03 December Friday

ഊർജപ്രതിസന്ധി നിസ്സാരമല്ല

കെ എൻ ഹരിലാൽUpdated: Wednesday Oct 13, 2021

ഊർജപ്രതിസന്ധി സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും അതിനെ നിസ്സാരവൽക്കരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ സന്ദർഭത്തിൽ ചികിത്സാ സൗകര്യങ്ങളുടെയും ഓക്സിജൻ ലഭ്യതയുടെയും വാക്സിൻ ഉൽപ്പാദനത്തിന്റെയും കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിഷേധാത്മക സമീപനത്തിന്റെ തനിയാവർത്തനമാണ് ഇപ്പോൾ ഊർജപ്രതിസന്ധിയുടെ കാര്യത്തിലും കാണുന്നത്. എന്നാൽ, കണ്ണടച്ചും കണ്ടില്ലെന്നു നടിച്ച്‌ പരിഹരിക്കാവുന്ന ഒന്നല്ല ഉന്ത്യയുടെ ഊർജരംഗത്ത് ഉരുണ്ടുകൂടുന്ന പ്രതിസന്ധി എന്നത് ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ ബന്ധപ്പെട്ട എല്ലാവർക്കും ബോധ്യമാകും. സമ്പദ്ഘടനയെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്ന തരത്തിലാണ് ഈ രംഗത്ത് കാര്യങ്ങൾ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നത്.

ഊർജരംഗത്തെ പ്രശ്നങ്ങൾ അത്ര നിസ്സാരമായി ഒഴിഞ്ഞുപോകില്ല എന്ന് ആശങ്കപ്പെടാൻ പല കാരണവുമുണ്ട്. ഒന്നാമത്തെ കാരണം, ഇത് ഒരു ആഗോള പ്രതിഭാസമായി വളർന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്. യൂറോപ്പിലും ചെെനയിലും സമാനമായ പ്രതിസന്ധിയുണ്ട്. മഹാമാരിക്കാലത്തെ മാന്ദ്യത്തെ അതിജീവിച്ചുകൊണ്ട് സമ്പത്തുൽപ്പാദനത്തിലും ഉപഭോഗത്തിലും പെട്ടെന്നുണ്ടായ വീണ്ടെടുപ്പാണ് ഊർജരംഗത്തെ പ്രശ്നങ്ങൾക്ക് ഒരു കാരണം. മഹാമാരിക്കാലത്ത് കൽക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും വെെദ്യുതിയുടെയും ഉൽപ്പാദനത്തിൽ വലിയ മരവിപ്പ് അനുഭവപ്പെട്ടിരുന്നു. കൽക്കരിയുടെയും മറ്റും ഉൽപ്പാദനം പഴയ നിലയിലേക്കുവരാൻ സമയമെടുക്കും. കൽക്കരിയുടെയും പ്രകൃതി വാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലകൾ ആഗോളവിപണിയിൽ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഓസ്ട്രേലിയയുടെയും ഇന്തോനേഷ്യയുടെയും കയറ്റുമതി ചെയ്യുന്ന കൽക്കരിയുടെ വില കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടര–മൂന്ന് ഇരട്ടി കണ്ട് വർധിക്കുകയുണ്ടായി. ചെെനയെയും ഇന്ത്യയെയുംപോലുള്ള വലിയ രാജ്യങ്ങൾ കൽക്കരി വാങ്ങാൻ മൽസരിക്കുന്ന മുറയ്ക്ക് വില കൂടുതൽ ഉയരത്തിലേക്ക് കുതിക്കുമെന്ന് വ്യക്തം. ഇറക്കുമതി ചെയ്യുന്ന കൽക്കരിയെ ആശ്രയിച്ച് വെെദ്യുതി ഉൽപ്പാദിപ്പിക്കുന്ന അദാനിയുടെയും മറ്റുള്ളവരുടെയും വെെദ്യുതനിലയങ്ങളുടെ പ്രവർത്തനം അവർ നിർത്തിയിരിക്കുകയാണ്. കൽക്കരിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇറക്കുമതിയെ ആശ്രയിച്ച് ഊർജപ്രതിസന്ധി പരിഹരിക്കാനാകില്ല എന്ന് വ്യക്തമാണ്. എന്നു മാത്രമല്ല, മഹാമാരിയെ തുടർന്ന് കപ്പൽഗതാഗത രംഗത്ത് ഉണ്ടാകുന്ന അനിശ്ചിതത്വം, ചരക്കുകൂലിയിൽ ഉണ്ടാകുന്ന അനിശ്ചിതത്വം, ഇറക്കുമതി കൂടുതൽ അനാകർഷകമാക്കും.

videograbbed image

videograbbed image


 

