14 November Thursday

കമ്പനിവത്കരണത്തിലേക്ക് തിരിച്ചു പോകുന്ന പുതിയ ഇന്ത്യ; തടയിടാൻ ബിഎസ്‌എൻഎൽ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകണം

ആർ സുരേഷ്‌കുമാർUpdated: Sunday Mar 17, 2019

വീണ്ടും ഒരു കമ്പനിവത്കരണത്തിലേക്ക് തിരച്ചു പോകുന്ന ഇന്ത്യയെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന ഒരു കാലയളവാണിത്. സമ്മാനങ്ങള്‍ തന്നു കൊണ്ട് കടന്നു വരികയും പിന്നീട് എല്ലാ മേഖലയിലേക്കും കാലുറപ്പിക്കുകയും ചെയ്യുക എന്നതാണ് കാലാകാലങ്ങളായി കമ്പനികള്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്.

1600-)൦ ആണ്ടില്‍ ഇന്ത്യയില്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി എത്തുന്നത്‌ കച്ചവടം മുന്നില്‍ കണ്ടാണ്‌. അന്ന് അവര്‍ ഇവിടെ നിലയുറപ്പിക്കാന്‍ ആദ്യം ചെയ്തത് അന്നത്തെ അധികാരം കൈയ്യാളിയിരുന്ന നാട്ടു രാജാക്കന്മാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തു കൊണ്ടാണ്. പതിയെ പതിയെ രാജാക്കന്മാരുമായി സൗഹൃദം സ്ഥാപിച്ച ഈ കൂട്ടര്‍ പതിയെ എല്ലാ മേഖലയിലെയും വ്യാപാരം കൈയ്യാളാന്‍ തുടങ്ങി. അവ പതിയെ രാജ്യകാര്യങ്ങളില്‍ രാജാക്കന്മാരെ സഹായിക്കുന്നതില്‍ തുടങ്ങി, നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച് അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്ന നിലയിലേക്കും, അവിടെ നിന്നും അത് പതിയെ രാജ്യഭരണം തന്നെ ഏറ്റെടുക്കുന്ന നിലയിലേക്കും ഒടുവില്‍ രാജ്യത്തിന്റെ പരമാധികാരം അരക്കിട്ടുറപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയും ജനങ്ങളെ അടിമകളാക്കുകയും ചെയ്തു. ഒടുവില്‍ കമ്പനിക്ക്‌ കപ്പം കൊടുക്കാതെ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തി. നിരന്തര പോരാട്ടങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ഒടുവിലാണ് രാജ്യത്തേ നമ്മുടെ മുന്‍ഗാമികള്‍ സ്വതന്ത്രയാക്കിയത്.
 
ഇതാ ഏകദേശം 400ആണ്ടിനിപ്പുറം ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. കച്ചവടത്തിനായി തുടങ്ങിയ റിലയന്‍സ് എന്ന കമ്പനി എല്ലാ മേഖലയും കയ്യടക്കി കഴിഞ്ഞു. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു മേഖലയാണ് പ്രതിരോധവും വാര്‍ത്താവിനിമയവും. വാര്‍ത്താവിനിമയം എന്ന് പറയുന്നത് രണ്ടാം പ്രതിരോധമേഖലയായാണ് അറിയപ്പെടുന്നത്. മറ്റു ഏതു മേഖല കിട്ടിയാലും മേല്‍പ്പറഞ്ഞ രണ്ടു മേഖലയിലുള്ള സ്വാധീനമാണ് ഒരു രാജ്യത്തിന്‍റെ പൂര്‍ണ്ണമായ നിയന്ത്രണത്തിന് ആവശ്യമായത് അത് കൊണ്ട് തന്നെ ഈ കമ്പനിയുടെ അടുത്ത ലക്‌ഷ്യം ഈ രണ്ടു മേഖലയും കൂടെ കൈയ്യടക്കുക എന്നതാണ്. വാര്‍ത്താവിനിമയം അതില്‍ത്തന്നെ ടെലികമ്മ്യൂണിക്കേഷന്‍ കൈയ്യടക്കുക എന്നത് രാജ്യത്തെ കൈയ്യടക്കുന്നതിനു തുല്യമാണ്. അത് കൊണ്ട് തന്നെ ഉപായത്തില്‍ ഈ മേഖലിയിലേക്ക് ജിയോ എന്ന പേരില്‍ കടന്നു വന്ന കമ്പനി ആദ്യം ചെയ്തത് തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്തത് പോലെ സമ്മാനങ്ങള്‍ കൊടുത്തു സ്വാധീനിക്കുക എന്നതാണ്. അന്ന് ഈസ്റ്റ്‌ ഇന്ത്യ കമ്പനി രാജാക്കന്മാര്‍ക്ക് സമ്മാനം കൊടുത്തു വശത്താക്കിയെങ്കില്‍ ഇന്ന് രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണ് ആയതിനാല്‍ അവരെ മുഴുവാനായും വശത്താക്കുക എന്ന തന്ത്രമാണ് ഇവര്‍ സ്വീകരിച്ചത്. സൗജന്യങ്ങള്‍ വാരിക്കോരി കൊടുത്തു ജനങ്ങളെ തങ്ങളുടെ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നവരാക്കി മാറ്റുക അതിലൂടെ മറ്റു കമ്പനികളെ ഇല്ലാതാക്കുക, എല്ലാ മേഖലയിലും ഒരേ ഒരു കമ്പനി മാത്രമാകുക, ഒടുവില്‍ അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് കൊണ്ട് വരിക.

