06 December Sunday

ചെറുക്കണം മൂന്നാം വരവിനെയും - ആരോഗ്യമന്ത്രി കെ കെ ശൈലജ എഴുതുന്നു

കെ കെ ശൈലജUpdated: Saturday May 16, 2020

ലോകമെങ്ങും ആധിയും മരണവും വിതച്ച് നീങ്ങുകയാണ് കൊറോണ വൈറസ്. ചില രാജ്യങ്ങളിൽ ഒന്നാംഘട്ടത്തോടെ വൈറസ് ബാധ കുറഞ്ഞതായി കരുതിയെങ്കിലും വീണ്ടും പ്രത്യക്ഷപ്പെടുന്നതായി കാണുന്നു. നിരന്തരമായ പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായ പ്രതിരോധ കുത്തിവയ്പുകളോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. സാങ്കേതിക മികവുള്ള രാഷ്ട്രങ്ങളിൽപ്പോലും പതിനായിരങ്ങൾ മരിച്ചു.  ഇതോടൊപ്പം ലോകരാജ്യങ്ങളുടെ കടുത്ത സാമ്പത്തികത്തകർച്ച അനുബന്ധമായ ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. കേരളത്തിൽ നാം നടത്തുന്ന കോവിഡ്–-19 പ്രതിരോധപ്രവർത്തനങ്ങളുടെ സാഹസികത മനസ്സിലാക്കണമെങ്കിൽ ചില വികസിത രാജ്യങ്ങളുടെ അനുഭവം വിലയിരുത്തിയാൽ മതി.

ഇന്ത്യയിലാദ്യമായി കോവിഡ്–-19 റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി 30ന് ചൈനയിലെ വുഹാനിൽനിന്ന്‌ വന്ന ഒരു വിദ്യാർഥിനിയിലൂടെയാണ് രോഗം വന്നത്‌. അത്യധികം കൃത്യനിഷ്ഠയോടെ നാം നടത്തിയ ഇടപെടലുകളാണ് വൈറസിന്റെ വ്യാപനം കുറയ്ക്കാനും മരണനിരക്ക് കുറയ്‌ക്കാനും സഹായിച്ചത്. ജനുവരി രണ്ടാമത്തെ ആഴ്ചമുതൽ ചൈനയിൽ വൈറസ്‌ ബാധ പടരുന്നുവെന്ന് വായിച്ചറിയാൻ ഇടയായപ്പോൾത്തന്നെ കേരളത്തിലെ ആരോഗ്യവകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. വുഹാനിൽ ധാരാളം മലയാളികൾ ഉണ്ട് എന്നതിനാൽ അവർ വഴി വൈറസ് ഇവിടെയെത്താനുള്ള സാധ്യത കണക്കിലെടുത്താണ് നാം  തയ്യാറെടുപ്പ് നടത്തിയത്. ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ ഊർജസ്വലമാക്കുകയും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂം തുറക്കുകയും ബോധവൽക്കരണം ആരംഭിക്കുകയും ചെയ്തു. സ്‌ക്രീനിങ്‌മുതൽ അവരെ പരിശോധിക്കുന്നതിനുള്ള ടെസ്റ്റ് നടത്തുന്നതും ഐസൊലേഷനിൽ ചികിത്സ കൊടുക്കുന്നതും അടക്കമുള്ള പ്രോട്ടോകോളുകൾ തയ്യാറാക്കി. സംസ്ഥാനതലത്തിൽ 18 വിദഗ്ധ ടീം രൂപീകരിച്ചു. സുരക്ഷാ ഉപകരണങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഡോക്ടർമാർമുതൽ ആശാവർക്കർമാർ വരെയുള്ളവർക്കുള്ള പരിശീലന സംവിധാനമൊരുക്കി. നാം തയ്യാറാക്കിയ പ്രോട്ടോകോളും പ്രവർത്തന രൂപരേഖയും നിർദേശങ്ങളും പിന്നീട് ലോകരാജ്യങ്ങൾതന്നെ ചർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി.


 

രോഗപ്പകർച്ച തുടക്കത്തിലേ തടഞ്ഞു
വുഹാനിൽനിന്ന്‌ വന്നവരെ പരിശോധിച്ചപ്പോൾ സംശയം തോന്നി  ആശുപത്രിയിലേക്ക് മാറ്റിയ മൂന്ന് കേസാണ് പോസിറ്റീവായത്. സസൂക്ഷ്മം കൈകാര്യം ചെയ്തതുകൊണ്ട് ഇവരിൽനിന്ന്‌ രോഗപ്പകർച്ച ഉണ്ടായില്ല. തുടർന്ന്, രണ്ടാഴ്ച നമുക്ക് ആശ്വാസത്തിന്റെ നാളുകളായിരുന്നു. എന്നാൽ, ആരെയും ആശ്വസിക്കാൻ അനുവദിക്കാത്തവിധം ഈ വൈറസ് ലോകമാകെ പടരുന്ന കാഴ്ചയാണ് നാം കണ്ടത്. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ്–-19ന്റെ രണ്ടാംവരവിൽ കേസുകളുണ്ടായി. പുറത്തുനിന്ന്‌ വരുന്നവരെ കർശനമായ പരിശോധനകൾക്ക് വിധേയമാക്കി മറ്റുള്ളവരിൽനിന്ന്‌ മാറ്റിനിർത്തുകയും രോഗലക്ഷണമുള്ളവർക്ക് വൈറസ് പരിശോധന നടത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്ന മാർഗം മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതാകട്ടെ അത്ര എളുപ്പമുള്ള കാര്യവുമല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രതിരോധ യുദ്ധമുറതന്നെയാണ് സ്വീകരിച്ചത്.

എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും റോഡിലുമെല്ലാം പൊലീസും ആരോഗ്യപ്രവർത്തകരും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങിയ ടീമുകൾ രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അത് പെരുകാനും വെളിയിൽ പ്രകടമാകാനുമുള്ള ഇൻകുബേഷൻ പിരീഡ് 14 ദിവസമാണ്. വൈറസ് ബാധിതമേഖലകളിൽനിന്ന്‌ വരുന്ന എല്ലാവരെയും ലക്ഷണങ്ങൾ ഇല്ലെങ്കിലും 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിന് വിധേയമാക്കേണ്ടതായി വരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ മറികടന്ന് മറ്റുള്ളവരുമായി ചിലർ ഇടപെടാൻ ശ്രമിച്ചതുകാരണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും രോഗപ്പകർച്ചയുണ്ടായി. അങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ  499 പോസിറ്റീവ് കേസ് ഉണ്ടായത്. പക്ഷേ, കേരളത്തിന്റെ നിതാന്തജാഗ്രതയ്ക്ക് ഫലം കണ്ടു എന്നതിന്റെ തെളിവാണ് ആയിരങ്ങളിലേക്ക് പടരാമായിരുന്ന വൈറസ് ബാധയെ ഈ ചെറിയ അക്കത്തിലേക്ക് ഒതുക്കാൻ സാധിച്ചത്. ലോകത്തിനുമുന്നിൽ രോഗപ്പകർച്ചയുടെ ഉയർച്ച കുറയ്ക്കാൻ (ഫ്‌ളാറ്റനിങ് ദ കർവ്‌) കഴിഞ്ഞത് വലിയ ചർച്ചാവിഷയമാകുകയും നമുക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു.  എന്നാൽ, കേരളം പൂർണമായി കൊറോണ വൈറസ് മുക്തമായെന്നോ ആപത്തുകളൊക്കെ ഒഴിഞ്ഞുപോയെന്നോ അർഥമാക്കരുത്. 

അതീവശ്രദ്ധ വേണ്ട ഘട്ടത്തിലേക്ക്‌
കേരളം ഇപ്പോൾ കോവിഡ്–-19ന്റെ മൂന്നാം വരവ് നേരിടുകയാണ്. ആദ്യത്തെ രണ്ട് ഘട്ടത്തെക്കാൾ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്. മറ്റ്‌ രാജ്യങ്ങളിൽ വൈറസ് ബാധ കൂടിക്കൊണ്ടേയിരിക്കുകയാണ് എന്നതും ഇന്ത്യയിലേക്കും കേരളത്തിലേക്കും അത്തരം പ്രദേശങ്ങളിൽനിന്നുള്ള വരവ് കൂടുന്നു എന്നതും ഉൽക്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളിൽനിന്നാണ് ഇപ്പോൾ ആളുകൾ വരുന്നു എന്നത് പകർച്ച കൂടാനുള്ള സാധ്യത വർധിപ്പിക്കുന്നു.  മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൈറസ് ബാധയും മരണങ്ങളും അനുദിനം വർധിക്കുന്നു എന്നതും ആശങ്കയുളവാക്കുന്നുണ്ട്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും മലയാളികൾ വരുമ്പോൾ നമുക്ക് അവരെ സ്വീകരിച്ചേ മതിയാകുകയുള്ളൂ. എന്നാൽ, കിട്ടാവുന്ന വാഹനങ്ങളിലൂടെയും വഴികളിലൂടെയും അനിയന്ത്രിതമായി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരുന്നത് അതീവ ഗുരുതരമായ പ്രതിസന്ധിക്കിടയാക്കും. അതുകൊണ്ടുതന്നെ ഈ വരവിന് ചില മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തുന്നുണ്ട്. ഓരോ ദിവസവും കര, കടൽ, വ്യോമ മാർഗത്തിൽ വരുന്നവരുടെ എണ്ണം നിജപ്പെടുത്തുകയും ഒരു ദിവസം പരമാവധി പരിശോധിക്കാവുന്നവരുടെ എണ്ണം അനുസരിച്ച് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളുടെയും വളന്റിയർമാരുടെയും പ്രവർത്തനം ക്രമീകരിക്കുകയും ചെയ്താണ് ഈ കാര്യം നടത്തുന്നത്.

