13 June Sunday

എഴുപതിനേക്കാള്‍ ചെറിയ ഏഴുകോടി; 92 ദിവസം മുന്‍പ് അറിഞ്ഞിട്ടും എന്തേ വലിയ വാര്‍ത്തയായില്ല

എസ് എസ് അനില്‍Updated: Friday May 14, 2021

''കള്ളന്‍ കപ്പലില്‍ തന്നെ.''

കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനല്‍ പുറത്ത് വിട്ട ബ്രേക്കിംഗ് ന്യൂസിന്റെ തലക്കെട്ടാണ് മുകളില്‍ സൂചിപ്പിച്ചത്. തുടര്‍ന്ന് മറ്റ് ചാനലുകള്‍  പ്രസ്തുത വാര്‍ത്ത, മറ്റ് പല തലകെട്ടുകളോടെ അത്യന്തം ബ്രേക്കിംഗ് ആയി പ്രക്ഷേപണം ചെയ്തു. ചില ചാനലുകളാകട്ടെ പ്രത്യേക പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചു. ഇന്നലെ, മെയ് 13 ന്, പത്രമാധ്യമങ്ങളിലും വാര്‍ത്ത മുന്‍ പേജില്‍ ഇടം നേടി. പെട്ടെന്ന് ഇത്ര ബ്രേക്കിംഗ് ആയ വാര്‍ത്ത എന്തെന്നല്ലെ? പത്തനംതിട്ടയിലെ ഒരു പൊതുമേഖലാ ബാങ്കില്‍ 8 കോടിയുടെ തട്ടിപ്പ് നടന്നത്രെ. ശാഖയിലെ ഒരു വിമുക്തഭടനായ ഗുമസ്തനാണ് തട്ടിപ്പ് നടത്തിയത് പോലും. തുടര്‍ന്ന് അദ്ദേഹം കുടുംബ സമേതം നാടുവിട്ടുപോലും. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയാണ് എന്നും പ്രതി കടന്നു കളഞ്ഞ കാറ് എറണാകുളത്ത് നിന്നും കണ്ടു കിട്ടി എന്നുമാണ് വാര്‍ത്ത. പ്രതി ഉടന്‍ വലയിലാകുമെന്ന സൂചനയും ഉണ്ട്. തീര്‍ച്ചയായും 'ബ്രേക്കിംഗ്' ആകേണ്ട വാര്‍ത്ത തന്നെ. ഈ ഞെട്ടിക്കുന്ന വാര്‍ത്ത ഞൊടിയിടയില്‍ കണ്ടെത്തി ജനസമക്ഷം എത്തിച്ച മാധ്യമ ലോകത്തിന് ഒരു ബിഗ് സല്യൂട്ട് നല്‍കേണ്ടതു തന്നെ!

ഇവിടെ പ്രശ്‌നമതല്ല 2021 ഫെബ്രുവരി 10 ന് പിടിക്കപ്പെട്ട തട്ടിപ്പാണ്. അതായത് 92 ദിവസം മുന്‍പ് പുറത്ത് അറിഞ്ഞ സംഗതി. അതാണ് കഴിഞ്ഞ ദിവസത്തെ ബിഗ് ബ്രേക്കിംഗ്! സംഗതി അന്ന് തന്നെ പല മാധ്യമ വക്താക്കളും അറിഞ്ഞിരുന്നു. എന്നാല്‍ അന്ന് അതിന് വലിയ വാര്‍ത്താപ്രാധാന്യം കണ്ടില്ല. പല കാരണങ്ങളാണ്. ഒന്ന് കുറ്റം ചെയ്തവ്യക്തിക്ക് സംസ്ഥാനം ഭരിക്കുന്ന മുഖ്യ രാഷ്ട്രീയ കക്ഷിയുമായി ഒരു ബന്ധവും സ്ഥാപിക്കാനായില്ല. മറ്റൊന്ന് സംഭവം നടന്ന ബാങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകമായി ഒരു ഉടമസ്ഥാവകാശവും ഇല്ല. വല്ല കേരള ബാങ്കിലോ കെ.എസ്.എഫ്.ഇ. യിലോ സംസ്ഥാന ട്രഷറിയിലോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അങ്ങോട്ട് കയറി നിരങ്ങിയേനെ. മാധ്യമങ്ങളില്‍ സൂചനകളുടെ പെരുമഴയും നിറഞ്ഞേനെ. പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കിട്ടിയ സുവര്‍ണാവസരമാക്കി മാറ്റാനാകുമായിരുന്ന സംഭവം.

