17 September Tuesday

കള്ളവോട്ട് കഥയും മാധ്യമങ്ങളും- നിഖില്‍ ഭാസ്‌കര്‍ എഴുതുന്നു

നിഖില്‍ ഭാസ്‌കര്‍Updated: Tuesday Apr 30, 2019

ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയക്കു ഏറെ സവിശേഷകള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 18 വയസ്സു തികഞ്ഞ ഏതൊരു പൗരനും വോട്ടു ചെയ്യാനുള്ള അവകാശം. കള്ളനോ കൊലപാതകിയോ സ്ത്രീയോ പുരുഷനോ ഹിന്ദുവോ മുസ്ലീമോ എന്നൊന്നും വ്യത്യാസമില്ലാതെ ആര്‍ക്കും തങ്ങളുടെ വോട്ടു രേഖപ്പെടുത്താനും ആര്‍ക്കാണ് വോട്ടു രേഖപ്പെടുത്തിയതെന്നത് രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശവുമുണ്ട്. പ്രായപൂര്‍ത്തി ആയ ഒരു വ്യക്തി ശാരീരിക അസ്വാസ്ഥ്യങ്ങളോ അവശതകളോ അനുഭവിക്കുന്നവര്‍ ആയാല്‍ പോലും അവരെ കൂടെ  പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചു കൊണ്ടുള്ള ഒരു പ്രക്രിയയാണത്.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കാവുന്ന മുഴുവന്‍ ഗുണഭോക്താക്കളെയും ആ പ്രക്രിയയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് വേണ്ടി പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് നിരവധി ബോധവല്‍ക്കരണ. പരിപാടികളും പരിശീലന പദ്ധതികളും ഈ ഉദ്യമത്തിന്റെ നടത്തിപ്പുകാരായ തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവിഷ്‌കരിച്ചു നടപ്പാക്കാറുണ്ട്. അതിനെല്ലാം പുറമെ ഇതിന്റെ നടത്തിപ്പുമായി സംബന്ധിച്ച മര്‍ഗരേഖകള്‍ പ്രസിദ്ധപ്പെടുത്താറും ഉണ്ട്. ഇവയെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ആര്‍ക്കും ലഭ്യവുമാണ്.

ശാരീരികമായ കാരണങ്ങളാല്‍ തന്റെ വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്ത ഒരു വ്യക്തിക്ക് തന്റെ വോട്ടു രേഖപ്പെടുത്തണമെങ്കില്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചു ഈ മാര്‍ഗ രേഖയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടും ഉണ്ട്. തനിക്കു വിശ്വാസമുള്ള പ്രായപൂര്‍ത്തിയായ മറ്റൊരു വ്യക്തിയുടെ സഹായത്താല്‍ ഇവര്‍ക്ക് വോട്ടു രേഖപ്പെടുത്താം. പോളിംഗ് ഓഫീസര്‍മാര്‍ക്ക് ബോധ്യമാവണമെന്നു മാത്രം. വടക്കന്‍ കേരളത്തില്‍ ഇതിനെ പൊതുവില്‍ ഓപ്പണ്‍ വോട്ടു എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തനം നടത്തിയിട്ടുള്ള ഏതൊരാള്‍ക്കും ഈ നടപടി ക്രമങ്ങള്‍ എല്ലാം ഹൃദിസ്ഥവുമായിരിക്കും. കാരണം തങ്ങളുടെ പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ സന്നദ്ധതയുള്ള ഇത്തരം വ്യക്തികള്‍ക്കു വോട്ടു ചെയ്യാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാന്‍  രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വാശിയോടെ പ്രവര്‍ത്തിക്കുന്നത് ഏതൊരു ബൂത്തിലെയും കാഴ്ചയാണ്.

കാസര്‍ഗോഡ് മണ്ഡലത്തിലെ ഒരു ബൂത്തില്‍ ഈ പ്രക്രിയയുടെ ഭാഗമായി നടന്ന ചില വോട്ടുകളാണ് കള്ള വോട്ടു എന്ന പേരില്‍ ചില കുല്‍സിത താത്പര്യങ്ങളോടെ ചില മാധ്യമങ്ങളുടെ സഹായത്തോടെ ചിലര്‍ പ്രചരിപ്പിച്ചതു. കേരളത്തിലെ എല്ലാ ബൂത്തുകളിലും വളരെ സാധാരണയായി നടക്കാറുള്ള ഈ ഒരു പ്രക്രിയയെ കുറിച്ചു അറിയാത്തവര്‍ ഒന്നും അല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ദ്ധരാത്രിയില്‍ സിപിഐ എമ്മിന്റെ പേരില്‍ യു.ഡി.എഫിന് വേണ്ടി കള്ള പോസ്റ്ററുകള്‍ പതിക്കുമ്പോള്‍ പിടിയിലായ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആണ് ഈ പ്രചാരങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.

