13 July Monday

ലോകമറിയണം ചൈനയുടെ കോവിഡ് പ്ര‌തിരോധം

വിജയ്‌പ്രഷാദ്‌, ഷു സിയാവോ ജിൻ, വിയാൻഷുUpdated: Saturday May 9, 2020

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിമുതൽ ചൈനയിലെ ബെയ്ജിങ് നോർമൻ യൂണിവേഴ്‌സിറ്റിവരെയുള്ള സ്ഥാപനങ്ങളിൽനിന്നുള്ള  ഒരു സംഘം ശാസ്ത്രജ്ഞർ കഴിഞ്ഞ മാർച്ച് 31ന്  ‘‘സയൻസി''ൽ ഒരു സുപ്രധാന പ്രബന്ധം പ്രസിദ്ധപ്പെടുത്തി. "ചൈനയിൽ കോവിഡ് മഹാവ്യാധിയുടെ ആദ്യ അമ്പത്‌ നാളിലെ പകർച്ചാനിയന്ത്രണ നടപടികളെപ്പറ്റിയുള്ള ഒരന്വേഷണം' എന്നതായിരുന്നു പ്രബന്ധം. അതിൽ പറയുന്നത്, വുഹാനിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, സ്ഥിരീകരിക്കപ്പെട്ട കണക്കുകൾക്ക് പുറമെ 7,44,000 പേർകൂടി  മരിക്കുമായിരുന്നു എന്നാണ്‌. ചൈനയുടെ നടപടികളിൽനിന്ന് ലോകരാഷ്ട്രങ്ങൾക്ക് ഏറെ പഠിക്കാനുണ്ട് '' എന്നാണ് പ്രബന്ധകർത്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

ലോകാരോഗ്യസംഘടന തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞത്  ഈ അജ്ഞാതവൈറസിന്റെ വ്യാപനം തടഞ്ഞുനിർത്തുന്ന കാര്യത്തിൽ, ഒരുപക്ഷേ , ചരിത്രത്തിൽത്തന്നെ ഏറ്റവും സജീവവും ഊർജസ്വലവുമായാണ് ചൈന ഇടപെട്ടത് എന്നാണ്. രോഗവ്യാപനം തടയാനായി ചൈനീസ് സർക്കാരും സാമൂഹ്യസംഘടനകളും വിവിധതലങ്ങളിൽ എടുത്ത നടപടികളുടെ വിശദാംശങ്ങളാണ് ഈ റിപ്പോർട്ടിലൂടെ ഞങ്ങൾ നൽകുന്നത്.

ഒരു പദ്ധതി ഉരുത്തിരിയുന്നു
അതുവരെ "അജ്ഞാത കാരണങ്ങളാൽ ഉണ്ടാകുന്ന ന്യുമോണിയ' എന്ന്‌ കരുതിപ്പോന്ന രോഗത്തെ കൃത്യമായി നിർണയിക്കാനും ചികിത്സിക്കാനും ടെസ്റ്റുകൾ നടത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ രൂപീകരിക്കുന്നതിനായി ജനുവരി ആദ്യംമുതൽ നാഷണൽ ഹെൽത്ത് കമീഷനും ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷനും ശ്രമം തുടങ്ങി. ജനുവരി നാലിന് എൻഎച്ച്സിയും ഹുബെയ് പ്രവിശ്യയിലെ ആരോഗ്യവകുപ്പും ചേർന്ന് ഒരു ചികിത്സാ മാന്വൽ തയ്യാറാക്കി എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലേക്കും അയച്ചു.


 

ജനുവരി ഏഴോടെ സിഡിസി പുതിയ കൊറോണാ വൈറസ് ഘടന വേർതിരിച്ചെടുത്തു. മൂന്നുദിവസം കഴിഞ്ഞ്‌ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ചൈനീസ് അക്കാദമി ഓഫ് സയൻസസ്)യും മറ്റുള്ളവരും പരിശോധനാ കിറ്റുകൾ സജ്ജമാക്കി.

