണം, വാരാന്തപ്പതിപ്പ്‌ പൊതുവേദി
നൂതനമായ സാങ്കേതികവിദ്യകളുടെ കാലമാണ്‌ ഇത്. നിർമിതബുദ്ധിയും ബഹിരാകാശ ടൂറിസവും സെമികണ്ടക്ടറുകളുടെയും കാലം. ഈ മാറ്റം വായനക്കാരിൽ എത്തിക്കുന്നതിന് ഒരു ടെക്ക് പേജ് ഇറക്കുന്ന കാര്യവും സജീവമായി പരിഗണിക്കണം. പ്രാദേശിക വാർത്തകൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ വേണം. മികച്ച ശേഷിയുള്ളവരെ ഏരിയ ലേഖകരായി നിയമിക്കണം. ദേശീയ തലത്തിലെ  വാർത്തകൾക്ക് പ്രാധാന്യം നൽകുന്നതിന്‌ എല്ലാ സംസ്ഥാനത്തും ലേഖകരെ നിയോഗിക്കണം. വർഷത്തിൽ ഒരു തവണ റിഫ്രഷർ കോഴ്സ് ജീവനക്കാർക്കായി നടത്തേണ്ടതുണ്ട്. ആർക്കെവിസും ഗവേഷണവിഭാഗവും ശക്തിപ്പെടുത്തി  വാർത്താവിശകലനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാകണം.

വാരാന്തപ്പതിപ്പിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ, ശാസ്ത്ര ചിന്തകൾ, സിനിമ, പ്രാദേശിക ചരിത്രം തുടങ്ങിയവ പ്രാധാന്യത്തോടെ നൽകാനാകണം. പുതിയ വിജ്ഞാനങ്ങളെയും അറിവുകളെയും പ്രതിഫലിപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അന്ധവിശ്വാസങ്ങൾക്കും  അനാചാരങ്ങൾക്കുമെതിരെ സവിശേഷ  ഇടപെടലുണ്ടാകണം. സാമൂഹ്യ, ശാസ്ത്ര, രാഷ്ട്രീയ മേഖലകളിൽനിന്ന്‌ വ്യത്യസ്ത തലങ്ങളെക്കൂടി ഉൾപ്പെടുത്താനാകണം. ഒരു പൊതുവേദിയെന്നനിലയിൽ വാരാന്തപ്പതിപ്പിനെ മാറ്റുന്നതിന് കൂടുതൽ ശ്രദ്ധിക്കണം.

നമ്മുടെ സാംസ്‌കാരിക രംഗത്തെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുകയെന്നത് വാരികയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്. മലയാളത്തിലെ ഒന്നാമത്തെ വാരികയായി ദേശാഭിമാനി വാരിക മാറിക്കൊണ്ടിരിക്കുകയാണ്. സാഹിത്യത്തോടൊപ്പം ശാസ്ത്രവിഷയങ്ങൾക്കും വാരിക പ്രാധാന്യം നൽകണം. പുതിയ എഴുത്തുകാരുടെയും കുട്ടികളുടെയും രചനകൾക്കും ഒരിടം നൽകുന്നത് പരിഗണിക്കണം. വാരിക എല്ലായിടത്തും കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓൺലൈനായി വാരിക എത്തിക്കുന്ന  കാര്യവും ആലോചിക്കേണ്ടതാണ്. ഹിന്ദുത്വ–- വർഗീയ രാഷ്ട്രീയത്തിനെതിരെ യോജിപ്പിക്കാൻ കഴിയുന്ന എഴുത്തുകാരുടെ  ഒരു പ്ലാറ്റ്ഫോമായി   വാരികയ്‌ക്ക് പ്രവർത്തിക്കാനാകണം. മലയാള ഭാഷയ്‌ക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ദേശാഭിമാനി നാലു മേഖലയിൽ സാഹിത്യ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത് തുടരണം. ഭാഷയെ ആധുനീകരിക്കുകയെന്ന ലക്ഷ്യംവച്ച് പ്രവർത്തിക്കാനാകണം. മലയാള ഭാഷാവിദഗ്‌ധരുടെ പംക്തികൾ മാസം ഒരു പ്രാവശ്യമെങ്കിലും പ്രസിദ്ധീകരിക്കണം. നാടൻ കലകൾക്കും അർഹമായ പരിഗണന വേണം.

ഓൺലൈൻ ശക്തിപ്പെടുത്തണം
അച്ചടിമാധ്യമങ്ങൾ പലതും ഡിജിറ്റലിലായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടമാണ്‌ ഇത്. നിലവിലുള്ള പത്രത്തിന്റെ സംവിധാനങ്ങളും വിപുലീകരണവും നടത്തിക്കൊണ്ടുതന്നെ ഓൺലൈൻ എഡിഷനും ശക്തിപ്പെടുത്തേണ്ടതുണ്ട്‌.  ഇത്തരം വികസനത്തിനും നല്ല ശ്രദ്ധ ആവശ്യമാണ്‌. വെബ്സൈറ്റിന്റെ ഉള്ളടക്കം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. യു ട്യൂബ് ചാനലും ശക്തിപ്പെടുത്തണം. 

വെബ്സൈറ്റിൽ കൂടുതൽ വായനക്കാർ എത്തുന്നത് ഇ–-പേപ്പർ വായനയ്‌ക്കാണ്. ഇത് നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകണം. വിദേശ രാജ്യങ്ങളിലെ മലയാളികളെക്കൂടി കണക്കിലെടുത്ത്‌ കൃത്യസമയത്ത് ഇത് അപലോഡ് ചെയ്യണം.

ഭാഷാ ന്യൂനപക്ഷങ്ങളായ തമിഴ്, കന്നട മേഖലയിലേക്ക് ശരിയായ വാർത്തകൾ ഏത്തിക്കുന്നതിനായി ഒരു പത്രം നടത്തുന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. ദേശാഭിമാനിയുടെ  കോപ്പി പത്തു ലക്ഷമായി വർധിപ്പിക്കണമെന്നാണ്‌  പാർടി സംസ്ഥാന സമ്മേളനം തീരുമാനിച്ചത്‌. മലയാളത്തിലെ രണ്ടാമത്തെ പത്രമായി ഉടൻ ദേശാഭിമാനിയെ മാറ്റിയെടുക്കണം. തുടർന്ന് ഏറ്റവും സർക്കുലേഷനുള്ള പത്രമെന്ന നിലയിലേക്കും വളർത്താനാകണം.

പുതിയ കാലഘട്ടം കണക്കിലെടുത്ത് പത്ര സ്ഥാപനമെന്ന നിലയിൽനിന്ന് ഓൺലൈൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മുന്നോട്ടുപോകണം. കൂടുതൽ വിശാലമായ മാധ്യമസ്ഥാപനമായി ദേശാഭിമാനിയെ വികസിപ്പിക്കുന്നതിനുള്ള കർമപദ്ധതികളാണ് രേഖയിൽ മുന്നോട്ടുവച്ചിട്ടുള്ളത്. അതോടൊപ്പം ഇന്നത്തെ സാഹചര്യത്തിൽ ബദൽ മാധ്യമം എന്നനിലയിൽ കൂടുതൽ മുന്നേറുകയെന്ന  ഉത്തരവാദിത്വംകൂടി ദേശാഭിമാനിക്ക് നിർവഹിക്കാനാകണമെന്ന കാര്യവും പാർടി സംസ്ഥാന കമ്മിറ്റിയുടെ രേഖയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top