ഇനി എന്താണ് കള്ള വോട്ടു? പല തരത്തില്‍ കള്ള വോട്ടുകള്‍ പലപ്പോഴായി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒരു വ്യക്തി തന്നെ ഒരു ബൂത്തില്‍ തമ്പടിച്ചു പോളിംഗ് ഓഫീസര്‍മാരെ നോക്കു കുത്തികള്‍ ആക്കി ബൂത്തില്‍ വരുന്ന മുഴുവന്‍ വോട്ടുകളും രേഖപ്പെടുത്തുന്ന പല വീഡിയോകളും ഈ തെരഞ്ഞെടുപ്പ് കാലത്തു നാം കണ്ടതാണ്.

കള്ള വോട്ടു എന്നതിനേക്കാള്‍ ഇത്തരം ക്രിമിനല്‍ നടപടികളെ ബൂത്ത് പിടിത്തം എന്നാണ് പൊതുവെ പറയാറ്. നിക്ഷ്പക്ഷമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വലിയ ഭീഷണിയാണ് ഇത്തരം ബൂത്ത് പിടിത്തങ്ങള്‍. ഇതു കൂടാതെ സ്ഥലത്തില്ലാത്ത എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്ളതായ ഒരു വ്യക്തിയുടെ വോട്ട് അയാളുടെ സമ്മതത്തോടെ അല്ലാതെ ആ വ്യക്തി എന്ന വ്യാജേന മറ്റാരെങ്കിലും ചെയ്യുന്നതിനെ കള്ളവോട്ട് എന്നു വിളിക്കാം.

കാസര്‍ഗോഡ് മണ്ഡലത്തിലെ മേല്‍പ്പറഞ്ഞ ബൂത്തില്‍ സിപിഐ എമ്മിനെതിരായി മാത്രമാണോ ഈ തിരഞ്ഞെടുപ്പു കാലത്തു കള്ള വോട്ടു  ആരോപണങ്ങള്‍ വന്നത്? പ്രവര്‍ത്തകരോട് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയേയും  ബൂത്തില്‍ ഭീകരത സൃഷ്ടിച്ചു അഞ്ചോ അതില്‍ കൂടുതലോ കള്ള വോട്ടുകള്‍ ചെയ്ത യു.ഡി.എഫ് പ്രവര്‍ത്തകരെയും മാധ്യമങ്ങള്‍ ശ്രദ്ധിച്ചതെ ഇല്ല.

ഇനി എന്തു കൊണ്ടാണ് ആദ്യത്തെ രണ്ടു മൂന്നു ദിവസം യു.ഡി.എഫിന് എതിരായ ഇത്തരം ആരോപണങ്ങള്‍ എല്ലാം താമസ്‌കരിച്ചു സിപിഐ എമ്മിനെ ആക്രമിച്ചു കൊണ്ടു കള്ളവോട്ട് ആരോപണം ആഘോഷിച്ച മാധ്യമങ്ങള്‍ പെട്ടെന്നു ഈ വിഷയത്തില്‍ നിന്നും പുറകോട്ടു പോയത്?

ഉത്തരം വളരെ ലളിതമാണ്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തു വന്ന യു.ഡി.എഫ് പ്രവര്‍ത്തകരുടെ ബൂത്തു പിടിത്തത്തിന്റെയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കള്ളവോട്ട് ആധ്വാനത്തിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതെല്ലാം ഉപയോഗിച്ചു സിപിഐ എം നിയമനടപടികള്‍ക്ക് മുതിരുമെന്നായപ്പോള്‍ ഇനിയും ഈ വിഷയം കത്തിച്ചു നിര്‍ത്തിയാല്‍ അതു തങ്ങളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കു വിനയായി മാറും എന്ന തിരിച്ചറിവാണ് ഇതിനു കാരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top