05 June Monday

നോട്ട് അസാധുവാക്കല്‍: ഫലരഹിതം, അപര്യാപ്തം, അപക്വം

ആർ രാംകുമാർUpdated: Monday Nov 14, 2016
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെപ്പറ്റിയുള്ള സര്‍ക്കാര്‍ അവകാശവാദങ്ങള്‍ എത്രത്തോളം ശരിയാണ്? ആര്‍ രാംകുമാര്‍ എഴുതുന്നു.
 
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെപ്പറ്റി മൂന്ന് അവകാശവാദങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ടിന്റെ വ്യാപനം തടയുക; കള്ളപ്പണത്തിന്റെ ഉപയോഗം ഇല്ലാതാക്കുക; ഒരു പണരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് അവ. ഈ അവകാശവാദങ്ങളെ ഓരോന്നായി പരിശോധിക്കാം
 
ഒന്ന്: കള്ളനോട്ട് പ്രചാരത്തിലുണ്ട്; പക്ഷെ അതിന്റെ അളവിനെപ്പറ്റി കൃത്യമായ കണക്കില്ല. പതിനായിരക്കണക്കിന് കോടി കള്ളനോട്ടു ഉണ്ടെന്നൊക്കെയുള്ള വാദം അടിസ്ഥാനരഹിതമാണ്. 2015- 16 ല്‍ ആയിരം രൂപ നോട്ടില്‍ 0.002 ശതമാനവും 500 രൂപ നോട്ടില്‍ 0.002 ശതമാനവും വ്യാജ ഇന്ത്യന്‍ കറന്‍സിയാണ് ബാങ്കുകളും പോലീസും ചേര്‍ന്നു കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം അനുസരിച്ച് ഏതെങ്കിലും സമയത്തു പ്രചാരത്തിലുള്ള പരമാവധി കള്ളനോട്ട്  400 കോടി രൂപയ്ക്കുള്ളതാണ്. മാധ്യമങ്ങളില്‍ വന്നിട്ടുള്ള ഈ കണക്ക് ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ 2015 ആഗസ്തില്‍ പാര്‍ലമെന്റില്‍ ഉദ്ധരിക്കുകയും ചെയ്തു. മാത്രമല്ല പ്രചരിക്കുന്ന വ്യാജ കറന്‍സിയില്‍ ഒരു ഭാഗം മാത്രമാണ് ഭീകര ശ്രംഖലകളുടെ ഭാഗമായി വിദേശത്തുനിന്നു വരുന്നത്. ബാക്കി നാടനാണ്

അങ്ങനെ നോക്കുമ്പോള്‍ ഭീകരതയ്ക്കുള്ള പണം വരവിനെ കറന്‍സി പിന്‍വലിക്കല്‍ ഗണ്യമായി തടയും  എന്നത് കടന്ന അവകാശവാദമാണെന്നു കാണാം.എന്ന് മാത്രമല്ല ഇപ്പോഴത്തെ പരിശോധനകളും പിടിച്ചെടുക്കലും തന്നെ കള്ളനോട്ട് പുറത്തുകൊണ്ടുവരാന്‍ മതിയാകുന്നതാണെന്നാണ് നേരത്തെ പറഞ്ഞ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റി
റ്റ്യൂട്ടിന്റെ പഠനം അതിന്റെ അവസാനം പറയുന്നത് (ടൈംസ് ഓഫ് ഇന്ത്യ 2016 മെയ് 11).
 
