22 June Tuesday

ബിജെപിയെ കുഴിച്ചുമൂടി തമിഴകം - ഇ എൻ അജയകുമാർ എഴുതുന്നു

ഇ എൻ അജയകുമാർUpdated: Thursday May 6, 2021

തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ദേശീയ രാഷ്‌ട്രീയത്തിൽ സ്വാധീനം ചെലുത്താനുള്ള അതീവ പ്രാധാന്യമുണ്ട്‌. ജാതി, മതം, വർഗീയവിദ്വേഷം എന്നിവ ആശയമാക്കി തെക്കേ ഇന്ത്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള സംഘപരിവാർ സ്വപ്‌നത്തെയാണ്‌ തമിഴകം കുഴിച്ചുമൂടിയത്‌. ഇത്‌ ദേശീയരാഷ്ട്രീയത്തിൽ സംഘപരിവാർ കൂട്ടുകെട്ടിനെതിരായ ഒരു പ്രതിരോധം തീർക്കുന്നതിനുള്ള ചാലകശക്തിയായി തമിഴ്‌നാടിന്‌ മാറാൻ കഴിയുന്നതാണ്‌.

പ്രധാനമന്ത്രി മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും നേരിട്ട്‌ കളത്തിലിറങ്ങിയിട്ടും തമിഴ്‌ജനത കനത്ത തിരിച്ചടി നൽകി. 2019ൽ ജയലളിത മരിച്ചതുമുതൽ തമിഴ്‌നാട്‌ രാഷ്‌ട്രീയത്തിൽ സ്വാധീനമുണ്ടാക്കാൻ ബിജെപി‐ ആർഎസ്‌എസ്‌ ശക്തികൾ കിണഞ്ഞു ശ്രമിച്ചു. അതിനായി എഐഎഡിഎംകെയിലെ എടപ്പാടി പഴനിസ്വാമി, ഒ പന്നീർശെൽവം വിഭാഗങ്ങളെ വരുതിയിലാക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചായിരുന്നു എല്ലാം ചെയ്‌തത്‌.

ഇ വി രാമസ്വാമി എന്ന പെരിയോർ, തമിഴ്‌ഭാഷാ പിതാവ്‌ തിരുവള്ളുവർ എന്നിവരെയെല്ലാം സംഘപരിവാറുകാർ കാവിപുതപ്പിക്കാൻ ശ്രമിച്ചു. ഇതിലൂടെ വർഗീയ സംഘർഷമുണ്ടാക്കി നേട്ടം കൊയ്യാനുള്ള പദ്ധതിയായിരുന്നു. അവയും പരാജയപ്പെട്ടു. 

അവസാനം തമിഴ്‌ ദൈവമായ മുരുകന്റെ പേരിൽ ബിജെപി മുരുകവേൽ യാത്ര നടത്തി. എന്നാൽ, അതിലും തമിഴ്‌ മക്കൾ കണ്ടത്‌ തങ്ങളുടെ ദൈവമായ മുരുകനെ സവർണവൽക്കരിക്കാനുള്ള നീക്കമായാണ്‌. ഇതോടെ വൻ എതിർപ്പുയർന്നു. മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിക്ക്‌ യാത്ര തടയേണ്ടിവന്നു.

തെരഞ്ഞെടുപ്പ്‌ പ്രചാരണം ശക്തമായതോടെ ഡിഎംകെ നേതാക്കളുടെ വീടുകളിൽ കേന്ദ്ര ഏജൻസികൾ റെയ്‌ഡ്‌ നടത്തി. ഒന്നിലും കുലുങ്ങാതെ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണി മുന്നോട്ടുപോയി. വോട്ടെടുപ്പ്‌ നാളിൽ നടൻ വിജയ്‌ സൈക്കിളിലാണ്‌ വോട്ട്‌ ചെയ്യാനെത്തിയത്‌. ഇത്‌ നഗരങ്ങൾമുതൽ ഗ്രാമങ്ങൾവരെയുള്ള ജനങ്ങൾക്കിടയിൽ ഇന്ധവിലവർധനയുടെ കെടുതി ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി 20 സീറ്റിലാണ്‌ മത്സരിച്ചത്‌. ഇതിൽ നാലു സീറ്റ്‌ നേടി. രണ്ടുസീറ്റ്‌ 174, 1738 വോട്ടുകൾക്കാണ്‌ നേടിയത്‌. ബിജെപിയുടെ കേന്ദ്ര നേതാക്കളിൽ ഒരാളായ എച്ച്‌ രാജ കാരക്കുടിയിലും കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്‌ണനും ദയനീയ പരാജയം ഏറ്റുവാങ്ങി. കോടികൾ ഇറക്കിയിട്ടും സംഘപരിവാർ സ്വപ്‌നം ‌ തമിഴകത്തിൽ ചെലവായില്ല.


