17 January Sunday

മാന്ദ്യം രൂക്ഷമാക്കുന്ന കേന്ദ്ര പാക്കേജുകൾ

ഡോ. എസ് മോഹനകുമാ‍ർUpdated: Thursday Nov 26, 2020


കോവിഡ്‌ –-19 മൂലമുണ്ടായ സാമ്പത്തികത്തകർച്ചയെ പ്രതിരോധിക്കാനായാണ് 2020ൽ മെയ് മാസത്തിൽ കേന്ദ്ര ധനമന്ത്രി നി‍ർമല സീതാരാമൻ 20 കോടി ലക്ഷം രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജിന്റെ ഒന്നും രണ്ടും ഘട്ടം മേയിൽ പ്രഖ്യാപിച്ചിരുന്നു. ഇതേ പാക്കേജിന്റെ മൂന്നാം ഘട്ടമാണ് കഴിഞ്ഞ 12നു പ്രഖ്യാപിച്ചത്. ഇതോടെ കോവിഡ് –-19 ഉത്തേജക പാക്കേജുകൾ അവസാനിച്ചെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. കേന്ദ്ര സ‍ർക്കാരിന്റെ സ്വയംപര്യാപ്ത ഭാരതം (ആത്മനി‍ർഭ‍ർ ഭാരത്) എന്ന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്. ഇവിടെ പരിശോധിക്കേണ്ടത് പ്രധാനമായും മൂന്ന്‌ കാര്യമാണ്. ഒന്ന്‌, ഉത്തേജക പാക്കേജ് ആരുടെ ഉത്തേജനത്തിനു വേണ്ടിയാണ്? രണ്ട്, ഇന്ത്യയുടെ സാമ്പത്തികമാന്ദ്യം കോവിഡ് -- 19നു ശേഷം ഉണ്ടായതാണോ? മൂന്ന്, സാമ്പത്തിക മാന്ദ്യത്തിന്റെ യഥാർഥ കാരണമെന്ത്?

ഉത്തേജക പാക്കേജ് ആർക്കുവേണ്ടി?
2020 മേയിൽ പ്രഖ്യാപിച്ച പാക്കേജിന്റെ ഒന്നാം ഘട്ടം വാ‍ർഷിക വിറ്റുവരവ് 100 കോടി രൂപവരെയുള്ള വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി ഉള്ളതായിരുന്നു. മൂന്നു ലക്ഷം കോടി രൂപയാണ്‌ പാക്കേജായി പ്രഖ്യാപിച്ചത്‌. വരുമാന നികുതി കൊടുക്കുന്നവരുടെ നികുതി കൊടുക്കാനുള്ള തീയതി നാലു മാസത്തേക്കുകൂടി നീട്ടിനൽകുകയും മാസംതോറും അടയ്‌ക്കേണ്ട നികുതിയിൽ 25 ശതമാനം കുറവും വരുത്തി. എന്നാൽ, വ്യവസായത്തൊഴിലാളികളുടെ ശമ്പളത്തിന്റെ 12 ശതമാനം തൊഴിലുടമ പിഎഫിലേക്ക്‌ അടയ്‌ക്കണമെന്നാണ്‌ നിയമം. ഇത്‌ തൊഴിലാളികളുടെ വേതനമാണ്‌. ഈ തുക പത്തു ശതമാനമായി കുറച്ചുകൊണ്ടാണ്‌‌ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന തൊഴിലാളികളെ മോഡി സർക്കാർ പിഴിഞ്ഞത്‌. ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ്‌ രണ്ടാംഘട്ട പക്കേജ്‌ പ്രഖ്യാപിച്ചത്‌. ഒന്നാം ഘട്ടത്തിൽ പ്രധാനമായത്‌ 200 കോടി രൂപവരെയുള്ള സർക്കാർ സാമഗ്രികൾ വാങ്ങുമ്പോൾ ടെൻഡർ  വിളിക്കണ്ട എന്നു തീരുമാനിച്ചു. ഇതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്തമാണല്ലോ. രണ്ടാം ഘട്ടത്തിൽ കിസാൻ ക്രെഡിറ്റ്‌ കാർഡിലൂടെ കർഷകർക്ക്‌ വായ്‌പ നൽകുന്നതിനായി രണ്ടു ലക്ഷം കോടി രൂപ അനുവദിച്ചു. എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനാകാതെ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന കർഷകർ വീണ്ടും  വായ്‌പ എടുക്കില്ലെന്ന്‌ സർക്കാരിന്‌ ഉറപ്പുണ്ട്‌. ലോക്ഡൗണിൽ കർഷകർ പ്രതീക്ഷിച്ചത്‌ നേരിട്ടുള്ള ധനസഹായമായിരുന്നു. എന്നാൽ‌, അതുണ്ടായില്ല.

