06 October Thursday

ക്യാപ്റ്റൻ ലക്ഷ്മി പോരാട്ടവീര്യത്തിന്റെ ആൾരൂപം

അഡ്വ. സി എസ്‌ സുജാതUpdated: Saturday Jul 23, 2022

സ്വാതന്ത്ര്യസമര സേനാനിയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളുമായ ഡോ. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിന്റെ ചരമവാർഷികദിനമാണിന്ന്‌. ഉജ്വലമായ ആ ഓർമകൾ പുതുക്കുന്ന ഈ വേളയിൽ മഹിളാ അസോസിയേഷൻ മുന്നോട്ടുവയ്‌ക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും ഐക്യവും ഉയർത്തിപ്പിടിക്കാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്ന മുദ്രാവാക്യമാണ്. ഈ അനുസ്മരണദിനത്തിൽ കേരളത്തിൽ അവർക്കൊരു സ്മാരകം ഉയരുകയാണ്. ക്യാപ്റ്റൻ ലക്ഷ്മിയുടെ പേരിൽ പണിത മഹിളാ അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റും ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളുമായ  സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ മുൻനിര പോരാളിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയെക്കുറിച്ച് ആവേശോജ്വലമായ നിരവധി ഓർമകൾ നമുക്ക് പങ്കുവയ്‌ക്കാനുണ്ട്. പ്രശസ്ത അഭിഭാഷകൻ ഡോ. സ്വാമിനാഥൻ, പൊതു പ്രവർത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ ആനക്കര വടക്കത്തുവീട്ടിൽ എ വി അമ്മുക്കുട്ടി (അമ്മു സ്വാമിനാഥൻ) എന്നിവരുടെ മകളായാണ് ലക്ഷ്മി ജനിച്ചത്. അമ്മു സ്വാമിനാഥൻ - ഗാന്ധിജിയുടെ ശിഷ്യയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു.

മദിരാശിയിലായിരുന്നു ലക്ഷ്മിയുടെ ബാല്യകാലം. അവധിക്കാലത്ത് ആനക്കരയിലെ തറവാട്ടിൽ എത്തുമ്പോഴെല്ലാം ലക്ഷ്മിയുടെ മനസ്സിൽ നൊമ്പരമുണർത്തിയത് തറവാട്ടുവീട്ടിലെ ആശ്രിതരായി പണിയെടുക്കുന്നവരുടെ ദുരിതപൂർണമായ ജീവിതമായിരുന്നു. കീഴ്ജാതിക്കാരായ കുട്ടികളോടൊപ്പം കളിക്കാൻ അനുവദിക്കാതിരുന്നതിനെ ചോദ്യംചെയ്യാൻ ലക്ഷ്മി തയ്യാറായി. 1938-ൽ മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും പിന്നീട് ഗൈനക്കോളജിയിലും പ്രസവ ചികിത്സയിലും ഡിപ്ലോമയും നേടി. 1941ൽ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റൻ ലക്ഷ്മി ദരിദ്രർക്കായി  ക്ലിനിക് തുടങ്ങി. ഒപ്പംതന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും ചെയ്തു. 1943ൽ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂർ സന്ദർശിച്ചതോടെയാണ് ഐഎൻഎയുമായി അവർ അടുക്കുന്നത്. ഏറെ വൈകാതെ പരിശീലനം സിദ്ധിച്ച വനിതകളുടെ സേനാവിഭാഗം സിംഗപ്പൂരിൽ പോരാട്ടത്തിന് തയ്യാറായി. ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി ക്യാപ്റ്റൻ ലക്ഷ്മി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ ആസാദ് ഹിന്ദ് ഗവർമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി. 1947 മാർച്ചിൽ മറ്റൊരു ഐഎൻഎ പ്രവർത്തകനായ കേണൽ പ്രേംകുമാർ സൈഗാളിനെ  വിവാഹം കഴിച്ച് കാൺപുരിൽ സ്ഥിരതാമസമായി. ഇന്ത്യാ പാക് വിഭജനവുമായി അനുബന്ധിച്ചുള്ള അഭയാർഥി പ്രവാഹവും ആരംഭിച്ചപ്പോൾ അഭയാർഥികൾക്കുള്ള വൈദ്യസഹായത്തിൽ അവർ അക്ഷീണം വ്യാപൃതയായി.

