09 June Friday

പുതിയ നോട്ടിൽ തല ഗാന്ധി വേണോ, തുഗ്ളക്കാവില്ലെ അർത്ഥഗർഭം?

വിശാഖ് ശങ്കര്‍Updated: Sunday Nov 13, 2016

നോട്ട് പിൻ‌വലിക്കല്‍ നീക്കത്തിലെ അസംബന്ധങ്ങളെപ്പറ്റി വിശാഖ് ശങ്കര്‍ എഴുതുന്നു.

500, 1000 നോട്ടുകൾ പിൻ‌വലിച്ചുകൊണ്ട് കള്ളപ്പണക്കാർക്ക് മേൽ കേന്ദ്രസർക്കാർ നടത്തിയ “സർജിക്കൽ സ്ട്രൈക്ക്“ ഇന്ത്യയെ ആകെ രണ്ടായി വിഭജിച്ചിരിക്കുകയാണല്ലോ. ഇതിനൊപ്പം നിൽക്കുന്ന രാജ്യസ്നേഹികൾ കള്ളപ്പണ വിമുക്ത ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദീർഘകാല വക്താക്കളും അല്ലാത്തവർ അത് കെട്ടുകണക്കിന് കൈവശം വച്ച് എന്ത് ചെയ്യണമെന്നറിയാതെ ഒരൊറ്റ രാത്രികൊണ്ട് മണ്ടന്മാർ ആയവരും ആണെന്നത്രേ ഈ വിഛേദം. അതായത് ഈ ഒരൊറ്റ നടപടികൊണ്ട് ഇന്ത്യ കള്ളപ്പണ വിമുക്തമായ ഒരു സമ്പദ് ഘടനയാകുമെന്ന്.

കള്ളനോട്ടും ഉണ്ട്, കള്ളപ്പണവുമുണ്ട്. ഇത് രണ്ടും രണ്ടാണെങ്കിലും അവ സമ്പദ്ഘടനയെ ദുർബലപ്പെടുത്തുമെന്നും,അവയാണ് അധോതല സാമ്പത്തിക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നതെന്നും വിശാലമായ അർത്ഥത്തിൽ സമ്മതിക്കാം. ആ നിലയ്ക്ക് ഈ സർജിക്കൽ സ്ട്രൈക്ക് ഒരു ചലനവും ഉണ്ടാക്കാതെ പോവില്ല എന്നതും. പക്ഷേ എന്തിനും ഒരു വരവ് ചിലവ് കണക്ക് വേണമല്ലോ. ഇപ്പോഴത്തെ അവസ്ഥയിൽ കാര്യങ്ങൾ പൂർവ്വസ്ഥിതിൽ എത്തണമെങ്കിൽ എത്രനാൾ പിടിക്കും എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നൽകുക അസാധ്യം. ആ നിലയ്ക്ക് ദേശസ്നേഹം കൊണ്ട് മുണ്ട് മുറുക്കി ഉടുക്കാമെന്ന് വച്ചാലും അത് എത്രനാൾ എന്ന ചോദ്യം ബാക്കിയാവുന്നു. അതാവട്ടെ “പേപ്പർ ലെസ്സ്“ ഇക്കോണമിയിലേയ്ക്ക് കടന്നുകഴിഞ്ഞ അഞ്ചും, ആറും അക്ക പ്രതിമാസ വരുമാനമുള്ള  മധ്യവർഗ്ഗത്തിൽ നിന്നല്ല ഉയരുന്നത്. എന്നാൽ ബാങ്കുകൾക്കും, ഏ ടി എമ്മുകൾക്കും മുമ്പിലുള്ള പരിഭ്രാന്തരായ ജനക്കൂട്ടം എല്ലായിടത്തും ഒരു യാഥാർത്ഥ്യമാണ് താനും. ഇത് മോഡിയുടെ തിളക്കം കെടുത്താൻ രാഷ്ട്രീയ വൈരികൾ പറഞ്ഞുപരത്തുന്ന കള്ളക്കഥകൾ ഒന്നുമല്ല എന്ന് കേരളത്തിൽ പുറത്തിറങ്ങി നടക്കുന്ന ആർക്കും മനസിലാകും. ആ പശ്ചാത്തലത്തിലാണ് ഈ നീക്കം കൊണ്ട് സാധാരണക്കാർ  ഏതാനും ദിവസങ്ങളായി അനുഭവിച്ച് വരുന്ന, ഇനിയും എത്രനാൾ അനുഭവിക്കേണ്ടിവരുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ദുരിത പർവ്വത്തെ  അവ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാക്കാൻ പോകുന്നു എന്ന് അധികാരികൾ ആണയിടുന്ന നേട്ടങ്ങളാൽ സാധൂകരിക്കാനാവുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