മറുനാടന്‍മാരുടെ കണ്ടെത്തലുകള്‍.

ഇപ്പോള്‍ പുകിലുകള് കണ്ടില്ലെ? മറുനാട്ടുകാരുടെ അട്ടിപ്പേറവകാശം കൈവശമെന്ന് പറയുന്ന ഒരു മറുനാടന്‍ ചാനല്‍ പ്രസ്തുത പൊതുമേഖലാ ബാങ്കിനെ തട്ടിപ്പുകളുടെ സിരാ കേന്ദ്രമാക്കി. ATM ല്‍ പണ്ട് നടന്നിരുന്ന തിരിമറികള്‍ പോലും പ്രസ്തുത ബാങ്കിന്റെ തലയില്‍ ചാരി. LDF തിരഞ്ഞെടുപ്പില്‍ തറപറ്റുമെന്നും കേരളത്തില്‍ UDF തരംഗമെന്നും സുപ്രസിദ്ധ രാഷ്ട്രീയ നിരീക്ഷകന്‍ ഷാജഹാന്‍ തിരുമനസ്സിനെ ആനയിച്ചിരുത്തി മലയാളികള്‍ക്കു മുന്നില്‍ വീരവാദം മുഴക്കി നാണം കെട്ടിരിക്കുന്ന സമയമായിരുന്നു. മറുനാടന് അപ്പോള്‍ കിട്ടിയ പിടിവള്ളിയാണ്. അതു മാത്രമല്ല, സംഭവം നടന്നത് ഒരു പൊതുമേഖലയിലുമാണല്ലൊ? കിട്ടിയ അവസരം മുതലാക്കണമല്ലോ?

തട്ടിപ്പ് നടന്ന ബാങ്കിലെ ചില ഉന്നതാധികാരികളുടെ ചെയ്തികളാണ് അതിനേക്കാള്‍ രസകരം. കിട്ടിയ അവസരം വിട്ടില്ല. പ്രതിക്ക് സംസ്ഥാന ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷിയുമായി അടുത്ത ബന്ധമെന്ന് അവരില്‍ ചിലര്‍ തട്ടി വിട്ടു. പലരും അത് ഏറ്റു പാടി. അപ്പോള്‍ പ്രതിയുടെ സംഘടനയും അതേ രാഷ്ട്രീയ കക്ഷി ബന്ധമുള്ളതായിരുന്നോ സര്‍? ചോദിക്കേണ്ടതാണ്. പക്ഷെ സംഭവം നടന്ന് ദിവസങ്ങള്‍ ഏറെയായല്ലൊ? ആ ചോദ്യത്തിന് ഇനി എന്ത് പ്രസക്തി? ഈ ബാങ്കധികാരികളോട് മറ്റൊരു കാര്യം ചോദിക്കണം. സംഭവം ഒരു ജീവനക്കാരന്‍ ഒരു ബാങ്കിനെയും സഹപ്രവര്‍ത്തകരെയും വഞ്ചിച്ച് നടത്തിയ തട്ടിപ്പാണ്. പൊതുമേഖലാ ബാങ്കുകളില്‍ പണിയെടുക്കുന്ന ഞങ്ങളെപ്പോലുള്ള ജീവനക്കാര്‍ക്ക് ഇതില്‍ ദു:ഖമുണ്ട് പ്രതിഷേധമുണ്ട്. കാരണം ഈ സ്ഥാപനങ്ങള്‍ ഞങ്ങളുടേത് കൂടിയാണ്. നാടിന് വേണ്ടി നാട്ടുകാര്‍ക്ക് വേണ്ടി, മാത്രമല്ല ഞങ്ങള്‍ക്ക് ഉപ്പും ചോറും നല്‍കുന്ന ഈ സ്ഥാപനത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അത് കൊണ്ട് തന്നെ ഇത്തരം ജല്പനങ്ങള്‍ നടത്തുന്ന നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. സംഭവം പിടിക്കപ്പെട്ടത് 2021 ഫെബ്രുവരി 10 ന്. വലിയ അനാസ്ഥയല്ലെ അന്ന് നിങ്ങള്‍ വച്ചുപുലര്‍ത്തിയത്? അന്വേഷണ ഏജന്‍സികളെ സംഭവം സമയത്തിന് അറിയിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ നിറവേറ്റിയോ? പലതും മറച്ചു വക്കാനായിരുന്നില്ലെ നിങ്ങളുടെ ശ്രമം? അന്‍പത് ദിവസം കഴിഞ്ഞ് മാര്‍ച്ച് 31 നല്ലെ കൃത്യമായ വിവരം അന്വേഷണ ഏജന്‍സിക്ക് നിങ്ങള്‍ കൈമാറുകയുണ്ടായുള്ളു? അതല്ലെ പ്രതിക്ക് രക്ഷപ്പെടാനും ഇത്രയും ദിവസം ഒളിവില്‍ പോകാനിട നല്‍കിയത്. എല്ലാം നിങ്ങളില്‍ ചിലരുടെ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി!

ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. ഇനി ഒരു പക്ഷെ അധികം വൈകാതെ പ്രതി പിടിക്കപ്പെടാം. വാര്‍ത്താപ്രാധാന്യമില്ലാതെ കേസിലെ പ്രതി പിടിക്കപ്പെട്ടാല്‍ അതിന് വലിയ വാര്‍ത്താപ്രാധാന്യം നല്‍കാനുമാകില്ലല്ലൊ? പ്രതി പിടിക്കപ്പെട്ടത് ചില ചാനലുകാരുടെ 'ഇംപാക്ട്' ആകാനും സാധ്യതയുണ്ട്. അത് ചിലരുടെ തൊപ്പിയിലെ പൊന്‍ തൂവലുമായിത്തീരാം.

അല്‍പം നീണ്ടു പോകുമെങ്കിലും ഒരു ചെറിയ ഫ്‌ലാഷ് ബാക്ക് കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം. 2021 ഫെബ്രുവരി 20 ന് എഴുതിയ ഒരു കുറിപ്പാണ്.അത് ചുവടെ ചേര്‍ക്കുന്നു:

എഴുപതിനേക്കാള്‍ ചെറിയ ഏഴു കോടി!

2019 ആഗസ്റ്റ് 16 നായിരുന്നു കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ട എഴുപത് രൂപയുടെ പ്രശ്‌നം അരങ്ങേറുന്നത്. ആലപ്പുഴയിലെ ഒരു വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ ഓമനക്കുട്ടന്‍ എന്ന സാധാരണക്കാരന്‍ നടത്തിയ 70 രൂപയുടെ പിരിവ്, കേരളത്തിലെ മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസായി കൊണ്ടാടുകയായിരുന്നു. രൂപയുടെ വലിപ്പമോ ഓമനക്കുട്ടന്റെ പ്രശസ്തിയോ ഒന്നുമല്ലായിരുന്നു കാരണം. ഇപ്പോള്‍ ഇത് പറയാന്‍ കാരണമെന്തെന്നല്ലെ?

പത്തനംതിട്ടയില്‍ ഒരു പൊതുമേഖലാ ബാങ്കിലെ ഒരു ജീവനക്കാരന്‍ ഏഴു കോടി രൂപയുടെ തട്ടിപ്പ് നടത്തി. നിരവധി സ്ഥിര നിക്ഷേപങ്ങളിലെ പണമാണ് തന്റെയും ഭാര്യയുടെയും മറ്റ് ബന്ധുമിത്രാദികളുടെയും അക്കൗണ്ടുകളിലൂടെ ഈ വിരുതന്‍ മാറ്റി എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ബാങ്ക് സസ്‌പെണ്ടു ചെയ്തു. ബാങ്കധികാരികളുടെ കുറ്റകരമായ അനാസ്ഥകാരണം കുറ്റം ചെയ്ത ജീവനക്കാരന്‍ കുടുംബാംഗങ്ങളുമൊത്ത് ഒളിവില്‍ പോയി എന്ന് മാത്രമല്ല ഇന്നേക്ക് പത്ത് ദിവസം പിന്നിട്ടിട്ടും ആളെ പിടികൂടുന്നതിനുള്ള കാര്യമായ ഒരു നീക്കവും നടക്കുന്നതായും അറിവില്ല. മാത്രമല്ല കഴിഞ്ഞ ദിവസം വരെ പോലീസ് സ്റ്റേഷനില്‍ പത്തുലക്ഷം രൂപയുടെ നഷ്ടം മാത്രമേ ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുള്ളുവത്രെ! കേരളത്തില്‍ തന്നെ ഏറ്റവും അധികം തുകയുടെ തട്ടിപ്പാണ്. പ്രധാനമെന്നവകാശപ്പെടുന്ന ഒരു പത്രത്തിലും കാര്യമായ വാര്‍ത്ത വന്നതേയില്ല. ഒരു ദ്രശ്യ മാധ്യമം അപ്രധാന സമയത്ത് ഒറ്റവരിയില്‍ പ്രശ്‌നം ഒതുക്കി.

