29 September Tuesday

ഫീനിക്‌സ്‌ പക്ഷിയും വേരിലെ ചക്കയും

പച്ചപ്പരമാര്‍ഥം/ ഗൗതമന്‍Updated: Monday Nov 11, 2019

കമ്യൂണിസ‌്റ്റുകാർ 100 വർഷത്തേക്ക‌് അധികാരത്തിൽ വരില്ലെന്നൊക്കെ പ്രവചിച്ച അറയ‌്ക്കപ്പറമ്പിൽ ആന്റണിജിയുടെ  ദീർഘദർശിത്വത്തിന‌് ഇതുവരെയും ഒരു കുറവും വന്നിട്ടില്ല.  കോൺഗ്രസ‌് അതിശക്തമായി തിരിച്ചുവരുമെന്ന‌് ഊന്നിപ്പറയുകയായിരുന്നു കഴിഞ്ഞദിവസം അദ്ദേഹം വാർത്താസമ്മേളനത്തിൽ.  ഫീനിക്‌സ‌് പക്ഷിയെപ്പോലെ 

കോൺഗ്രസ‌് ഉയിർത്തെഴുന്നേൽക്കുമെന്നും വേണമെങ്കിൽ ചക്ക വേരിലും കായ‌്ക്കുമെന്നുമൊക്കെയാണ‌് അദ്ദേഹത്തിന്‌ കോൺഗ്രസിനെപ്പറ്റി പറയാനുണ്ടായിരുന്നത‌്.ഈ ഉദാഹരണങ്ങൾതന്നെ, കോൺഗ്രസിന്റെ പരിതാപകരമായ അവസ്ഥയല്ലേ വെളിവാക്കുന്നത‌് ചേർത്തല പുണ്യാളാ എന്നു ചോദിക്കാൻ ഗൗതമനു തോന്നിപ്പോയതിൽ തെറ്റുണ്ടെങ്കിൽ  മാപ്പാക്കണം. ഈജിപ‌്ഷ്യൻ ഐതിഹ്യമനുസരിച്ച‌് 500 വർഷം ആയുസ്സുള്ള പക്ഷിയാണ‌് ഫീനിക്‌സ്‌. വർണത്തൂവലും സ്വർണംപോലുള്ള വാലുകളുമുള്ള പക്ഷി പ്രായമാകുന്നതോടെ സ്വന്തമായി കൂട‌് നിർമിച്ച‌് അതിന‌് തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിക്കഴിഞ്ഞാൽ ചാരത്തിൽനിന്ന‌് പുതിയ പക്ഷി ജനിക്കും. കോൺഗ്രസ‌് ചാരമായിക്കഴിഞ്ഞുവെന്ന‌്  എ കെ ആന്റണിയേക്കാൾ ഉത്തരവാദിത്തത്തോടെ പറയാൻ ഇന്ന‌് ഭൂമിമലയാളത്തിലാരുമില്ലെന്ന‌്  എല്ലാവർക്കും അറിയാം. പിന്നെ ശുഭാപ‌്തിവിശ്വാസം അദ്ദേഹത്തിന‌് ലീഡർ കരുണാകരനിൽനിന്നു കിട്ടിയത്‌ കോൺഗ്രസിന്റെ ഭാഗ്യം. നമുക്ക‌് ഫീനിക‌്സ‌് പക്ഷിയുടെ ഉയിർത്തെഴുന്നേൽപ്പ‌് കാണാൻ കണ്ണിൽ എണ്ണയൊഴിച്ച‌് ഇരിക്കാം.
 