തുഗ്ളക്കിന്റെ പരിഷ്കാരം

തുഗ്ളക്ക് എന്ന പേരിൽ ഒരു ഭരണാധികാരി ഉണ്ടായിരുന്നു എന്നത് ചരിത്രസത്യമാണെങ്കിലും  “തുഗ്ളക്കിന്റെ പരിഷ്കാരം“ എന്ന പ്രയോഗം ഇന്ന് ഉപയോഗിക്കപ്പെടുന്നത് അടിമുടി അപ്രായോഗികവും, പരിഹാസ്യം തന്നെയുമായ ഭരണകൂട തീരുമാനങ്ങളെ പൊതുവിൽ ദ്യോതിപ്പിക്കുന്ന ഒന്നായാണ്.നമ്മുടെ പ്രധാന മന്ത്രി വൈകാരികമായ ഭാഷയിൽ, ദേശസ്നേഹത്തിൽ ഊന്നിക്കൊണ്ട് ഈ തീരുമാനം പ്രഖ്യാപിച്ച ആ വൈകുന്നേരം തന്നെ കുറച്ച് പേർ ഫെയ്സ് ബുക്കിലും മറ്റുമായി തുഗ്ളക്കിനെ ഓർത്തിരുന്നു. കള്ളപ്പണം പിടിക്കുവാനായി എടുത്ത ധീരമായ ഒരു ഭരണകൂട തീരുമാനത്തെ കേട്ടപാതി കേൾക്കാത്ത പാതി തുഗ്ളക്കിന്റെ പരിഷ്കാരം എന്നൊക്കെ വിശേഷിപ്പിക്കുന്നത് അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന മറുവാദവും അപ്പോൾ തന്നെ ഉയർന്നുവന്നു. പക്ഷേ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു.

വേണ്ടത്ര മുന്നൊരുക്കങ്ങളോടെ നടപ്പിലാക്കുന്ന ഒരു തീരുമാനം എന്ന നിലയിൽ അഞ്ഞൂറും, ആയിരവും ദേശതാല്പര്യം മുൻ നിർത്തി അനിവാര്യമെന്ന് കണ്ട് പിൻവലിക്കുമ്പോൾ അത് സാധാരണ മനുഷ്യർക്ക് ഉണ്ടാക്കുന്ന പ്രായോഗിക പ്രശ്നങ്ങൾ ഏതാനും ദിവസങ്ങൾക്കപ്പുറം നീളില്ലെന്നും അതിനൊക്കെ പര്യാപ്തമായ സജ്ജീകരണങ്ങൾ ഭരണകൂടം ചെയ്തിട്ടുണ്ടെന്നും ആയിരുന്നു പ്രധാനമന്ത്രി തന്ന ഉറപ്പ്. അതായത് ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും  ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, യാത്ര, ചികിൽസ തുടങ്ങിയവയ്ക്കൊന്നും നിയന്ത്രണങ്ങൾ ബാധകമാവില്ല എന്ന് . അതിനായി സർക്കാർ നേരിട്ട് നടത്തുന്ന പച്ചക്കറി പലവ്യഞ്ജന കടകളിലും, റെയിൽ‌വേ സ്റ്റേഷനുകളിലും, എയർ പോർട്ടുകളിലും, പെട്രോൾ പമ്പുകളിലും, ആശുപത്രികളിലും ഒക്കെ ആയിരം, അഞ്ഞൂറു രൂപാ നോട്ടുകൾക്ക് വിനിമയമൂല്യം ഉണ്ടായിരിക്കും എന്ന് അദ്ദേഹം ഉറപ്പ് തന്നിരുന്നു.

