20 February Wednesday

കുറ്റവാളി കോൺഗ്രസ‌്

സാജൻ എവുജിൻUpdated: Wednesday Dec 19, 2018


""കോൺഗ്രസ് കൺവിക്ട്' (കോൺഗ്രസ് കുറ്റവാളി)‐34 വർഷംമുമ്പ് ഡൽഹിയിൽ രണ്ടായിരത്തെണ്ണൂറിൽപരം സിഖുകാരെ കൂട്ടക്കൊലചെയ്ത കേസുകളിലൊന്നിൽ മുൻ എംപിയും കോൺഗ്രസ് നേതാവുമായ സജ്ജൻകുമാറിനെ ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷിച്ചത് "ദ ഇന്ത്യൻ എക്പ്രരസസ്' ദിനപത്രം റിപ്പോർട്ട് ചെയ്തത് ഈ തലക്കെട്ടോടെയാണ്. ഇതര പത്രങ്ങൾ പൊതുവെ ""സജ്ജൻകുമാറിന് ജീവപര്യന്തം'' എന്ന മട്ടിലുള്ള തലക്കെട്ടാണ് നൽകിയത്.  34 വർഷംമുമ്പ്, ഒക്ടോബർ 31 മുതൽ നവംബർ മൂന്നുവരെയുള്ള ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് നടമാടിയ ഹീനമായ സംഭവങ്ങൾ വിശകലനംചെയ്യുമ്പോൾ "ദ ഇന്ത്യൻ എക്പ്രമാസ്' തലക്കെട്ടാണ് സത്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതെന്ന് ബോധ്യമാകും.

ബ്ലൂസ്റ്റാർ ഓപ്പറേഷനും ഇന്ദിര വധവും
അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അവരുടെ അംഗരക്ഷകർ വെടിവച്ച് കൊന്നതിനെത്തുടർന്നാണ് ഉത്തരരേന്ത്യയിലെ പല ഭാഗങ്ങളിലും സിഖുകാരെ കൂട്ടക്കൊല ചെയ്തത്. ഇതിന്റെ ഏറ്റവും ഭീകരമായ രൂപം ഡൽഹിമേഖലയിൽതന്നെയായിരുന്നു. ആകെ പതിനായിരത്തിൽപരം സിഖുകാർ കൊല്ലപ്പെട്ടെന്നാണ് സ്വതന്ത്രനിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ഡൽഹിയിൽമാത്രം 2800 പേർ കൊല്ലപ്പെട്ടു. ഭീകരവാദിയായി മാറിയ മതനേതാവ് ഭിന്ദ്രൻവാലെയെ ഒഴിപ്പിക്കാൻ ഇന്ദിര സർക്കാർ 1984 ജൂണിൽ "ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്ന പേരിൽ  അമൃത്സറിലെ സുവർണക്ഷേത്രത്തിലേക്ക് സൈന്യത്തെ അയച്ചു. സൈനികനടപടിയിൽ ഭിന്ദ്രൻവാലെ കൊല്ലപ്പെട്ടു. സുവർണക്ഷേത്രത്തിനുനേർക്കുണ്ടായ സൈനികനടപടിയാണ് ഇന്ദിരവധത്തിന് പ്രകോപനമായത്. ഇന്ദിര ഗാന്ധിയെ വെടിവച്ച അംഗരക്ഷകർ സിഖുകാരായിരുന്നു. അക്കൊല്ലം ഒക്ടോബർ 31നായിരുന്നു രാജ്യത്തെയാകെ നടുക്കിയ ഈ സംഭവം.

എന്നാൽ, ഞെട്ടൽ വിട്ടുമാറുംമുമ്പ് വീണ്ടും കൊലവിളി ഉയർന്നു. ഇന്ദിര ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്ന ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) പരിസരത്ത് "രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യം മുഴങ്ങി. ജനക്കൂട്ടം അക്രമാസക്തരായി. ബസുകളും ഇതര വാഹനങ്ങളും തടഞ്ഞുനിർത്തി സിഖുകാരെ ആക്രമിക്കുകയും ചിലരെയൊക്കെ ജീവനോടെ കത്തിക്കുകയും ചെയ്തു. എയിംസിലേക്ക് വന്ന അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങിന്റെ വാഹനത്തിനുനേരെപോലും കല്ലേറുണ്ടായി. 31ന് ആക്രമണങ്ങൾ എയിംസ് പരിസരത്ത് കേന്ദ്രീകരിച്ചു. അന്നുരാത്രി കോൺഗ്രസ് നേതാക്കൾ  പ്രവർത്തകരുടെ യോഗം വിളിച്ച് പണവും മദ്യവും ആയുധങ്ങളും വിതരണംചെയ്തു. സജ്ജൻകുമാർ, ലളിത് മാക്കൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. നവംബർ ഒന്നിന് ആക്രമണങ്ങൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു.