രണ്ട്: പൂഴ്ത്തിവെയ്പുകാര്‍ കള്ളപ്പണം നോട്ടുകെട്ടുകളായി സൂക്ഷിയ്ക്കുന്നു എന്ന ഉറപ്പിലാണല്ലോ കറന്‍സി പിന്‍വലിക്കല്‍ നടപ്പാക്കിയത്. ഇത് തെറ്റാണ്. 2012ല്‍ കള്ളപ്പണത്തെപ്പറ്റി  ധനവകുപ്പ് പുറത്തിറക്കിയ ധവളപത്രം കള്ളപ്പണത്തെ നിര്‍വചിക്കുന്നത് ഉണ്ടാകുന്ന ഘട്ടത്തിലോ കൈവശം വെക്കുന്ന ഘട്ടത്തിലോ ഒരിക്കല്‍പോലും അധികാരികളെ അറിയിച്ചിട്ടില്ലാത്ത ആസ്തിയോ വിഭവങ്ങളോ എന്നാണ് . അപ്പോള്‍ കള്ളപ്പണം ഉണ്ടാകുന്നത് കണക്കു പുസ്തകത്തില്‍ പലതരത്തില്‍ തിരിമറി നടത്തിയോ കണക്കില്‍പെടുത്താതെ ഇടപാടുകള്‍ നടത്തിയോ ആണ്. ആദ്യത്തേതിന് വില്പനകണക്കിലും രസീതിലും ചെലവിലും ഉല്‍പാദനത്തിലും സ്റ്റോക്കിലും തിരിമറി നടത്തും. രണ്ടാമത്തേതിന് രസീതില്ലാതെ കച്ചവടം, കണക്കിലെ പെടാത്ത വരുമാനം സൂക്ഷിയ്ക്കാന്‍ സമാന്തര കണക്കുപുസ്തകം, ഓഹരികളില്‍ ബിനാമി നിക്ഷേപം തുടങ്ങിയ രീതികളുണ്ട്. അതുകൊണ്ട് കള്ളപ്പണത്തെയാണ് ലക്‌ഷ്യംവെക്കുന്നതെങ്കില്‍ കൂടുതല്‍ ഫലപ്രദവും കഴിവുറ്റതുമായ നികുതി ഭരണസംവിധാന ത്തിലൂടെ അത്തരം നിയമവിരുദ്ധ നടപടികള്‍ ഇല്ലാതാക്കാനുള്ള ബഹുമുഖ സമീപനമാണ് വേണ്ടത്.

മറുവശത്ത് കറന്‍സി പിന്‍വലിക്കല്‍ ഒരു ഒറ്റത്തവണ നടപടിയാണ്. അത് നേരിടുന്നത്, മുകളില്‍ പറഞ്ഞ നിയമവിരുദ്ധ നടപടികളിലൂടെ സമ്പാദിച്ച പണം കറന്‍സിയായി കൂട്ടിവെച്ചവരെ മാത്രമാണ്. അതായത് കള്ളപ്പണസമ്പദ് വ്യവസ്ഥയിലെ പണസമ്പദ് ഘടനയുടെ ഒരംശത്തെ മാത്രമാണ് അത് തൊടുന്നത്. ഇന്ത്യയിലെ നിയമവിരുദ്ധ പണശേഖരത്തെപ്പറ്റി ഒരു കണക്കുമില്ല. (പണം സൂക്ഷിയ്ക്കുന്നത് ഇന്ത്യയില്‍ നിയമവിധേയമാണ്. അതിനു പരിധിയും നിശ്ചയിച്ചിട്ടില്ല). എന്നാല്‍ നിയമവിരുദ്ധ സമ്പാദ്യം സൂക്ഷിയ്ക്കുന്നത് മുഖ്യമായും പണമായി അല്ലെന്നും ഭൂമി, സ്വര്‍ണം തുടങ്ങിയ ആസ്തികളായിട്ടും നിക്ഷേപ ഓഹരികളായിട്ടും ആണെന്നും  ആദായ നികുതി വകുപ്പ് കണക്കാക്കിയിട്ടുണ്ട്. പ്രത്യുല്‍പാദനപരമായ പ്രവര്‍ത്തനങ്ങളില്‍ മൂലധന നിക്ഷേപം എന്ന നിലയിലും നിയമവിരുദ്ധ പണത്തിന്റെ മറ്റൊരുഭാഗം തുടര്‍ച്ചയായി മാറ്റപ്പെടുന്നു. (ഏറെക്കുറെ,വെറുതെയിരിക്കുന്ന പണം മൂലധനമായി മാറുന്നതിനെപ്പറ്റി മാര്‍ക്സ് പറഞ്ഞരീതിയില്‍ തന്നെ). ഇത് തുടര്‍ച്ചയായിത്തന്നെ സംഭവിക്കുന്നു. അതുകൊണ്ടു ഉണ്ടാകുമ്പോള്‍ തന്നെ ഈ പണം 'അപ്രത്യക്ഷ'മാകുന്നു. നിയമവിരുദ്ധ പണത്തില്‍ ഇനിയുമൊരു ഭാഗം ഹവാല ഇടപാടിലൂടെ രാജ്യത്തിനു പുറത്തേക്ക് പോകുന്നു. അത് അവിടങ്ങളില്‍ നിക്ഷേപിക്കുകയോ കുറെ ഭാഗം 'മൗറീഷ്യസ് റൂട്ടില്‍' തിരികെ ഇന്ത്യയിലേക്ക് കടത്തുകയോ ചെയ്യുന്നു.