 
ആദ്യം വേണ്ടത് സ്പെക്ട്രം ആയിരുന്നു. 4G സ്പെക്ട്രം ടെണ്ടര്‍ വിളിക്കുമ്പോള്‍ ഒരു പ്രധാന നിബന്ധന ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതെങ്കിലും ടെലികോം ലൈെസന്‍സ് ഉണ്ടായിരിക്കണം എന്നതായിരുന്നു. ടെലികോം ലൈസെന്‍സ് ഇല്ലാതിരുന്ന റിലയന്‍സ് ജിയോക്ക് എങ്ങനെ 4G ലൈസെന്‍സ് കിട്ടി എന്നത് ഒരു ചോദ്യമാണ്. 2 കോടി രൂപ മാത്രം ആസ്തിയുള്ള ഇന്‍ഫോടെല്‍ ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ്‌ സേവന ദാതാവാണ് 2010ലേ ഇന്ത്യ മുഴുവനുള്ള 4G ലൈസെന്‍സ് 12000കോടി രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത്. (ഓര്‍ക്കുക ഈ കമ്പനിയുടെ ആസ്തി വെറും 2കോടി മാത്രം ആയിരുന്നു) ആ കമ്പനി ഇന്നെവിടെ എന്നതും ഒരു ചോദ്യമാണ്? ആ കമ്പനിയുടെ ഷെയറുകള്‍ വാങ്ങി ഉണ്ടായ കമ്പനിയാണ് റിലയന്‍സ് ജിയോ എന്നത് പല മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തതാണ്. അടുത്തത് നെറ്റ്‌വര്‍ക്ക് ഉണ്ടാക്കുക എന്നതായിരുന്നു.. അതിനു വലിയ നിക്ഷേപം ആവശ്യമായിരുന്നു. ഇതിനു സ്വീകരിച്ച മാര്‍ഗ്ഗം ജനങ്ങളുടെ പണം കൊണ്ട് തന്നെ ഈ കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അതിനായി ഇവിടുത്തെ ബാങ്കുകളില്‍ നിന്ന്‍ തന്നെ വലിയ ലോണുകള്‍ എടുത്തു. എകദേശം ഒന്നര ലക്ഷം കോടിയോളം രൂപ ലോണ്‍ ഉണ്ടെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതായത് ജനങ്ങളുടെ കാശ് കൊണ്ട് ജനങ്ങള്‍ക്ക് ഫ്രീ ആയി സര്‍വീസ് കൊടുത്തു ടെലികോം കമ്പോളത്തില്‍ മറ്റുള്ള എല്ലാ കമ്പനികളേയും ഇല്ലാതാക്കുക.. അതിനു ശേഷം ജിയോ മാത്രമാകുന്ന ഒരു കാലം ഉണ്ടാക്കിയെടുക്കുക.. ഡാറ്റ എന്നത് എണ്ണയുടെ പകരക്കാരനാണെന്നാണ് മുകേഷ് അംബാനി ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതായത് ജിയോയുടെ കളികള്‍ ഇന്ത്യ കാണാന്‍ ഇരിക്കുന്നത്തെ ഉള്ളൂ..
 
ഇന്ന് വരുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് ഏറ്റവും വലിയ നഷ്ട്ടത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്ന കമ്പനി റിലയന്‍സ് ജിയോ ആണ്.. ഒരു കണക്കുപ്രകാരം ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം ജിയോ എന്ന കമ്പനിയുടെ നഷ്ടം 15000കോടി രൂപ ആയിരിക്കും. എന്നിട്ടും ഈ നഷ്ടം സഹിച്ചു എന്തിനാണ് ഈ കമ്പനി ഇങ്ങനെ സൗജന്യം കൊടുക്കുന്നത്. എന്താണ് അവരുടെ ധൈര്യം?
 
