13 December Friday

ബ്രെക്സിറ്റിൽ കുരുങ്ങി ബ്രിട്ടൻ

അഡ്വ. ജി സുഗുണൻUpdated: Wednesday Oct 30, 2019

ലോകത്തിലെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് യുണൈറ്റഡ് കിങ്‌ഡം (ബ്രിട്ടൻ). നിർഭാഗ്യവശാൽ ബ്രിട്ടീഷ് ജനാധിപത്യം ഇപ്പോൾ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളിയെ നേരിടുകയാണ്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്സിറ്റ് ഉടമ്പടി അംഗീകരിക്കുന്നതിനും യൂറോപ്യൻ യൂണിയനുമായി ഒരു ധാരണയിലെത്താനും കഴിയാത്തതുകൊണ്ട് യുകെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്‌. പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർക്കും തെരാസേ മേക്കും രാജിവക്കേണ്ടിവന്നു. ഒടുവിൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബോറിസ് ജോൺസനും ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്.

ബ്രെക്സിറ്റ് വളരെയെളുപ്പം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല. യൂറോപ്യൻ യൂണിയൻ വിട്ട് പുറത്ത് പോകുന്നതിന് ബ്രിട്ടനിലെ സാധാരണക്കാർ  എതിരാണ്. 2016ൽ നടത്തിയ റഫറണ്ടത്തിൽ നേരിയ ഭൂരിപക്ഷത്തിനാണ് ബ്രെക്സിറ്റ് ആ രാജ്യം അംഗീകരിച്ചത്. യൂറോപ്യൻ യൂണിയൻ വിടുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവും അല്ലാത്തതുമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച്  ജനങ്ങൾ ഉൽക്കണ്ഠാകുലരാണ്. ഈ എതിർപ്പിന്റെ പ്രതികരണം സ്വാഭാവികമായും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർടിയിലും മുഖ്യ പ്രതിപക്ഷയായ ലേബർ പാർടിയിലും മറ്റും ഉണ്ടാകുക സ്വാഭാവികം. ബ്രെക്സിറ്റ് ലോകവിപണിയിൽത്തന്നെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ബ്രിട്ടനെ അത്‌ തളർത്തുമെന്നും പ്രമുഖ സംരംഭകരും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കരാറുണ്ടായാലും ഇല്ലെങ്കിലും ഈ വർഷം ഒക്ടോബർ 31ന് മുമ്പ് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്ന്‌ വേർപിരിക്കുമെന്നാണ് ബോറിസ് ജോൺസൻ ആദ്യംതന്നെ പ്രഖ്യാപിച്ചത്. ഇത്‌ അദ്ദേഹത്തിന്റെ പാർടിക്കുള്ളിൽത്തന്നെ അഭിപ്രായവ്യത്യാസം ഉണ്ടാക്കി. കൺസർവേറ്റീവ് പാർടിക്ക് ബ്രിട്ടീഷ് പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമില്ല. വടക്കൻ അയർലൻഡിലെ ബ്രെക്സിറ്റിനെ പിന്താങ്ങുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർടിയുടെ സഹകരണം സർക്കാരിന് നിലനിൽക്കാൻ ആവശ്യമാണ്.

ബ്രെക്സിറ്റ് ധൃതിപിടിച്ചും മതിയായ ചർച്ചയില്ലാതെയും നടപ്പാക്കാനുള്ള ജോൺസന്റെ തീരുമാനത്തെ തള്ളിക്കൊണ്ടും ബ്രെക്സിറ്റ്  നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം  പാർലമെന്റ് പാസാക്കിയത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി. എന്നാൽ, പ്രമേയം അംഗീകരിക്കാൻ തയ്യാറല്ലെന്ന് വിളിച്ചറിയിക്കുന്നതാണ് ബോറീസ് ജോൺസൻ  യൂറോപ്യൻ യൂണിയന് നൽകിയ കത്തിലൂടെ. ബ്രെക്സിറ്റ് കാലാവധി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം പാസാക്കിയതിനു പിന്നാലെ ഇതിനെ അനുകൂലിച്ചും എതിർത്തും പ്രധാനമന്ത്രി യൂറോപ്യൻ യൂണിയന് കത്തയച്ചു. യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് റൊണാൾഡ് ടസ്കിനാണ് കത്ത് നൽകിയത്. ബ്രെക്സിറ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്‌ അയച്ച കത്തിൽ പ്രധാനമന്ത്രി ഒപ്പുവച്ചിട്ടില്ല. പാർലമെന്റ് പാസാക്കിയ പ്രമേയം അതേപടി അയക്കുകയായിരുന്നു. ഈ കത്തിനു പിന്നാലെ ബ്രെക്സിറ്റ് തീയതി വൈകിപ്പിക്കുന്നത് തെറ്റാകുമെന്ന് വ്യക്തിപരമായി കരുതുന്നുവെന്നു കാണിച്ച് യൂറോപ്യൻ യൂണിയന് മറ്റൊരു കത്തുകൂടി പ്രധാനമന്ത്രി അയച്ചു. കാലാവധി നീട്ടാനുള്ള ആവശ്യം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളോട് യൂറോപ്യൻ യൂണിയന്‌ ഒരിക്കൽക്കൂടി ആവശ്യപ്പെടാൻ സാധ്യത നൽകുന്നതാണ് ഈ കത്ത്.
 