""സിഖുകാർ പാമ്പിന്റെ സന്തതികളാണെന്നും ഒന്നിനെയും ജീവനോടെ വച്ചിരിക്കരുതെന്നും രാജ്നഗർ, പാലം കോളനി ഭാഗങ്ങളിൽ പൊലീസ് വാഹനത്തിൽ സഞ്ചരിച്ച് സജ്ജൻകുമാർ അനൗൺസ്മെന്റ് നടത്തിയെന്ന്'' കൂട്ടക്കൊല കേസിലെ സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. അന്നത്തെ ആക്രമണങ്ങളിൽ ഭർത്താവിനെയും മകനെയും അടുത്ത മൂന്ന് ബന്ധുക്കളെയും നഷ്ടപ്പെട്ട ജഗദീഷ് കൗർ (79) പറയുന്നു: ""സജ്ജൻകുമാർ ശിക്ഷിക്കപ്പെട്ടത് എനിക്ക് കുറച്ച് ആശ്വാസം നൽകുന്നു. എന്നാൽ, നീതി നടപ്പാക്കാൻ 34 വർഷം വേണ്ടിവന്നു. സജ്ജൻകുമാർ പൊലീസ് വാഹനത്തിൽനിന്ന് ആക്രമണത്തിന് ആഹ്വാനം നൽകിയതിന് ഞാൻ സാക്ഷിയാണ്. നവംബർ ഒന്നിന് എന്റെ ഭർത്താവിന്റെ തല അടിച്ചുതകർത്തു. എന്റെ മകൻ അടിയേറ്റ് തെരുവിൽ കിടക്കുകയായിരുന്നു. ആരോ വെള്ളം കൊടുത്തു. രണ്ടിറക്ക് കുടിച്ചശേഷം അവൻ അന്ത്യശ്വാസം വലിച്ചു. എന്റെ മകന്റെയും ഭർത്താവിന്റെയും ജഡങ്ങൾ പൊലീസ്പോസ്റ്റിൽ കൊണ്ടിട്ടു. ഞാൻ അവിടെ ഓടിയെത്തി. പൊലീസുകാർ ജനക്കൂട്ടത്തോട് പറയുന്നത് കേട്ടു‐ "ദിവസവും എത്രയോ കോഴികളെ കൊല്ലുന്നു'. എനിക്ക് മനുഷ്യരിലുള്ള വിശ്വാസം അതോടെ നഷ്ടപ്പെട്ടു.''കമൽനാഥിനെതിരെയും മൊഴി
കൂട്ടക്കൊല അന്വേഷിക്കാനായി നിയോഗിച്ച നാനാവതി കമീഷൻ നടത്തിയ തെളിവെടുപ്പുകളിൽ രണ്ട് ദൃക്സാക്ഷികൾ പ്രമുഖ കോൺഗ്രസ് നേതാവ് കമൽനാഥിനെതിരായും മൊഴി നൽകിയിരുന്നു.  പാർലമെന്റ് ഹൗസിനു സമീപം ഗുരുദ്വാര രഖബ് ഗഞ്ചിനുനേരെ ആക്രമണം നടക്കുമ്പോൾ കോൺഗ്രസ് നേതാക്കളായ കമൽനാഥും  വസന്ത് സാഠെയും അവിടെയുണ്ടായിരുന്നു. മാധ്യമപ്രവർത്തകനായിരുന്ന മനീഷ് സജ്ഞയ് സൂരി, ഗുരുദ്വാര ജീവനക്കാരനായിരുന്ന മുഖ്തിയാർ സിങ് എന്നിവർ ഇക്കാര്യം നാനാവതി കമീഷനെ അറിയിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരം പൊലീസ് ഗുരുദ്വാരയ്ക്കുനേരെ പലപ്രാവശ്യം വെടിയുതിർത്തെന്ന് മുഖ്തിയാർസിങ് മൊഴി നൽകി. പകൽ 11.30 മുതൽ വൈകിട്ടുവരെ ഗുരുദ്വാരയ്ക്കു മുന്നിൽ സംഘർഷമായിരുന്നു.  സൂരിയുടെ മൊഴി ഇങ്ങനെയായിരുന്നു: ""വൈകിട്ട് നാലോടെ കോൺഗ്രസ് നേതാവ് കമൽനാഥിന്റെ നേതൃത്വത്തിൽ നാലായിരത്തോളം പേർ ഗുരുദ്വാരയുടെ മുന്നിലെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നേതാക്കൾക്ക് കഴിയുമായിരുന്നു. പക്ഷേ, അവർ അതിന് തയ്യാറായില്ല''.