 
അതുകൊണ്ടു ഭാവി ആവശ്യത്തിനുവേണ്ടിയോ വ്യാപാരത്തിലോ വാണിജ്യത്തിലോ ഇറക്കാനോ ആയി വലിയതോതില്‍ പണം സംഭരിച്ച് വെക്കുന്നവരെ മാത്രമേ കറന്‍സി പിന്‍വലിക്കല്‍ ബാധിക്കുകയുള്ളൂ. ഈ പണത്തില്‍ തന്നെ ഒരു പങ്ക് നിയമവിധേയമാക്കാനും ഔദ്യോഗിക മാര്ഗങ്ങളിലൂടെ തന്നെ പലതരത്തില്‍  മാറ്റിയെടുക്കാവുന്നതും ആയിരിക്കും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നശേഷം ഇത്തരം പല മാര്‍ഗങ്ങളെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. (ഉദാഹരണത്തിന് കാണുക).

ചുരുക്കത്തില്‍ കാര്യമായ കള്ളപ്പണം പുറത്തുകൊണ്ടുവരല്‍ കറന്‍സി റദ്ദാക്കലിലൂടെ സംഭവിക്കില്ല. നിയമവിരുദ്ധ പണം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍  തല്‍ക്കാലത്തേക്ക് ഒന്ന് തടയപ്പെടുകയോ മന്ദീഭവിക്കുകയോ ചെയ്യാം എന്നുമാത്രം. ഇതുതന്നെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്- സിബിഡിറ്റി ) അധ്യക്ഷന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇന്ത്യയിലും വിദേശത്തുമുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനെപ്പറ്റി പഠനം നടത്തി 2012 ല്‍ കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പറയുന്നത്. (Measures to Tackle Black Money in India and Abroad). പ്രസക്തഭാഗം താഴെ: 