ജനുവരി 17ന് പൊതുജനാരോഗ്യ പ്രവർത്തകർക്ക് വൈറസിനെക്കുറിച്ച്  പരിശീലനം നൽകാനായി ഏഴ് ടീമിനെ എൻഎച്ച്സി വിവിധ പ്രവിശ്യകളിലേക്ക്  അയച്ചു. 19ന് എൻഎച്ച്‌സി ചൈനയിലെ മിക്ക ഹെൽത്ത് ഡിപ്പാർട്ട്മെന്റുകൾക്കും ടെസ്റ്റ് കിറ്റുകൾക്ക് വേണ്ട സംവിധാനം എത്തിച്ചുകൊടുത്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈറസ് വ്യാപനം ഉണ്ടായത് എങ്ങനെയാണെന്നും അതിനെ എങ്ങനെ തടയാമെന്നും എൻഎച്ച്സി മനസ്സിലാക്കി. ജനുവരി 15നും മാർച്ച് മൂന്നിനും ഇടയ്‌ക്ക്  മാർഗനിർദേശങ്ങളുടെ ഏഴ് പതിപ്പ്‌ പുറത്തിറക്കി.

സർക്കാർ ഇടപെടുന്നു
ജനുവരി 25ന് ചൈനയിലെ കമ്യൂണിസ്റ്റ് പാർടി (സിപിസി) കോവിഡ്–-19 തടയലിനും നിയന്ത്രണത്തിനുമായി ലീ കെഖ്വിയാങ്, വാങ് ഹു നിങ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി ഉന്നതസമിതിയെ നിയോഗിച്ചു. . 27 ആയപ്പോൾ സ്റ്റേറ്റ്‌ കൗൺസിൽ ഉപാധ്യക്ഷൻ സൺ ചുൻ ലാൻ നേതൃത്വം വഹിച്ച ഒരു കേന്ദ്ര മാർഗനിർദേശക സമിതി വുഹാൻ നഗരത്തിലെത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾക്ക്‌ രൂപം കൊടുത്തു.


 

ജുവീ ഹുയി അയൽപക്കസമിതികൾ
വൈറസ് പ്രതിരോധത്തിലെ മുഖ്യപങ്ക് പലപ്പോഴും വേണ്ടവിധം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 1950കളിൽ നഗരങ്ങളിലെ താമസക്കാർക്കിടയിൽ അവരവരുടെ സുരക്ഷിതത്വത്തിനും പരസ്പരസഹായത്തിനുമായി രൂപംകൊണ്ട സിവിൽ സംഘടനകളാണ്  ജുവീ ഹുയി. വുഹാനിൽ ലോക്ക്‌ഡൗൺ തുടങ്ങിയതോടെ, അയൽക്കൂട്ട സമിതിയംഗങ്ങളാണ് വീടുവീടാന്തരം കയറി പനി പരിശോധിക്കാനും ഭക്ഷണവും മരുന്നുമെത്തിച്ചുകൊടുക്കാനും മുന്നിട്ടിറങ്ങിയത്. അയൽക്കൂട്ട സമിതികളുടെ നേതൃത്വത്തിൽ പുറത്തുപോയി വരുന്നവർക്കായുള്ള പനി പരിശോധനാ കേന്ദ്രങ്ങൾ തുറന്നിരുന്നു. മാർച്ച് ഒമ്പത്‌ ആയപ്പോൾ ഇത്തരം സമിതികളിൽ പ്രവർത്തിച്ച 53 പേർ മരിച്ചു. അതിൽ 49 പേരും കമ്യൂണിസ്റ്റ് പാർടി അംഗങ്ങളായിരുന്നു.

