23 March Saturday

നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം

അഡ്വ. ടി കെ തങ്കച്ചന്‍Updated: Tuesday Jan 2, 2018

നോട്ട് നിരോധന പ്രഖ്യാപനത്തിന് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയ നാലു ലക്ഷ്യങ്ങള്‍ അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദപ്രവര്‍ത്തനത്തിനുള്ള ധനസഹായം എന്നിവ ഇല്ലാതാക്കുകയാണ്. നോട്ട് നിരോധിച്ച് ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഈ ലക്ഷ്യങ്ങള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തിയെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്.

രാജ്യത്ത,് അഴിമതിക്ക് കൈമാറപ്പെടുന്നത്  ഉയര്‍ന്ന മൂല്യശ്രേണികളിലുള്ള നോട്ടുകളാണ് (അഞ്ഞൂറ്,ആയിരം രൂപ നോട്ടുകള്‍) എന്നും അവ റദ്ദാക്കിയതിനാല്‍ പണം മാധ്യമം ആയ അഴിമതികള്‍ നിലയ്ക്കും എന്നും അവകാശവാദം ഉയര്‍ന്നു. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി വക്താക്കളും മറ്റും ഈ വാദത്തില്‍ ഊന്നിയാണ് ഇടപെട്ടത്. രാജ്യത്ത് പ്രചാരത്തിലുള്ള  നോട്ടുകളുടെ എണ്ണവും മൂല്യവും ക്രമമില്ലാതെ വര്‍ധിച്ചത് 2004 മുതലാണെന്നും നിയമപ്രകാരം ആവശ്യമായ കരുതല്‍ ധനം (റിസര്‍വ്) പോലും സൂക്ഷിക്കാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അഴിമതിയുടെ മാധ്യമമായ കറന്‍സി നോട്ടുകളുടെ എണ്ണവും മൂല്യവും വര്‍ധിപ്പിക്കുകയായിരുന്നു എന്നുംവരെ ചര്‍ച്ചകളില്‍ വാദിച്ചു.

പക്ഷേ, ഈ വാദം ചരിത്രവസ്തുതകള്‍ പരിഗണിച്ചായിരുന്നില്ല.  1935ല്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ മൂല്യം 172 കോടി രൂപയാണ്. ഇതാണ് 2016 നവംബര്‍ എട്ടിന് 17.95 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നത്. ബ്രിട്ടീഷ് ഭരണത്തിലും കോണ്‍ഗ്രസ് ഭരണത്തിലും കോണ്‍ഗ്രസ് ഇതര ഭരണത്തിലും എന്‍ഡിഎ ഭരണത്തിലും യുപിഎ ഭരണത്തിലും ഇപ്പോഴും തുടര്‍ച്ചയായ വര്‍ധനയുണ്ടായി. പ്രചാരത്തിലുള്ള കറന്‍സിയുടെ മൊത്തം മൂല്യം ക്രമാനുഗതമായി വര്‍ധിപ്പിച്ചതില്‍ ഭരണകക്ഷി വ്യത്യാസം ഘടകമല്ലായിരുന്നു. കേന്ദ്ര ഭരണകക്ഷിയുടെ പ്രചാരകര്‍ക്ക്, അവര്‍ ആരോപിക്കുന്ന നിയമലംഘനം കേന്ദ്രബാങ്ക് നടത്തിയിരുന്നെങ്കില്‍ സെന്‍ട്രല്‍ ബോര്‍ഡ് പിരിച്ചുവിടുന്നതിന് റിസര്‍വ് ബാങ്ക്് ഓഫ് ഇന്ത്യ ആക്ടിലെ 30-ാം വകുപ്പ് ഉപയോഗിക്കാമായിരുന്നു. 2004ലും 2016ലും കേന്ദ്രധനമന്ത്രാലയം അങ്ങനെയുള്ള നടപടി ഒന്നും സ്വീകരിച്ചിട്ടുമില്ല. തന്നെയുമല്ല, 1978ല്‍ പിന്‍വലിച്ച ആയിരം രൂപ നോട്ടുകള്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ പ്രചാരത്തിലിറക്കിയത് 2000ല്‍ എന്‍ഡിഎ ഭരണകാലത്താണ്. ഇന്ത്യയില്‍ കറന്‍സിയുടെ മൂല്യവര്‍ധന 1999മുതല്‍ 2004വരെയും അതിനുശേഷവും മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനംമുതല്‍ 17 ശതമാനംവരെ ക്രമാനുഗതമായിരുന്നു. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ 33ഉം 37ഉം വകുപ്പുകളുടെ പ്രഭാവം അറിയുന്നവര്‍ക്കും രാജ്യം പിന്തുടരുന്ന മിനിമം റിസര്‍വ് സമ്പ്രദായം അറിയുന്നവര്‍ക്കും അത്തരം വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.