കൽക്കരിയുടെ ആഭ്യന്തര ഉൽപ്പാദനവും ലഭ്യതയും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ടു വർധിപ്പിക്കുക എന്നതു മാത്രമാണ് പോംവഴി. പക്ഷേ, അതിനുള്ള തയ്യാറെടുപ്പ് നേരത്തേ ആരംഭിക്കേണ്ടിയിരുന്നു. ഈ രംഗത്തെ ആസൂത്രണരാഹിത്യത്തിനും ജാഗ്രതക്കുറവിനും രാജ്യം വലിയ വിലകൊടുക്കേണ്ടി വരും എന്നതാണ് വസ്തുത. മഹാമാരിക്കാലത്ത് വെെദ്യുതി ഉപയോഗത്തിലും കൽക്കരി ഉൽപ്പാദനത്തിനും കുറവുണ്ടായി എന്നത് ആസൂത്രകർക്കും അറിയാവുന്ന കാര്യമാണ്. സമ്പദ്ഘടനയിൽ വീണ്ടെടുപ്പുണ്ടാകുമ്പോൾ വെെദ്യുതി ഉപയോഗവും കൽക്കരിയുടെ ആവശ്യകതയും കുതിച്ചുയരും എന്നതും ബന്ധപ്പെട്ടവർക്ക് അറിയുന്ന കാര്യംതന്നെയാണ്. സാധാരണ നിലയിൽ നമ്മുടെ താപനിലയങ്ങളിൽ രണ്ടാഴ്ചത്തേക്ക് ആവശ്യമായ കൽക്കരിയുടെ കരുതൽ ശേഖരം ഉണ്ടാകേണ്ടതാണ്. അത് ഗണ്യമായി കുറഞ്ഞു വന്നത് ബന്ധപ്പെട്ട മന്ത്രാലയങ്ങളും അധികാരികളും അറിയുന്നുണ്ടായിരുന്നു. ഒക്ടോബർ ആദ്യവാരത്തിൽ താപനിലയങ്ങളിൽ ശരാശരി കരുതൽശേഖരം കേവലം നാലു ദിവസത്തേക്കുള്ളതായി കുറഞ്ഞു. ഇരുപതോളം നിലയത്തിൽ കരുതൽശേഖരം ഇല്ലാതായി. പലയിടത്തും വെെദ്യുതി ഉൽപ്പാദനം നിലച്ചു. പ്രതിസന്ധി വന്നു തലയിൽ കയറിയിട്ടും അധികാരികൾ നിസ്സംത വിട്ടുണരുന്നില്ല എന്നത് നിർഭാഗ്യകരമാണ്.

കൽക്കരിയുടെ ആഭ്യന്തര ഉൽപ്പാദനം പെട്ടെന്ന് ഉയർത്താവുന്ന ഒന്നല്ല. യന്ത്രങ്ങളുടെ പങ്കാളിത്തം കുറഞ്ഞതും മനുഷ്യാധ്വാനത്തിന്‌ വലിയ പ്രാധാന്യമുള്ളതുമായ ഖനനരീതിയാണ് നാം ഇപ്പോഴും അവലംബിക്കുന്നത്. ഇനി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിഞ്ഞാൽപോലും ഖനികളിൽനിന്ന്‌ കൽക്കരി താപവെെദ്യുത നിലയങ്ങളിലേക്ക് എത്തിക്കുന്നതും സമയമെടുക്കുന്ന കാര്യമാണ്. ഇന്ത്യയുടെ ഖനനമേഖലയിൽ അടുത്ത കാലത്തുണ്ടായ അതിവർഷം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. റോഡു മാർഗവും റെയിൽ മാർഗവുമുള്ള ചരക്കുകടത്തിന് സ്വാഭാവികമായി കാലതാമസമുണ്ടാകും. പക്ഷേ, വെെദ്യുതിയുടെ ഉപയോഗത്തിലും ചോദനത്തിലും വലിയ വർധനയുണ്ടാകും എന്നുവേണം കണക്കാക്കാൻ.

സമ്പദ്ഘടനയിലെ വീണ്ടെടുപ്പും ഉത്സവ സീസന്റെ വരവും വെെദ്യുതി ഉപയോഗത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പദ്ഘടനയുട വീണ്ടെടുപ്പിന് സഹായകമായ നിലയിൽ വെെദ്യുതിലഭ്യത വർധിപ്പിക്കാതിരുന്നാൽ അത് വളർച്ചയുടെ പുതു നാമ്പുകളെ കരിച്ചുകളയും. വെെദ്യുതിയുടെ വില വർധിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ അത് പൊതു വിലക്കയറ്റത്തിനും കാരണമാകും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയും വെെദ്യുതി വിലക്കയറ്റവും ഇന്ത്യൻ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം നല്ല സൂചനയല്ല.
ഊർജപ്രതിസന്ധി തീർച്ചയായും കേരളത്തെയും ബാധിക്കാനിടയുണ്ട്. വെെദ്യുതി വാങ്ങാൻ കേരളം കരാർ നൽകിയിട്ടുള്ള ചില നിലയങ്ങളിലും കൽക്കരി ക്ഷാമം ബാധിക്കാനിടയുണ്ട്. അത് നമ്മുടെ വിതരണ ശൃംഖലയെ ബാധിക്കും. കേരളം വെെദ്യുതി വാങ്ങുന്ന താപനിലയങ്ങളിൽ കൂടുതലും കൽക്കരി ഖനികൾ സ്വന്തമായുള്ളവയോ കൽക്കരി ഉൽപ്പാദന കേന്ദ്രങ്ങൾക്ക് സമീപം പ്രവർത്തിക്കുന്നവയോ ആണ് എന്നതാണ് നമുക്ക് ആശ്വാസം പകരുന്ന ഘടകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top