കമ്യൂണിസ്റ്റ് പാർടിയുടെ ഒമ്പത്‌ കോടിയോളം വരുന്ന അംഗങ്ങളും  46 ലക്ഷത്തോളം വരുന്ന കീഴ്‌ഘടകങ്ങളുമാണ്‌ ചൈനയിലെ ആറരലക്ഷത്തോളം വരുന്ന നഗര–ഗ്രാമ സമൂഹങ്ങളിലെ മുന്നണികളിൽ പൊതുപ്രവർത്തനങ്ങൾ ഏറ്റെടുത്തത്. പാർടി അംഗങ്ങളായ ആരോഗ്യപ്രവർത്തകർ വുഹാനിലേക്കെത്തി. മറ്റംഗങ്ങൾ ഒന്നുകിൽ തങ്ങളുടെ അയൽക്കൂട്ട സമിതികളിലോ അല്ലെങ്കിൽ പുതിയ വേദികളുണ്ടാക്കി അതിലോ പ്രവർത്തിച്ചു.

വൈദ്യശാസ്ത്രപരമായ ഇടപെടൽ
വുഹാനിൽ എത്തിച്ചേർന്ന ആദ്യ വൈദ്യസംഘത്തിൽ ഉണ്ടായിരുന്ന ലിലൻ ജുവാൻ പറഞ്ഞത്‌ മെഡിക്കൽ ടെസ്റ്റുകൾ "നടത്തിക്കിട്ടുക ഏറെ പ്രയാസകരമായിരുന്നു'' എന്നാണ്. സപ്ലൈ "വളരെ മോശ'വും! ദിവസങ്ങൾക്കകം, 40,000 ആരോഗ്യപ്രവർത്തകരാണ്  എത്തിച്ചേർന്നത്. രോഗലക്ഷണം കാട്ടുന്നവരെ മുഴുവൻ  പരിചരിക്കാനായി താൽക്കാലിക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചു. ഗുരുതരമായി രോഗബാധിതരായവരെ ആശുപത്രികളിലേക്ക് അയച്ചു. സുരക്ഷാ ഉപകരണങ്ങളും ടെസ്റ്റ് കിറ്റുകളും വെന്റിലേറ്ററുകളും പെട്ടെന്ന് കുതിച്ചെത്തി. മരണനിരക്ക് ഗണ്യമായി കുറഞ്ഞു. രണ്ടുമാസംകൊണ്ട് വുഹാനിലെ പകർച്ചവ്യാധിയുടെ നില നിയന്ത്രണാധീനമായി.  ഫെബ്രുവരി ഒമ്പതിനുള്ളിൽ വുഹാനിലെ  42 ലക്ഷം വീടുകളിലെ ഒരു കോടി ആറു ലക്ഷം പേരെയാണ് പരിശോധിച്ചത്. 99 ശതമാനം ജനങ്ങളെയും പരിശോധനാ വിധേയരാക്കി എന്നർഥം.


 

ആശ്വാസനാളുകളിലേക്ക്‌
6 കോടി മനുഷ്യർ താമസിക്കുന്ന ഒരു പ്രവിശ്യ രണ്ടു മാസത്തിലേറെക്കാലവും 140 കോടി ജനങ്ങളുള്ള ഒരു രാജ്യം ഗണ്യമായ തോതിലും അടച്ചിടുന്നത് അത്രയ്‌ക്ക് എളുപ്പമല്ല. സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങൾ വലുതാണ്. പക്ഷേ, സർക്കാരിന്റെ ആദ്യ നിർദേശംതന്നെ, സാമ്പത്തികമായ തിരിച്ചടി കണക്കുകൂട്ടിയല്ല രോഗപ്രതിരോധ നടപടികൾ നിർണയിക്കേണ്ടത് എന്നാണ്. ഏതു നയം രൂപീകരിക്കുമ്പോഴും ജനതയുടെ ക്ഷേമത്തിനാണ് പ്രാമുഖ്യം നൽകേണ്ടത് എന്നാണ്.