പഴയ അഞ്ഞൂറുരൂപ നോട്ടുകളും ആയിരംരൂപ നോട്ടുകളും അഴിമതിയുടെ മാധ്യമങ്ങളായിരുന്നുവെന്നതും പുതിയ അഞ്ഞൂറു രൂപ നോട്ടുകളും രണ്ടായിരം രൂപ നോട്ടുകളും അഴിമതിയുടെ മാധ്യമങ്ങളാകില്ല എന്നതും യുക്തിരഹിതമായ വാദമാണ്.

നോട്ട് നിരോധനം, കള്ളപ്പണം നിര്‍മാര്‍ജനം ചെയ്യുന്നതിന് ഉതകിയോ എന്നു പരിശോധിക്കാം. റദ്ദ് ചെയ്ത നോട്ടുകളുടെ ആകെ മൂല്യം 15.44 ലക്ഷം കോടി രൂപ. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2017  മാര്‍ച്ച് 31ന് ഇവയില്‍ 15.28 ലക്ഷം കോടി രൂപയുടെ നോട്ട് തിരികെയെത്തി. വിദേശ ഇന്ത്യക്കാര്‍ക്ക് നോട്ട് മാറുന്നതിന് നല്‍കിയ സമയം 2017 ജൂണ്‍ 30വരെയായിരുന്നു. നേപ്പാളില്‍ സ്വീകരിക്കപ്പെട്ട് കൈമാറ്റം ചെയ്തിരുന്ന നിരോധിത നോട്ടുകളും നോട്ട് മാറ്റുന്നതിനുള്ള സമയപരിധി അവസാനിപ്പിച്ചതിന് ശേഷം വിവിധ ഏജന്‍സികളുടെ പരിശോധനയില്‍ പിടിക്കപ്പെട്ട നോട്ടുകളുടെ കണക്കുകളുംകൂടി കൂട്ടിയാല്‍ ഒരുപക്ഷേ അത് പിന്‍വലിക്കപ്പെട്ടതിനേക്കാള്‍ അധികമാകാം.

മാര്‍ച്ച് 31ന് തിരികെ എത്താതിരുന്ന 16000 കോടി രൂപയും വിവിധ ഏജന്‍സികള്‍ റെയ്ഡ് ചെയ്ത് കണ്ടുകെട്ടിയതും പൂഴ്ത്തിവച്ചത് പിടിച്ചെടുത്തതും ഷെല്‍ കമ്പനികളില്‍നിന്ന് പിടിച്ചെടുത്തതും ചേര്‍ത്താല്‍ റദ്ദ് ചെയ്ത നോട്ടുകളുടെ മൂല്യത്തില്‍ രണ്ടു ശതമാനം മാത്രമാണ്്. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതിയായി അധികം ലഭിച്ച 2.96 ലക്ഷം കോടി രൂപ ക്രമാനുഗതമായ വര്‍ധനയുടെ ഭാഗംകൂടിയാണ്. നോട്ട് നിരോധനവും വര്‍ധനയില്‍ പങ്കുവഹിച്ചിരിക്കാം. കള്ളപ്പണം നോട്ടുകളായി പിടികൂടുന്നതില്‍ നോട്ട് നിരോധനം പൂര്‍ണ പരാജയമായിരുന്നു.

സുപ്രീകോടതിയില്‍ 2016 നവംബറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് 400 കോടി രൂപയുടെ കള്ളനോട്ടുകള്‍ ലക്ഷ്യംവച്ചു. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2016-17ല്‍ കണ്ടുപിടിച്ച കള്ളനോട്ടുകള്‍ 43 കോടി രൂപയുടേതാണ്. നോട്ട് റദ്ദാക്കുന്നതിന് മുമ്പുള്ള വര്‍ഷം 30 കോടി രൂപയായിരുന്നു കണ്ടുപിടിച്ച കള്ളനോട്ടുകള്‍. നിരോധനത്തിനുശേഷം കള്ളനോട്ടുകള്‍ സാധാരണ അളവില്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നു സാരം.