എല്ലാം ഒന്നല്ല.

എന്താണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ഇങ്ങനെയൊരു നിലപാട് എടുത്തത്? അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി സ്വാഗതാര്‍ഹം തന്നെ. ഒരു ധനകാര്യ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ്, അത് ആ ധനകാര്യ സ്ഥാപനം പൂര്‍ണമായും പുറത്ത് പറയാത്ത സാഹചര്യത്തില്‍ മാധ്യമ വാര്‍ത്ത നല്‍കിയാല്‍ അത് സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമത്രെ. വളരെ ശരിയായ നിരീക്ഷണം. മാധ്യമങ്ങളുടെ സ്വാഗതാര്‍ഹമായ നിലപാടിന് ഒരു നല്ല നമസ്‌ക്കാരം.

സംശയമതല്ല, 2020 നവംബര്‍ 30, ഓര്‍ക്കുന്നില്ലെ? പെട്ടെന്ന് പുറത്ത് വന്ന ഒരു ഫ്‌ലാഷ് വാര്‍ത്ത.കെ.എസ്.എഫ്.ഇ.യില്‍ വിജിലന്‍സ് റെയ്ഡ്; ഞെട്ടിക്കുന്ന ക്രമക്കേടുകള്‍. മറ്റ് പല ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പോലെ ഒറ്റ ദിവസം മാത്രമായിരുന്നു വാര്‍ത്തയുടെ ആയുസ്. കെ.എസ്.എഫ്.ഇ. പ്രശ്‌നത്തിലെ വിശദാംശങ്ങളല്ല നമ്മുടെ വിഷയം. കെ.എസ്.എഫ്.ഇ.യും ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനം. കെ.എസ്.എഫ്.ഇ.യുടെ മാനേജ്‌മെന്റ് ഭാഷ്യമോ സല്‍പ്പേരോ പേര് കളങ്കപ്പെടുമോ എന്ന ചിന്താഗതിയോ ഒന്നും മാധ്യമങ്ങള്‍ക്ക് ഒരു വിഷയമേ ആയിരുന്നില്ല. ഇനി മറ്റൊന്ന് കൂടി ചിന്തിക്കുക. പത്തനംതിട്ടയിലെ തട്ടിപ്പ് നടന്നത് നമ്മുടെ കേരളാ ബാങ്കില്‍ എന്ന് സങ്കല്‍പ്പിക്കുക, പോട്ടെ ഇപ്പോള്‍ തട്ടിപ്പ് നടന്ന പൊതുമേഖലാ ബാങ്കില്‍, തട്ടിപ്പ് നടത്തിയ ജീവനക്കാരന്‍ ബി.ഇ.എഫ്.ഐ.യുടെ അംഗമായിരുന്നു എന്നും സങ്കല്‍പ്പിക്കുക. സങ്കല്‍പ്പിച്ചാല്‍ മതി വിശദീകരണം നല്‍കുന്നില്ല.

തട്ടിപ്പ്; വില്ലന്‍ പുതിയ നയങ്ങള്‍ തന്നെ.

