04 July Saturday

കൊറോണ നിയന്ത്രണം: സാധ്യതകൾ പ്രയോജനപ്പെടുത്താം - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Friday Mar 20, 2020

അതിഭീതി സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന നിപാ രോഗത്തെയും പ്രളയകാല പകർച്ചവ്യാധികളെയും നിയന്ത്രിക്കാൻ കഴിഞ്ഞതിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാം. ഇപ്പോൾ കോവിഡ് –-19 വ്യാപന നിരക്ക് കുറയ്‌ക്കുന്നതിനുള്ള ഊർജിതശ്രമത്തിൽ ആരോഗ്യവകുപ്പ് കാര്യക്ഷമതയോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ ലോകാരോഗ്യ സംഘടനയും മറ്റു പൊതുജനാരോഗ്യ ഏജൻസികളും പകർച്ചവ്യാധി നിയന്ത്രണ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും ആവിഷ്കരിക്കുന്നുണ്ട്. ഇവ കർശനമായി നടപ്പാക്കാൻ കഴിയുന്നതുകൊണ്ടാണ് കേരളത്തിന് പല രോഗങ്ങളെയും അതിവേഗം അതിജീവിക്കാൻ കഴിയുന്നത്. 

ആരോഗ്യ മന്ത്രി കഴിഞ്ഞദിവസം അസംബ്ലിയിൽ കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പകർച്ചവ്യാധികളെ സംബന്ധിച്ച് ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞ കണക്കുകൾ ഈ അവസരത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞവർഷം 163 പേർ വിവിധ പകർച്ചവ്യാധികൾ മൂലം മരിച്ചതായാണ് മന്ത്രി വെളിപ്പെടുത്തിയത്. ഇവയിൽ എച്ച് 1 എൻ 1, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ചെള്ളുപനി തുടങ്ങിയ രോഗങ്ങൾക്ക് വാക്സിനുകളും മറ്റു പല രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സയും ലഭ്യമാണ്. എന്നിട്ടുപോലും ഇത്രയധികം പേർ മരിക്കുകയുണ്ടായി. കൊറോണ രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ മറ്റു പകർച്ചവ്യാധികൾ കൂടി കൂടുതൽ ശക്തമായി  നിയന്ത്രിക്കേണ്ടതുണ്ട്.  ഉചിതമായ പൊതുജനാരോഗ്യ ഇടപെടലുകളിലൂടെ ഇത്തരം രോഗങ്ങളും പൂർണമായും നിയന്ത്രിക്കാൻ നമുക്ക് കഴിയും. അതിനു സഹായകരമായ പൊതുജനാരോഗ്യ ആസ്തി നമുക്ക് ലഭ്യമാണ്.

പൊതുജനാരോഗ്യ സംവിധാനങ്ങളും വിദഗ്ധരും മറ്റേതൊരു സംസ്ഥാനത്തേക്കാളുമേറെ സുലഭമായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ സാമൂഹ്യാരോഗ്യവിഭാഗം, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സാമൂഹ്യാരോഗ്യവിഭാഗം,  മെഡിക്കൽ കോളേജുകളിലെ പകർച്ചവ്യാധിരോഗ നിവാരണവിഭാഗം, വിവിധ ഡിപ്പാർട്ടുമെന്റുകൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള പിഇഐഡി സെൽ, അന്താരാഷ്ട്ര സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്ലിനിക്കൽ എപ്പിഡമിയോളജി നെറ്റ്‌വർക്ക്  തുടങ്ങി പൊതുജനാരോഗ്യത്തിനായി മാത്രം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ കേരളത്തിലുണ്ട്. ഇവയുടെ  വൈദഗ്ധ്യം  പ്രയോജനപ്പെടുത്താൻ ആരോഗ്യ വകുപ്പ് വിവിധ തലങ്ങളിൽ സംവിധാനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.  ഇതിനു പുറമെ ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ അനുബന്ധ സ്ഥാപനമായ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസിലെ പൊതുജനാരോഗ്യ വിദഗ്‌ധരുടെ സഹകരണവും തേടാവുന്നതാണ്.


 

ആരോഗ്യ സർവകലാശാലയുടെ സാന്നിധ്യവും പ്രയോജനപ്പെടുത്തേണ്ടതാണ്. സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സാമൂഹ്യാരോഗ്യ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യ സർവകലാശാലയ്‌ക്കു കഴിയും. ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം  ചെയ്യുന്നതിനായി ആരോഗ്യ സർവകലാശാലയുടെ കീഴിൽ അമേരിക്കയിലെ വിഖ്യാതമായ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാതൃകയിൽ സെന്റർ ഫോർ എപ്പിഡമിയോളജി ആൻഡ്‌ പബ്ലിക് ഹെൽത്ത് രൂപീകരിക്കേണ്ടതാണെന്ന നിർദേശം ഗൗരവമായി പരിഗണിക്കണം.

മറ്റൊരു വലിയ ആപത്തിന്റെ വക്കിലാണ് കേരളം നിലകൊള്ളുന്നതെന്നുകൂടി സൂചിപ്പിക്കേണ്ടതായിട്ടുണ്ട്. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് ഇജിപ്തി കൊതുകുകളെ നശിപ്പിക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. ഈ രോഗങ്ങളെക്കാളെല്ലാം എത്രയോ ഇരട്ടി മരണസാധ്യതയുള്ള മഞ്ഞപ്പനി, സിക്കാ രോഗങ്ങൾ പരത്തുന്നതും ഇതേ കൊതുകുകളാണ്. ലോകാരോഗ്യസംഘടന കൊതുകുകളുടെ സാന്ദ്രത കൂടിയ രാജ്യങ്ങൾക്ക് മഞ്ഞപ്പനി മുന്നറിയിപ്പുനൽകി കഴിഞ്ഞിട്ടുണ്ട്. ചെള്ള് തുടങ്ങിയ കീടങ്ങൾ പരത്തുന്ന കുരങ്ങുപനി (ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ്) മൂലം അടുത്തിടെ ഒരാൾ വയനാട്ടിൽ മരിക്കുകയുണ്ടായി. ചേർത്തലയിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന  സെന്റർ ഫോർ ഡിസീസ് കൺട്രോൾ, കോട്ടയത്ത് ഐസിഎംആറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ എന്നിവയുടെ സഹായത്തോടെയും പഞ്ചായത്തുകളുടെ സഹകരണത്തോടെയും കൊതുക് കീടനിയന്ത്രണത്തിനായി പദ്ധതികൾ ആവിഷകരിച്ചു നടപ്പിലാക്കിവരുന്നുണ്ട്.

പൊതുജനാരോഗ്യ വൈദഗ്ധ്യത്തിൽ കേരളത്തിനുള്ള സമ്പത്ത് പ്രയോജനപ്പെടുത്തി കൊറോണ അടക്കമുള്ള പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള സമഗ്രമായ പരിപാടികളിലേക്ക്  കേരളം നീങ്ങിക്കൊണ്ടിരിക്കയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top