23 January Wednesday

കരില്ലിയോണിന്റെ പതനവും നവ ഉദാരവൽക്കരണവും

വി ബി പരമേശ്വരൻUpdated: Thursday Feb 15, 2018

ബ്രിട്ടനിലെ ഏറ്റവും വലിയ നിർമാണക്കമ്പനി ബാൽഫോർ ബീറ്റിയാണ്. രണ്ടാംസ്ഥാനം കരില്ലിയോണിനും. നിർമാണമേഖലയിൽ പ്രവർത്തനം ആരംഭിച്ച് സർവീസ് മേഖലയിലേക്ക് കടന്നുകയറി ബ്രിട്ടീഷ് സമ്പദ്മേഖലയെ അടക്കിഭരിച്ച ബഹുരാഷ്ട്രഭീമനാണ്  കരില്ലിയോൺ. താച്ചറിസത്തോടൊപ്പം വളർന്നുപന്തലിച്ച കമ്പനികൂടിയാണിത്. നിയന്ത്രിത സമ്പദ്വ്യവസ്ഥയ്ക്കുപകരം സ്വകാര്യ മൂലധനത്തിനുമുമ്പിൽ എല്ലാ കമ്പോളവും തുറന്നിടുകയും അവയുടെ പ്രവർത്തനത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുകയും ചെയ്ത നവ ഉദാരവൽക്കണ നയത്തോടൊപ്പം തടിച്ചുകൊഴുത്ത സ്ഥാപനംകൂടിയാണിത്. 'പൊതുമേഖല മോശം; നല്ലതെല്ലാം സ്വകാര്യമേഖല'യിലാണെന്ന പൊതുസമ്മതി ഏറ്റവും ഉൽപ്പാദിപ്പിക്കപ്പെട്ട കാലംകൂടിയാണ് താച്ചർ ഭരണകാലം. ഈ പ്രചാരണത്തിന്റെ എല്ലാ ആനുകൂല്യവും അനുഭവിച്ച് വളർന്നുവന്ന ബഹുരാഷ്ട്രകമ്പനിയാണ് കരില്ലിയോൺ. ബ്രിട്ടീഷ് റെയിൽവേയും ആരോഗ്യസേവനവും മറ്റും സ്വകാര്യവൽക്കരിച്ചതും ഈ കാലഘട്ടത്തിലായിരുന്നു.

യാഥാസ്ഥിതിക ടോറി ഗവൺമെന്റുമാത്രമല്ല ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള  വലതുപക്ഷത്തേക്ക് ചാഞ്ഞ 'ന്യൂ ലേബർ' ഗവൺമെന്റും കരില്ലിയോണിനെ അതിരുവിട്ട് പ്രോത്സാഹിപ്പിച്ചു.  അതിന്റെ ഫലമായി നിർമാണമേഖലയിൽനിന്ന് സേവനരംഗത്തേക്കും ഈ കമ്പനി കടന്നു.  പൊതുസേവനങ്ങൾ സ്വകാര്യമേഖലയ്ക്ക് കരാർ നൽകുന്ന സമ്പ്രദായം 1970 വരെ ബ്രിട്ടന് അപരിചിതമായിരുന്നു. എന്നാൽ, മാർഗരറ്റ് താച്ചർ (1979‐90) ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെ പൊതുസേവനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാൻ ആരംഭിച്ചു. കരില്ലിയോണായിരുന്നു ഈ നയത്തിന്റെ പ്രധാന ഗുണഭോക്താവ്. അമ്പതോളം ജയിലുകളുടെയും അയ്യായിരത്തോളം സൈനിക ഉദ്യോഗസ്ഥരുടെ വസതികളുടെയും അറ്റകുറ്റപ്പണികൾ, 218 സ്കൂളുകളിലെ ഉച്ചഭക്ഷണം, ആശുപത്രികൾ (11,500 കിടക്കകളുടെ നടത്തിപ്പുചുമതല), ലണ്ടനിൽനിന്ന് വടക്കൻ ഇംഗ്ലണ്ടിലേക്കുള്ള ഹൈ സ്പീഡ് റെയിൽവേ ലൈൻ നിർമാണം തുടങ്ങിയ മേഖലകളിലേക്ക് കരില്ലിയോണിന് പ്രവേശനം ലഭിച്ചു.

