29 July Thursday

കേരളത്തെ വഴികാട്ടിയ ആദ്യ മന്ത്രിസഭ

വി ബി പരമേശ്വരൻUpdated: Monday Apr 5, 2021

ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ദിനമാണിന്ന്‌. 64 വർഷങ്ങൾക്കുമുമ്പ്‌ 1957 ഏപ്രിൽ അഞ്ചിനാണ്‌ കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്‌റ്റ്‌ സർക്കാർ അധികാരത്തിൽ വന്നത്‌. ഇ എം എസ്‌ മുഖ്യമന്ത്രിയായി. ഏഷ്യയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ കമ്യൂണിസ്‌റ്റ്‌ സർക്കാരായിരുന്നു അത്‌. കമ്യൂണിസ്‌റ്റ്‌ പാർടി പോലും അധികാരത്തിൽ വരുമെന്ന്‌ അന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. ശക്തമായ പ്രതിപക്ഷമായി സിപിഐ വരുമെന്ന്‌ മാത്രമാണ്‌ പാർടി ജനറൽ സെക്രട്ടറി അജയഘോഷ്‌ അഭിപ്രായപ്പെട്ടിരുന്നത്‌. ജവാ ഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌ കമ്യൂണിസ്‌‌റ്റുകാർക്ക്‌ സാധ്യതയുള്ളത്‌ ആന്ധ്രപ്രദേശിൽ മാത്രമെന്നായിരുന്നു. 126 സീറ്റിൽ 100ൽ മാത്രം മത്സരിച്ച കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ 60 സീറ്റ്‌ ലഭിച്ചു. സിപിഐ പിന്തുണച്ച അഞ്ച്‌ സ്വതന്ത്രരും വിജയിച്ചതോടെ പാർടി അധികാരത്തിൽ വന്നു.

കേരളത്തിന്റെ സാമൂഹ്യ –-സാമ്പത്തിക –-രാഷ്ട്രീയ ഘടനയിൽ വലിയ മാറ്റങ്ങൾക്ക്‌ നാന്ദി കുറിച്ച സർക്കാരായിരുന്നു അത്‌. പാർലമെന്റിനെ സമരായുധമാക്കണമെന്ന്‌ ലെനിൻ പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും അത്‌ എങ്ങനെ പ്രാവർത്തികമാക്കാൻ കഴിയുമെന്നതിന്‌ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ മുൻ അനുഭവങ്ങൾ ഒന്നും ഇല്ലായിരുന്നു. മലബാർ ഡിസ്‌ട്രിക്‌റ്റ്‌ ‌ബോർഡിൽ അധികാരത്തിൽ വന്നതുമാത്രമായിരുന്നു ഒരു മുൻ അനുഭവം എന്ന്‌ പറയാനുള്ളത്‌. മുതലാളിത്ത ശക്തികൾ നേതൃത്വം നൽകുന്ന കേന്ദ്ര ഭരണചട്ടക്കൂടിനകത്ത്‌ നിന്നുകൊണ്ട്‌ ജനങ്ങൾക്ക്‌ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാകുമോ എന്ന പരീക്ഷണമാണ്‌ ഇ എം എസ്‌ മന്ത്രിസഭ നടത്തിയത്‌. ഇ എം എസ്‌ തന്നെ പറഞ്ഞതുപോലെ ‘കോൺഗ്രസ്‌ ഗവൺമെന്റുകൾ നടപ്പിലാക്കാൻ തയ്യാറാകാത്ത കാര്യങ്ങൾ നടപ്പിൽ വരുത്തുകയായിരുന്നു കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടി ഗവൺമെന്റിന്റെ നയ സമീപനം’. ‘കറാച്ചി(1931), ഫെയസ്‌‌പുർ(1936) സമ്മേളനങ്ങളിൽ കോൺഗ്രസ്‌ അംഗീകരിച്ച പ്രമേയങ്ങളിലെ കാര്യങ്ങളാണ്‌ നടപ്പിലാക്കുക’ എന്ന്‌ അജയ്‌ഘോഷും വ്യക്തമാക്കി. കാർഷിക പ്രശ്‌നങ്ങളും കർഷകരുടെ ക്ഷേമവുമാണ്‌ ഈ രണ്ട്‌ സമ്മേളനവും ചർച്ച ചെയ്‌തത്‌. എന്നാൽ, 1952ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന കോൺഗ്രസ്‌ സർക്കാരുകൾ ഇത്‌ നടപ്പിലാക്കാൻ തയ്യാറായില്ല.