ഇത് ഫലത്തിൽ നടപ്പായില്ല എന്നതാണ് വർത്തമാന യാഥാർത്ഥ്യം. അത് മുന്നോട്ട് വയ്ക്കുമ്പോൾ ബീജേപി പ്രതിനിധികൾ നൽകുന്ന വിശദീകരണം മേല്പറഞ്ഞ സ്ഥാപനങ്ങൾ ഏതെങ്കിലും അഞ്ഞൂറ്, ആയിരം രൂപാ നോട്ടെടുക്കാൻ വിസമ്മതിച്ചാൽ അവയ്ക്കെതിരേ നടപടി എടുക്കണം എന്നാണ്. എത്ര ശക്തമായ, നട്ടെല്ലുറപ്പുള്ള വിശദീകരണം! പക്ഷേ പ്രശ്നം അവർ നോട്ട് എടുത്താൽ ബാക്കി കൊടുക്കേണ്ടിവരും എന്നതാണ്.പെട്രോൾ പമ്പിൽ പോയി നൂറുരൂപയ്ക്ക് പെട്രോളടിച്ച് അഞ്ഞൂറുരൂപ കൊടുത്താൽ നാല് നൂറുരൂപ നോട്ട് തിരികെ കൊടുക്കണം. അല്ല, കൊടുക്കുന്നത് ആയിരമാണെങ്കിൽ തിരിച്ച് ഒരു അഞ്ഞൂറും, നാല് നൂറും കൊടുത്താൽ പോര, ഒൻപത് നൂറുരൂപാ നോട്ട് കൊടുക്കണം. രാജ്യത്ത് വ്യവഹാരത്തിൽ ഇരിക്കുന്ന കറൻസിയുടെ മൊത്തം മൂല്യത്തിൽ ഏതാണ്ട് എൺപത് ശതമാനത്തിൽ അധികം വരുന്ന ആയിരം, അഞ്ഞൂർ നോട്ടുകളെ പൊടുന്നനേ ബാക്കി ഇരുപത് ശതമാനത്തിൽ താഴെയുള്ള നോട്ടുകൾ കൊണ്ട് പകരം വയ്ക്കണം എന്ന് പറഞ്ഞ് ആ ഉത്തരവാദിത്തം പെട്രോൾ പമ്പ്, ആശുപത്രി, റെയിൽ‌വേ സ്റ്റേഷൻ, സർക്കാർ പച്ചക്കറി, പലവ്യഞ്ജന കടകൾ തുടങ്ങിയ കുറേ സ്ഥാപനങ്ങൾക്ക് മേൽ കെട്ടിവച്ചാൽ അവർ അത്രത്തോളം നൂറു, അൻപത്, പത്ത്, അഞ്ച്, രണ്ട്, ഒറ്റ രൂപകൾ എവിടെനിന്ന് ഉണ്ടാക്കും? അച്ചടിക്കാൻ പറ്റില്ലല്ലൊ സർ!

കേൾക്കുമ്പോൾ ശരി. സർക്കാർ പറഞ്ഞതല്ലെ, അപ്പൊ ശരിയായിരിക്കും എന്ന് ജനം ധരിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ല. എന്നാൽ ഇത് നടക്കണമെങ്കിൽ ഈ സ്ഥാപനങ്ങളിൽ ഒക്കെയും പതിവില്ലാത്ത വണ്ണം നൂറും, അതിന് താഴെയുള്ള നോട്ടുകളും  മുൻകൂർ സ്റ്റോക്ക് ചെയ്യപ്പെടണം. അങ്ങനെ സംഭവിച്ചാൽ സർക്കാർ അതീവ രഹസ്യമായി നടത്തുന്ന സർജിക്കൽ സ്ട്രൈക്ക് അങ്ങാടി പാട്ടാവാൻ അധികം നേരം പിടിക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അപ്പോൾ അത്തരം മുൻകരുതലുകൾ ഒന്നുമില്ലാതെ ഇതേ കാര്യം ചെയ്താലോ? അപ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവിടങ്ങളിൽ ഒക്കെയുള്ള ചില്ലറ തീരുകയും അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം ഫലത്തിൽ അസാദ്ധ്യമായി തീരുകയും ചെയ്യും. അതിന് അവർക്കെതിരേ നടപടി എടുക്കണം എന്നൊക്കെ പറഞ്ഞാൽ അത് അക്ഷരാർത്ഥത്തിൽ ചിരിപ്പിച്ച് കൊല്ലലാവില്ലേ സർ! ഇത്തരം നടപടികളെ വിശേഷിപ്പിക്കാൻ നിലവിൽ തുഗ്ളക്കിന്റെ പരിഷ്കാരം എന്ന ഒരു പ്രയോഗം ഉള്ള സ്ഥിതിക്ക് അത് ഉപയോഗിക്കാതെ പുതിയ ഒന്ന് തേടി നടന്നാൽ അതൊരു ഭാഷാപരമായ ദുർവ്യയമാവില്ലേ?