1. സ്വന്തം കാശ് മുടക്കിയല്ല ജിയോ ഈ കളികള്‍ കളിക്കുന്നത് പകരം ജനങ്ങളുടെ പണം ഇറക്കിയാണ്. 2002ല്‍ ഇന്ത്യയില്‍ വന്ന ഒരു കമ്പനിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ്, അന്നും ഇതേ സൌജന്യമാണ് അവര്‍ ചെയ്തത്. വെറും 500രൂപയ്ക്ക് നാട്ടുകാര്‍ക്ക് മുഴുവന്‍ ഫോണ്‍ കൊടുത്തു, ഇന്നിപ്പോള്‍ 45000 രൂപയുടെ കടബാധ്യത വരുത്തി വെച്ച് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നു..!!! അതായത് ജനങ്ങളുടെ പണം ഇട്ടു കളിച്ചു മടുത്തപ്പോള്‍ അവര്‍ പാപ്പര്‍ ഹര്‍ജി കൊടുത്തു, ഓര്‍ക്കുക അനില്‍ അംബാനിയുടെ മറ്റു കമ്പനികള്‍ക്ക് ഇപ്പോഴും പല സര്‍ക്കാര്‍ ഓര്‍ഡറും ലഭിക്കുമ്പോള്‍ അവരുടെ ഒരു കമ്പനിക്ക് എങ്ങനെ പാപ്പര്‍ ഹര്‍ജി കൊടുക്കാന്‍ പറ്റും, അപ്പോള്‍ നാളെ ഒരു കാലത്ത് ജിയോയും ഇത് തന്നെ ആണ് സ്വീകരിക്കാന്‍ പോകുന്നത് പക്ഷെ അപ്പോഴെക്കും നമ്മുടെ ടെലികോം സംവിധാനം മുഴുവന്‍ ഇവര്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ കൊണ്ട് ഇവര്‍ നശിപ്പിച്ചിരിക്കും.
 
2. ഈ മേഖലയില്‍ അപ്രമാദിത്യം കിട്ടിക്കഴിഞ്ഞാല്‍ സ്വന്തമായി ടെലികോം പോളിസിയും ടെലികോം താരിഫും തീരുമാനിക്കുന്ന തലത്തിലേക്ക് മാറാന്‍ കഴിയുകയും അതുവഴി ഇന്നത്തെ നഷ്ടം നികത്താന്‍ സാധിക്കുന്ന അവസ്ഥ ഉണ്ടാക്കുക.
 
ഓര്‍ക്കുക സ്വകാര്യ കമ്പനികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് 4G സ്പെക്ട്രം കൊടുക്കുമ്പോള്‍ BSNLനു ഇന്നും 4G സ്പെക്ട്രം തന്നിട്ടില്ല...
 
സ്വകാര്യ കമ്പനികള്‍ക്ക് ഗഡുക്കളായി ലൈസന്‍സ് ഫീ അടക്കാന്‍ സൗകര്യം BSNL ഒറ്റ ഗഡുവില്‍ ‍ അടച്ചില്ലെങ്കില്‍ വന്‍ തുക പിഴ...
 
സ്വകാര്യ കമ്പനികളുടെ 40000കോടി വരെ ഗവണ്മെന്റിനു അടക്കേണ്ട തുക എഴുതി തള്ളുമ്പോള്‍ BSNLനു ഒന്നും തരുന്നില്ല...
 
സ്വകാര്യ കമ്പനികള്‍ക്ക് ലോണ്‍ എടുക്കാന്‍ . കൈ നിറയെ അവസരം.. BSNL ചോദിച്ചാല്‍.NO..
 
സ്വകാര്യ കമ്പനികള്‍ക്ക് സ്വന്തമായി ഏതു ഉപകരണങ്ങള്‍ വാങ്ങണം ഏതു സര്‍വീസ് തുടങ്ങണം എന്ന് തീരുമാനിക്കാന്‍ സര്‍വ്വ സ്വാതന്ത്ര്യം പക്ഷെ BSNL എന്ത് കാര്യം ചെയ്യണമെങ്കിലും സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം... അതും ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കും...
 
സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കുന്ന സ്ഥലത്ത് മാത്രം സെര്‍വീസ് തുടങ്ങാന്‍ സ്വാതന്ത്ര്യം.. അവിടങ്ങളിലെ മാത്രം ലൈസന്‍സ് ഫീ അടക്കാനുള്ള ഔദാര്യം... പക്ഷെ BSNL നിര്‍ബന്ധമായും ലാഭനഷ്ടം നോക്കാതെ എല്ലായിടത്തും സര്‍വീസ് നടത്തണം എല്ലാ സ്ഥലത്തെയും ലൈസന്‍സ് ഫീ അടക്കണം... അടച്ചില്ലെങ്കില്‍ വന്‍ തുക ഫൈന്‍...
 