റഷ്യൻ വിപ്ലവത്തെക്കുറിച്ചും സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ചുമെല്ലാം ഉയർന്നുവന്ന സംവാദങ്ങൾ അവരെ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് നയിച്ചു. 1972ൽ സിപിഐ എം ആംഗമായി. കേരളവുമായുള്ള ബന്ധം എക്കാലത്തും അവർ പുലർത്തിയിരുന്നു. 1981ൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരണത്തിനായി മുൻകൈയെടുത്തവരിൽ പ്രധാനിയായിരുന്നു അവർ. വൈസ് പ്രസിഡന്റായി അവർ ചുമതലയേറ്റു. ജീവിതാന്ത്യംവരെ അവർ സംഘടനയുമായുള്ള ബന്ധം തുടർന്നു. തുടർന്നുള്ള പ്രക്ഷോഭ, പ്രചാരണ രംഗങ്ങളിൽ അവർ സജീവമായി ഇടപെട്ടു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മാത്രമല്ല, തുടർന്നും വർഗീയതയ്‌ക്കെതിരെ ധീരമായ നിലപാടുകൾ കൈക്കൊണ്ട വ്യക്തിത്വമായിരുന്നു അവർ.  വാജ്പേയി സർക്കാർ അധികാരത്തിലേറിയ കാലംതന്നെ ബിജെപി രാഷ്ട്രീയം രാജ്യത്തിന് അപകടമാണെന്ന മുന്നറിയിപ്പ് അവർ നൽകിയിരുന്നു. അത് സത്യമാകുംവിധമാണ് ഇന്ന് രാജ്യത്തിന്റെ അവസ്ഥ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച്‌ 75 വർഷം തികയുന്ന ഈ സന്ദർഭത്തിൽ സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും നൽകാത്ത ആർഎസ്‌എസ്‌ നയിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്കും സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വലിയ വെല്ലുവിളി ഉയർത്തുകയാണ്. ഇന്ത്യയിലെ സ്ത്രീസമൂഹത്തിനുവേണ്ടി ഏറ്റവുമധികം ശബ്ദമുയർത്തിയ വ്യക്തികളിൽ ഒരാളായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും കോവിഡാനന്തര ഇന്ത്യയിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്. ഏറ്റവും കൂടുതൽ മനുഷ്യർ പട്ടിണി കിടക്കുന്ന രാജ്യങ്ങളിൽ ഒന്നായി  ഇന്ത്യ മാറിക്കഴിഞ്ഞു. കൂടാതെ ഇന്നും ഏറ്റവുമധികം ബാലവേല നടക്കുന്ന രാജ്യങ്ങളിൽ ഒന്നും ഇന്ത്യയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്വാതന്ത്ര്യം നേടി 75 വർഷം തികയുന്ന  ഇന്നും ഇന്ത്യ ഏറെ പിന്നിലാണ്. ഏറ്റവുമധികം കാലം ഇന്ത്യ ഭരിക്കാൻ അവസരം കിട്ടിയ കോൺഗ്രസും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി സർക്കാരും ഒരുപോലെ അതിസമ്പന്നരെ സൃഷ്ടിക്കാനുള്ള നയങ്ങളാണ് സ്വീകരിച്ചുപോന്നത്. ഇന്ത്യയുടെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. ശാന്തിക്കും സമഭാവനയ്ക്കും പകരം രൗദ്രവും ആക്രമണോത്സുകതയും സ്ഥാനംപിടിക്കുന്നു. ഇന്ത്യയുടെ അഭിമാനത്തിന്റെ അടയാളമായ അശോകസ്തംഭത്തിന്റെ മുഖച്ഛായ പോലും ആർഎസ്എസ് മാറ്റിയിരിക്കുകയാണ്.  ജനകീയ പ്രശ്നങ്ങൾ ഏറ്റവും ശക്തമായി ചർച്ച ചെയ്യേണ്ട പാർലമെന്റിനെ നോക്കുകുത്തിയാക്കുകയാണ്.   ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാർലമെന്റ് നിരോധിച്ച വാക്കുകൾ. നിത്യജീവിതത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന , രാഷ്ട്രീയ വിമർശങ്ങൾക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന പല വാക്കും അൺ പാർലമെന്ററിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണാധികാരികൾക്ക് സ്തുതി പാടാനുള്ള ഒരിടമായി പാർലമെന്റിനെ അവർ മാറ്റിയെടുക്കുകയാണ്. ഈ നീക്കമെല്ലാം ജനാധിപത്യത്തിന് ഭീഷണിയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് നമ്മൾ മുന്നോട്ടുവച്ചിരിക്കുന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. രാജ്യത്തെ  ഭൂരിപക്ഷം വരുന്ന ജനങ്ങളും ഈ നാടിനെ സംരക്ഷിക്കുന്നതിനുവേണ്ടി മുന്നോട്ടുവരണം. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമര പോരാളിയായ ക്യാപ്റ്റൻ ലക്ഷ്മിയുടെ അനുസ്മരണദിനത്തിൽ ഇന്ത്യയുടെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും ഐക്യം സൂക്ഷിക്കാനും വളരെ ആവേശകരമായ പ്രവർത്തനം ഏവരും ഏറ്റെടുക്കണം.

(അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top