ഒന്നും രണ്ടും ഘട്ടത്തിൽ ഭൂരിഭാഗവും നടപ്പാക്കിയില്ല. ഈ പശ്ചാത്തലത്തിലാണ്‌ ‘സ്വയംപര്യാപ്‌ത ഭാരതം’ എന്ന ഓമനപ്പേരിട്ട ഉത്തേജക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം. നവംബർ 12നു കേന്ദ്ര ധനമന്ത്രി നടത്തുന്നത്‌ ഏകദേശം രണ്ടേമുക്കാൽ ലക്ഷം കോടി രൂപയുടെ പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും ഒന്നാംഘട്ടത്തിന്റെ തുടർച്ചയായ മൂലധനസൗഹൃദ പരിപാടികളായിരുന്നു. ഒന്നാംഘട്ടത്തിൽ തൊഴിലുടമ തൊഴിലാളികൾക്കുവേണ്ടി ഓരോ മാസവും പ്രോവിഡന്റ്‌ ഫണ്ടിൽ അടയ്‌ക്കേണ്ട തുകയുടെ രണ്ടു ശതമാനം കേന്ദ്ര സർക്കാർ നേരിട്ട്‌ പ്രോവിഡന്റ്‌ ഫണ്ടിൽ നൽകുമെന്നാണ്‌ പ്രഖ്യാപിച്ചതെങ്കിൽ മൂന്നാംഘട്ടത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ മൂലധനസൗഹൃദ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.


 

തൊഴിലാളിക്കുവേണ്ടി തൊഴിലുടമ നൽകേണ്ട വിഹിതം മുഴുവനും 12 ശതമാനം കേന്ദ്ര സർക്കാർ നൽകുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തൊഴിലാളി അടയ്‌ക്കേണ്ട വിഹിതവും സർക്കാർ നൽകുമെന്ന്‌ പറയുന്നുണ്ടെങ്കിലും സർക്കാർ നേരിട്ട്‌ അടയ്‌ക്കുന്ന പ്രോവിഡന്റ്‌ വിഹിതം തൊഴിലുടമ ശമ്പളത്തിന്റെ ഭാഗമായി തൊഴിലാളിയുടെ ശമ്പളത്തിൽനിന്നും കുറവുവരുത്തരുതെന്ന്‌ പറഞ്ഞിട്ടുമില്ല. ഇതിന്റെ അർഥം തൊഴിലുടമയ്‌ക്ക്‌ കേന്ദ്ര സർക്കാർ സബ്‌സിഡിയായി നൽകുന്നത്‌ ഓരോ തൊഴിലാളിയുടെയും ശമ്പളത്തിന്റെ 24 ശതമാനമാണ്‌. ഇന്ത്യയിൽ എല്ലായിടത്തും ധനമൂലധനം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നത്‌ റിയൽ എസ്‌റ്റേറ്റ്‌ കച്ചവടത്തിൽനിന്നാണ്‌. ഭൂമി, കെട്ടിടങ്ങൾ എന്നിവ വാങ്ങി മറിച്ചുവിറ്റ്‌ കൊള്ളലാഭം കൊയ്യുന്ന ഇവർ സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദനപ്രക്രിയയിൽ നേരിട്ടു പങ്കെടുക്കാതെ കൊള്ളലാഭം ഉണ്ടാക്കുന്നവരാണ്‌. എക്കാലത്തും ബിജെപിയുടെ പ്രധാന ഫണ്ടുധാതാക്കളും ഈ വിഭാഗമാണ്‌. ഓരോ സ്ഥലത്തും സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഭൂമി വിലയുടെ 20 ശതമാനംവരെ കുറച്ച്‌ ഇടപാടു നടത്താനുള്ള നിയമബാധ്യതയാണ്‌ മൂന്നാംഘട്ട പ്രഖ്യാപനത്തിൽ പ്രധാനം. ഇത്‌ കള്ളപ്പണക്കാരുടെ അനധികൃത സ്വത്ത്‌ വെളുപ്പിക്കുന്നതിനുള്ള സർക്കാർ അനുമതിയാണ്‌.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സ്വയംപര്യാപ്‌ത ഭാരത്‌’ പദ്ധതിയുടെ മൂന്നു ഘട്ടവും വ്യക്തമാക്കുന്നത്‌ ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്താണെന്ന്‌ ഇതുവരെ കേന്ദ്ര സർക്കാർ വിശകലനത്തിനു വിധേയമാക്കിയിട്ടില്ല എന്നാണ്‌. പാക്കേജിന്റെ മൂന്നു ഘട്ടത്തിലും ഊന്നൽ കൊടുത്തിരിക്കുന്നത്‌ രാജ്യത്ത്‌ ഉൽപ്പാദനം വർധിപ്പിക്കാൻ വേണ്ടിയാണ്‌. എന്നാൽ, ഭൂരിഭാഗം ജനങ്ങളുടെയും വാങ്ങൽശേഷി ഇല്ലാതായതിന്റെ ഫലമായാണ്‌ സാമ്പത്തികമാന്ദ്യം ഉണ്ടായതെന്ന യഥാർഥ വസ്‌തുത അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറല്ല. ഒന്നുംരണ്ടും ഘട്ട  പാക്കേജിൽ വ്യവസായികൾക്കും കർഷകർക്കും വായ്‌പകൾ പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുവദിച്ച വായ്‌പയെടുക്കാൻ വ്യവസായികൾ വരുന്നില്ലെന്നതാണ്‌ സർക്കാർ ഏജൻസികൾ നൽകുന്ന വിവരം. ഇതിനു കാരണം ഉൽപ്പാദിപ്പിച്ച സാധനങ്ങൾ വിറ്റഴിയാത്തതാണ്‌.

