02 July Thursday

കോവിഡിനേക്കാൾ ഭീകരം കേന്ദ്ര ചൂഷണം

ജോർജ്‌ ജോസഫ്‌Updated: Thursday Apr 23, 2020

കോവിഡ് –-19 ഇപ്പോൾ ഭയാനക രൂപമാർജിച്ചിരിക്കുന്നത് ആഗോള  എണ്ണവിപണികളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിലെ  പ്രമുഖ ക്രൂഡ് മാർക്കറ്റായ വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റിന്റെ  മെയ് അവധി വ്യാപാരത്തിൽ ബാരൽവില മൈനസ് തോതിലേക്ക് താഴ്‌ന്നു. ലോക സാമ്പത്തികചരിത്രം ഇന്നു വരെ ദർശിക്കാത്ത ഒരു അപൂർവ പ്രതിഭാസമാണ് ഇത്. ഇന്ത്യ പ്രധാനമായും ആസ്പദമാക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 20 ഡോളറിലേക്ക് കൂപ്പുകുത്തി. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ബാസ്കറ്റിന്റെ 25 ശതമാനത്തോളം നിർണയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില ഇപ്പോൾ 20 ഡോളറാണ്. കഴിഞ്ഞവർഷം ശരാശരി വില 60.6 ഡോളറായിരുന്നു. ഇന്ത്യ 75 ശതമാനം വെയ്റ്റേജ് നൽകുന്ന ദുബായ് -ഒമാൻ വിപണിയിലും രൂക്ഷമായ വിലത്തകർച്ചയാണ് പ്രകടമായിരിക്കുന്നത്.

എന്നാൽ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇതു കൊണ്ട് നേട്ടമുണ്ടാകുന്നില്ല. കാരണം, കേന്ദ്ര സർക്കാർ വില താഴ്‌ത്താൻ ഒരുവിധത്തിലും സമ്മതിക്കുന്നില്ല. എണ്ണ വിതരണ കമ്പനികൾ മനഃസാക്ഷിയില്ലാതെ  ജനങ്ങളെ ചൂഷണം  ചെയ്യുന്നു. വാസ്തവത്തിൽ നിലവിൽ പെട്രോൾ, ഡീസൽ  എന്നീ ഉൽപ്പന്നങ്ങൾ ഏതു തലത്തിൽ നോക്കിയാലും ലിറ്ററിന് 40 രൂപയ്‌ക്ക് താഴെ വിതരണം ചെയ്യാനുള്ള എല്ലാ സാമ്പത്തിക സാഹചര്യവുമുണ്ട്. കാരണം ആഗോളതലത്തിൽ എണ്ണ വിലയിൽ കൂടുതൽ തകർച്ചയാണ് (അടുത്ത ഒരു വർഷത്തേക്കെങ്കിലും) മാർക്കറ്റ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.


 

എന്നാൽ  എക്‌സൈസ് തീരുവ ഉയർത്തിയും വില നാമമാത്രമായി മാത്രം  കുറച്ചും കടുത്ത പ്രതിസന്ധിയുടെ നാളുകളിലും ജനങ്ങളെ ദ്രോഹിക്കുന്ന  നിലപാടിൽ നിന്നും ഒരിഞ്ച് പിന്നോട്ട് പോകാൻ കേന്ദ്രം  ഒരുക്കമല്ലെന്നതാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. കോവിഡ്  മൂലം നട്ടംതിരിയുന്ന ഇന്ത്യൻ സാമ്പത്തികമേഖലയ്‌ക്ക് ഇന്ധനവില കാര്യമായി കുറച്ചാൽ വലിയ നേട്ടമാകും. ഏതു വലിയ പാക്കേജ് പ്രഖ്യാപിക്കുന്നതിനും  പ്രത്യേകകോവിഡ് ബജറ്റിനും അപ്പുറമാണ് അത്. ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും നേട്ടമുണ്ടാകും. എത്ര വലിയ പാക്കേജിനും അത്ര വിപുലമായ വിധത്തിൽ സാമ്പത്തികമേഖലയെ സ്വാധീനിക്കാൻ കഴിയില്ല. ദൗർഭാഗ്യവശാൽ,  കേന്ദ്രം വില കുറയ്ക്കാൻ തയ്യാറാകുന്നില്ല. അന്താരാഷ്ട്രമാർക്കറ്റിലെ ഏറ്റവും വലിയ വിലയിടിവ് ഇന്ത്യക്കാർക്ക് നേട്ടമാകുന്നില്ല. ഇത് നൽകാതിരിക്കാൻ വലിയ തടസ്സമായി മോഡിഭരണം നിലകൊള്ളുന്നു എന്നതാണ് പ്രശ്നം.

