07 June Sunday

പൊതുമേഖലാ ബാങ്ക്‌ ലയനം അവശ്യസർവീസോ

ടി നരേന്ദ്രൻUpdated: Wednesday Apr 1, 2020

രാജ്യമാകെ അടച്ചുപൂട്ടലിന് വിധേയമായി കഴിഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ജനങ്ങൾ പുറത്തിറങ്ങുന്നില്ല. റെയിൽ, വ്യോമ, റോഡ് ഗതാഗതം നിലച്ചു. ബാങ്കുശാഖകളിൽ അവശ്യ സർവീസ് മാത്രമേ ലഭ്യമാക്കുന്നുള്ളു. അങ്ങനെ കൊറോണ വൈറസിനെ ചെറുക്കാൻ യുദ്ധസമാന തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോൾ, അതിസങ്കീർണമായ ബാങ്ക് ലയന പ്രക്രിയ മുറപോലെ നടത്തുമെന്ന നിലപാട് വിചിത്രവും അസംബന്ധവുമാണ്. ഇല്ലാതാകുന്ന ബാങ്കുകൾക്കുമുമ്പിൽ പുതിയ ബാങ്കിന്റെ ബോർഡുകൾ സ്ഥാപിക്കുന്നതുപോലും അസാധ്യമായ സാഹചര്യമാണുള്ളത്. ബാങ്കുകൾ തുറന്ന്‌ പ്രവർത്തിക്കുന്നുവെങ്കിലും അപകടകരമായ സ്ഥിതിവിശേഷമാണ് ആ മേഖലയിൽ നിലനിൽക്കുന്നത്. ഇങ്ങനെ ഭീതിജനകമായ ഒരു അന്തരീക്ഷത്തിൽ, ജനങ്ങളുടെ മിനിമം ആവശ്യങ്ങൾമാത്രം ഏറ്റെടുത്ത് സാമൂഹ്യ ഉത്തരവാദിത്തം നിർവഹിക്കുന്ന വേളയിലാണ്, കേന്ദ്രസർക്കാർ 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാലയന നടപടി തടസ്സമില്ലാതെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ബാങ്കുകളിലെ ലക്ഷക്കണക്കിന് ഇടപാടുകാർ ഇനിമേൽ പുതിയ ബാങ്കുകളിൽ ചെല്ലേണ്ടിവരും. പുതിയ അക്കൗണ്ടുനമ്പർ, ഇടപാടുരീതികളിലെ മാറ്റം, പുതിയ ബാങ്കിലെ സമ്പ്രദായവും സംസ്കാരവും ഒക്കെ വ്യതിരിക്തമാകുമെന്ന്‌ തീർച്ചയാണ്. ഈ കൊറോണക്കാലത്ത്  ഇടപാടുകാർക്കും ജീവനക്കാർക്കും ഒരുപാട് ദുരിതങ്ങളും ആശയക്കുഴപ്പവും പ്രദാനം ചെയ്യാനേ, ധൃതി പിടിച്ച് നിർവഹിക്കുന്ന ബാങ്ക് ലയന പദ്ധതി ഇടവരുത്തുകയുള്ളു.

ലയന പദ്ധതിയിലൂടെ ശാഖകളുടെ അടച്ചുപൂട്ടലും ബാങ്കുകളുടെ തിരോധാനവുമാണ് നടപ്പാകുന്നത്. സ്വാഭാവികമെന്നോണം പൊതുമേഖലയുടെ ചുരുക്കവും, സ്വകാര്യമേഖലയുടെ വികാസവുമാണ് സംഭവിക്കുന്നത്.

2017 ഏപ്രിൽ ഒന്നിലെ സ്റ്റേറ്റ് ബാങ്ക് ലയനത്തിന്റെയും 2019 ഏപ്രിൽ ഒന്നിലെ ബാങ്ക് ഓഫ് ബറോഡ–-ദേനാ ബാങ്ക് –-വിജയ ബാങ്ക് ലയനത്തിന്റെയും ബാക്കിപത്രം ദുഷ്കരവും ഇടപാടുകാർക്ക് ദുരിതങ്ങൾ സമ്മാനിച്ചതുമായിരുന്നു. ബാങ്കുശാഖകളുടെ അടച്ചുപൂട്ടലായിരുന്നു മറ്റൊരു ദുരന്തം. അത്തരം അനുഭവപാഠങ്ങളൊന്നും കണക്കിലെടുക്കാതെയാണ്, ആറു ബാങ്കിലെ അസംഖ്യം ഇടപാടുകാർക്ക് വിഷമതകൾ വിതറിക്കൊണ്ടുള്ള മൂന്നാമത്തെ ലയനം. ലയന പദ്ധതിയിലൂടെ ശാഖകളുടെ അടച്ചുപൂട്ടലും ബാങ്കുകളുടെ തിരോധാനവുമാണ് നടപ്പാകുന്നത്. സ്വാഭാവികമെന്നോണം പൊതുമേഖലയുടെ ചുരുക്കവും, സ്വകാര്യമേഖലയുടെ വികാസവുമാണ് സംഭവിക്കുന്നത്. ഈ ബാങ്കുലയനംകൂടി കഴിയുന്നതോടെ 28 പൊതുമേഖലാ ബാങ്ക്‌ ഉണ്ടായിരുന്നിടത്ത് 12 ആയി ചുരുങ്ങും.  അതേസമയം, 1991നുശേഷം മുപ്പതിലധികം സ്വകാര്യ ബാങ്കുകൾ കടന്നുവരികയുണ്ടായി. പൊതുമേഖല ക്ഷയിച്ചില്ലാതായാൽ മാത്രമേ സ്വകാര്യ മേഖലയ്‌ക്ക് വളരാനും വികസിക്കാനും പശ്ചാത്തലമൊരുങ്ങൂ എന്നതാണ് വസ്തുത.