നോട്ട് പിൻ‌വലിക്കൽ എന്ന വമ്പൻ സർജിക്കൽ രഹസ്യം

കള്ളപ്പണത്തെ ഓർക്കാപ്പുറത്ത് കൊങ്ങയ്ക്ക് പിടിക്കുവാനായുള്ള സർജിക്കൽ സ്ട്രൈക്ക് എന്ന വ്യാഖ്യാനവും തമാശയായിക്കൊണ്ടിരിക്കുകയാണ്. തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിന്റെ തലേ മാസമേ ഇതിനെ കുറിച്ചുള്ള പത്ര റിപ്പോർട്ട് പുറത്തുവന്നിരുന്നു എന്ന് ഇപ്പോൾ കേൾക്കുന്നു. ഞാനത് കണ്ടില്ല. കാരണം ഈ വിഷയം എന്റെ പരിഗണനാ പട്ടികയിൽ അത്ര പ്രധാനമല്ല എന്നത് തന്നെ. മാരിയോ വർഗാസ് യോസ പുതിയ നോവൽ എഴുതുന്നു എന്ന വാർത്ത മുതൽ ഇഷാന്ത് ശർമ്മയുടെ റിസ്റ്റ് പൊസിഷൻ മെച്ചപ്പെട്ടു എന്നൊരു വാർത്തവരെ വന്നാൽ ഞാൻ കാണാതെ പോവുകയുമില്ല. അതായത് നമ്മുടെ പരിഗണനാ പട്ടികയിൽ പ്രധാനമായ വാർത്തകൾ നമ്മൾ കണ്ടിരിക്കും. സ്വാഭാവികമായും കള്ളപ്പണവിനിമയം കൊണ്ട് കോടികൾ ലാഭമുണ്ടാക്കുന്നവർ ഈ വാർത്ത ഞാൻ കണ്ടില്ലെങ്കിലും ഉറപ്പായും കണ്ടിരിക്കും. അപ്പോൾ പിന്നെ ഈ സർജിക്കൽ സ്ട്രൈക്ക് പത്രം വായിക്കാത്ത നിരക്ഷരകുക്ഷികളായ “അപ് കമിങ്ങ് മാഫിയാ ഡോണു“കളെ ഉദ്ദേശിച്ചായിരിക്കും എന്ന് പറയേണ്ടിവരും.

കള്ളപ്പണത്തിന്റെ എൺപത് ശതമാനവും വിദേശത്താണെന്നും, അതിനെ ഈ നടപടിയിലൂടെ തൊടാനേ പറ്റില്ലെന്നും മോഡി ഭക്തർ പോലും സമ്മതിക്കുന്നുണ്ട്. പിന്നെയുള്ളത് ഇരുപത് ശതമാനം വരുന്ന ആഭ്യന്തര നോട്ട് ചാക്കുകെട്ടുകളുടെ കാര്യമാണ്. അതിൽ പത്രം വായിക്കുന്ന ചാക്കുകളും ഇതിനോടകം രക്ഷപ്പെട്ട് കഴിഞ്ഞു. ബാക്കിയുള്ളവർ കമ്മീഷൻ വ്യവസ്ഥയിൽ ആഴ്ചയിൽ ഇരുപതിനായിരമെങ്കിൽ അത്രയും രൂപ വെളുപ്പിച്ച് തരാൻ പോന്നവരെ തേടി നടക്കുകയാണ്. അപ്പോൾ ആയിക്കോട്ടെ, ആ കമ്മിഷൻ തുകയെങ്കിലും പാവപ്പെട്ട ചെറുപ്പക്കാർക്ക്/ കാരികൾക്ക് കിട്ടുമല്ലോ എന്നതാവും ന്യായം! സംഗതി അതൊന്നുമല്ല, എൺപത് ശതമാനം വരുന്ന കള്ളപ്പണത്തിന്റെ വിദേശ നിക്ഷേപം തിരികെ പിടിക്കുക എന്നത് വലത് രാഷ്ട്രീയത്തിന് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ആകെ സാദ്ധ്യമാകുക ഇത്ര നാൾ ഭരിച്ചിട്ടും കോൺഗ്രസ്സ് എന്തുകൊണ്ട് അത് തിരികെ പിടിച്ചില്ല എന്ന മറുചോദ്യം ഉന്നയിക്കുക മാത്രമാണ്. രണ്ട് വലത് രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള ചക്കളത്തിൽ പോരാട്ടത്തിൽ മുണ്ടും മുറുക്കി ഉടുത്ത് ക്യൂവിൽ നിന്ന് മൊബൈലിൽ ന്യൂസ് അവർ കാണാൻ നമ്മൾ പൊതുജനവും!