 ഇക്കാര്യത്തിൽ കമീഷൻ കമൽനാഥിന്റെ വിശദീകരണം തേടി. തന്റെ സാന്നിധ്യത്തിന് വിശ്വസനീയമായ  വിശദീകരണം നൽകാൻ കമൽനാഥിന് കഴിഞ്ഞില്ലെന്ന് കമീഷൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ കമൽനാഥ് പലരുമായി സംസാരിച്ചുനിൽക്കുകയായിരുന്നു; ഗുരുദ്വാരയ്ക്കു സമീപത്തെ സംഘർഷം അവസാനിപ്പിക്കാൻ ഒന്നും ചെയ്തില്ല. അതേസമയം, ആക്രമണത്തിനായി കമൽനാഥ് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന തെളിവ് കിട്ടാത്തതിനാൽ അദ്ദേഹത്തെ വിചാരണചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് കമീഷൻ ഒടുവിൽ സ്വീകരിച്ചത്.നിയമയുദ്ധം നയിച്ചത് ഇരകളുടെ ബന്ധുക്കൾ
മുപ്പത്തൊന്നിന് രാത്രിതന്നെ കോൺഗ്രസുകാർ അക്രമിസംഘങ്ങൾക്ക് വോട്ടർപട്ടിക സംഘടിപ്പിച്ചുനൽകിയെന്ന ആരോപണവും  നിലനിൽക്കുകയാണ്. ഇത് ഉപയോഗിച്ചാണ്  സിഖുകാരുടെ വീടുകൾ കണ്ടുപിടിച്ച് ആക്രമണം നടത്തിയത്. ഇത്രയും നഗ്നമായ രീതിയിൽ അധികാരവും സമ്പത്തും ഉപയോഗിച്ച്, ആസൂത്രണംചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയാണിത്. തെളിവുകളില്ലെന്ന പേരിൽ ഡൽഹി പൊലീസ് 1994ൽ സിഖ് കൂട്ടക്കൊലക്കേസിൽ നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ,  ഇരകളുടെ ബന്ധുക്കൾ നടത്തിയ നിയമയുദ്ധത്തിന്റെ ഫലമായി,  സുപ്രീംകോടതി ഉത്തരവുപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഈ അന്വേഷണസംഘം 52 കേസ് പരിശോധിച്ച് കുറ്റപത്രം നൽകിവരികയാണ്. ദക്ഷിണ ഡൽഹിയിലെ മഹിപാൽപുരിൽ രണ്ടുപേരെ  കൊലപ്പെടുത്തിയ കേസിലെ  പ്രതി യശ്പാൽസിങ്ങിന് കഴിഞ്ഞ നവംബർ 20ന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

മറ്റൊരു പ്രതി നരേഷ് ഷെറാവത്തിന് ജീവപര്യന്തവും വിധിച്ചു. ഇപ്പോൾ സജ്ജൻകുമാർ ഉൾപ്പെടെ നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കയാണ്.
സിഖ്വിരുദ്ധ കൂട്ടക്കൊലക്കേസിൽ ഇപ്പോഴുണ്ടാകുന്ന കോടതിവിധികൾ മോഡി സർക്കാരും ബിജെപിയും സ്വന്തംനേട്ടമായി അവകാശപ്പെടുന്നതാണ് ഏറെ വിചിത്രം. ഇരകളുടെ സംഘടനകളും പൗരാവകാശ പ്രസ്ഥാനങ്ങളും അക്ഷീണം നടത്തിയ പോരാട്ടമാണ് കുറ്റവാളികളെ നിയമത്തിന്റെ വലയിൽ കുടുക്കുന്നത്. സജ്ജൻകുമാറിനെയും കൂട്ടാളികളെയും ശിക്ഷിച്ച ഡൽഹി ഹൈക്കോടതിവിധിയിലെ ഈ നിരീക്ഷണവും ശ്രദ്ധേയമാണ്:  1993ൽ മുംബൈയിലും 2002ൽ ഗുജറാത്തിലും 2008ൽ ഒഡിഷയിലെ കാന്ദമാലിലും 2013ൽ ഉത്തർപ്രദേശിലെ മുസഫർനഗറിലും നടന്നത് സമാനമായ കൂട്ടക്കുരുതികളാണ്. ഇവയെല്ലാം ന്യൂനപക്ഷങ്ങളെ ഉന്നമിട്ട് ആധിപത്യമുള്ള രാഷ്ട്രീയനേതാക്കൾ നിയമപാലന ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന അതിക്രമങ്ങളാണ്.  രാഷ്ട്രീയസംരക്ഷണമുള്ള കുറ്റവാളികൾ വിചാരണയെയും ശിക്ഷയെയും അതിജീവിക്കുന്നു. ഇത്തരം കേസുകളിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽകൊണ്ടുവരികയെന്നത് വെല്ലുവിളിയാണ്''.


പ്രധാന വാർത്തകൾ
 Top