24 October Sunday

ഇനിയല്ലേ ‘പൂരം’

കെ ശ്രീകണ്ഠൻUpdated: Monday Aug 30, 2021

പുതിയ ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിനു പിന്നാലെ കേരളത്തിലെ കോൺഗ്രസ്‌ നെടുകെ പിളർന്നു മാറിയിരിക്കുകയാണ്‌. ഒരുവശത്ത്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഒന്നിച്ചപ്പോൾ കെ സുധാകരൻ, വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർ മറുപുറത്ത്‌ പ്രതിരോധം തീർക്കുന്ന തികച്ചും അസാധാരണ കാഴ്‌ച. എ, ഐ ഗ്രൂപ്പുകളുടെ ശാസന ശിരസാവഹിച്ച പലരും ഇപ്പോൾ കടുകട്ടിയായ ന്യായവാദങ്ങൾകൂടി ഉന്നയിച്ചുതുടങ്ങിയതോടെ ഗ്രൂപ്പ്‌ സമവാക്യങ്ങളും മാറി. ജീവന്മരണ പോരാട്ടമെന്ന പ്രതീതി ജനിപ്പിച്ചാണ്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അനുയായികളും യുദ്ധമുഖത്തുനിൽക്കുന്നത്‌. വിട്ടുവീഴ്‌ചയില്ലെന്ന്‌ കെ സുധാകരനും വി ഡി സതീശനും തുറന്നടിച്ചിട്ടുണ്ട്‌. ഒളിഞ്ഞുംതെളിഞ്ഞും അനുയായികളും കളംനിറഞ്ഞു നിൽക്കുന്നു. ഗ്രൂപ്പുരഹിതമെന്ന മോഹസാക്ഷാൽക്കാരത്തിന്‌ ഇങ്ങനെയൊരു പരിണാമഗുപ്‌തി സാക്ഷാൽ ഹൈക്കമാൻഡും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

കഴിവും കാര്യപ്രാപ്‌തിയും പൊതുസമ്മതിയും ഉള്ളവരെ ഡിസിസി പ്രസിഡന്റുമാർ ആക്കണമെന്നത്‌ എല്ലാവരും അംഗീകരിച്ചെന്നാണ്‌ പറഞ്ഞത്‌. ഗ്രൂപ്പ്‌ കൂറും ഉന്നതനേതാക്കളുമായുള്ള അടുപ്പവും മാറ്റിവച്ച്‌ മുന്നോട്ടുപോകുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരമാസമായി കേരളത്തിലും ഡൽഹിയിലും മാറിമാറി ചർച്ചയും കൂടിയാലോചനകളും അരങ്ങേറി. പക്ഷേ, പട്ടിക പുറത്തുവന്നപ്പോഴുള്ള ഉന്നതനേതാക്കളുടെ പ്രതികരണത്തിൽ തെളിയുന്നത്‌ ഗ്രൂപ്പുരാഷ്‌ട്രീയത്തിലെ പുതിയ ഉൾപ്പിരിവുകളാണ്‌.

തങ്ങളോട്‌ കൂടിയാലോചന നടത്തിയിട്ടില്ലെന്നാണ്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഒരേ സ്വരത്തിൽ തുറന്നടിച്ചത്‌. തങ്ങൾ മൂലയ്‌ക്കിരുന്നു തയ്യാറാക്കിയ പട്ടിക അല്ലെന്നാണ്‌ ഇതിന്‌ വി ഡി സതീശനും കെ സുധാകരനും നൽകിയ രൂക്ഷമായ തിരിച്ചടി. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും നൽകുന്ന പട്ടിക കൈമാറാനാണോ തങ്ങൾ ഇരിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം ഒരുപടികൂടി കടന്നുള്ള വെല്ലുവിളിയാണ്‌. ഉമ്മൻചാണ്ടിയും ചെന്നിത്തലയും വർഷങ്ങളായി കൈയടക്കിവച്ച കേരളത്തിലെ കോൺഗ്രസിൽ ഇനി തങ്ങളാണ്‌ ‘അധികാരി’യെന്ന മുന്നറിയിപ്പും സതീശൻ നൽകുന്നു.