കെട്ടിക്കിടക്കുന്ന ക്രൂഡ് ഓയിൽ
കോവിഡ് പ്രതിസന്ധി മൂലം ലോകത്തുണ്ടായിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ  ക്രൂഡ് വിപണിയെ പാടെ തകർത്തിരുന്നു എന്ന് പറയാം. ഇതുമൂലം ആഗോള ഡിമാൻഡിൽ മൂന്നിലൊന്നിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. വാസ്തവത്തിൽ കോവിഡ് പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ്‌ തന്നെ എണ്ണ വില താഴാൻ തുടങ്ങിയിരുന്നു. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ  ഡിമാൻഡിൽ സംഭവിച്ച കുറവാണ് ഇതിന് കാരണമായത്. കൊറോണ പകർച്ചവ്യാധി ലോകത്തെ എല്ലാ രാജ്യങ്ങളെയും കീഴടക്കുന്ന നിലയിലേക്ക് പടർന്നപ്പോൾ ഡിമാൻഡ് കുത്തനെ താഴ്‌ന്നു. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം പ്രതിദിനഡിമാൻഡിൽ 90 ലക്ഷം ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസങ്ങളിൽ ഇത് കൂടുതൽ രൂക്ഷമാകുമെന്നും ഏജൻസി വിലയിരുത്തുന്നു. പ്രതിദിനആവശ്യത്തിൽ 29 ദശലക്ഷം ബാരലിന്റെ വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഓയിൽ മാർക്കറ്റിന്റെ തിരിച്ചുവരവ് സമീപഭാവിയിൽ എളുപ്പം സാധ്യമാകുന്ന ഒന്നായിരിക്കില്ലെന്നും അവർ വിലയിരുത്തുന്നു. ഒപെക് രാജ്യങ്ങൾ ഉൽപ്പാദനം ഗണ്യമായ  അളവിൽ വെട്ടിക്കുറച്ചിട്ടും വിലത്തകർച്ച നേരിയ തോതിൽപോലും പിടിച്ചുനിർത്താൻ കഴിയുന്നില്ലെന്നത് ഗൾഫ് മേഖലയിൽ കനത്ത ആശങ്ക പടർത്തുകയാണ്. ഗൾഫ് മേഖലയുടെ ദശകങ്ങളായുള്ള സാമ്പത്തിക സുസ്ഥിരതയ്‌ക്ക് ഇപ്പോഴത്തെ അവസ്ഥ കനത്ത ആഘാതമാണ് ഏൽപ്പിക്കാൻ പോകുന്നത്. ക്രൂഡ് ഓയിൽ കെട്ടിക്കിടക്കുന്നത് മൂലം സംഭരണ പ്രശ്നവും ഉൽപ്പാദകരാജ്യങ്ങൾ നേരിടുന്നുണ്ട്. രണ്ടു മാസമായി ലക്ഷക്കണക്കിന് ബാരൽ ഓയിൽ കയറ്റുമതി ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.


 

ഏതാനും മാസങ്ങൾക്ക് മുമ്പ്‌ ഈ രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു . ഡിമാൻഡ് 33 ശതമാനത്തോളം ഇടിഞ്ഞതും സപ്ലൈ ഉയർന്ന തോതിലായതും എണ്ണ മാർക്കറ്റിൽ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അവധിവ്യാപാരത്തിൽ വില വലിയ തോതിൽ ഇടിഞ്ഞത് ആഗോള എണ്ണ മാർക്കറ്റിന്  ഹ്രസ്വ കാലത്തിൽഒരു തിരിച്ചുവരവ് അസാധ്യമാക്കുന്നു. എന്നാൽ ഇതൊന്നും കണ്ടഭാവം കേന്ദ്ര സർക്കാരിനില്ല. അവർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top