കള്ളനോട്ടുകള്‍ തീവ്രവാദസഹായത്തിന് ലഭിക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി രാജ്യത്തിനുപുറത്ത് പരസ്യമായി പ്രസ്താവിച്ചു. തീവ്രവാദപ്രവര്‍ത്തനം നോട്ട് നിരോധനത്തിന് ശേഷം കുറഞ്ഞു എന്നും പ്രസ്താവിച്ചു. എന്നാല്‍, അതിര്‍ത്തിയില്‍ ഭീകരാക്രമണം ഇക്കാലയളവില്‍ വര്‍ധിച്ചു.
നോട്ട് നിരോധനപ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു നിശ്ചയിച്ച ഡിജിറ്റല്‍ ഇടപാടിലേക്കുള്ള ത്വരിതമാറ്റത്തിന്റെ കഥയും ഭിന്നമല്ല.  നോട്ടിന് ദാരിദ്യ്രം രൂക്ഷമായപ്പോള്‍ ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ നിര്‍ബന്ധിതരായവര്‍ ക്രമേണ ഇടപാടുകള്‍ക്ക് നോട്ടുകളിലേക്കും നാണയങ്ങളിലേക്കും വലിയ അളവില്‍ തിരികെ പോയി.  2017 മാര്‍ച്ച് 31ന് നോട്ടുകളുടെ എണ്ണം 9027 കോടിയില്‍നിന്ന് 10029 കോടിയായി വര്‍ധിച്ചു.

പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യം 2017 നവംബര്‍ 17 ന് 16.3 ലക്ഷം കോടി രൂപ കഴിഞ്ഞു. അതായത് ഇപ്പോള്‍  പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യം നോട്ട് നിരോധനത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് ഒരുവര്‍ഷത്തില്‍ വളര്‍ന്നു. ബാങ്ക് നോട്ടുകളുടെ എണ്ണത്തില്‍ കാണുന്ന വന്‍ വര്‍ധന റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്മെന്റ് ഇനിയും സങ്കീര്‍ണമാക്കും. അധികം നോട്ടുകളുടെ അച്ചടി, ഗതാഗതം, സൂക്ഷിപ്പ്, വിതരണം തിരികെയെത്തിക്കല്‍,പരിശോധന,നശിപ്പിക്കല്‍ എന്നിവ നിലവിലുള്ള സംവിധാനത്തിന്റെ അതിരുകള്‍ ഭേദിക്കും.

1946ല്‍ സമാനലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി 143.97 കോടി രൂപയുടെ നോട്ട് റദ്ദ് ചെയ്തു.  അതില്‍ 9.07 കോടി രൂപ തിരിച്ചെത്തിയില്ല. അന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന സര്‍. സി ഡി  ദേശ്മുഖ് അഭിപ്രായപ്പെട്ടത് ഒരു സാമ്പത്തികനടപടിയെന്ന നിലയില്‍ അന്നത്തെ നോട്ട് നിരോധനം ലക്ഷ്യപ്രാപ്തിയിലെത്തിയില്ല എന്നാണ്. 1946ലെയും 1978ലെയും നോട്ട് റദ്ദാക്കല്‍ അനുഭവങ്ങളില്‍നിന്ന്, ദുരിതങ്ങളുടെ തീവ്രതയില്‍മാത്രമേ 2016ലെ നോട്ട് റദ്ദാക്കല്‍ വ്യത്യസ്തമാകുന്നുള്ളു.

പ്രധാനമന്ത്രിയുടെയും കേന്ദ്ര ധനമന്ത്രിയുടെയും പ്രസംഗങ്ങള്‍ അല്ലാതെ നോട്ട് നിരോധനത്തിന്റെ ലക്ഷ്യപ്രാപ്തി വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിനും റിപ്പോര്‍ട്ടിലെ വിലയിരുത്തലിനും സാമ്പത്തികാവലോകനത്തിനും കഴിഞ്ഞിട്ടില്ല. മനുഷ്യജീവനുകളായും തൊഴില്‍നഷ്ടമായും സമ്പത്തുനഷ്ടമായും നോട്ട് നിരോധനത്തിന് രാജ്യം നല്‍കിയ വില വളരെ വലുതാണ്

(ഓള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ അഡ്വൈസറാണ് ലേഖകന്‍)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top