മാന്ദ്യം കോവിഡ്‌–-19 കൊണ്ടുമാത്രമോ
രാജ്യത്തെ സാമ്പത്തികമാന്ദ്യം കോവിഡ്‌–-19 കൊണ്ടുമാത്രം ഉണ്ടായതാണോ? അങ്ങനെ വരുത്തിത്തീർക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌. ബിജെപി അധികാരത്തിൽ വന്ന 2014–-15ൽ ഇന്ത്യയുടെ ദേശീയവരുമാന വളർച്ച നിരക്ക്‌ എട്ടു ശതമാനമായിരുന്നത്‌ കോവിഡ്‌ –-19നു മുമ്പുള്ള 2019ൽ 4.23 ശതമാനമായി ക്രമേണ കുറഞ്ഞുവരികയായിരുന്നു. 2020 നവംബറിൽ റിസർവ്‌ ബാങ്ക്‌ പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്‌ ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തുകയാണ്‌ എന്നാണ്‌.

2020 –-21 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്നു മാസം ആഭ്യന്തര ഉൽപ്പാദനത്തിൽ 24 ശതമാനം ഇടിവുണ്ടായി. ജൂലൈയിൽ തുടങ്ങി സെപ്‌തംബറിൽ അവസാനിക്കുന്ന രണ്ടാമത്തെ ക്വാർട്ടറിൽ വീണ്ടും 8.6 ശതമാനം ഇടിഞ്ഞു. മറുഭാഗത്ത്‌ നാലു ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക്‌ ഉയരുകയും ചെയ്‌തു. ഇതിനെ സാമ്പത്തിക വിദഗ്‌ധർ സ്‌തംഭനാവസ്ഥയെന്നു പറയുന്നു.


 

1942ൽ ഉണ്ടായ ബംഗാൾ പട്ടിണിക്ക്‌ സമാനമായ അവസ്ഥയാണ്‌ ഇത്‌. 1951നു ശേഷം രണ്ടു തവണ മാത്രമേ ആഭ്യന്തര ഉൽപ്പാദനം തുടർച്ചയായി മുൻവർഷത്തേക്കാൾ കുറഞ്ഞിട്ടുള്ളൂ. 1966ലും 1977ലുമാണ്‌ അത്‌. അപ്പോൾ പോലും ആഭ്യന്തര ഉൽപ്പാദനത്തിൽ ഇത്ര കുറവ്‌ വന്നിട്ടില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ  ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ട്‌ രണ്ടുമൂന്നു മാസമായി. 2018–-19ൽ കേന്ദ്ര സർക്കാർ സ്ഥാപനമായ സിഎസ്‌ഒ നടത്തിയ തൊഴിൽ പഠനത്തിൽ കണ്ടെത്തിയത്‌ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്‌മ 23 ശതമാനമായി വർധിച്ചിരിക്കുന്നുവെന്നാണ്‌. തൊഴിൽ സേനയുടെ 90 ശതമാനവും അസംഘടിത മേഖലയിലാണ്‌ ജോലി ചെയ്യുന്നത്‌. ഇവരുടെ കൂലി വെറും 209 രൂപയാണ്‌. മിനിമം കൂലിയേക്കാൾ വളരെ കുറവാണ്‌ ഇത്‌.