ഈയൊരു പശ്‌ചാത്തലത്തിലാണ്‌ അധികാരമേറ്റ്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ തന്നെ കുടിയൊഴിപ്പിക്കുന്നത്‌ തടയുന്നതിനുള്ള ഓർഡിനൻസ്‌ ഇ എം എസ്‌ സർക്കാർ കൊണ്ടുവന്നത്‌. നവോത്ഥാനം ജാതി–-ജന്മി–-നാടുവാഴിത്തത്തിന്റെ സാംസ്‌കാരിക രൂപങ്ങൾക്കെതിരെയാണ്‌ നിലപാട്‌ സ്വീകരിച്ചതെങ്കിൽ ഇ എം എസ്‌ സർക്കാർ അവരുടെ സാമ്പത്തിക അടിത്തറ തകർക്കുന്ന ഭൂപരിഷ്‌കരണമാണ്‌ നടപ്പിലാക്കിയത്‌. കാർഷിക ബന്ധ ബിൽ കേരളത്തിലെ വലിയ വിഭാഗം ഭൂരഹിതരെ ഭൂവുടമകളാക്കി. കുടിയാന്മാർക്ക്‌ കുടികിടപ്പവകാശം കിട്ടിയതിനുപുറമെ പാട്ടക്കുടിശ്ശിക ഇളവുചെയ്യുകയും കുടിയാന്മാരുടെ അവകാശം സംരക്ഷിക്കുകയും ചെയ്‌തു. ഇതവരുടെ ജീവിതത്തെ മാറ്റിമറിച്ചു.

തൊഴിൽ തർക്കങ്ങളിൽ ഇടപെടുന്നതിൽനിന്ന്‌ പൊലീസിനെ വിലക്കിയും(ജനമൈത്രി പൊലീസ്‌ ഈ നയത്തിന്റെ തുടർച്ച തന്നെ) വിദ്യാഭ്യാസ മേഖലയുടെ അലകും പിടിയും മാറ്റിയതും തൊഴിലാളികൾക്ക്‌ മിനിമം കൂലി പ്രഖ്യാപിച്ചതും ഈ സർക്കാരായിരുന്നു. അന്ന്‌ രൂപീകരിച്ച ഭരണപരിഷ്‌കരണ കമീഷനാണ്‌ മണ്ഡൽ കമീഷനുംമുമ്പ്‌ തന്നെ ആദിവാസി ദളിത്‌ പിന്നോക്ക വിഭാഗങ്ങൾക്ക്‌ സംവരണം നൽകണമെന്ന്‌ ആവശ്യപ്പെട്ടത്‌ (1961ലാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌). അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ പണം വാങ്ങി(ഇന്ദിര ഗാന്ധിക്ക്‌ നേരിട്ട്‌ തന്നെ പണം നൽകിയെന്ന്‌ അമേരിക്കൻ അംബാസഡർ മൊയ്‌നിഹാൻ തന്നെ വെളിപ്പെടുത്തിയിരുന്നു) കോൺഗ്രസും ജാതി മത വർഗീയ സംഘടനകളും ചേർന്ന്‌ വിമോചന സമരം നയിച്ചാണ് ആ സർക്കാരിനെ വീഴ്‌ത്തിയത്‌. ആ സർക്കാർ അഞ്ച്‌ വർഷം ഭരിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെ പുരോഗതിയും വികാസവും ഏറെ മുന്നോട്ടു പോയിട്ടുണ്ടാകുമായിരുന്നു. 1967ൽ സിപിഐ എം നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽ വന്ന രണ്ടാം ഇ എം എസ്‌ സർക്കാരും മേൽപറഞ്ഞ നയങ്ങൾ മുന്നോട്ടുകൊണ്ടുപോയെങ്കിലും ആ സർക്കാരും കാലാവധി പൂർത്തിയാക്കിയില്ല.

