20 March Wednesday

വാക്കുകള്‍ വിലക്കും കാലം

ഡോ. ജെ പ്രഭാഷ്Updated: Saturday Jul 22, 2017

ഇന്ത്യയില്‍ വാക്കുകള്‍ നിഘണ്ടു വിട്ടുപോകുന്ന കാലമാണ് ഇത്. അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍നിന്ന് ചില വാക്കുകള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചത് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണല്ലോ. 'പശു, ഗുജറാത്ത്, ഇന്ത്യയെക്കുറിച്ചുള്ള ഹിന്ദുകാഴ്ചപ്പാട്, ഹിന്ദു ഇന്ത്യ' എന്നീ വാക്കുകളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവയ്ക്കുപകരം 'ബീപ്' ശബ്ദം കേള്‍പ്പിച്ചാല്‍മതി എന്നാണ് ഉത്തരവ്. ഇനിയും പല വാക്കുകളും നിരോധിച്ചേക്കാം. മുസ്ളിം, ന്യൂനപക്ഷം, ബീഫ്, ദളിതര്‍, ജാതി സമ്പ്രദായം, ദുരഭിമാനകൊല, ബാബ്റിമസ്ജിദ്, മതനിരപേക്ഷത തുടങ്ങിയ വാക്കുകള്‍ക്ക് വലിയ സാധ്യതയുണ്ട്. നാം, എന്ന്, ഏത് വാക്ക് അവസാനമായി ഉപയോഗിക്കാന്‍ പോകുന്നുവെന്ന് പറയാനാകാത്ത അവസ്ഥ. നമുക്ക് പരസ്പരം ഒന്നും പറയാനാകാത്ത നാളുകള്‍ വന്നുചേരുകയാണോ?
സെന്‍സര്‍ബോര്‍ഡ് ഈ വിധം വാക്കുകളെ നിരോധിക്കുമ്പോള്‍, ഇതിനു സമാന്തരമായി ചില വാക്കുകള്‍ നിര്‍ബന്ധമായും പറഞ്ഞുകൊള്ളണമെന്ന് ഹിന്ദുത്വ സംഘടനകള്‍ മറുവശത്ത് ശഠിക്കുന്നുമുണ്ട്. 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തതിന് ഉത്തര്‍പ്രദേശിലെ ഒരു വ്യാപാരിയെ മര്‍ദിച്ചത് ഓര്‍ക്കുക. ചില ഭക്ഷണങ്ങളുടെ ഉപയോഗവും, ചില പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും (ഉദാഹരണമായി, ഇറച്ചിവെട്ട്, കാലികളെ കടത്ത്) ഇവര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ചെയ്യുന്നവരെ ഇവര്‍തന്നെ തെരുവില്‍ തല്ലിക്കൊല്ലുകയും ചെയ്യുന്നു. പലവിധ നിരോധനങ്ങളുടെ 'ക്ളിയറന്‍സ് സെയ്ലാണ്' നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്.

ജനാധിപത്യത്തെ 'ആശയങ്ങളുടെ സ്വതന്ത്രവിപണി'യെന്ന് വിശേഷിപ്പിച്ചത് അമേരിക്കന്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി, ഒളിവര്‍ വെന്‍ഡല്‍ ഹോമാണ്. സ്വാതന്ത്യ്രമാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്നാണ് ഹോം പറഞ്ഞുവച്ചത്. സ്വന്തമായി കൊടിയും ഭരണഘടനയും പാര്‍ലമെന്റും ഉണ്ടായതുകൊണ്ടുമാത്രം അത് പുലരുന്നില്ലെന്നു സാരം. യോജിപ്പും യുക്തിപരമായ വിയോജിപ്പും അഭിപ്രായസ്വാതന്ത്യ്രവും (Freedom of Expression), അഭിപ്രായാനന്തര സ്വാതന്ത്യ്രവുമൊക്കെ (Freedom after Expression)  ജനാധിപത്യത്തില്‍ സുപ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ ഇവതന്നെയാണ് നമുക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 

സ്വാതന്ത്യ്രത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ഇതിന്റെ ലക്ഷണങ്ങള്‍, ചെറിയ അളവിലാണെങ്കിലും, കണ്ട് തുടങ്ങിയിരുന്നു. രണ്ട് വിരുദ്ധ ദിശകളിലാണ് അന്ന് നമ്മുടെ രാജ്യം നടന്നുനീങ്ങിയത്. ഒരു വശത്ത് പലവിധത്തിലുള്ള സംവാദങ്ങള്‍ ഭരണകൂടം പ്രോത്സാഹിപ്പിച്ചു. മതനിരപേക്ഷത, ഭാഷ, മതം, വംശീയത, വിദേശനയം തുടങ്ങിയവയൊക്കെ ഈ വിധം ചര്‍ച്ചചെയ്യപ്പെട്ട കാര്യങ്ങളാണ്. ഗാന്ധിജിതന്നെ സംവാദത്തിന്റെ പിതാവായിരുന്നല്ലോ. പലരുമായി- കമ്യൂണിസ്റ്റുകാരുമായി, കോണ്‍ഗ്രസുകാരുമായി, ശാസ്ത്രജ്ഞരുമായി, പൌരോഹിത്യവിഭാഗവുമായി, തീവ്രവാദികളുമായി, ഹിന്ദു മുസ്ളിം മതമൌലികവാദികളുമായി- അദ്ദേഹം സംവാദത്തില്‍ ഏര്‍പ്പെട്ടു. ഗോമാംസ നിരോധനം, മതനിരപേക്ഷത, ജാതിസമ്പ്രദായം, പഞ്ചായത്തിരാജ്, ആത്മീയത, ആധുനികത ഇവയൊക്കെ ചര്‍ച്ചചെയ്യപ്പെട്ടു. 'ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്റെ' നല്ലനാളുകളായിരുന്നു അതെന്ന് നിസ്സംശയം പറയാം.