സ്വകാര്യമേഖലയിലെ മൂലധന നിക്ഷേപവും വൻതോതിൽ കുറഞ്ഞിട്ടുണ്ട്‌. 2008ൽ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 17 ശതമാനമായിരുന്നു സ്വകാര്യ മുതൽമുടക്ക്‌. ഇപ്പോൾ അത്‌ വെറും 11 ശതമാനം മാത്രമാണ്‌. ഏതൊരു സാമ്പത്തിക മാന്ദ്യവും മൂലധനത്തിന്റെ കേന്ദ്രീകരണത്തിന്‌‌ വഴിയൊരുക്കും. അതിനു കാരണം സാമ്പത്തിക മാന്ദ്യകാലത്ത്‌ ചെറുകിട ഉൽപ്പാദകർ നശിക്കുകയും അവരുടെ സ്ഥാനം വൻകിട കോർപറേറ്റുകൾ കൈയടക്കുന്നതിനാലുമാണിത്‌ സംഭവിക്കുന്നത്‌. തോമസ്‌ പിക്കറ്റിയെ പോലുള്ള സാമ്പത്തിക വിദഗ്‌ധർ പറയുന്നത്‌ സാമ്പത്തിക അസമത്വം സാമ്പത്തിക വളർച്ചയെ മുരടിപ്പിക്കുമെന്നാണ്‌.

സാമ്പത്തികമാന്ദ്യം എങ്ങനെയാണ്‌ മുതലാളിത്ത സമ്പദ്‌വ്യവസ്ഥകളിൽ ഉണ്ടാകുന്നതെന്ന്‌  ശാസ്‌ത്രീയ അപഗ്രഥനം നടത്തിയത്‌ കാൾ മാർക്‌സാണ്‌. ജോൺ കെയിൻസിനെ പോലുള്ള സാമ്പത്തിക ശാസ്‌ത്രജ്ഞർ അതിനുള്ള താൽക്കാലിക പരിഹാരങ്ങൾ നിർദേശിക്കുകയാണ്‌ ഉണ്ടായത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണം തൊഴിലില്ലായ്‌മയും വരുമാനത്തിലുണ്ടാകുന്ന കുറവുമാണ്‌.

രാജ്യത്തെ മൂന്നു കോടി ജനങ്ങൾക്ക്‌ തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ്‌ കണക്ക്‌. 2020 മാർച്ചുമുതൽ ആഗസ്‌തുവരെ  ഉയർന്ന ശമ്പളം വാങ്ങി ജോലി ചെയ്‌തിരുന്ന കോർപറേറ്റ്‌ മേഖലയിലെ 60 ലക്ഷം പേർക്ക്‌ തൊഴിൽ നഷ്ടമായി. സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ അടിസ്ഥാനസൗകര്യ വികസനം മന്ദീഭവിച്ചതാണ്‌ ജനങ്ങളുടെ വാങ്ങൽശേഷി ഇല്ലാതായതിനു പ്രധാന കാരണം. ഇപ്പോഴും കേന്ദ്ര സർക്കാർ  ജിഎസ്‌ടി ഇനത്തിൽ മാത്രം ഒരു ലക്ഷം കോടി രൂപ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക്‌ കൊടുക്കാനുണ്ട്‌. ഉത്തേജക പാക്കേജിൽ അതിനെക്കുറിച്ച്‌ മൗനംപാലിക്കുന്നു. ഈ പാക്കേജുകൾ സാമ്പത്തികമാന്ദ്യം കൂടുതൽ മൂർഛിപ്പിക്കാനേ വഴിയൊരുക്കൂ. അതോടൊപ്പം  തൊഴിലില്ലായ്‌മയും പട്ടിണിയുംകൊണ്ട്‌ ജനം വലയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top