16 September Monday

നാടിനെ സ്നേഹിച്ച നായനാർ

കോടിയേരി ബാലകൃഷ‌്ണൻUpdated: Saturday May 18, 2019


കേരളീയരുടെ മനസ്സിലെ അടിയുറച്ച ആദരവും സ്നേഹവുമായിരുന്ന ജനനേതാവായിരുന്നു സഖാവ് ഇ കെ നായനാർ. കാലമെത്ര കഴിഞ്ഞാലും ആ ജനപ്രിയനേതാവിന്റെ തിളക്കം ജനഹൃദയങ്ങളിൽ ഒളിമങ്ങില്ലെന്ന് കഴിഞ്ഞ 15 വർഷത്തെ അനുഭവം ബോധ്യപ്പെടുത്തുന്നു. ബിജെപി നേതൃഭരണത്തിന് അന്ത്യംകുറിച്ച ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഫലപ്രാപ്തിയുടെ ഘട്ടത്തിലായിരുന്നു 2004ൽ സഖാവിന്റെ വേർപാട്. അന്ന് വാജ്പേയി ഭരണം അവസാനിപ്പിക്കാൻ കഴിഞ്ഞതുപോലെ ഇക്കുറി മോഡി ഭരണത്തിന് അന്ത്യംകുറിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

നായനാർ സ്മരണ ഏത് ഘട്ടത്തിലും കമ്യൂണിസ്റ്റുകാർക്കും മതനിരപേക്ഷ വിശ്വാസികൾക്കും ഇടറാതെ മുന്നോട്ടുപോകാനുള്ള വഴികാട്ടിയാണ്. കേരളീയരുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നായകരിൽ പ്രധാനി. മികച്ച ഭരണാധികാരി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും മുൻനിര നേതാക്കളിൽ ഒരാൾ. നായനാർ എന്ന പേരിൽതന്നെ നായകനെന്ന അർഥമുണ്ട്. പക്ഷേ, ജന നായകനായത് ഒരു പകലും രാത്രിയുംകൊണ്ടല്ല. ദീർഘകാലത്തെ ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെയാണ്. തൂക്കുമരത്തിന്റെ ചുവട്ടിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിപ്ലവകാരി. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാനുള്ള ഉപ്പുസത്യഗ്രഹജാഥയ്ക്ക് കല്യാശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് 13 വയസ്സ്.

മൊറാഴയിൽ ഗോവിന്ദൻനമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായിരുന്നു ഏറമ്പാല കൃഷ്ണൻനായനാർ എന്ന ഇ കെ നായനാർ. 1919 ഡിസംബർ ഒമ്പതിന് കല്യാശേരിയിൽ ജനനം. അന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്ന കാലമായിരുന്നു. ആ സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ് നായനാർ വളർന്നത് തലമുറകൾ പഠിക്കേണ്ട ഏടാണ്. സ്കൂളിൽ പഠിക്കുമ്പോൾ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിലെത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിൽ ഹരിജൻ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരാങ്കണത്തിലെത്തി.

കോൺഗ്രസ് പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദ് 1935ൽ മലബാറിൽ വന്നപ്പോൾ നായനാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കല്യാശേരിയിൽ സ്വീകരണം നൽകി. ‘നീ നാടിന്റെ അഭിമാനമാണ്’ ‐നായനാരുടെ ഇളംകൈ കുലുക്കി രാജേന്ദ്രപ്രസാദ് അനുമോദിച്ചു. രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായപ്പോൾ യാഥാസ്ഥിതികനായ അച്ഛൻ പൊതിരെ തല്ലി. അച്ഛന്റെ മനോഭാവത്തോട് വിയോജിച്ച് ആ മകൻ, അമ്മയുടെ പെട്ടിയിൽനിന്നുമെടുത്ത ഒന്നര രൂപയുമായി തീവണ്ടി കയറി മംഗളൂരുവിൽ പഠിക്കുന്ന ജ്യേഷ്ഠന്റെ അടുത്തെത്തി. അതോടെ മകനെ തല്ലി നേരെയാക്കാമെന്ന വാശി അച്ഛനുപേക്ഷിച്ചു.