ഡൽഹിയിൽ കോൺഗ്രസ‌് ഉടൻ നടത്തുന്ന റാലി കാണുമ്പോൾ നിങ്ങൾ പത്രക്കാർക്ക‌്  മനസ്സിലാകും വേണമെങ്കിൽ ചക്ക വേരിലും കായ‌്ക്കുമെന്നുള്ള കാര്യം എന്നാണ‌് ആന്റണി പറഞ്ഞത‌്.   മുൻ പ്രതിരോധമന്ത്രി ഇതുപറയുമ്പോൾ ‘എങ്ങനെ കഴിഞ്ഞൊരു ഭവനമാണ‌് ’ എന്നോർത്ത‌്  കേൾവിക്കാരുടെ കണ്ണുകൾ ഈറനണിഞ്ഞുപോയി.എന്നിട്ട‌് നിങ്ങളുടെ നേതാവ‌് രാഹുൽ ഗാന്ധി എവിടെയെന്ന്‌ ചോദിച്ച പത്രക്കാർക്കും കിട്ടി ശുഭാപ‌്തിവിശ്വാസം മുറ്റിനിൽക്കുന്ന മറുപടി.  എല്ലാ നിർണായകഘട്ടങ്ങളിലും രാഹുൽജിയുണ്ട‌്. എല്ലാ സമരങ്ങളിലും അദ്ദേഹം ഉണ്ടാകും. എന്നാലും ഉത്തരവാദിത്തമുള്ള നേതാവല്ലേ അദ്ദേഹം എവിടെയാണെന്നെങ്കിലും ജനങ്ങൾ അറിയേണ്ടെ എന്നൊക്കെ കുരുത്തംകെട്ട പത്രക്കാർ ചോദിച്ചു. എല്ലാത്തിനും അദ്ദേഹം ‘വിളിച്ചാൽ വിളിപ്പുറത്തല്ലേ’ എന്ന മട്ടിലാണ‌് മറുപടി.  തികച്ചും ഫിലസോഫിക്കലായ ഒരു മറുചോദ്യവുമുണ്ട‌്. മാറിനിൽക്കുമ്പോഴല്ലേ തിരിച്ചുവരാൻ കഴിയൂ.
 
വീണവായനയും ആരാധകരും രാജ്യം തകരുമ്പോൾ നീറോ ചക്രവർത്തിയെപ്പോലെ വീണ വായിക്കുകയാണ‌് മാനനീയ മോഡിജിയെന്നാണ‌് ആന്റണി പറയുന്നത‌്. പക്ഷേ, വീണവായിക്കുമ്പോഴും മോഡിജിയെ പുകഴ‌്ത്താൻ ആളുണ്ടെന്നതാണ‌് ആ 56 ഇഞ്ച‌് നെഞ്ചളവുകാരന്റെ നേട്ടം. നോട്ട്‌ നിരോധനം പാളിപ്പോയെന്ന്‌ റിസർവ‌് ബാങ്ക‌്  പറഞ്ഞിട്ടും നോട്ട‌് നിരോധനംകൊണ്ട‌് പാകിസ്ഥാൻ തകർന്നുവെന്നുവരെയാണ‌് ആരാധകവൃന്ദം ഉദ‌്ഘോഷിക്കുന്നത‌്. സാമ്പത്തികമാന്ദ്യമൊന്നും ഇന്ത്യയിൽ ഉണ്ടെന്ന‌് അവർ സമ്മതിച്ചുതരില്ല.  അടിവസ്‌ത്ര വിപണി തകർന്നുവെന്നൊക്കെ പറയുന്ന സംശയാലുക്കളെ അവർ ബീവറേജസിന്റെ മുന്നിലെ ക്യൂ കാണിച്ച‌് ബോധ്യപ്പെടുത്തും.

നീറോ ചക്രവർത്തിയുടെ കഥ മുഴുവൻ കേൾക്കുമ്പോൾ കാര്യം കൂടുതൽ വ്യക്തമാകും. നീറോ ചക്രവർത്തിക്ക്‌ പാടാൻ അറിയില്ലെങ്കിലും വലിയ പാട്ടുകാരനാണെന്ന‌് അദ്ദേഹം കരുതി. തിയറ്റർ വാടകയ‌്ക്കെടുത്ത‌് അദ്ദേഹം ദിവസങ്ങളോളം പാടും. പട്ടാളക്കാരാണ‌് ശ്രോതാക്കൾ.  ഓരോ പാട്ടു കഴിയുമ്പോഴും അവർ കൈയടിക്കണമെന്നാണ‌്  ചക്രവർത്തിയുടെ കൽപ്പന. ഇറങ്ങിപ്പോകാനാകുമോ? അതുകൊണ്ട‌് ചിലർ ചത്തുവീഴുന്നതായി അഭിനയിച്ചു. അവരെ പരിചാരകർ തൂക്കിയെടുത്ത‌് വെളിയിൽ കൊണ്ടുപോകും. തുടർച്ചയായി നീറോ പാടിയിരുന്നതുകൊണ്ട‌് സ‌്ത്രീകൾ തിയറ്ററിനകത്തുതന്നെ പ്രസവിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top