എന്നാല്‍, മറുവശത്ത് സ്വാതന്ത്യ്രത്തെ നിഷേധിക്കുന്ന പല നിയമങ്ങള്‍ കൊണ്ടുവരാന്‍ ഭരണകൂടം അമാന്തം കാണിച്ചതുമില്ല. ഏറ്റവും വലിയ വിരോധാഭാസം, ഇതിനായി നാം ആശ്രയിച്ചത് കൊളോണിയല്‍ നിയമങ്ങളെ ആയിരുന്നു എന്നതാണ്. ഇവയില്‍ പലതും എഴുതി ഉണ്ടാക്കിയത് നാം ഇന്ന് അവജ്ഞയോടെ കാണുന്ന മെക്കാളെ പ്രഭുവായിരുന്നു എന്നത് ഈ വിരോധാഭാസത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ, 153, 153 എ, 295, 295 എ, 298, 499, 500, 505 തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

ഇതില്‍ സെക്ഷന്‍ 124 എയ്ക്ക് അല്‍പ്പം വിശദീകരണം ആവശ്യമുണ്ട്. രാജ്യദ്രോഹമാണ് ഇതിലെ പരാമര്‍ശവിഷയം. ഇതിനെതിരെ ഗാന്ധിജിതന്നെ രംഗത്തുവന്നിരുന്നു എന്നത് സ്മരണീയമാണ്. 1929ല്‍ യങ് ഇന്ത്യയില്‍ എഴുതിയ എഡിറ്റോറിയലില്‍ ഇതിനെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ഉണ്ടായി. "നിയമം എന്ന പദത്തിന്റെ അവഹേളനമാണ് ഇതെന്നും, ആഹാരത്തിലായാലും നിരാഹാരത്തിലായാലും ഇത് നമ്മുടെ ശിരസിനു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളാണെന്നും'' അദ്ദേഹം എഴുതി.

എന്നാല്‍, സ്വാതന്ത്യ്രാനന്തരം ഇതിനെ നാം നിലനിര്‍ത്തി എന്നുമാത്രമല്ല, അതിന്റെ വ്യാപ്തി പരമാവധി വിപുലീകരിക്കുകയും ചെയ്തു. ഇവിടെയും ഒരു വിരോധാഭാസമുണ്ട്. ഇതിനായി ഇന്ത്യന്‍ ഭരണകൂടം ചൂണ്ടിക്കാണിച്ച ഒരു സുപ്രധാന ന്യായീകരണം ഗാന്ധിജിയുടെ വധമായിരുന്നു! അങ്ങനെ ഗാന്ധിജി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതിനെ അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ നാം മാമോദിസമുക്കി കുടിയിരുത്തി.

ഭരണഘടനയുടെ 19(1)ല്‍ പറഞ്ഞിരിക്കുന്ന സ്വാതന്ത്യ്രത്തിനുമേല്‍ പുത്തന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇതേ കാലയളവില്‍ നാം തുനിഞ്ഞു. ഒന്നാമത്തെ ഭരണഘടനാ ഭേദഗതിവഴി ക്രമസമാധാനവും വിദേശരാജ്യങ്ങളുമായുള്ള സുഹൃത്ബന്ധവും സ്വാതന്ത്യ്രത്തെ നിയന്ത്രിക്കാനുള്ള ഉപാധികളാകുന്നത് ഇങ്ങനെയാണ്. ഇതേകാലയളവിലാണ് കരുതല്‍ തുറങ്കല്‍ നിയമം കൊണ്ടുവന്നതും. ഇതിനുശേഷവും പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി- വര്‍ഗീയസംഘര്‍ഷം, തീവ്രവാദപ്രവര്‍ത്തനം, വിഘടന വാദം- പുത്തന്‍നിയമങ്ങള്‍ നിയമപുസ്തകത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. MISA, COFEPOSA, AFSPA, TADA, NSA H  ഇതിന്റെ ചില ഉദാഹരണങ്ങള്‍മാത്രം. ഇവയുടെയെല്ലാം ഉപയോഗവും ദുരുപയോഗവും കഴിഞ്ഞകാലങ്ങളില്‍ നാം ആവോളം കാണുകയും ചെയ്തു.