1940നുമുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന് കമ്യൂണിസ്റ്റുപാർടിയിൽ. സംഘടനാപ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. പാപ്പിനിശേരി അറോൺ മിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള നിയോഗിച്ചതോടെ പോരാട്ടങ്ങളുടെ നടുവിലായി നായനാർ. 1940 ഏപ്രിലിൽ നടന്ന തൊഴിലാളി പണിമുടക്കിനെത്തുടർന്ന് നായനാരെ പൊലീസ് അറസ്റ്റുചെയ്തു. ആറുമാസം ജയിലിലടച്ചു. ആദ്യത്തെ ജയിൽവാസം. ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മൊറാഴയിൽ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു.തുടർന്ന് സമരത്തിലെ നേതാക്കളിൽ ഒരാളായി. സമരക്കാർക്ക് നേരെയുള്ള പൊലീസ് ആക്രമത്തിനിടെ മർദകവീരനായ സബ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടിമേനോനും മറ്റൊരു പൊലീസുകാരനും മരണപ്പെട്ടു. കെ പി ആറിനൊപ്പം പോരാട്ടത്തിനുമുന്നിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഒളിവിൽ പോയി. ആ കേസിൽ കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. പക്ഷേ, പ്രതിഷേധം ശക്തമായതോടെ ശിക്ഷ ജീവപര്യന്തമാക്കി.

കർഷക മർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായനെന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. അത് കൊലക്കേസായപ്പോൾ നായനാർ അതിലെ മൂന്നാം പ്രതിയായി. വീണ്ടും ഒളിവിൽ

പിന്നീട് കയ്യൂർ സംഭവമുണ്ടായി. കർഷക മർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായനെന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. അത് കൊലക്കേസായപ്പോൾ നായനാർ അതിലെ മൂന്നാം പ്രതിയായി. വീണ്ടും ഒളിവിൽ. ഇക്കാലയളവിലാണ് സുകുമാരനെന്ന കള്ളപ്പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായി ജോലി ചെയ്തത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതങ്ങൾക്കും കുറവുണ്ടായില്ല.

1948ൽ അമ്മ മരിച്ചപ്പോൾ നായനാർ ഒളിവിലായതിനാൽ എ കെ ജിയാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. 1975 മുതൽ അടിയന്തരാവസ്ഥയുടെ കാലത്തും നായനാർ ഒളിവിലായിരുന്നു. ഈ വിധത്തിൽ പോരാട്ടത്തിന്റെ ഉജ്വലപ്രതീകമായ നായനാരുടെ സമരജീവിതത്തെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയായശേഷവും അപഹാസ്യമായ പരിശ്രമങ്ങൾ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയശത്രുക്കളും നടത്തിയിരുന്നു. കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ ഇത്തരം വ്യാജപ്രചാരണങ്ങൾ രാഷ്ട്രീയശത്രുക്കളും ഒരു വിഭാഗം മാധ്യമങ്ങളും ഇന്നും തുടരുന്നുണ്ട്.

തികച്ചും ത്യാഗോജ്വലമായ സമര‐സംഘടനാജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റുപാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്നും 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. 1970ൽ സിപിഐ എമ്മിന്റെ മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായി. പിൽക്കാലത്ത് ദേശാഭിമാനിയുടെയും പത്രാധിപരായി. കമ്യൂണിസ്റ്റുപാർടിയുടെ നിലനിൽപിനും വളർച്ചയ്ക്കും പാർടി ജിഹ്വകളുടെ പ്രാധാന്യം വേണ്ടപോലെ മനസ്സിലാക്കിയ നേതാവായിരുന്നു.