എന്നാൽ, നവ ഉദാരവൽക്കരണ നയത്തിന് 25 വർഷം പൂർത്തിയാകുന്ന വേളയിൽ ഈ ഭീമൻ കമ്പനി പാപ്പരായി.  ജനുവരി 15ന് കമ്പനിയുടെ ശേഷിപ്പുതുക 29 ദശലക്ഷം പൗണ്ടുമാത്രമായി ചുരുങ്ങുകയും പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനിക്കുവേണ്ടി ബ്രിട്ടനിൽ ജോലിചെയ്യുന്ന 20,000 പേർക്ക് തൊഴിൽ നഷ്ടമായി. വിദേശത്തുള്ള 30,000 പേർക്കും ജോലി പോയി.  കമ്പനിയുടെ 30,000 വരുന്ന സബ് കോൺട്രാക്ടർമാർക്കും ഉപജീവനമാർഗം ഇല്ലാതായി. കമ്പനിക്ക് 1.4 ബില്യൺ പൗണ്ട് കടമുണ്ടെന്നാണ് ഏറ്റവും അവസാനം പുറത്തുവന്ന വാർത്ത. 450 ഗവൺമെന്റ് കോൺട്രാക്ട് പ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലായി. കമ്പനിക്ക് കഴിഞ്ഞവർഷം ലഭിച്ച വരുമാനത്തിന്റെ മൂന്നിലൊന്നും ലഭിച്ചത് ഈ കോൺട്രാക്ട് വഴിയാണ്. ഈ പദ്ധതികളുടെയെല്ലാം പ്രവർത്തനം അവതാളത്തിലായി. ജയിൽ, സ്കൂൾ സർവീസുകൾ റദ്ദാക്കിയതും വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. തൊഴിലാളികളുടെ പെൻഷനും ഇതോടെ അവതാളത്തിലായി. 587 ദശലക്ഷം പൗണ്ട് പെൻഷൻ തുകയും കമ്പനി കുടിശ്ശിക വരുത്തി. ബഹുരാഷ്ട്രഭീമൻ തകരുന്നത് തടയാൻ തെരേസ മേയുടെ നേതൃത്വത്തിലുള്ള ടോറി സർക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബാർക്ലേ, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകളുടെ യോഗം വിളിച്ച് കരില്ലിയോണിന് വായ്പ നൽകാൻ ഗവൺമെന്റിൽനിന്ന് സമ്മർദമുണ്ടായെങ്കിലും മുങ്ങുന്ന കപ്പലിനെ സഹായിക്കാൻ ആരും തയ്യാറായില്ല. സ്വകാര്യകമ്പനിയാണ് തകർന്നത് എന്നതിനാൽ നികുതിദായകരുടെ പണം പോയില്ലല്ലോ എന്ന ആശ്വാസമാണ് 'ഇക്കോണമിസ്റ്റ'് വാരിക പ്രകടിപ്പിച്ചത്. പൊതുമേഖല സ്ഥാപനമാണ് തകർന്നതെങ്കിൽ നികുതിപ്പണമാണല്ലോ നഷ്ടമാകുക എന്ന വേദനയാണ് വാരിക പങ്കുവച്ചത്. എന്നാൽ, പൊതുസർവീസ് ഏറ്റെടുത്ത സ്വകാര്യകമ്പനി തകരുമ്പോൾ ഇതേ നികുതിദായകരല്ലേ വിഷമിക്കുന്നത് എന്ന ചോദ്യത്തിന് മുതലാളിത്ത ജിഹ്വയ്ക്ക് ഉത്തരമില്ല. ലാഭത്തിന്റെ സ്വകാര്യവൽക്കരണവും നഷ്ടത്തിന്റെ ദേശസാൽക്കരണവുമാണ് ഇവിടെ നടന്നത്.  