'ചെക്കോവ് നിയമമാണ്' ([Anton] Chekhov Law)  പെട്ടെന്ന് ഓര്‍മയില്‍ വരുന്നത്. നാടകത്തിലെ ആദ്യരംഗത്ത് പ്രദര്‍ശിപ്പിക്കപ്പെടുന്ന ആയുധം അതിന്റെ  മൂന്നാമത്തെ രംഗത്ത് ഉപയോഗിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഭരണകൂടങ്ങളുടെ കൈയില്‍ പുത്തന്‍ ആയുധങ്ങള്‍ വന്നുചേര്‍ന്നാല്‍ അവ താമസംവിനാ ഉപയോഗിക്കുമെന്നാണ് വ്യംഗ്യാര്‍ഥം.  ഇതുതന്നെയാണ് കരുതല്‍ തുറങ്കല്‍ നിയമങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. അവ ഒരിക്കല്‍ പാസാക്കിയാല്‍ ഭരണകൂടങ്ങള്‍ യഥേഷ്ടം അവയെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

ഇതിനെയെല്ലാം കടത്തിവെട്ടുന്നതാണ് ഇപ്പോള്‍ നമ്മുട രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ലേഖനത്തിന്റെ തുടക്കത്തില്‍ വിവരിച്ച കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. വിവരാവകാശത്തിന്റെയും വിവര സാങ്കേതികവിദ്യയുടേതുമായ ഈ ലോകത്ത് വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് വൈരുധ്യംതന്നെ. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനുമാകില്ല. എതിര്‍ സ്വരങ്ങള്‍ ഉച്ചരിക്കുന്നവരെ ചില ഹിന്ദുത്വസംഘടനകളില്‍പ്പെട്ടവര്‍ ഇല്ലായ്മചെയ്തതും, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം ഭരണകൂടം തടഞ്ഞതും ഇനിയും മറക്കാറായിട്ടില്ല. അടുത്തകാലത്ത് എന്‍ഡിടിവിയിലെ പ്രണോയ്റോയിക്കെതിരെ നടത്തിയ നീക്കങ്ങള്‍ ഇതിന്റെ മറ്റൊരു ഉദാഹരണമായി നില്‍ക്കുന്നു.

ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് രോഹിത് വെമുലയെക്കുറിച്ചുള്ള പി എന്‍ രാമചന്ദ്രയുടെ 'ദി അണ്‍ബെയ്റബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്', ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള കാത്തു ലൂക്കോസിന്റെ 'മാര്‍ച്ച്... മാര്‍ച്ച് ... മാര്‍ച്ച്', കശ്മീരിനെക്കുറിച്ചുള്ള എന്‍ സി ഫാസില്‍, ഷാന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ 'ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍' എന്നീ ഡോക്യുമെന്ററികള്‍ക്ക് വാര്‍ത്താ പ്രക്ഷേപണമന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്.
സ്വേച്ഛാധിപത്യത്തിന്റെ വരവിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഭാഷയിലാണ്. വാക്കുകളില്‍ ചിലത് അപ്രത്യക്ഷമാകും. മറ്റു ചിലത് ധാരാളമായി ഉപയോഗത്തില്‍വരുകയും ചെയ്യും. ഫലിതംപോലും ഭാഷയില്‍നിന്ന് ഇല്ലാതായെന്നുവരാം. നര്‍മബോധം ഇല്ലാത്തൊരു സമൂഹം സ്വേച്ഛാധിപത്യത്തിന്റെ വരവിനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇതോടെ സ്ഥാപന സ്വരൂപങ്ങളും വ്യക്തികളും ഭരണകൂടം പറയാതെതന്നെ അതിന്റെ ഇംഗിതം മുന്‍കൂട്ടികണ്ട് പ്രവര്‍ത്തിച്ചുതുടങ്ങും. ഒരുതരം മിശേരശുമീൃ്യ ീയലറശലിരല. സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ ചെയ്തിരിക്കുന്നതും ഇതുതന്നെ.

സ്നേഹിക്കാന്‍ അറിയാത്തവര്‍ അധികാരത്തില്‍ അഭയം പ്രാപിക്കുമെന്ന് മാര്‍ക്ക്വെസ് പറഞ്ഞത് വളരെ അര്‍ഥവത്താണ്. ഇതുതന്നെയാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നതും. ഇത്തരക്കാര്‍ അധികാരത്തിലേറുമ്പോള്‍ രാഷ്ട്രീയം ജനങ്ങളെ അധികാരവല്‍ക്കരിക്കുന്നതാകില്ല. അവരെ ഭരിക്കാനുള്ള ഉപകരണംമാത്രമാകും. ഇതിന്റെ നേര്‍ തെളിവാണ് മോഡീഭരണം. എഴുത്തുകാരന്റെ മരണത്തില്‍നിന്ന് വാക്കുകളുടെ മരണത്തിലേക്കാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top