പത്രാധിപരായി പ്രവർത്തിച്ചപ്പോഴും അല്ലാത്തപ്പോഴും കഴിയുന്നിടത്തോളം ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളും കാണാനും അവയിലെ മികവും പോരായ്മയും വേർതിരിച്ച് മനസ്സിലാക്കി ഇടപെടാനും ശ്രദ്ധിച്ചു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. “ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ, അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം’ എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ പാർടി സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ ആ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണകാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ് 1998ൽ പൊളിറ്റ്ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വിലയേറിയ സംഭാവനയാണ് നൽകിയത്. മൂന്നുതവണയായി 4010 ദിവസം മുഖ്യമന്ത്രിയായി. ആറേമുക്കാൽ വർഷം പ്രതിപക്ഷനേതാവായും പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയെന്ന വിശേഷണം കേവലമായ ഒരു അലങ്കാരമായി ശേഷിക്കുന്നതല്ല. ഇ എംഎസ് സർക്കാരുകളുടെ തുടർച്ചയായി തന്റെ നേതൃത്വത്തിലുള്ള മൂന്ന് സർക്കാരുകളിലൂടെ ജനങ്ങളുടെയും നാടിന്റെയും അഭിവൃദ്ധിക്ക് നാഴികക്കല്ലുകൾ സ്ഥാപിച്ചു. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയതിലൂടെ ഇന്ത്യയിൽതന്നെ ഭരണസംസ്കാരത്തിന് പുതുമാതൃക സൃഷ്ടിച്ചു. വൈദ്യുതി മിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റി.

തോട്ടിപ്പണി ഇന്ത്യയിൽ ആദ്യമായി ഇല്ലാതാക്കിയത് കേരളത്തിലാണ്. അതുണ്ടായത് നായനാർ ഭരണത്തിലാണ്. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജില്ലാ കൗൺസിൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നായനാർ സർക്കാരിന്റെ കാലത്ത് നടപ്പാക്കി

തോട്ടിപ്പണി ഇന്ത്യയിൽ ആദ്യമായി ഇല്ലാതാക്കിയത് കേരളത്തിലാണ്. അതുണ്ടായത് നായനാർ ഭരണത്തിലാണ്. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജില്ലാ കൗൺസിൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നായനാർ സർക്കാരിന്റെ കാലത്ത് നടപ്പാക്കി. എതിരാളികളുടെ ആക്ഷേപങ്ങൾക്ക് യുക്തിസഹമായും നാടൻ ഭാഷയിലും മറുപടി കൊടുക്കുന്നതിൽ നായനാർ മുന്നിലായിരുന്നു. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയപ്പോൾ ഉൽപാദനക്ഷമമല്ലെന്നാക്ഷേപിച്ച് എതിർത്ത കോൺഗ്രസ് നേതാക്കളെ നോക്കി എഴുപതും എൺപതും വയസ്സായ കർഷകത്തൊഴിലാളി അമ്മമാരെയാണോ ഉൽപാദനക്ഷമതയില്ലാത്തവരെന്ന് പരിഹസിക്കുന്നതെന്ന നായനാരുടെ ചാട്ടുളി വിമർശകരുടെ മുനയൊടിക്കുന്നതായിരുന്നു. ജനങ്ങളുടെ വികാരവിചാരങ്ങൾക്ക് ഇണങ്ങുന്ന ഭാഷയിൽ രാഷ്ട്രീയശത്രുക്കൾക്ക് മറുപടി പറയുന്നതിനുള്ള സാമർഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. “മുഖ്യമന്ത്രിയോട് ചോദിക്കാം’ എന്നപേരിൽ ഏഷ്യാനെറ്റിൽ ആഴ്ചയിലൊരിക്കൽ നടത്തിയ പൊതുജനസമ്പർക്ക പരിപാടി ലോകശ്രദ്ധതന്നെ പിടിച്ചുപറ്റി.