എന്നാൽ, ഇേത വാരിക ഒരു സത്യം അംഗീകരിക്കാൻ തയ്യാറായി. കാരില്ലിയോണിന്റെ തകർച്ച വെറും കമ്പനിയുടെ പതനമല്ല ഒരാശയത്തിന്റെ പതനമാണെന്ന് വെട്ടിത്തുറന്ന് സമ്മതിച്ചു.  എന്താണ് ഈ ആശയം? സ്വകാര്യമേഖലയാണ് നല്ലത് പൊതുമേഖല മോശമാണെന്ന സ്വതന്ത്രവിപണിയുടെ ആശയമാണിവിടെ തകർന്നടിഞ്ഞത്.  പൊതുവായതെല്ലാം മോശമാണ് സ്വകാര്യമാണ് നല്ലത് എന്ന പൊതുബോധമാണ് നവ ഉദാരവൽക്കരണത്തിന്റെയും സ്വതന്ത്ര കമ്പോളവ്യവസ്ഥയുടെയും പതാകവാഹകർ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. മാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. ആ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ് കരില്ലിയോണിന്റെ പതനം. (ഇന്ത്യയിലാണെങ്കിൽ കിങ്ഫിഷറിന്റെയും റിലയൻസ് എയർപോർട്ട് റെയിൽവേയുടെയും) ടോറി പാർടിയുടെ എംപി ബെർണാഡ് ജെങ്കിൻ വിലയിരുത്തുന്നതുപോലെ സ്വകാര്യമേഖലയുടെ ശേഷിയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസമാണ് കരില്ലിയോണിന്റെ പതനത്തിലൂടെ തകർന്നടിഞ്ഞത്. പൊതുസേവന മേഖലയിലും നിർമാണമേഖലയിലും പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളെ ഇനിമുതൽ ജനം വിശ്വാസത്തിലെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

താച്ചറുടെ ആശയങ്ങൾക്ക് ഏറ്റവും പ്രചാരം നൽകുകയും ഇന്നും അതിനായി ആശയപ്രചാരണം നടത്തുകയും ചെയ്യുന്ന സിടിഎഎം എന്ന ബിസിനസ് ദിനപത്രത്തിന്റെ വിലയിരുത്തലും ശ്രദ്ധേയമാണ്. 'കമ്പോളാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലും ബിസിനസിൽതന്നെയും ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്ന സംഭവമാണിതെന്ന'ാണ് പത്രത്തിന്റെ അഭിപ്രായം. മറ്റൊരർഥത്തിൽ പറഞ്ഞാൽ മുതലാളിത്തത്തിന്റെതന്നെ വിശ്വാസത്തകർച്ചയുടെ പ്രതീകമാണ് കരില്ലിയോൺ. നവ ഉദാരവൽക്കരണം നരകത്തിലേക്കുള്ള പാതയാണെന്ന ഷാവേസിന്റെ വാക്കുകൾ ഇവിടെ അന്വർഥമാകുന്നു.

അധികാരം ലഭിച്ചാൽ ഈ നരകപാത ഉപേക്ഷിക്കുമെന്ന് ആവർത്തിക്കുന്നത് ലേബർ പാർടിയുടെ ഇടതുപക്ഷമുഖവും ഇപ്പോഴത്തെ നേതാവുമായ ജെർമി കോർബിനാണ്. പൊതുസർവീസിന്റെ സ്വകാര്യവൽക്കരണം തടയുമെന്ന ജെർമി കോർബിന്റെ പ്രസ്താവനയ്ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് റെയിൽവേയും മറ്റും ദേശസാൽക്കരിക്കുമെന്നും കോർബിൻ ആവർത്തിക്കുന്നു. ഏതായാലും ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ സ്വകാര്യവൽക്കരണം വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. കരില്ലിയോണിന്റെ വീഴ്ച അതിന് ആക്കംകൂട്ടുകയും ചെയ്തു

പ്രധാന വാർത്തകൾ
 Top