''പൊതുജനങ്ങളില്‍  നിന്ന് സാധാരണ ഉയരുന്ന ഒരു ആവശ്യമാണ് വലിയ തുകയ്ക്കുള്ള നോട്ടുകള്‍, പ്രത്യേകിച്ച് 1000,500 രൂപ നോട്ടുകള്‍, അസാധുവാക്കണം എന്നത്. ബിനാമി സമ്പാദ്യമായും സ്വര്‍ണമായും ആഭരണങ്ങളായും മറ്റും മുഖ്യമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണപ്രശ്നത്തിനു  ഇത്തരത്തിലൊരു നടപടി പരിഹാരമല്ല. എന്നുമാത്രമല്ല അതെ തുകയ്ക്ക് കൂടുതല്‍ നോട്ട് അച്ചടിച്ച് വിതരണം ചെയ്യേണ്ടതിനാല്‍ കറന്‍സി അസാധുവാക്കല്‍ ചെലവ് കൂട്ടുകയേ ഉള്ളൂ. ബാങ്കിങ്ങ് മേഖലയെയും ഇത് ദോഷമായി ബാധിയ്ക്കും. പണം വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതും കൈകാര്യം ചെയ്യലും പ്രയാസകരമാകും. പൊതുജനങ്ങളെയും ഇത്‌ ബുദ്ധിമുട്ടിലാക്കും. ശമ്പളവിതരണവും മറ്റും വിഷമകരമാകും. പരിസ്ഥിതിയ്ക്കും ഈ നീക്കം ദോഷകരമാണ്. കൂടുതല്‍ നോട്ട് അച്ചടിയ്ക്കാനായി കൂടുതല്‍  പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിയ്‌ക്കേണ്ടിവരും. നോട്ട് അസാധുവാക്കല്‍ മുമ്പ് രണ്ടുവട്ടം (1946,1978) നടപ്പാക്കിയപ്പോഴും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഉയര്‍ന്ന തുകയ്ക്കുള്ള നോട്ടുകളില്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണ് മാറിയെടുത്തത്. 85 ശതമാനം നോട്ട് പുറത്തുവന്നതേയില്ല.സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ശിക്ഷാനടപടി ഉണ്ടാകുമെന്ന് നോട്ട് കൈവശം വെച്ചവര്‍ ഭയപ്പെട്ടതിനാലാണിത്.''
മൂന്ന്: ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകളില്‍ വലിയ പങ്ക് പണം വഴി നടക്കുന്നതിന്റെ കാരണം പ്രധാന ജീവനോപാധിയായി കാര്‍ഷികവൃത്തി നിലനില്‍ക്കുന്നതും വലിയതോതിലുള്ള അസംഘടിത തൊഴില്‍ മേഖലയുടെ സാന്നിധ്യവും ഗ്രാമീണ മേഖലയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പേരില്‍ എത്തിയിട്ടില്ലാത്തതുമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു ഘടനാപരമായ സവിശേഷതയാണ് പണത്തിന്റെ സാന്നിധ്യം. എല്ലാവീട്ടിലും ബാങ്ക് അക്കൗണ്ട് (ധനയോജന പദ്ധതിയുടെ കീഴില്‍) എന്ന പദ്ധതിയൊന്നും ഈ കറന്‍സി ബന്ധിത ഘടനയെ ബാധിക്കുന്നതേയില്ല .ഉദാഹരണത്തിന് കോടിക്കണക്കിനു ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടും അവയില്‍ പലതും വെറുതെ കിടക്കുന്നു. ലക്ഷക്കണക്കിന് ബാങ്കിങ് കറസ്പോണ്ടന്റുമാരെ ഗ്രാമങ്ങളില്‍ നിയോഗിച്ചിട്ടും അക്കൗണ്ടുകളില്‍ പകുതിയും കണ്ടെത്താന്‍ ആകുന്നില്ല (ഇക്കാര്യം അടുത്തിടെ ഔദ്യോഗികമായി തന്നെ സ്ഥിരീകരിയ്ക്കപ്പെട്ടു). മറ്റു പല അക്കൗണ്ടുകളും പ്രവത്തനക്ഷമമല്ല.

മറ്റൊരു തരത്തില്‍ പണരഹിത സമ്പദ് വ്യവസ്ഥ എന്നത് ഒരു ആജ്ഞയിലൂടെയോ ഉത്തരവിലൂടെയോ നടപ്പാക്കാന്‍ കഴിയുന്നതല്ല. അതിനു മുന്നൊരുക്കമെന്ന നിലയില്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ ഘടനാപരമായി ഒരു ആധുനിക ഉത്പാദനമേഖലയായി പരിവര്‍ത്തനം ചെയ്യപ്പെടണം. അത് പണരഹിത വ്യവഹാരങ്ങള്‍ വര്‍ദ്ധിപ്പിക്കും.
 