 

ആകെയുള്ള 234 സീറ്റിൽ 118 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ മന്ത്രിസഭ രൂപീകരിക്കാം. മതനിരപേക്ഷ പുരോഗമന മുന്നണിയിലെ ഡിഎംകെയ്‌ക്ക്‌ മാത്രം 125 എംഎൽഎമാരുണ്ട്‌. മുന്നണിയിലെ കോൺഗ്രസിന്‌ 18, എംഡിഎംകെ, വിസികെ –-നാലു വീതം, സിപിഐ എം, സിപിഐ, എംഎംകെ –-രണ്ടു വീതം, കൊങ്കുനാട്‌ മക്കൾ കക്ഷി, ടിവികെ എന്നിവ ഓരോ സീറ്റിലും വിജയിച്ചു. ആകെ 159 സീറ്റാണ്‌ ലഭിച്ചത്‌. എഐഎഡിഎംകെ മുന്നണി ആകെ 75 സീറ്റാണ്‌ നേടിയത്‌.

കമൽഹാസന്റെ മക്കൾ നീതിമയ്യം, നടൻ സീമാന്റെ നാംതമിഴർ, ശശികലയുടെ അനന്തിരവൻ ടിടിവി ദിനകരന്റെ എഎംഎംകെ, നടൻ വിജയകാന്തിന്റെ ഡിഎംഡികെ എന്നീ പാർടികളെല്ലാം നിലംപരിശായി. കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച എംഎൻഎം നേതാവ്‌ കമൽഹാസൻ ബിജെപിയിലെ വാനതി ശ്രീനിവാസനോട് ചെറിയവോട്ടുകൾക്ക്‌ തോറ്റു. കൊളത്തൂർ നിയോജകമണ്ഡലത്തിൽ മത്സരിച്ച ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിൻ 68,784 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എഐഎഡിഎംകെയിലെ ആദിരാജാറാമിനെ പരാജയപ്പെടുത്തിയത്‌. എഐഎഡിഎംകെ മന്ത്രിസഭയിലെ 11 പേർ പരാജയപ്പെട്ടു. ഡിഎംകെ മുന്നണി 46 ശതമാനം വോട്ട്‌ നേടി. എഐഎഡിഎംകെ മുന്നണിക്ക്‌ 37 ശതമാനം വോട്ടാണ്‌ നേടാനായത്‌.

തെരഞ്ഞെടുപ്പ്‌ ഫലം മുഴുവൻ പുറത്തുവന്നതോടെ തമിഴ്‌നാട്‌ കിട്ടാക്കനിയാണെന്ന്‌ ബിജെപി നേതൃത്വത്തിന്‌ മനസ്സിലായി. എഐഎഡിഎംകെ മുന്നണിയിലെ പിഎംകെയ്‌ക്ക്‌ വെറും അഞ്ചു സീറ്റുമാത്രമാണ്‌ നേടാനായത്‌. ജി കെ മൂപ്പനാറുടെ മകൻ ജി കെ വാസൻ നയിക്കുന്ന ടിഎംസിക്ക്‌ ഒരു സീറ്റും ലഭിച്ചതുമില്ല. പ്രതിപക്ഷപാർടികൾക്ക്‌ പ്രതീക്ഷയ്‌ക്ക്‌ വക നൽകുന്നതാണ്‌ തമിഴകത്തെ വിജയം എന്നതിന്‌ സംശയമില്ല.

തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണി ഏഴിന്‌ അധികാരം ഏൽക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിനെ നിയമസഭാ കക്ഷി നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പുതന്നെ 1212 താൽക്കാലിക നേഴ്‌സുമാരെ ജോലിയിൽ സ്ഥിരപ്പെടുത്താനും കോവിഡ്‌ പ്രതിരോധം ഒരു പ്രസ്ഥാനമാക്കി മാറ്റാനും എം കെ സ്‌റ്റാലിൻ നിർദേശം നൽകി. മാത്രമല്ല, കുറഞ്ഞ വിലയ്‌ക്ക്‌ ഭക്ഷണം നൽകുന്ന ജയലളിതയുടെ പേരിലുള്ള അമ്മാ ഉണവകം ആക്രമിച്ച ഡിഎംകെ പ്രവർത്തകരെ പാർടിയിൽനിന്ന്‌ പുറത്താക്കുകയും ചെയ്‌തു. പത്തു വർഷത്തിനുശേഷം അധികാരത്തിൽ തിരിച്ചെത്തുന്ന ഡിഎംകെ നൽകുന്നത്‌ പ്രതീക്ഷയുടെ സന്ദേശമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top