15 July Wednesday

കോവിഡും പാര്‍ശ്വവൽകൃത ജനതയും - കെ രാധാകൃഷ്‌ണൻ എഴുതുന്നു

കെ രാധാകൃഷ്‌ണൻUpdated: Monday Jun 22, 2020

നേട്ടങ്ങൾ ഏറ്റവും അവസാനം എത്തിച്ചേരുകയും കോട്ടങ്ങൾ ഏറ്റവും ആദ്യം ബാധിക്കുകയും ചെയ്യുന്ന ജനവിഭാഗമാണ് പാർശ്വവൽക്കരിക്കപ്പെട്ടവർ.  ദളിതർ, ആദിവാസികൾ, പിന്നോക്കവിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ സാമൂഹ്യ ഗ്രൂപ്പുകൾ പാർശ്വവൽകൃത ജനതയുടെ പരിച്ഛേദമാണ്. വൃദ്ധർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്‌സ്, അനാഥർ, മത്സ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളികൾ, തെരുവുകച്ചവടക്കാർ, പരിചരിക്കാനാരുമില്ലാത്ത രോഗികൾ, ഭിക്ഷാടകർ, നാടോടികൾ, അഭയാർഥികൾ, കുടിയേറ്റക്കാർ, ന്യൂനപക്ഷങ്ങൾ, സ്ഥിരവരുമാനമില്ലാത്ത വനിതകൾ, കുടുംബനാഥകളായ വനിതകൾ, വിധവകൾ, ഭവനരഹിതർ തുടങ്ങിയവരുടെ ജീവിതത്തിൽ കോവിഡ്‐19 സൃഷ്ടിച്ച സാമൂഹ്യ‐സാമ്പത്തിക അനിശ്ചിതത്വം ഏറ്റവും മനുഷ്യത്വപരമായി സമീപിക്കേണ്ട വിഷയമാണ്.

ദിവസക്കൂലിയെ ആശ്രയിച്ചുമാത്രം ജീവിതം മുന്നോട്ടു നീക്കുന്നവരും സ്വന്തമായി ഭൂമി, മൂലധനം തുടങ്ങിയ ഉൽപ്പാദനോപാധികൾ ഇല്ലാത്തവരും സമ്പന്നരെയും ഭൂവുടമകളെയും ആശ്രയിച്ചു ജീവിതം മുന്നോട്ടുപോകുന്നവരുമായ തൊഴിലാളി വർഗത്തിന് എല്ലാ വരുമാന മാർഗങ്ങളും നിലച്ചുപോയത് ഗുരുതരമായ ജീവിത പ്രതിസന്ധിയാണ് . ബഹുഭൂരിപക്ഷം പേരും അസംഘടിത മേഖലയിലും താഴ്‌ന്ന തൊഴിൽ മേഖലകളിലും പണിയെടുക്കുന്നതിനാൽ  ഏറ്റവും കൂടുതൽ ബാധിച്ചതും ഇവരെയാണ്. 

പ്രത്യേക പരിഗണനവേണം
ഇന്ത്യയിൽ നിലനിൽക്കുന്ന പലവിധ മുൻധാരണകളാൽ മുദ്രകുത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ അധിവസിക്കുന്നവരുമായ പാർശ്വവ്യകൃത ജനതയ്ക്കിടയിൽ വിദ്യാഭ്യാസം, ബോധവൽക്കരണം, ആരോഗ്യസേവനം, പ്രത്യേക പാക്കേജുകൾ തുടങ്ങിയവ കൃത്യമായി എത്തിച്ചേരാത്തതിനാൽ വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കൂടുതലാണ്. ചെറിയ വീടുകളിൽ നിരവധി അംഗങ്ങൾ ഞെരുങ്ങിക്കഴിയുന്നതിനാൽ സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാറില്ല. കേരളത്തിൽ ലഭ്യമാകുന്ന ആരോഗ്യസേവനങ്ങൾ  മിക്ക സംസ്ഥാനങ്ങളിലും ലഭിക്കുന്നില്ല.  ഗ്രാമപ്രദേശങ്ങളിലും ചേരികളിലും അധിവസിക്കുന്നവർക്ക് ആരോഗ്യസേവന സംവിധാനങ്ങളിലേക്കുള്ള പ്രവേശനംപോലും പരിമിതമാണ്. അധ്വാനശേഷിയിലധിഷ്ഠിതമായ പരിമിതമായ കഴിവുകളും അവസരങ്ങളും മാത്രമുള്ള ഇവരിൽ ബഹുഭൂരിപക്ഷത്തിനും സാങ്കേതികവിദ്യയുടെ സേവനം പരിമിതമായ അളവിൽ മാത്രമേ  ലഭ്യമാകുന്നുള്ളൂ. മാലിന്യ നിർമാർജനം, ശുചീകരണത്തൊഴിലുകൾ തുടങ്ങിയവയിലേർപ്പെട്ടിരിക്കുന്നവർ അരക്ഷിതമായ സാഹചര്യത്തിൽ തൊഴിലെടുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്.