മോഹഭംഗത്തിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും

കാര്യങ്ങൾ കൈവിട്ടതിന്റെ മോഹഭംഗത്തിലാണ്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും. രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ കോൺഗ്രസിൽ അധികാരകേന്ദ്രമായി നിലയുറപ്പിച്ചിരുന്നത്‌ എ, ഐ ഗ്രൂപ്പുകളാണ്‌. എ ഗ്രൂപ്പിൽ അവസാനവാക്ക്‌ ഉമ്മൻചാണ്ടിയായിരുന്നെങ്കിൽ ഐയിൽ രമേശ്‌ ചെന്നിത്തലയ്‌ക്കായിരുന്നു മേധാവിത്വം. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിയമനത്തോടെ ഇരുവരെയും ഒതുക്കിയെന്ന പ്രതീതിയായി. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തോടെ ഈ നീക്കത്തിന്‌ ഹൈക്കമാൻഡ്‌ വേഗം കൂട്ടിയിരിക്കുകയാണ്‌. ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളുടെ കളം ഡൽഹിയിലേക്ക്‌ മാറ്റിയപ്പോൾത്തന്നെ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അപകടം മണത്തതാണ്‌. പട്ടിക വരട്ടെ എന്നിട്ടാകാമെന്ന മട്ടിൽ ഇരുവരും കരുതിക്കൂട്ടിയിരിക്കുകയായിരുന്നു. അതാണ്‌ ഇരുവരുടെയും പ്രതികരണത്തിൽ തെളിയുന്നത്‌.

ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരുക്കമല്ലെന്ന മുന്നറിയിപ്പാണ്‌ കെ സുധാകരനും വി ഡി സതീശനും നൽകിയിരിക്കുന്നത്‌. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും നിഴൽപറ്റി ഇതുവരെ നിലകൊണ്ട പലരും ഗ്രൂപ്പുതാൽപ്പര്യത്തിന്‌ വഴങ്ങില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എ ഗ്രൂപ്പിന്റെ കരുനീക്കങ്ങൾക്ക്‌ ചുക്കാൻപിടിച്ചവരിൽ പ്രമുഖനായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഐ ഗ്രൂപ്പുകാരനെന്ന്‌ അറിയപ്പെട്ടിരുന്ന കെ മുരളീധരൻ തുടങ്ങിയവർ നേതൃത്വത്തിന്‌ പിന്തുണയുമായി രംഗത്തിറങ്ങിയത്‌ അപ്രതീക്ഷിതമല്ല. കെ സി വേണുഗോപാലിന്റെയും കെ സുധാകരന്റെയും ആസൂത്രിത കരുനീക്കമാണ്‌ ഈ കളംമാറ്റത്തിനു പിന്നിൽ.

പട്ടിക വാങ്ങി, പിന്നെ തള്ളി

കെപിസിസി പ്രസിഡന്റ്‌, പ്രതിപക്ഷ നേതാവ്‌ നിയമനങ്ങളിൽ അമർഷം ഉള്ളിലൊതുക്കി കഴിയുകയായിരുന്ന ഉമ്മൻചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും അടുപ്പിച്ചുനിർത്താനുള്ള തന്ത്രമാണ്‌ ആദ്യഘട്ടത്തിൽ പുറത്തെടുത്തത്‌. ഡിസിസി, കെപിസിസി അഴിച്ചുപണി സംബന്ധിച്ച കൂടിയാലോചനകളിൽ ഇരുവർക്കും ചെവികൊടുക്കുകയും ചെയ്‌തു. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ ഇരുവരോടും ലിസ്റ്റ്‌ ആവശ്യപ്പെട്ടത്‌ ഇതിന്റെ ഭാഗമായിട്ടായിരുന്നു. എ, ഐ വിഭാഗങ്ങളുടെ നോമിനികൾ, എംപിമാരുടെ നിർദേശങ്ങൾ, കെ സുധാകരനും വി ഡി സതീശനും നൽകുന്ന പേരുകൾ ഇതെല്ലാം ചേർന്നുള്ള പട്ടികയാണ്‌ പ്രതീക്ഷിച്ചത്‌. പക്ഷേ, കാര്യങ്ങൾ വേറെ വഴിക്കാണ്‌ നീങ്ങിയത്‌. ലിസ്റ്റ്‌ വാങ്ങി കബളിപ്പിച്ചെന്ന വികാരമാണ്‌ ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കുമുള്ളത്‌. ഇരുവരും നൽകിയ പട്ടികയിൽനിന്ന്‌ തങ്ങൾക്ക്‌ വേണ്ടപ്പെട്ടവരെ കെപിസിസി നേതൃത്വം തെരഞ്ഞെടുത്തു.