പത്തനംതിട്ടയിലെ തട്ടിപ്പ് ഒന്ന് പരിശോധിക്കുക. നിരവധി സ്ഥിരം നുക്ഷപങ്ങളില്‍ നിന്ന് 7 കോടി രൂപ. ആദ്യം പിടിക്കപ്പെട്ടത് 9 ലക്ഷം രൂപയുടെ ഒരു നിക്ഷേപത്തിലെ തട്ടിപ്പ്. അപ്പോള്‍ എത്ര അക്കൗണ്ടുകളിലാണ് ഒരു വിരുതന്‍ കൈയിട്ടുവാരിയത് എന്ന് മനസ്സിലാകുമല്ലൊ? എല്ലാ സുരക്ഷാ മാനദണ്ഡങ്ങളുമുള്ള, വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു പൊതുമേഖലാ ബാങ്കിലെ, കേവലം രണ്ടു വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള ഒരു സ്ഥിരം ജീവനക്കാരന് ഇത്ര മാത്രം അക്കൗണ്ടുകളില്‍ എങ്ങനെ തിരിമറി നടത്താനായി?

പൊതുമേഖലാ ബാങ്കുകളില്‍ 1991 മുതല്‍ കാര്യമായ നിയമനങ്ങള്‍ നടക്കുകയുണ്ടായില്ല.2001 ല്‍ പ്രത്യേക വി.ആര്‍.എസും നടപ്പിലാക്കി. അതോടെ നാമമാത്രമായി നടത്തിയിരുന്ന നിയമന പ്രക്രിയ പൂര്‍ണമായും നിറുത്തലാക്കി. BSRB പിരിച്ചുവിട്ടു. പിന്നീട് 2017 മുതല്‍ക്കാണ് പുതിയ ജീവനക്കാരെ ബാങ്കുകള്‍ നിയമിച്ചു  തുടങ്ങിയത്. ബഹു ഭൂരിപക്ഷം പഴയ ജീവനക്കാരും പിരിഞ്ഞു തുടങ്ങിയതിന് ശേഷമാണ് പുതിയ ജീവനക്കാര്‍ കടന്നു വരാന്‍ തുടങ്ങിയത്. ബാങ്കിംഗ് നിയമം തന്നെ ബാങ്കിംഗ് ലോ & പ്രാക്ടീസ് എന്നാണ് അറിയപ്പെടുന്നത്. പുതിയ ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും 'പ്രാക്ടീസ്' ഉള്ളവരോടൊത്ത് പണിയെടുക്കാനോ പ്രവര്‍ത്തന രീതി മനസ്സിലാക്കാനോ ഉള്ള സാഹചര്യം ഉണ്ടായില്ല എന്ന് ചുരുക്കം.

പത്തനംതിട്ടയിലെ തട്ടിപ്പ് നോക്കുക. ഒരു ഗുമസ്തനായ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയത്. സ്ഥിരം നിക്ഷേപമെന്നല്ല ഒരു ബാങ്കിംഗ് ഇടപാടും ഒരു ജീവനക്കാരന് ഒറ്റക്ക് പൂര്‍ത്തീകരിക്കാനാകില്ല. എല്ലാം ഒരു സൂപ്പര്‍വൈസര്‍ ( ഓഫിസര്‍ ) പരിശോധിക്കണം. ഇവിടെ ഓഫീസര്‍മാര്‍ അവരുടെ പണിത്തിരക്കും മേലധികാരികളുടെ ഭാഗത്തു നിന്നുള്ള കനത്ത സമ്മര്‍ദ്ദവും കാരണം ഒരിക്കലും പങ്കിടാന്‍ അനുവാദമില്ലാത്ത പാസ് വേര്‍ഡ് വിശ്വസ്തരായ ജീവനക്കാര്‍ക്ക് കൈമാറുന്നു. പാസ് വേര്‍ഡ് കൈമാറിയവര്‍ പോലും പിന്നീട് ഒരു പരിശോധനയും നടത്തുന്നില്ല. അതിന്റെ ഗൗരവത്തെക്കുറിച്ച് അവര്‍ ബോധവാന്‍മാരേയാകുന്നില്ല. തട്ടിപ്പ് നടത്തുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ അറിയാതെ തന്നെ ശ്രഷ്ടിക്കപ്പെടുന്നു.

മുറുകുന്ന സമ്മര്‍ദ്ദം, ഏറുന്ന പണി ഭാരം.