പക്ഷെ ദിനം ദിന ചിലവുകള്‍ ശമ്പളം ഇവ BSNL അവരുടെ സര്‍വീസില്‍ നിന്ന് തന്നെ ഉണ്ടാക്കണം...
 
ഇനി നിങ്ങള്‍ പറയൂ... 
BSNL സര്‍വീസില്‍ നിന്നു തന്നെ ചിലവുകള്‍ വഹിക്കുവാന്‍ തയ്യാറാണ്.. പക്ഷെ... BSNL സ്വാതന്ത്യ്രം കൊടുക്കുക...
ചുവപ്പ് നാടയില്‍ കുടുക്കാതെ സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങുവാന്‍.. ടെണ്ടര്‍ നടപടികളില്‍ അനാവശ്യമായി ഇടപെട്ടു പുതിയ സര്‍വീസ് തുടങ്ങുന്നത് തടസ്സപ്പെടുത്താതിരിക്കുവാന്‍.. സ്വകാര്യ കമ്പനികള്‍ക്ക് മാത്രം അനവശ്യമായ ഔദാര്യങ്ങള്‍ നിര്‍ത്തുക..
എല്ലാ കമ്പനികളെയും സര്‍ക്കാര്‍ ഒരേ നിലയില്‍ കാണുക... നഷ്ടം കണക്കാക്കി സ്വകാര്യ കമ്പനികള്‍ ഒഴിച്ചിട്ടിരിക്കുന്ന ദുര്‍ഘട പ്രദേശത്ത് സബ്സിഡി നിരക്കില്‍ സേവനം ചെയ്യുന്നതിന് BSNLനു എന്തെങ്കിലും സഹായം ചെയ്യുക.. BSNLനു 4G/5G സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ അനുമതിയും അതിനുള്ള പണം കണ്ടെത്താനുള്ള അനുമതിയും നല്‍കുക.. അങ്ങനെ BSNLനെ ഇനിയെങ്കിലും ഒന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുക...
ഓര്‍ക്കുക.. മുതലാളിമാര്‍ BSNLനു ചുറ്റും വട്ടമിട്ടു പറക്കുന്നത് ഇതിന്റെ എണ്ണമറ്റ ഭൂസ്വത്തും കെട്ടിടങ്ങളും ലക്ഷക്കണക്കിന് കിലോമീറ്റര്‍ ഫൈബറും ആര്‍ക്കും ഉണ്ടാക്കാന്‍ പറ്റാത്ത ഇതിന്റെ ഡാറ്റ നെറ്റ് വര്‍ക്കും കണ്ടിട്ടാണ്... അത് കിട്ടിയാല്‍ വളരെ ഈസിയായി ജനങ്ങളുടെ കീശ ഊറ്റാം എന്ന് മനക്കോട്ടയിലാണ്... അവര്‍ക്ക് സ്വതന്ത്രമായി ടെലികോം താരിഫ് വര്‍ധിപ്പിക്കാന്‍ അനുവദിക്കാതെ നില്‍ക്കുന്ന BSNLനെ പലവഴിക്കായി ഒരു സര്‍വീസ് അപ്പ്‌ ഗ്രഡേഷനും നടത്താതെ ജനങ്ങള്‍ ഉപേക്ഷിക്കുന്ന നിലയിലേക്ക് എത്തിക്കുക...
 
അത് അനുവദിക്കണോ എന്ന് നിങ്ങള്‍ ആലോചിക്കുക...
 
അതിനാല്‍, ബിഎസ്എന്‍എല്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവിടെ നില്‍ക്കേണ്ടത് കാലത്തിന്‍റെ അനിവാര്യതയും നമ്മുടെ സുതാര്യമായ ടെലികോം പോളിസികള്‍ക്കും 2000നു മുന്‍പ് 15ഉം 20ഉം രൂപ ഒരു കാളിനു ചാര്‍ജ് ചെയ്തു ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിലേക്ക് കമ്പനികള്‍ക്ക് തിരിച്ചു പോകാനുള്ള അവസരം ഇല്ലാതാക്കാനും സഹായിക്കും എന്ന് മനസ്സിലാക്കുക. ആയതിനാല്‍ ബിഎസ്എന്‍എല്‍ എന്ന പൊതുമേഖല ഗവണ്മെന്റ് കമ്പനിക്ക് 4G സ്പെക്ട്രം അനുവദിക്കുക, പ്രവര്‍ത്തനത്തിനാവശ്യമായ മൂലധനം വായ്പയായി എടുക്കാന്‍ ഏറ്റവും വലിയ ആസ്തിയുള്ള ബിഎസ്എന്‍എലിനെ അനുവദിക്കുക എന്നീ കാര്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു..

 


പ്രധാന വാർത്തകൾ
 Top