എന്ത് പ്രവൃത്തിയും എന്തെങ്കിലും തരം പ്രതിപ്രവർത്തനം ഉല്പാദിപ്പിച്ചേ മതിയാവു എന്നത് ഒരു അടിസ്ഥാന ചലനനിയമമാണ്.പക്ഷേ യുക്തിഭദ്രമായ ഒരു പ്രവൃത്തി എന്തെങ്കിലും ഉണ്ടാകട്ടെ എന്ന് വിചാരിച്ച് നടത്തപ്പെടുന്ന ഒന്നല്ല. അതിൽ ഒരു അടിസ്ഥാന കോസ്റ്റ് ബെനിഫിറ്റ് അനാലിസിസിസ്, ഒരു ചിലവ് നേട്ട വിശകലനം ഉണ്ടാകും. നേട്ടത്തെക്കാൾ ചിലവുവരും മുതൽമുടക്കിനെങ്കിൽ അത് വേണ്ടെന്ന് വയ്ക്കും. ഇവിടെ മുതൽമുടക്ക് എന്നത് സാധാരണക്കാരൻ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ആശങ്കയും, ദുരിതവുമാണ്.അതിന്റെ തൽസമയ സപ്രേക്ഷണമാണ് ഏതാനും ദിവസങ്ങളായി നാം ദൃശ്യമാദ്ധ്യമങ്ങളിലൂടെ കാണുന്ന ക്യൂവുകൾ. നേട്ടമെന്ന ഊതിവീർപ്പിച്ച ബലൂൺ ചുരുങ്ങി ചുരുങ്ങി എവിടെ എത്തുന്നു എന്നും നമ്മൾ കണ്ടുകഴിഞ്ഞു.

അപ്പോൾ ബാക്കിയാവുന്നത് എന്താണ്? ദേശം, ദേശീയത, ദേശീയ സമ്പദ്ഘടന, ദേശീയ നന്മ എന്നൊക്കെ പറയുന്നത് സാധാരണ ഭാരതീയന്റെ ഒരു ജൈവവികാരമാണ്. അതിന്മേൽ മുതൽ മുടക്കുന്നതാണ് ഇന്ന് ഏറ്റവും ലാഭകരമായ വ്യവസായം. കുറെ വാക്കുകളും, ഒരു പ്ളാറ്റ്ഫോമും മാത്രമാണ് ചെലവ്. വിജയിച്ചാൽ നൂറുകോടിയിൽ പരം മനുഷ്യരിൽ നല്ലൊരു വിഭാഗം ഈ വാഗ്വിലാസത്തിൽ തൂങ്ങി സ്വമേധയാ ശ്വാസം മുട്ടിക്കൊള്ളും. ഒടുക്കം ഭരണകൂടത്തിന് അവർക്കെതിരേ ആത്മഹത്യാ ശ്രമത്തിന് കേസുമെടുക്കാം! പട്ടിണി കിടന്നാൽ ഭാവിയിൽ ആരോഗ്യം കൂടും എന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ അത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം. അത് കെട്ട് നീ പട്ടിണികിടന്നാൽ അത് ആത്മഹത്യാ ശ്രമമാണ്, നിയമപരമായി ശിക്ഷാർഹവും.

ഹർത്താലാണെന്ന് കരുതിയാൽ പോരെ?