ഈ പകർച്ചവ്യാധിയുടെ കാലത്തുപോലും പാർശ്വവൽക്കൃതർ അനുഭവിക്കേണ്ടിവന്ന ജാതീയമായ അവഗണനയും വിവേചനവും അടിച്ചമർത്തലുകളും കാണാതിരിക്കാനാകില്ല. ഭക്ഷണമോ വെള്ളമോ കിടപ്പാടമോ ഇല്ലാതെ നൂറുകണക്കിന് കിലോമീറ്റർ കുട്ടികളും രോഗികളുമടക്കം കാൽനടയാത്ര നടത്തുന്ന ചിത്രങ്ങൾ എത്രത്തോളം പേർ ആഭ്യന്തര അഭയാർഥികളായി മാറിക്കഴിഞ്ഞുവെന്നതിന്റെ നേർക്കാഴ്ചകളാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വിളക്കണയ്ക്കാത്തതിന് ഹരിയാനയിൽ ദളിത് കുടുംബത്തെ ആക്രമിച്ചതും കോവിഡ് കാലത്ത് പൊതുവഴി ഉപയോഗിക്കുന്നതിൽനിന്നും ദളിതരെ വിലക്കിയതും ഉത്തർപ്രദേശിലെ സഹാരൻപുറിൽ റേഷൻ നിഷേധിച്ചതും മർദിച്ചതുമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഗാർഹിക കുടിവെള്ള വിതരണത്തിനുള്ള കേന്ദ്ര പദ്ധതിയായ ജൽജീവൻ മിഷനിൽ നിന്നും പട്ടികജാതി ‐പട്ടിക വർഗ വിഭാഗക്കാരെ ഒഴിവാക്കിയ ഗുജറാത്ത് സർക്കാരിന്റെ നടപടി വാർത്തയായിരുന്നു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വിവേചനത്തിലധിഷ്ഠിതമായ വിദ്വേഷരാഷ്ട്രീയത്തിന്റെ സ്വാധീനം ഈ അത്യാപത്തിന്റെ കാലത്തുപോലും വർഗീയവാദികളുടെ പ്രഥമപരിഗണനയിലിരിക്കുന്നു.


 

തൊഴിലാളി വിരുദ്ധ സമീപനവും കോവിഡും
സംഘപരിവാറിന്റെ വർഗീയരാഷ്ട്രീയത്തിന് ബദലായി ഇന്ത്യയിൽ ഉയർന്നുവരുന്ന തൊഴിലാളിവർഗ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുവാനും ഫെഡറലിസത്തെ തന്നെ ചോദ്യം ചെയ്യുവാനുമുള്ള തീരുമാനങ്ങളാണ് കോവിഡിന്റെ മറവിൽ നടക്കുന്നത്. നിലവിലുള്ള മുപ്പത്തിയഞ്ചിലധികം തൊഴിൽ നിയമങ്ങൾ മൂന്നുവർഷത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്തുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ കൈക്കൊണ്ട തീരുമാനം തന്നെ ഉദാഹരണമാണ്.

മൈഗ്രേഷൻ കമീഷൻ രൂപീകരിക്കുവാനുള്ള യോഗി സർക്കാരിന്റെ മറ്റൊരു തീരുമാനം ഇന്ത്യയുടെ ഫെഡറലിസത്തെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. അതുപ്രകാരം മറ്റുസംസ്ഥാനങ്ങളിൽനിന്നും ഉത്തർപ്രദേശിലേക്കുവരുന്ന യു പിക്കാരായ തൊഴിലാളികൾ സർക്കാരിൽ രജിസ്റ്റർ ചെയ്യുകയും തിരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക്‌ ജോലിക്കുപോകണമെങ്കിൽ സർക്കാരിൽനിന്നും അനുവാദം വാങ്ങുകയും വേണം. ഉത്തർപ്രദേശിന്‌ പുറത്തുപോകാൻ അനുവാദം ലഭിക്കാത്ത തൊഴിലാളികൾ എട്ടുമണിക്കൂറിലധികം ജോലിചെയ്യുകയും കിട്ടുന്ന കൂലി വാങ്ങുകയും വേണമെന്ന നിലയിലേക്ക്‌ മാറേണ്ടിവരും. ഈ നിലയിലേക്ക്‌ തൊഴിലാളികളെ തരംതാഴ്‌ത്തുന്നത് വ്യവസായലോബികൾക്കുവേണ്ടി ചുരുങ്ങിയ ചെലവിൽ നിർബന്ധിത തൊഴിലാളികളെ സംഭാവന ചെയ്യുവാനുള്ള നീക്കമാണ്.