ഒരു ഉദാത്തസങ്കല്‍പം എന്ന നിലയില്‍ പണരഹിത സമ്പദ്‌വ്യവസ്ഥ ഒരു മോശപ്പെട്ട കാര്യമാകണമെന്നില്ല. വികസിത രാജ്യങ്ങള്‍ കാലക്രമേണ വലിയ തുകയുടെ നോട്ടുകള്‍ ഇല്ലാതാക്കി കാര്‍ഡും ബാങ്കും വഴിയുള്ള ഇടപാടുകളിലേക്ക് മാറിയിട്ടുണ്ട്. അത്തരമൊരു മാറ്റം തീര്‍ച്ചയായും അഴിമതിയും കുറ്റകൃത്യങ്ങളും നിയന്ത്രിയ്ക്കാന്‍ സഹായകമാണ്.  പ്രശ്നം പണരഹിത സമ്പദ് വ്യവസ്ഥയിലേക്കു നീങ്ങാന്‍ തിരക്ക് കൂട്ടുന്നതാണ്. ഇന്ത്യയില്‍ അത്തരം നീക്കം അപക്വവും തനിയെ പരാജയപ്പെടുന്നതുമാകും. എത്ര കടകളില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് യന്ത്രങ്ങളുണ്ട് ? എത്ര കടയില്‍ മൊബൈല്‍ വഴി പണം നല്‍കാന്‍ സംവിധാനമുണ്ട്? എത്രപേര്‍ക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുണ്ട്? എത്രപേര്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ഉണ്ട്, അല്ലെങ്കില്‍ അതേപ്പറ്റി അറിയാം?. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ അടുത്തിടെയുണ്ടായ മുന്നേറ്റത്തിന് ശേഷവും കോടിക്കണക്കിനു കുടുംബങ്ങള്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി അവശേഷിക്കുന്നു. ഇന്ത്യ അതിനു മൊത്തത്തില്‍ തയ്യാറല്ല എന്നതിന്റെ സൂചനകളാണ് ഇതൊക്കെ. അത്തരം ഒരു സാഹചര്യത്തില്‍ പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഏത് തള്ളിനീക്കവും ബാങ്ക് അക്കൗണ്ടേ ഇല്ലാത്തവരെയും ബാങ്കുകളുമായി വേണ്ടത്ര ബന്ധമില്ലാത്തവരെയും കഠിനമായി ബാധിക്കും.

ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും പണരഹിതമാകാനാകില്ല. പണം ഉപയോഗിക്കുന്ന വലിയ മൂല്യമുള്ള ഇടപാടുകളില്‍ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാവുന്നത്. നികുതിവകുപ്പ് ഈ ദിശയിലുള്ള നടപടികളാണ് കുറച്ചുകാലമായി സ്വീകരിച്ചുവന്നതും. ഇതാണ് സര്‍ക്കാര്‍ പിന്തുടരാന്‍  ഉദ്ദേശിക്കുന്ന പാതയെങ്കില്‍ എന്തിനാണ് പുതിയ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതെന്ന് വ്യക്തമല്ല. സത്യത്തില്‍, ഇപ്പോഴത്തെ പൊടിപടലമൊക്കെ അടിയുമ്പോള്‍ പുതിയ 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള നിയമപരവും അല്ലാത്തതുമായ ഇടപാടുകള്‍ സജീവമാകും. അങ്ങനെയൊരു പിടികിട്ടാത്ത തീരുമാനം എന്തിനാണ് എടുത്തതെന്നതിനു യുക്തിഭദ്രമായ ഒരു വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കറന്‍സി പിന്‍വലിക്കലിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെപ്പറ്റിത്തന്നെ ആഴമേറിയ സംശയങ്ങള്‍ അത് ഉയര്‍ത്തുകയും ചെയ്യുന്നു.
 
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായ ആര്‍ രാംകുമാര്‍  മുംബൈ സ്കൂള്‍ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ പ്രൊഫസറും ഡീനുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top