സർജിക്കൽ സ്ട്രൈക്കിന്റെ അനുഭാവികൾ പറയുന്ന ഒരു ന്യായമാണ് ഹർത്താൽ ഉണ്ടാക്കുന്നതിലും വലിയ പ്രശ്നം ഒന്നും ഇതും ഉണ്ടാക്കുന്നില്ലല്ലോ എന്ന്. ഇത് ഒരു ജനാധിപത്യവ്യവസ്ഥയിൽ ജനവും ഭരണകൂടവും എവിടെ അടയാളപ്പെടുന്നു എന്നതിനെ കുറിച്ചുള്ള അടിസ്ഥാന ധാരണ പോലും ഇല്ലാത്തവർ ഉന്നയിക്കുന്ന ഒരു വിഢിത്തമാണിത്. ഹർത്താൽ എന്നത് ഒരു സമരമാർഗ്ഗമാണ്. അത് ജനാധിപത്യ വ്യവസ്ഥയിൽ ഭരണകൂട നിലപാടുകളെ പ്രതിഷേധത്തിലൂടെ തിരുത്താൻ പൊതുസമൂഹത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന ഒരു മാർഗ്ഗമാണ്. ബന്ത്  അതെ ജനാധിപത്യ വ്യവസ്ഥയിൽ നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥ നിരോധിച്ച ഒരു സമരമാർഗ്ഗവുമാണ്. ആ നിലയ്ക്ക് ഇന്ന് ഹർത്താലുകൾ ഫലത്തിൽ ബന്തായി തീരുന്നുവെങ്കിൽ അതിനെതിരേ സഘടിത സമരങ്ങളിലൂടെയും, നിയമനടപടികളിലൂടെയും പ്രതികരിക്കാൻ, അത് മുൻ‌നിർത്തി ഭരണകൂടത്തെ വിചാരണ ചെയ്യാൻ ഉപാധികളുണ്ട്. പക്ഷേ അതിന് ജനത്തെ സംഘടിപ്പിക്കേണ്ടിവരും, പ്രവർത്തിക്കേണ്ടിവരും. അതിനൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ട്, അത് സഹിക്കേണ്ടിവരും.

ഭരണകൂടം പ്രഖ്യാപിക്കുന്ന അടിയന്തിരാവസ്ഥ, അത് സാമ്പത്തിക അടിയന്തിരാവസ്ഥയെന്ന് പ്രതിപക്ഷം വ്യാഖ്യാനിക്കുന്ന ഒന്നായാലും പൊതു സമൂഹത്തിന് അങ്ങനെ ഒരു പോംവഴിയും നൽകുന്നില്ല. അതായത് ഒരു ഹർത്താൽ ദിവസം എന്റെ യാത്ര ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു എന്ന് വയ്ക്കുക. അത് ആരാൽ എന്ന് തെളിയിക്കാനായാൽ അവർക്കെതിരേ ഉള്ള നടപടി എനിക്ക് ഇനിഷ്യ്യെറ്റ് ചെയ്യാനാവും. ഫലത്തിൽ അത് എത്രത്തോളം സാദ്ധ്യമാകുമെന്നത് വേറെ കാര്യം. പക്ഷെ ഒരു വൈകുന്നേരം പ്രധാനമന്ത്രിയുടെ ഒരു പ്രഖ്യാപനത്തിലൂടെ നിലവിൽ വന്ന ഈ നോട്ട് പിന്‍‌വലിക്കൽ എന്ന ഭരണകൂട നടപടി അങ്ങനെ ഒരു സാദ്ധ്യത പോലും നൽകുന്നില്ല.

ഹർത്താലാണെന്ന് കരുതിയാൽ പോരേ എന്ന ചോദ്യത്തിന്റെ യുക്തി ഹർത്താൽ മുഖാന്തിരം ഉണ്ടാകുന്ന പ്രവർത്തന സ്തംഭനം മാത്രം മുഖവിലയ്ക്ക് എടുക്കുന്ന ഒന്നാണ്. എന്നാൽ ജനം അവരുടെ സമരത്തിന്റെ ഭാഗമായി നടത്തുന്ന സ്തംഭനവും  ഭരണകൂടം അടിച്ചേൽപ്പിക്കുന്ന സ്തംഭനവും രണ്ടാണ് എന്നത് ഇവിടെ വിമർശകർ മറക്കുകയും അതിലൂടെ ഭരണകൂട നടപടികളെ അതിനോടുള്ള പ്രതിരോധങ്ങളുമായി ഭൗതീക സമാനതകളെ മാത്രം മുൻ നിർത്തി സമീകരിക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ ഒരു യുക്തിഭംഗമാണ് എന്നെങ്കിലും നമ്മൾ മനസിലാക്കേണ്ടതുണ്ട്.

ഇല്ലെങ്കിലും ഭരണകൂടത്തിന് തെല്ലും മുഷിയില്ല. മേൽ പറഞ്ഞ പോലെ അപ്പൊഴും ആത്മഹത്യാ ശ്രമത്തിന് നമ്മൾ തന്നെയാവും ശിക്ഷാർഹർ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top