അസുഖബാധിതനായി തിരുവനന്തപുരം  എ കെ ജി ക്വാർട്ടേഴ്സിൽനിന്നും ഡൽഹിയിൽ ചികിത്സയ്ക്കു പുറപ്പെടുമ്പോൾ നൽകിയ യാത്രാമൊഴി ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ പച്ചപിടിച്ച് നിൽപുണ്ട്. ഒാൾ റൈറ്റ് ‐ താങ്ക് യൂ, താങ്ക് യൂ ഓൾ!’  എന്ന് കൈ വീശി വിട പറഞ്ഞുപോയ ആ ദൃശ്യം മായാത്തതാണ്. നായനാർ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യ മുതൽ പയ്യാമ്പലത്തെ ചിതയിലെരിഞ്ഞ മെയ് 21ന് രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. തന്റെ ജീവിതകാലം മുഴുവൻ നായനാർക്ക് ജനങ്ങളുമായുള്ള ബന്ധം ഊർജസ്വലതയും വാത്സല്യവും നിറഞ്ഞതായിരുന്നു. ഇതിനു പകരം ജനങ്ങൾ അദ്ദേഹത്തിന് സ്നേഹവും ആരാധനയും വാരിക്കോരി കൊടുത്തു.

കേരളത്തിന്റെ വികസനത്തിനും ജനങ്ങളോടുള്ള കൂറിലും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരുകൾ എന്നും മുന്നിലാണ്. ഇക്കാര്യത്തിൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരും മാതൃകാപരമാണ്. ഭരണാധികാരിയെന്ന നിലയിൽ നായനാർ നടത്തിയ യാത്രകൾ നാടിന് ഗുണകരമായി മാറുകയാണുണ്ടായത്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് ടെക്നോപാർക്ക് വന്നത് ഒരു വിദേശയാത്രയുടെ തുടർച്ചയായിട്ടാണ്. കണ്ണൂർ വിമാനത്താവളമെന്ന ആശയം രൂപപ്പെട്ടതിലും നായനാരുടെ ഡൽഹി യാത്ര കാരണമായിയെന്നത് ഇപ്പോഴും നാട് സ്മരിക്കുന്നതാണ്.

അന്ന് ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാന മന്ത്രിയായിരുന്ന സി എം ഇബ്രഹാമുമായി നടത്തിയ സംഭാഷണം വഴിത്തിരിവായി. കർണാടകത്തിൽനിന്നുള്ള എംപിയായിരുന്നു അന്ന് അദ്ദേഹം. എന്നാൽ, ജന്മനാട് കണ്ണൂരിലെ കൂത്തുപറമ്പാണ്. “നമുക്കൊരു വിമാനത്താവളം വേണ്ടെടോ, മട്ടന്നൂരിലായാലെന്താ കുഴപ്പം? നിങ്ങൾക്ക് നിങ്ങളുടെ ഭാര്യ വീട്ടിൽ പോകാൻ സൗകര്യമാകില്ലേ? മുഖ്യമന്ത്രിയുടെ ഈ സംഭാഷണത്തോട് അനുകൂലമായി കേന്ദ്രമന്ത്രി പ്രതികരിക്കുകയും തുടർന്ന് വിവിധതലങ്ങളിൽ നടത്തിയ ചർച്ചയെത്തുടർന്ന് കണ്ണൂർ വിമാനത്താവളമെന്ന ആശയം സജീവമാകുകയും ചെയ്തു. പിന്നീടുവന്ന വി എസിന്റെ നേതൃത്വത്തിലുള്ള സർക്കാരും ഇക്കാര്യത്തിൽ നല്ല ചുവടുവയ്പ് നടത്തി. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരാകട്ടെ കരുത്തുറ്റ നീക്കങ്ങൾ നടത്തുകയും കണ്ണൂർ വിമാനത്താവളം നായനാരുടെ നൂറാം ജന്മവാർഷികദിനത്തിൽ യാഥാർഥ്യമാക്കുകയും ചെയ്തു. ഇങ്ങനെ വികസനസ്വപ്നങ്ങൾക്ക് ചിറക് നൽകുന്നതാണ് എൽഡിഎഫ് ഭരണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും എൽഡിഎഫ് സർക്കാരിനെയും സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾക്ക് നായനാർ സ്മരണ നമുക്ക് ശക്തിയാകും.
 


പ്രധാന വാർത്തകൾ
 Top