ഗ്രൂപ്പുകളെ തവിടു പൊടിയാക്കുകയെന്നതിനപ്പുറം ഉമ്മൻചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും അപ്രസക്തരാക്കുക എന്നതുകൂടി കെപിസിസി നേതൃത്വത്തിന്റെ ലക്ഷ്യമായിരുന്നു. ഇരുവരെയും ചാരിനിൽക്കുന്നവരെ അടർത്തിയെടുക്കാൻ ഇതിനേക്കാൾ പറ്റിയ അവസരം വേറെയില്ലെന്ന്‌ കെ സി വേണുഗോപാലിനും വി ഡി സതീശനും നന്നായി അറിയാം. അത്‌ ശരിക്കും മുതലാക്കിയിരിക്കുകയാണ്‌. ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുറിവേറ്റു നിൽക്കുമ്പോൾ പുതിയ അധികാരകേന്ദ്രത്തിലേക്ക്‌ ചേക്കേറാനും കൂറു തെളിയിക്കാനും ഏറെപ്പേർ മുന്നോട്ടുവരികയാണ്‌. ഗ്രൂപ്പുനേതൃത്വത്തിന്റെ ചതിയുടെയും തട്ടിപ്പിന്റെയും ദുരനുഭവങ്ങളും പലരും തുറന്നുപറയാൻ തുടങ്ങിയത്‌ കൗതുകം പകരുന്നതാണ്‌.

ഡിസിസി പ്രസിഡന്റ്‌ നിയമനത്തിൽ പൊട്ടിത്തെറിച്ച്‌ രംഗത്തുവന്ന എ, ഐ ഗ്രൂപ്പുകൾ ഏതറ്റംവരെ പോകുമെന്നതാണ്‌ നേതൃത്വം ഉറ്റുനോക്കുന്നത്‌. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വെല്ലുവിളിച്ചതും കെ ശിവദാസൻ നായർ, കെ പി അനിൽകുമാർ എന്നിവർക്കെതിരെ നടപടിയെടുത്തതും കരുതിക്കൂട്ടിയാണ്‌. ഉമ്മൻചാണ്ടിക്കെതിരെ പോലും നടപടിയെടുക്കാൻ മടിക്കില്ലെന്ന സൂചനയും പുറത്തുവരുന്നു. ഡിസിസി പ്രസിഡന്റ്‌ നിയമനത്തിലെ അവഗണന കെപിസിസി അഴിച്ചുപണിയിലും ആവർത്തിക്കുമോ എന്നതാണ്‌ എ, ഐ ഗ്രൂപ്പുകളെ ഭയപ്പെടുത്തുന്നത്‌. ഡിസിസി പട്ടികയുടെ ചൂടാറുംമുമ്പ്‌ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്‌ ഇതുകൂടി കണക്കിലെടുത്താണ്‌. കെപിസിസി അഴിച്ചുപണിയാണ്‌ ഇനി കാണാനിരിക്കുന്ന പൂരം. അവശേഷിച്ച എ, ഐ ഗ്രൂപ്പുകളുടെ യുദ്ധമുറയെ നേരിടുകയെന്നതാണ്‌ നേതൃത്വത്തിന്റെ അടുത്ത വെല്ലുവിളി. ഗ്രൂപ്പുകൾ പിളർന്നുമാറി പുതിയവ രൂപംകൊള്ളുകയും നേതൃത്വം നിലനിൽപ്പിനുള്ള വെല്ലുവിളി നേരിടുകയും ചെയ്യുമ്പോൾ കേരളത്തിലെ കോൺഗ്രസിൽ കൂടുതൽ ഇരുട്ടുനിറയുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top