 

ആത്മനിർഭർ ഭാരത് അഭിയാൻ ആർക്കുവേണ്ടി
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാനെന്നോണം കേന്ദ്രസർക്കാർ “ആത്മനിർഭർ ഭാരത് അഭിയാൻ” എന്ന പേരിൽ 20 ലക്ഷം കോടി രൂപയുടെ ഒരു സാമ്പത്തിക പാക്കേജ്  പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങളിലൊന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പൊതുനിലപാട് സ്വീകരിച്ചതായി കാണുന്നില്ല.
പട്ടിണിപ്പാവങ്ങളെ പ്രത്യേകമായി പരിഗണിക്കാതെ എല്ലാവർക്കുമൊപ്പം കാണുന്ന കേന്ദ്രനയം കൂടുതൽ അവഗണനയ്‌ക്കേ ഇടയാക്കൂ. ഇവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തിക പാക്കേജിന് വെളിയിലുമാണ്. അവർക്കായി നിശ്ചിതശതമാനം ഫണ്ട് മാറ്റിവയ്ക്കാത്തത് പ്രഖ്യാപനങ്ങളിലെ പൊള്ളത്തരമാണ് വെളിവാക്കുന്നത്. ഇതിനുപുറമേയാണ് ധാന്യങ്ങളുടെ മൊത്ത വിതരണവും സംവരണവും കൂടി കുത്തകകളെ ഏൽപ്പിച്ചത്. ഇത് പൂഴ്‌ത്തിവയ്‌പിനും വിലക്കയറ്റത്തിനും കാരണമാക്കുകയും പട്ടിണി വർധിക്കാൻ ഇടയാക്കുകയും ചെയ്യും.   പ്രധാനമന്ത്രി ഇ‐വിദ്യ പ്രോഗ്രാം പോലെയുള്ള ഓൺലൈൻ പഠനസങ്കേതങ്ങൾ വ്യാപിക്കുമ്പോൾ സാങ്കേതിക വിദ്യ അന്യമായ പിന്നോക്ക‐ദളിത് ജനവിഭാഗങ്ങളിലെ വിദ്യാർഥികളുടെ പഠനം കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ അനിശ്ചിതത്വത്തിലാകുന്നു.

ഇതിനിടയിലാണ് സംവരണം മൗലിക അവകാശമല്ല എന്ന നിരീക്ഷണംകൂടി പരമോന്നത നീതിപീഠം നടത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ മെഡിക്കൽ പ്രവേശന വിഷയത്തിലായിരുന്നു കോടതിയുടെ ഈ അഭിപ്രായ പ്രകടനം. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരമേറ്റശേഷമുള്ള നീതിപീഠങ്ങളുടെ ആവർത്തിച്ചുള്ള ഇത്തരം നിലപാടുകൾ സംവരണ വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പട്ടികജാതി അതിക്രമം തടയൽ നിയമത്തിലും ആദിവാസി വനാവകാശ നിയമത്തിലും സമാന അഭിപ്രായ പ്രകടനമാണ് കോടതിയിൽ നിന്നുമുണ്ടായത്. ഉദ്യോഗസ്ഥ സംവരണ വിഷയത്തിലും സംവരണതത്വം പാലിക്കേണ്ടതില്ല എന്നായിരുന്നു കോടതി നിലപാട്. ഇതെല്ലാം തന്നെ ആർഎസ്എസിന്റെ പ്രഖ്യാപിത നിലപാടുമായി ചേർന്നുനിൽക്കുന്നതായി തോന്നിപ്പിക്കുന്നു.

ലോകമെമ്പാടും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഒരേ മുഖമാണ്. ഇത് തൊഴിലാളിയുടെ സാർവദേശീയ മുഖമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ദുഃഖം, അവന്റെ സഹനം, അവയൊക്കെ വിലയിരുത്താനും വിശകലനം ചെയ്യാനും മടിച്ചു നിൽക്കുക എന്നതാണ് ലോകത്തിന്റെ പൊതുസ്വഭാവം. ഈ മഹാമാരിയിലും അവരുടെ ദുഃഖത്തിന് നേരേ നാം കണ്ണടയ്ക്കുകയാണ്. അതിനു നേർസാക്ഷ്യമാണ് അമേരിക്കയിലെ മിനിയാപോളിസിൽ ജോർജ് ഫ്‌ളോയിഡ് എന്ന യുവാവിനെ കാൽമുട്ടുകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാൻ വർണവെറിയനായ  പൊലീസുകാരൻ തയ്യാറായതും ജോർജിയൻ തലസ്ഥാനമായ അറ്റ്‌ലാന്റയിൽ കാറിൽ കിടന്നുറങ്ങിയ റെയ്ഷാർഡ് ബ്രൂക്സ് എന്ന് കറുത്ത വംശജനെ പൊലീസ് വെടിവച്ച് കൊന്നതും. ഇത്‌ ലോകം ഞെട്ടലോടെയാണ് കണ്ടത്. ഇത്തരം സംഭവ പരമ്പരകൾക്കും ചൂഷണങ്ങൾക്കുമിടയിലേക്കാണ് പകർച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും ദുരിതം വിതയ്ക്കുന്നത്. വിവേചനരഹിതമായ കോവിഡാനന്തര ലോകത്തിന് കൂട്ടായ പരിശ്രമമാണ് ആവശ്യം. അതിനായി നമുക്ക് ഒന്നിക്കാം.

(ദളിത്‌ ശോഷൺ മുക്‌തി മഞ്ച്‌ അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top