പൊതുമേഖലാ ബാങ്കുകളുടെ ശാഖകളില്‍ അതിരൂക്ഷമായ തൊഴില്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. 10 മണി മുതല്‍ 5 മണി വരെ എന്നത് പുസ്തകത്തില്‍ മാത്രമുള്ള തൊഴില്‍ സമയം മാത്രമായി ചുരുങ്ങി. പല ശാഖകളിലെയും ജീവനക്കാര്‍ക്ക് പോലും കൃത്യ സമയത്ത് പണി തീര്‍ത്ത് പോകുവാന്‍ സാധിക്കാറില്ല. ഓഫിസര്‍മാരുടെ കാര്യമാണെങ്കില്‍ അതിലേറെ കഷ്ടവും. ദൈനംദിനമുള്ള ബാങ്കിംഗ് പണികള്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ പെടാപ്പാടുപെടുകയാണ് പലരും. അതിന് പുറമേയാണ് ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ ബാങ്കിംഗ് ഇതര പണികള്‍. ഇതെല്ലാം വേഗതയില്‍ തീര്‍ക്കാന്‍ മേലധികാരികളുടെ ഭാഗത്ത് നിന്നുള്ള കനത്ത സമ്മര്‍ദ്ദം വേറെ. ആഗോളവല്‍ക്കരണ ലോകത്തിലെ മോഹവലയങ്ങളില്‍ വസിക്കുന്ന മേലധികാരികളില്‍ പലര്‍ക്കും സ്ഥാപനത്തോടുള്ള കൂറിനെക്കാള്‍ സ്വന്തം നിലനില്‍പ്പിലാണ് കൂടുതല്‍ താത്പര്യം.

പത്തനംതിട്ടയില്‍ തട്ടിപ്പു നടത്തിയ ജീവനക്കാരനെ ഒളിവില്‍ പോകാനുള്ള അവസരം ഒരുക്കിയത് ബാങ്ക് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്. നാളിതുവരെ അയാളെ കണ്ടെത്താന്‍ കാര്യമായ ഒരു സമ്മര്‍ദ്ദവും ബാങ്കിന്റെ മേലധികാരികളും കൈക്കൊള്ളുന്നില്ല. പണം തട്ടിച്ചയാളെ എത്രയും പെട്ടെന്ന് കണ്ടെത്തി കഴിയുന്നത്ര സംഖ്യ അയാളില്‍ നിന്ന് ഈടാക്കാനുള്ള നീക്കത്തിനേക്കാളുപരി കോടികളാണ് തട്ടിപ്പ് സംഖ്യ എന്നത് പുറത്തറിഞ്ഞാല്‍ തങ്ങളുടെ കസേരയേയും പ്രൊമോഷനേയും ബാധിക്കുമോ എന്നതാണ് മേലധികാരികളുടെ ചിന്ത. ജീവനക്കാരുടെ ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷ വിധിക്കുന്ന ബാങ്കുകളിലെ ഡിസിപ്ലിനറി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു വലിയ പ്രതിസന്ധി വന്നാല്‍ പകച്ചു നില്‍ക്കുന്നതും തെറ്റായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

സ്ഥിരം ജീവനക്കാരുള്ള പൊതുമേഖലാ ബാങ്കുകളിലെ നിലവിലെ സ്ഥിതിഗതികളാണ് ഇത്. ഇത്തരം സ്ഥാനങ്ങളിലേക്ക് കരാര്‍ ജീവനക്കാരെ കുത്തി നിറക്കുക കൂടി ചെയ്താല്‍ ബാങ്കുകളില്‍ എന്താകും സംഭവിക്കുക? സ്വകാര്യ മുതലാളിമാര്‍ക്കും വന്‍കിട കുത്തകകള്‍ക്കും ബാങ്കുകള്‍ തുറന്ന് കൊടുക്കുന്നതോടെ തട്ടിപ്പിന്റെ എണ്ണവും വ്യാപ്തിയും ഇനിയും വര്‍ധിക്കും. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ റിസര്‍വ്വ് ബാങ്കും ബാങ്ക് മേലധികാരികളും രാജ്യഭരണാധികാരികളും തയ്യാറാകണം. ഓമനക്കുട്ടന്റെ പിരിവിനെ തത്സമയം മുന്നോട്ടു കൊണ്ടുവന്ന, ഏതൊരു വിഷയവും തലമുടിനാരിടമുറിച്ച് കീറി  പരിശോധന നടത്തുന്ന, മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടണം.

(ബെഫി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top