ഹോങ്കോങ്ങിൽനിന്നുള്ള നാല് പകർച്ചവ്യാധി വിദഗ്ധർ "ദ ലാൻ സെറ്റി'ൽ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയത്, ലോക്ക്‌ഡൗൺ കൊണ്ടാണ്  ഹുബെയ് പ്രവിശ്യക്ക്‌ പുറത്തേക്കുള്ള രോഗവ്യാപനം തടയാനായത് എന്നാണ്. എങ്കിലും അവർ പറഞ്ഞത്‌ വൈറസ് ഒരു രണ്ടാംവരവ് നടത്താനുള്ള സാധ്യത ഉണ്ടെന്നാണ്. ഇക്കാര്യത്തിൽ ചൈനീസ് സർക്കാർ ജാഗ്രത പാലിക്കുന്നുണ്ട്. ചൈനയ്‌ക്ക് രോഗവ്യാപനച്ചങ്ങല പെട്ടെന്ന് പൊട്ടിക്കാനായത് വിഭവങ്ങളെയും അതിന്റെ സോഷ്യലിസ്‌റ്റ്‌ സംസ്‌കാരത്തെയും സ്ഥാപനങ്ങളെയും ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞതിനാലാണ്‌.

സർക്കാരും പാർടിയും തയ്യാറാക്കിയ കാര്യപരിപാടികൾ
1. വൈറസിന്റെ വ്യാപനം തടയാൻ അടച്ചിട്ടാൽമാത്രം മതിയാകില്ല. ഗതാഗതം നന്നേ കുറച്ചേ മതിയാകൂ. ചൈനയിൽ പുതുവത്സര ഒഴിവാണ് എന്നത് കാര്യങ്ങൾ സങ്കീർണമാക്കും. ഇതെല്ലാം തടഞ്ഞേ പറ്റൂ. രോഗപ്പകർച്ചയുടെ ഉറവിടവും യാത്രാപഥവും കണ്ടെത്താൻ ഏറ്റവും ആധുനികമായ സാംക്രമിക രോഗപ്രതിരോധ രീതികൾ ഉപയോഗപ്പെടുത്തുന്നതിൽ പ്രാദേശിക അധികൃതർ മുന്നിട്ടിറങ്ങി.

2. സുരക്ഷാ ഉപകരണങ്ങൾപോലുള്ളവ, ആശുപത്രിക്കിടക്കകൾ, മരുന്നുകൾ എന്നിവയുടെ സുഗമമായ വിതരണം ഉറപ്പാക്കൽ. ആദ്യം താൽക്കാലിക ശുശ്രൂഷാകേന്ദ്രങ്ങൾ പണിതതും പിന്നീട് രണ്ട് പൂർണ ആശുപത്രി(ഹൂ ഷെൻ ഷാൻ ആശുപത്രിയും ലീഷെൻ ഷാൻ ആശുപത്രിയും) പെട്ടെന്ന് തയ്യാറാക്കിയതും ഇതിൽപ്പെടും.

3. അടച്ചിടൽകാലത്ത് ഭക്ഷണവും ഇന്ധനവും എത്തിച്ചുകൊടുത്തു

4.  പൊതുജനങ്ങൾക്ക് ശാസ്ത്രീയവസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങൾ എത്തിക്കേണ്ടതുകൊണ്ട്,  ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തതുമുതൽക്ക് പ്രാദേശിക അധികൃതരുടെ ഭാഗത്തുനിന്ന്‌ വീഴ്‌ച ഉണ്ടായോ എന്നതും സമിതി അന്വേഷിച്ചു. എൻഎച്ച്സിയുടെ കീഴിൽ രോഗനിവാരണ നിയന്ത്രണസംവിധാനത്തിന് രൂപം നൽകി. രോഗപ്പകർച്ചയുടെ ചങ്ങല പൊട്ടിക്കുന്നതിന് അതിവിപുലമായ അധികാരങ്ങളാണ് അവർക്ക് നൽകിയത്. വുഹാൻ നഗരവും ഹുബെയ് പ്രവിശ്യയും 76 ദിവസം ഫലത്തിൽ അടച്ചു.

( ട്രൈകോണ്ടിനെന്റൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ റിസർച്ച്‌ ഡയറക്ടറാണ്‌ വിജയ്‌ പ്രസാദ്‌.
ഷാങ്ഹായിയിലെ ഗവേഷകനാണ്‌ ഷു സിയാവോ ജിൻ. ബീജിങ്ങിലെ അഭിഭാഷകയാണ്‌ വിയാൻഷൂ )

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top