പൊതുമേഖലാസംവിധാനങ്ങളുടെ കാലിക പ്രാധാന്യം കൊറോണക്കാലത്തെ സുപ്രധാന തിരിച്ചറിവുകളിലൊന്നാണ്. മൈക്രോ തലത്തിലുള്ള പൊതു ആരോഗ്യ സംവിധാന മികവ് ഏറെ സുപ്രധാനമെന്ന് ചൈനയും കേരളവും തെളിയിക്കുകയുണ്ടായി. പാലാ കൊമേഴ്സ്യൽ ബാങ്ക് മുതൽ യെസ് ബാങ്ക് വരെയുള്ള സ്വകാര്യ ബാങ്ക് പരാജയങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമേഖലയുടെ പ്രാധാന്യം ഏറിവരികയാണ്. 2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയേക്കാൾ രൂക്ഷമാകും, കൊറോണയ്‌ക്കുശേഷമുള്ള ലോകമെന്ന് ഐഎംഎഫ് തലവൻ പ്രസ്താവിക്കുമ്പോൾ, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ വർധിത സാന്നിധ്യമാണ് ഏറെ പ്രസക്തമാകുന്നത്‌. അപ്പോഴാണ് കൊറോണയുടെ ഇരുട്ടിലൂടെ, പൊതുമേഖലയെ ക്ഷയിപ്പിക്കുകയും സ്വകാര്യബാങ്കുകൾക്ക്  അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്ന ലയനപദ്ധതികൾ നടപ്പാക്കുന്നത്.

കോർപറേറ്റുകൾ വരുത്തുന്ന കിട്ടാക്കടംമൂലം നഷ്ടത്തിലേക്ക് നീങ്ങുwന്ന ബാങ്കുകളെ സ്വകാര്യവൽക്കരിക്കുക എന്ന ഒറ്റമൂലിയിലേക്ക് പൊതുമേഖലാ ബാങ്കുകളെ തള്ളിവിടുന്നതായി കാണാം

മൂലധനത്തിന്റെ സാന്ദ്രീകരണവും കേന്ദ്രീകരണവുമാണ് ബാങ്കുലയനത്തിന്റെ ആശയം. അങ്ങനെ രൂപീകൃതമാകുന്ന വലിയ ബാങ്കുകൾ സമ്പന്നവിഭാഗ താൽപ്പര്യങ്ങൾക്കനുസൃതമായി നയങ്ങളും കർമപരിപാടികളും ആവിഷ്കരിക്കുന്നു. കോർപറേറ്റുകൾ വരുത്തുന്ന കിട്ടാക്കടംമൂലം നഷ്ടത്തിലേക്ക് നീങ്ങുwന്ന ബാങ്കുകളെ സ്വകാര്യവൽക്കരിക്കുക എന്ന ഒറ്റമൂലിയിലേക്ക് പൊതുമേഖലാ ബാങ്കുകളെ തള്ളിവിടുന്നതായി കാണാം. അനാഥത്വം പേറുന്ന ഗ്രാമീണജനതയുടെ മുന്നിലേക്ക് കടന്നുവരുന്നതാകട്ടെ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭീമാകാരമാംവിധം വർധിക്കുന്നതാണ് പരിണതഫലം. ബാങ്ക്‌ പരിഷ്കരണങ്ങളുമായി കോവിഡ്–-19  പ്രതിസന്ധികൾക്കിടയിലും മുന്നോട്ടുപോകുന്നത്, കേന്ദ്ര സർക്കാരിന്റെ നഗ്നമായ മുതലാളിത്ത പക്ഷപാതിത്വത്തെയാണ് വിളിച്ചറിയിക്കുന്നത്.

(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top