തുടർന്നുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളും അതുവരെ അസാധ്യമെന്ന്‌ കരുതിയ പലകാര്യങ്ങളും നടപ്പിലാക്കി. അതിൽ എടുത്തുപറയേണ്ടതാണ്‌ 1980ൽ അധികാരത്തിൽ വന്ന സർക്കാർ കർഷകത്തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയത്‌. ക്ഷേമപദ്ധതികളുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന നടപടിയായിരുന്നു അത്‌. സമ്പൂർണ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, ജനകീയാരോഗ്യ പദ്ധതികൾ തുടങ്ങി ഇന്ന്‌ കേരളത്തിന്‌ പുറംലോകത്ത്‌ യശസ്സ്‌‌ നേടാനായ പരിഷ്‌കാരങ്ങളെല്ലാം ഇടതുപക്ഷ സർക്കാരുകൾ കൊണ്ടുവന്നതാണന്ന്‌ കാണാം. ഇതിന്റെ തുടർച്ചയെന്നോണമാണ്‌ പിണറായി വിജയൻ സർക്കാരും പ്രവർത്തിച്ചത്. ‌ക്ഷേമപദ്ധതികൾക്കൊപ്പം ജനങ്ങൾക്കുള്ള ഭവനപദ്ധതിയും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും പശ്‌ചാത്തല വികസനകാര്യങ്ങളിലും ഊന്നൽ നൽകുന്ന പദ്ധതികളുമാണ്‌ പിണറായി വിജയൻ സർക്കാർ നടപ്പിലാക്കിയത്‌. ഭൂപരിഷ്‌കരണത്തിനുശേഷം തുടർ നടപടികൾ ഉണ്ടായില്ലെന്ന വിമർശനത്തിന്‌ തടയിടുന്ന പരിപാടികളാണ്‌ കഴിഞ്ഞ അഞ്ച്‌ വർഷക്കാലത്ത്‌ നടപ്പിലായത്‌. ജനങ്ങൾ പലകാലത്തായി ഉയർത്തിയ ക്രിയാത്‌മക വിമർശനത്തെ ഉൾക്കൊണ്ടുകൊണ്ട്‌ അവ പരിഷ്‌കരിക്കുന്നതിനുള്ള ആത്‌മാർഥമായ ശ്രമമാണ്‌ പിണറായി വിജയൻ സർക്കാർ നടത്തിയത്‌. അതിന്‌ തുടർച്ചയുണ്ടാകുമെന്നാണ്‌ എൽഡിഎഫിന്റെ പ്രകടനപത്രിക പറയുന്നത്‌.

വീട്ടമ്മമാർക്ക്‌ പെൻഷനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ 20 ലക്ഷം തൊഴിൽ അവസരങ്ങളും ഉന്നതവിദ്യാഭ്യാസമേഖലയുടെ വികാസവും ഉൾപ്പെടെ ജനങ്ങളുടെ ഉൽക്കടമായ അഭിലാഷങ്ങൾക്ക്‌ അനുസരിച്ച്‌ പ്രവർത്തിക്കുമെന്നാണ്‌ പ്രകടനപത്രിക വാഗ്‌ദാനം ചെയ്യുന്നത്‌. നവകേരളമാണ്‌ ലക്ഷ്യം. ഇത്തരം ജനപക്ഷ ബദലുകൾ നടപ്പിലാക്കണമെങ്കിൽ ഭരണത്തുടർച്ച ആവശ്യമാണ്‌. കേരളം നേടിയ നേട്ടങ്ങളുടെ തുടർച്ചയും വിപുലീകരണവുമാണ്‌ കാലം ആവശ്യപ്പെടുന്നത്‌. 1957ൽ ആദ്യത്തെ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയ്‌ക്ക്‌ അവസരമൊരുക്കിയ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഇക്കുറി സിപിഐ എം നേതൃത്വം നൽകുന്ന എൽഡിഎഫിന്‌ തുടർഭരണം നൽകിക്കൊണ്ട്‌ ചരിത്രം രചിക്കുമെന്ന്‌ ഉറപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top