അതിർത്തിയിൽ പാസില്ലാതെ ആയിരങ്ങൾ വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എല്ലാവരും മനസ്സിലാക്കണം. ആയിരക്കണക്കിന് ആളുകളെ വീടുകളിലും സ്ഥാപനങ്ങളിലുമായി നീരീക്ഷണത്തിൽ വയ്ക്കുമ്പോൾ അവരെയാകെ ശ്രദ്ധിക്കുന്നതിനും മറ്റ് കൊറോണേതര രോഗങ്ങളുടെ കാര്യത്തിലുള്ള ദൈനംദിന കൃത്യനിർവഹണത്തിനും എത്ര ആളുകളെ നിശ്ചയിച്ചാലും തികയാത്ത അവസ്ഥ ഉണ്ടാകും. നമ്മുടെ പൊതുജനാരോഗ്യ മേഖലയിലെ ജനകീയതയും സമയോചിതമായ ആസൂത്രണങ്ങളും ലോകംതന്നെ വീക്ഷിക്കുന്ന മാതൃകയാണ്. എന്നാൽ, വൈറസിന്റെ ഈ മൂന്നാം വരവ് നേരിടുക അത്ര എളുപ്പമല്ലെന്ന്  മനസ്സിലാക്കണം.


 


 

ഈ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പതിയേണ്ടത് എളുപ്പത്തിൽ രോഗം പകരാൻ സാധ്യതയുള്ളതും രോഗമുണ്ടായാൽ മരണസാധ്യത കൂടുതൽ ഉണ്ടാകാനും സാധ്യതയുള്ള വിഭാഗത്തെയാണ്. റിവേഴ്‌സ് ക്വാറന്റൈൻ എന്ന പേരിൽ പ്രായം ചെന്നവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ ഭിന്നശേഷിക്കാർ മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ കൊറോണബാധിത മേഖലകളിൽനിന്ന് വരുന്നവരിൽനിന്ന്‌ പൂർണമായി മാറ്റിനിർത്തുന്നതിനും സമ്പർക്കം ഒഴിവാക്കുന്നതിനും വലിയ പദ്ധതിതന്നെ തയ്യാറാക്കിയിട്ടുണ്ട്. കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഈ കാര്യം ദൈനംദിനം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.  ആരോഗ്യവകുപ്പിന്റെ എൻസിഡി വിഭാഗത്തെ ഉപയോഗപ്പെടുത്തി മരുന്നുകൾ വീട്ടിൽ എത്തിക്കുന്ന പ്ലാനുകൾ നേരത്തേ തുടങ്ങിയിരുന്നതുകൊണ്ടാണ് ലോക്ക്‌ഡൗൺകാലത്തുപോലും വലിയ പ്രശ്‌നങ്ങളില്ലാതെ രക്ഷപ്പെടാൻ നമുക്ക് കഴിഞ്ഞത്. മരുന്ന് എത്തിക്കാൻ പൊലീസ്, ഫയർഫോഴ്‌സ് എന്നിവയുടെ പ്രവർത്തനങ്ങളും ഏറെ സഹായകരമായി. ഐഎംഎപോലുള്ള സംഘടനകളുടെ സഹായത്തോടെ ടെലി മെഡിസിൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതും ശ്രദ്ധേയമാണ്.

കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചു കഴിഞ്ഞു. പ്രതിരോധ വാക്‌സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കർശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികൾ നടത്താൻ നിർബന്ധിതനാണ് ഓരോരുത്തരുമെന്ന് മറന്നുപോകരുത്. രോഗപ്പകർച്ചയുടെ കണ്ണിപൊട്ടിക്കുക എന്ന ക്യാമ്പയിൻ (ബ്രേക്ക് ദ ചെയിൻ) കൂടുതൽ ശക്തമായി ഏറ്റെടുക്കണം. ഇതിനിടയിൽ ചിലർ അപ്രായോഗികമായ കാര്യങ്ങൾ പറഞ്ഞ് ബഹളമുണ്ടാക്കുന്നതും  സ്വാഭാവികമായും സംഭവിക്കാവുന്ന ചെറിയ പോരായ്മകൾപോലും പർവതീകരിച്ച് പ്രചരിക്കുന്നതും വലിയ അപകടംചെയ്യും. കൊറോണയുടെ ഈ മൂന്നാം വരവിനേയും നാം നേരിടും. ഈ യുദ്ധത്തിൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന നൂറുകണക്കിന് മനുഷ്യർക്ക് നാം പിന്തുണ നൽകണം. ഒരാളെയും മരണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ പോരാട്ടം തുടരാം.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top