പുതിയ ബ്രെക്സിറ്റ് കരാറുമായി പാർലമെന്റിലെത്തിയ ജോൺസന് കനത്ത തിരിച്ചടിയായിരുന്നു കിട്ടിയത്. 650 അംഗ പാർലമെന്റിൽ യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുള്ള സമയപരിധി നീട്ടുന്നതിനെ 322 പേർ അനുകൂലിച്ചപ്പോൾ 306 പേർ ജോൺസന് അനുകൂലമായി വോട്ട് ചെയ്തു.
പാർലമെന്റിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ കാരാറില്ലാതെ വേർപിരിയൽ നടത്തുമെന്ന് ജോൺസൻ പ്രഖ്യപിച്ചിരുന്നു. പാർലമെന്റിൽ ജോൺസന്റെ നീക്കത്തിനെതിരായ ഭേദഗതി പാസായതോടെ ആ ശാഠ്യം നടക്കില്ലെന്നുറപ്പായി. ഇയുവിനോട് ജനുവരിവരെയെങ്കിലും സാവകാശം തേടാൻ ബോറീസ് ജോൺസൻ നിർബന്ധിതനായി. പ്രധാനമന്ത്രിക്ക് സഭയിലേറ്റ തിരിച്ചടി പാർലമെന്റിനു സമീപം തടിച്ചുകൂടിയ പതിനായിരങ്ങൾ ആഘോഷിക്കുകയായിരുന്നു.

പുതിയ ഹിതപരിശോധനമാത്രമാണ് പോംവഴിയെന്ന് പ്രക്ഷോഭത്തിന്റെ മുഖ്യസംഘടാകനും പീപ്പിൾസ് വോട്ട് ക്യാമ്പെയിൻ മേധാവിയുമായ ജെയിംസ് മക്‌ ഗോറി പ്രസ്താവിച്ചത്‌.  കരാറിന് പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കാൻ പ്രധാനമന്ത്രി ബോറീസ് ജോൺസന് സാധിച്ചിക്കാത്തതിനാൽ ബ്രെക്സിറ്റ് നടപ്പാക്കുന്നത് അടുത്തവർഷം ജനുവരി 31 വരെ വൈകിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ തീരുമാനം.
ബ്രിട്ടനിൽ പാർലമെന്റ് സസ്പെൻഡ്‌ ചെയ്ത്‌ ബ്രെക്സിറ്റ്‌ അടിച്ചേൽപ്പിക്കാനുള്ള ജോൺസന്റെ നീക്കത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമായിരുന്നു തീരുമാനം റദ്ദ് ചെയ്തുകൊണ്ടുള്ള ബ്രിട്ടീഷ് സുപ്രീംകോടതി വിധി. എക്സിക്യൂട്ടീവ് തീരുമാനത്തിന് എതിരായി കോടതി വളരെ ശക്തമായ നിലപാട് എടുത്തതിന്റെ ഉദാഹരമാണിത്. ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഭരണാധികാരികളുടെ തീരുമാനങ്ങൾക്കെതിരായി ശബ്ദിക്കാൻ പരമോന്നത കോടതികൾ വിമുഖത കാട്ടുകയാണ് പതിവ്. എന്നാൽ, യുകെയിലെ സുപ്രീംകോടതി ജനാധിപത്യവിരുദ്ധമായ പ്രധാനമന്ത്രിയുടെ പാർലമെന്റ് സസ്പെൻഡ്‌ ചെയ്ത നടപടി റദ്ദ് ചെയ്യാനുള്ള ധീരത കാട്ടിയത് ജനാധിപത്യത്തിന്റെതന്നെ വിജയമാണ്‌ കുറിച്ചത്.


പ്രധാന വാർത്തകൾ
 Top